അലോയെ വെറുതെവിടൂ...
അലോയെ വെറുതെവിടൂ...
Tuesday, October 4, 2016 4:48 AM IST
ക്ലിക്/ആർ. വിധുലാൽ

അലോയെന്നു പറയൂ, ഞങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുമായി ചാറ്റ് ചെയ്യും. സ്വന്തം മെസഞ്ചർ ആപ്പായ അലോയെക്കുറിച്ച് ഗൂഗിൾ ഇത്രമാത്രമാണു പറയുന്നത്. കൂടുതൽ വിശദീകരിക്കേണ്ടെന്നു കരുതിയാവണം ചോദ്യങ്ങളെല്ലാം ആപ്പിലെ അസിസ്റ്റന്റിനോടു ചോദിക്കാനാണു നിർദേശം.

ഈ പ്രപഞ്ചത്തിലെ ഏതു ചോദ്യത്തിനും ഞൊടിയിടയിൽ ഉത്തരം നല്കാൻ അലോ അസിസ്റ്റന്റ് 24 മണിക്കൂറും ഉറക്കമിളച്ച് ഇരിക്കുകയാണ്. അസിസ്റ്റന്റിന് ഉറക്കമൊന്നുമില്ലേ എന്ന് ചോദിച്ചാൽ ഒരു താരാട്ടുപാട്ടിന്റെ വീഡിയോ അയച്ചുതന്ന് ഇതുകേട്ടാൽ ചിലപ്പോൾ എനിക്ക് ഉറക്കംവരും എന്നു സൗമ്യമായി പറയും. വീണ്ടും ചാറ്റ് ചെയ്യാൻ നിർബന്ധിക്കും. ഇതാണ് അലോ.

ഗൂഗിൾ സെർച്ച് എൻജിന്റെ എല്ലാ ശക്‌തിദുർഗങ്ങളും ആവാഹിച്ച അലോയുടെ സഞ്ചാരഗതിപോലും വാട്സ്ആപ്പ്, ഐ മെസഞ്ചർ, ടെലഗ്രാം തുടങ്ങിയ മെസഞ്ചർ ആപ്പുകളേക്കാൾ വ്യത്യസ്തമാണ്. ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന ഓപ്പറേറ്റിംഗ് സംവിധാനമാണ് അലോയിൽ ഉപയോഗിച്ചിരിക്കുന്നത്. ആപ്പിൾ പ്ലാറ്റ്ഫോമിലും അലോ പ്രവർത്തിക്കുമെന്നതിനാൽ ആൻഡ്രോയിഡ്–ആപ്പിൾ ചാറ്റിംഗും നടക്കും.

പിന്നെന്തിനാണ് അമേരിക്കയുടെ ചാര രഹസ്യങ്ങൾ പുറത്തുവിട്ട എഡ്വേർഡ് സ്നോഡൻ അലോയെ ചതിയനെന്നു വിളിച്ചത്? കാരണമുണ്ട്. എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് എന്ന രഹസ്യകോഡിൽ അലോ പ്രവർത്തിക്കുമെന്നാണ് ആദ്യം ഗൂഗിൾ പറഞ്ഞത്. (ഇതുപ്രകാരം ടൈപ്പ് ചെയ്യുന്ന ആളിനും ലഭിക്കുന്ന ആളിനുമല്ലാതെ മൂന്നാമതൊരാൾക്ക് അലോയിലെ സന്ദേശങ്ങൾ വായിക്കാനാവില്ല). എന്നാൽ, ഈ സാങ്കേതികവിദ്യ ഗൂഗിൾ പിന്നീടു മനഃപൂർവം ഉപേക്ഷിച്ചു. ചാറ്റിംഗ് വിവരങ്ങൾ സെർവറിൽ സൂക്ഷിക്കുമെന്നും ആവശ്യമെന്നുകണ്ടാൽ ഉപയോഗിക്കുമെന്നുമാണ് അവരിപ്പോൾ പറയുന്നത്. ഇതു സ്വകാര്യതയിന്മേലുള്ള വെല്ലുവിളിയാണെന്നാണു സ്നോഡന്റെ അഭിപ്രായം. മാത്രമല്ല, അന്വേഷണ ഏജൻസികൾക്ക് ഈ വിവരങ്ങൾ തെളിവുകളായി സമർപ്പിക്കപ്പെട്ടേക്കാം എന്നും സ്നോഡൻ പറയുന്നു. സ്വകാര്യത വേണ്ടവർ അലോയിലെ ഇൻകൊഗ്നിറ്റോ മോഡിൽ ചാറ്റ് ചെയ്യാമത്രേ!.. എന്നാൽ, ഈ ഫംഗ്ഷൻ ഡിഫോൾട്ടല്ലാത്തതിനാൽ രഹസ്യമായിരിക്കില്ലെന്നും സ്നോഡൻ പറയുന്നു.


സ്നോഡന്റെ ഈ വാദഗതികൾ പക്ഷേ ടെക് ലോകം തള്ളിക്കളയുകയാണ്. മെസഞ്ചർ ആപ്പുകളൊന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രവർത്തിക്കുന്നതെന്നാണ് ഇവരുടെ വാദം. ഫെഡറൽ നിയമപ്രകാരമാണ് ഗൂഗിൾ പ്രവർത്തിക്കുന്നത്. രാജ്യസുരക്ഷയെ മുൻനിർത്തി ഇന്റർപോളിനും അന്താരാഷ്ട്ര കോടതിക്കും വിവരങ്ങൾ നല്കാൻ തങ്ങൾ ബാധ്യസ്‌ഥരാണെന്നു ഗൂഗിൾ വ്യക്‌തമാക്കിയിട്ടുണ്ട്. അതിനാൽ, ഭീകരസംഘടനകളെയും വിധ്വംസക ശക്‌തികളെയും നിരീക്ഷിക്കാൻ അലോയും കൂട്ടരും നിർബന്ധിതരാവുകയാണ്.

മുമ്പ് ചാരസംഘടനയിൽ പ്രവർത്തിച്ചതുകൊണ്ടാകാം ഗൂഗിൾ അലോ അമേരിക്കയുടെ ചാരപദ്ധതിയാണെന്ന് സ്നോഡൻ പറയാതെ പറഞ്ഞുവയ്ക്കുന്നുണ്ട്. അലോയിൽ രജിസ്റ്റർ ചെയ്യാൻ ഇ മെയിൽ ഐഡി ആവശ്യമില്ല. വാട്സ്ആപ്പിലേതുപോലെ മൊബൈൽനമ്പർ മതിയാവും. ഗൂഗിൾ അക്കൗണ്ടുമായി സിൻക് ചെയ്യാനുള്ള സൗകര്യവുമുണ്ട്, കാമറയുള്ളതിനാൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും കഴിയും.

എന്തായാലും സ്നോഡന്റെ വാക്കുകേട്ട് അലോയെ അങ്ങനെ സംശയിക്കണ്ട. ഇനിയെങ്കിലും അതിനെ അതിന്റെ പാട്ടിനുവിടുക.