ബഷീറിന്റെ പ്രേമലേഖനം
ബഷീറിന്റെ പ്രേമലേഖനം
Wednesday, October 12, 2016 4:16 AM IST
ഏറെ ശ്രദ്ധേയമായ സഖറിയായുടെ ഗർഭിണികൾ, കുമ്പസാരം തുടങ്ങിയ ചിത്രങ്ങൾക്കുശേഷം അനീഷ് അൻവർ സംവിധാനംചെയ്യുന്ന പുതിയ ചിത്രമാണു ബഷീറിന്റെ പ്രേമലേഖനം.

ഫോർട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പി.എം. ഹാരിസും മുഹമ്മദ് അൽത്താഫും ചേർന്നു നിർമിക്കുന്ന ഈ ചിത്രം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി നടന്നുവരുന്നു.

എൺപതുകളുടെ കാലഘട്ടങ്ങളിലൂടെ അധികം പരിഷ്കാരങ്ങൾ കടന്നുവന്നിട്ടില്ലാത്ത ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
ഒരു നാടിന്റെ സാമൂഹ്യപ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിനിടയിലൂടെ അരങ്ങേറുന്ന ഒരു പ്രണയചിത്രമാണിത്.

പുത്തൻ തലമുറയിലെ ഏറെ ശ്രദ്ധേയമായ ഫർഹാൻ ഫാസിലും സന അൽത്താഫുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിന്റെ അനശ്വര ജോഡികളായ മധുവും ഷീലയും ഈ ചിത്രത്തിൽ പ്രണയജോഡികളായി വീണ്ടുമെത്തുന്നത് ഏറെ കൗതുകകരമാണ്.



ചക്കരക്കടവ് എന്ന ഗ്രാമം. ഈ നാട്ടിലെ ഈണ്ടാപ്പുഴയ്ക്കു കുറുകേ ഒരു പാലം വരാത്തതുകൊണ്ടാണ് ഇവിടെ വികസനം കടന്നുവരാത്തതെന്നു വിശ്വസിക്കുന്നവരാണു നാട്ടുകാർ. ഇതിന്റെ പേരിൽ നാട്ടുകാർ രണ്ടു തട്ടുകളിലായിനിന്ന് അങ്കംകുറിക്കുന്നു. ഭരണ– പ്രതിപക്ഷ പാർട്ടികൾക്കു പിന്നിലാണു നാട്ടുകാർ. ഇതുമായി ബന്ധപ്പെട്ട ബഷീറിന്റെയും സുഹ്റയുടെയും പ്രണയമാണ് അത്യന്തം രസാവഹമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


ജോയ് മാത്യു, നെടുമുടി വേണു, അജു വർഗീസ്, സുനിൽ സുഗത, ശ്രീജിത് രവി, നസീർ സംക്രാന്തി, ബൈജു എഴുപുന്ന, പൊന്നമ്മ ബാബു, സേതുലക്ഷ്മി എന്നിവരും പുതുമുഖങ്ങളായ സൂരജ് ഹാരിസ്, നിഥിൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

പ്രശസ്ത ഗായിക രഞ്ജിനി ജോസ് ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷിനോദ് ശിവം, ബിപിൻ കെ. പൗലോസ്, ഷംസീർ അഹമ്മദ് എന്നിവരുടേതാണു തിരക്കഥ.
ഹരി നാരായണൻ, ആർ. വേണുഗോപാൽ, അർഷിദ് എന്നിവരുടെ ഗാനങ്ങൾക്കു വിഷ്ണു മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. സഞ്ജയ് ഹാരിസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
–വാഴൂർ ജോസ്