സാംസംഗ് ഗാലക്സി നോട്ട് 7; മാറ്റി നല്കിയ ഫോണുകളും പൊട്ടിത്തെറിച്ചു
സാംസംഗ് ഗാലക്സി നോട്ട് 7; മാറ്റി നല്കിയ ഫോണുകളും പൊട്ടിത്തെറിച്ചു
Wednesday, October 12, 2016 4:18 AM IST
സീയൂൾ: ലോകവ്യാപകമായി മാറ്റി നല്കിയ ഫോണുകളും പൊട്ടിത്തെറിക്കാൻ തുടങ്ങിയത് സാംസംഗിനെ അടിതെറ്റിച്ചു. ലോകത്തെ വിലയേറിയ ബ്രാൻഡുകളിൽ ഏഴാം സ്ഥാനത്തായിരുന്ന സാംസംഗിന്റെ ഭാവി എങ്ങോട്ട് കൂപ്പുകുത്തുമെന്ന് ഇനി കണ്ടറിയണം.

സാംസംഗ് ഗാലക്സി നോട്ട് 7 ഫോണുകൾ ഇനി ഇല്ല. അവയുടെ ഉത്പാദനം സാംസംഗ് നിർത്തി. ലോകമെമ്പാടുമുള്ള വില്പന നിർത്താനും ഉപയോക്താക്കൾ നോട്ട് 7 ഫോണുകൾ ഉപയോഗിക്കരുതെന്നുമുള്ള നിർദേശവും കമ്പനി നല്കിയിട്ടുണ്ട്. മൊബൈൽ ഫോണിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ പിഴവാണ് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗിനു പറ്റിയത്. വിറ്റഴിച്ച ഫോണുകൾ തിരിച്ചുവിളിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ പകരം നല്കിയ ഫോണുകളും പൊട്ടിത്തെറിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ഉത്പാദനം നിർത്തിവയ്ക്കാൻ കമ്പനി തീരുമാനിച്ചത്. ഗ്ലോബൽ ബ്രാൻഡ് എന്ന പേരിന് കോട്ടംതട്ടുന്ന വിധത്തിൽ അമേരിക്കൻ കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷൻ താക്കീത് നല്കിയതും ഉത്പാദനം നിർത്താൻ കാരണമായി.

ഉപയോക്താക്കളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് താക്കീത് നല്കുന്നതെന്ന് കമ്മീഷൻ മേധാവി എലിയറ്റ് കയെ പറഞ്ഞു. ഉത്പാദനവും വില്പനയും നിർത്തിയത് നല്ല കാര്യമാണെന്നും എലിയറ്റ് അഭിപ്രായപ്പെട്ടു. അമേരിക്കയിൽ വ്യാപകമായി നോട്ട് 7 ഫോണുകൾ പൊട്ടിത്തെറിച്ച സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഉത്പാദനം നിർത്തിയെന്ന വാർത്ത പുറത്തുവന്നതോടെ സാംസംഗിന്റെ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ദിവസം 1.5 ശതമാനം ഇടിഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസംഗ് 25 ലക്ഷം നോട്ട് 7 ഫോണുകൾ കഴിഞ്ഞ മാസം വിപണിയിൽനിന്ന് തിരിച്ചുവിളിച്ചിരുന്നു. ഫോണിന്റെ ലിഥിയം അയോൺ ബാറ്ററിയിലുണ്ടായ അപാകതമൂലം ചാർജ് ചെയ്യുമ്പോൾ ഫോൺ പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിലായിരുന്നു തിരിച്ചുവിളിക്കൽ.


സാംസംഗ് നോട്ട് 7 സീരിസിന്റെ ഉത്പാദനം പൂർണമായും നിർത്തുന്നതിനാൽ വാങ്ങിയവർ ഫോൺ എന്തു ചെയ്യണമെന്ന് കമ്പനി പിന്നീട് തീരുമാനിക്കും. ഫോൺ മാറ്റി നല്കുകയോ നഷ്ടപരിഹാരം നല്കുകയോ ചെയ്തേക്കാം. ഇതേക്കുറിച്ച് തീരുമാനമുണ്ടാകാൻ കാത്തിരി ക്കണം.

നിർമാണത്തിലുള്ള അപാകത ഫോൺ പൊട്ടിത്തെറിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കമ്പനികൾ ഫോൺ നന്നാക്കി നല്കുകയോ ഫോൺ മാറി നല്കുകയോ ചെയ്യാറുണ്ട്. സാംസംഗിന്റെ കാര്യത്തിൽ മാറി നല്കിയ ഫോണിനും അതേ തകരാറുണ്ടായി. സാംസംഗ് എന്ന ആഗോളഭീമനോട് ഉപയോക്താക്കൾക്കുണ്ടായിരുന്ന മതിപ്പ് കുറഞ്ഞു. സാംസംഗ്, ആപ്പിൾ തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങൾ ആളുകൾ തെരഞ്ഞെടുക്കുന്നത് ബ്രാൻഡിനോടുള്ള വിശ്വാസംമൂലമാണ്. വിലകൂടിയ ഫോണുകളിൽ വലിയ തകരാറുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നത് കമ്പനിയുടെ തകർച്ചയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സാംസംഗ് ഗാലക്സി നോട്ട് 7

വിപണിയിൽ എത്തിയത്: 2016 ഓഗസ്റ്റ്
ഭാരം: 169 ഗ്രാം
ബാറ്ററി കപ്പാസിറ്റി: 3500 mAh
സ്ക്രീൻ സൈസ്: 5.7 ഇഞ്ച്
പ്രോസസർ: 1.6 ജിഗാഹെട്സ് ഓക്ടാ കോർ
റാം: 4ജിബി
ഇന്റേണൽ സ്റ്റോറേജ്: 64ജിബി
എക്പാൻഡബിൾ സ്റ്റേറേജ്: 256 ജിബി വരെ
പിൻ കാമറ: 12 മെഗാ പിക്സൽ
മുൻ കാമറ: 5 മെഗാ പിക്സൽ
ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് 6.0.1
വില 60,000