ഓൺലൈൻ ഷോപ്പിംഗ്: അല്പം ശ്രദ്ധിച്ചാൽ വൻ ലാഭം
ഓൺലൈൻ ഷോപ്പിംഗ്: അല്പം ശ്രദ്ധിച്ചാൽ വൻ ലാഭം
Thursday, October 6, 2016 4:54 AM IST
ഓൺലൈൻ ഷോപ്പിംഗിന്റെ ലഹരിയിലാണ് ഇപ്പോൾ ടെക് പ്രേമികൾ. ഫ്ളിപ്പ്കാർട്ട്, ആമസോൺ, സ്നാപ്ഡീൽ, ഷോപ്പ് ക്ലൂസ് തുടങ്ങിയ പ്രമുഖ സൈറ്റുകളെല്ലാം ഈ വർഷത്തെ ഏറ്റവും മികച്ച ഡിസ്കൗണ്ടുകളും ഓഫറുകളുമാണ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചില സൈറ്റുകൾ 80 ശതമാനം ഡിസ്കൗണ്ടുവരെ നൽകുമെന്നാണ് ഓഫർ. കൂടുതൽ ഡിസ്കൗണ്ട് നൽകുന്ന ചില ഓൺലൈൻ സൈറ്റുകാർ ഇഷ്ടികയും മരക്കഷണങ്ങളും നൽകിയതായുള്ള വാർത്തകൾ അടുത്തയിടെ പുറത്തു വന്നിരുന്നു. എന്നാൽ ഈ വാർത്തകളൊന്നും ഓൺലൈൻ ഷോപ്പിംഗ് ഉപയോക്‌താക്കളെ മാറ്റിയിട്ടില്ല എന്നതാണ് യാഥാർഥ്യം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓൺലൈൻഷോപ്പിംഗ് സുരക്ഷിതവും ലാഭകരവുമാക്കാം.

ആപ് ഉപയോഗിക്കുക

വെബ്സൈറ്റിലൂടെ ഷോപ്പിംഗ് നടത്തുന്നതിനേക്കാൾ ഓഫർ കൂടുതൽ ആപ് ഉപയോഗിച്ചുള്ള പർച്ചേസിനാണ്. പ്രമുഖ ഷോപ്പിംഗ് കമ്പനികളല്ലാം ആപ് ഉപയോഗിച്ചുള്ള ഷോപ്പിംഗിന് കൂടുതൽ ഓഫറുകൾ നൽകുന്നുണ്ട്. കൂടുതൽ ആളുകളെ ആപ് ഉപയോഗിക്കാൽ പ്രേരിപ്പിക്കുക എന്നതാണ് കമ്പനി ഇത്തരം ഓഫറുകൾ നൽകുന്നതിന്റെ പിന്നിലെ രഹസ്യം. മാത്രമല്ല ഭാവിയിൽ മെയിന്റനസ് ചെലവ് കൂടുതലായ സൈറ്റിന്റെ പ്രവർത്തനം നിർത്തുകയും ആപ്പിലുടെ മാത്രം കച്ചവടവും എന്ന തന്ത്രമാണ് കമ്പനികൾ നടപ്പാക്കുന്നത്.

ലാഭം കാർഡിൽ

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ചില ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ അഞ്ചു മുതൽ പതിനഞ്ചു ശതമാനം വരെ അധികം ഡിസ്കൗണ്ട് ലഭിക്കും.

നെറ്റ് ബാങ്കിങ് ഉപയോഗിച്ചാണ് ഷോപ്പിംഗ് എങ്കിൽ ചില സൈറ്റുകളിൽ അഞ്ചു ശതമാനം ഡിസ്കൗണ്ട് ലഭിക്കും. എസ്ബിഐ, ഐസി ഐസി ഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചാണ് ഓൺലൈൻ ഷോപ്പിംഗുകൾക്ക് ഓഫറുകൾ നൽകുന്നത്. കാഷ് ഓൺ ഡെലിവറി ഓപ്ഷന് സാധാരണ ഓഫറുകൾ മാത്രമേ നൽകാറുള്ളു.

സമയം പ്രധാനം

ദിവസം മുഴുവനും ഓൺലൈൻ ഷോപ്പിംഗ് കമ്പനികൾ ഓഫറുകൾ നൽകുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് രാത്രി സമയത്താണ്. പകൽ സമയത്ത് പൊതുവേ ഓഫറുകൾ കുറവാണ് നൽകുന്നത്.


ഓരോ മണിക്കൂറുകളിലും സൈറ്റുകൾ ഓഫറുകൾ മാറ്റിക്കൊണ്ടിരിക്കും. ഒരു നിശ്ചിത എണ്ണം സാധനങ്ങൾ മാത്രമേ ഓഫറിൽ നൽകു. അത് വിറ്റു തീർന്നാൽ ഓഫറും തീരും. ചില ഓൺലൈൻ സൈറ്റുകൾ ഓരോ ദിവസവും ഓരോ കാറ്റഗറി തിരിച്ചാണ് ഓഫറുകൾ നൽകുന്നത്. ഉദാഹരണത്തിന് ഒരു ദിവസം ഇലക്ട്രോണിക് സാധനങ്ങൾക്കാണ് ഓഫറെങ്കിൽ അടുത്ത ദിവസം ഫാഷനുമായി ബന്ധപ്പെട്ടായിരിക്കും. അടുത്ത മണിക്കൂറിൽ തുടങ്ങുന്നതോ അല്ലെങ്കിൽ അടുത്ത ദിവസമുള്ള ഓഫറുകളെക്കുറിച്ചോ സൈറ്റിൽ നേരത്തെ തന്നെ നൽകും. ഇത് തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഓഫറുകൾ തെരഞ്ഞെടുക്കാൻ ഉപയോ ക്‌താവിന് എളുപ്പമാവും.

താരതമ്യം അനിവാര്യം

ഒരു സാധനത്തിന് ഒരു സൈറ്റിൽ കൊടുക്കുന്ന വിലയും ഓഫറും മറ്റൊരു സൈറ്റിൽ നൽകിയിരിക്കുന്നതുമായി വ്യത്യാസം ഉണ്ടായിരിക്കും. അതിനാൽ ഇഷ്‌ടപ്പെട്ട പ്രോഡക്ട് വാങ്ങുന്നതിനു മുമ്പ് മറ്റു സൈറ്റുകളിൽ അതിന്റെ വില നോക്കുന്നത് നല്ലതായിരിക്കും. ചിലർ പ്രോഡക്ടിന്റെ വില കൂട്ടിയിട്ട് കൂടുതൽ ഡിസ്കൗണ്ട് നൽകാറുണ്ട്. ഉത്പന്നങ്ങൾക്ക് കൊറിയർ ചാർജ് അടക്കം ചിലപ്പോൾ കടകളിൽ ലഭിക്കുന്നതിനേക്കാൾ കൂടിയ തുകയാകും. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാനും കൂടുതൽ ലാഭമുണ്ടാക്കാനും താരതമ്യപഠനം സഹായിക്കും.

ഒക്ടോബർ ഒന്നു മുതൽ അഞ്ചുവരെയാണ് കമ്പനികൾ ഓഫറുകൾ നൽകിയിരിക്കുന്നത്. ഒക്ടോബർ രണ്ടിനാണ് ചിലർ ഓഫറുകൾ ആരംഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ 25,000 കോടി രൂപയുടെ വ്യാപാരം ഓൺലൈൻ സൈറ്റുകളിൽ കൂടി നടക്കുമെന്നാണ് കരുതുന്നത്.

പ്രോഡക്ട് സെലക്റ്റ് ചെയ്ത ശേഷം പണം നൽകുന്ന ഘട്ടത്തിൽ എന്തെങ്കിലും സെർവർ തകരാർ കൊണ്ട് ആ ഇടപാട് കാൻസലായാൽ ചില കമ്പനികൾ ഉപയോക്‌താവിന് പ്രത്യേക ഓഫർ നൽകാറുണ്ട്. വിശ്വാസയോഗ്യമായിട്ടുള്ള സൈറ്റുകളിൽ നിന്നുമാത്രം ഷോപ്പിംഗ് നടത്തുക. അല്ലെങ്കിൽ പണം മാത്രമല്ല നിങ്ങളുടെ വ്യക്‌തിവിവരങ്ങൾ കൂടി ചോരാൻ കാരണമാകും.

–സോനു തോമസ്