വ്യായാമം മടുപ്പിക്കാതെ
വ്യായാമം മടുപ്പിക്കാതെ
Wednesday, September 28, 2016 4:36 AM IST
ആരോഗ്യമുള്ള ശരീരവും മനസുമുണ്ടാകാൻ വ്യായാമം പതിവായി ചെയ്യണമെന്ന് അറിയാത്തവർ ആരുമില്ല. ഒരു വർഷത്തിൽതന്നെ പലവട്ടം പറയാറുണ്ട്– ദാ, നാളെ മുതൽ ഞാൻ നടക്കാൻ പോകും.. ഈ ഒന്നാം തീയതി മുതൽ ഞാൻ യോഗ ചെയ്യും.. പലതും പറച്ചിലുകളിൽ ഒതുങ്ങും. പലരും തുടങ്ങിയിട്ട് നിർത്തുകയും ചെയ്യും.

മടി, മടുപ്പ് ഇതു രണ്ടുമാണ് തുടർച്ചയായി വ്യായാമം ചെയ്യുന്നതിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. വെളുപ്പിന് എഴുന്നേൽക്കാൻ മടി, ഒരേ പോലുള്ള വ്യായാമം ചെയ്ത് ബോറടി.. ഓ! ഇന്നു നടക്കാൻ പോകണ്ട എന്നു തീരുമാനിക്കാൻ ഇതു ധാരാളം. ഒരു ദിവസം മുടക്കിയാലോ, അടുത്ത കുറേ നാളത്തേക്ക് ആ മടി പടർന്നുകയറും.

ആപ്പുകളുടെ സഹായമുണ്ടായാൽ ഈ മടിയും മടുപ്പുമൊക്കെ ഒരു പരിധിവരെ പടിക്കു പുറത്തുനിർത്താം. ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയേ വേണ്ടൂ. നമുക്ക് ഈ ലക്കത്തിൽ ഏതാനും ആപ്പുകൾ പരിചയപ്പെടാം.

വർച്വൽ റണ്ണർ

ട്രെഡ് മില്ലിൽ ഓടുന്നവർ ധാരാളം പേരുണ്ടാകാം. ഒന്നുകിൽ വീട്ടിൽ, അല്ലെങ്കിൽ ജിമ്മിൽ. പക്ഷേ ഒരു കുഴപ്പമുണ്ട്. ട്രെഡ് മിൽ ഇരിക്കുന്ന സ്‌ഥലം എന്നും ഒരേപോലെയാണ്. വീട്ടിലാണെങ്കിൽ ജനലിനടുത്തുവച്ച് അത്യാവശ്യം പുറംകാഴ്ചകൾ കാണാം. എന്നാലും കാണുന്ന കാഴ്ചകൾ ഒന്നുതന്നെ. എന്തായാലും കുറച്ചുദിവസം കഴിയുമ്പോൾ മടുക്കും. അപ്പോഴാണ് വർച്വൽ റണ്ണർ എന്ന ആപ്പ് സഹായത്തിനെത്തുന്നത്.

നിങ്ങളുടെ കൈയിൽ ഐപാഡ് ഉണ്ടെങ്കിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക. ടാബിൽ വളരെ മികച്ച ജോഗിംഗ് ട്രാക്കുകളുടെ എച്ച്ഡി വീഡിയോ കാണിക്കുകയാണ് ഈ ആപ്പ് ചെയ്യുന്നത്. നിങ്ങൾ ട്രെഡ് മില്ലിൽ ഓടുന്നതിനനുസരിച്ച് ഈ വീഡിയോയുടെ വേഗത്തിലും വ്യത്യാസം വരുത്താം. പാർക്കുകൾ, വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ തുടങ്ങി ഏതുതരം അന്തരീക്ഷവും തെരഞ്ഞെടുക്കാനാവും. ഓരോ സ്‌ഥലങ്ങളിൽനിന്നുമുള്ള ശബ്ദങ്ങളും കേൾക്കാം. തീർച്ചയായും ഒരു വർച്വൽ അന്തരീക്ഷത്തിൽ നിങ്ങൾ എത്തും. ദിവസവും സ്‌ഥലങ്ങൾ മാറിമാറി വ്യായാമം ചെയ്യാം, ഒട്ടും മടുപ്പില്ലാതെ.നിലവിൽ ഐപാഡിൽ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാനാവൂ. ഇൻ–ആപ്പ് വഴി സൗജന്യമായി ലഭിക്കും. എന്നാൽ കൂടുതൽ സ്‌ഥലങ്ങൾ ഉൾപ്പെടുത്തണമെങ്കിൽ പണം മുടക്കേണ്ടിവരും.




എൻഎഫ്എൽ പ്ലേ 60

വ്യായാമം ഒരു കളിയായി ആസ്വദിക്കാൻ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷൻ. അമേരിക്കൻ ഹാർട്ട് അസോസിയേഷനും അവിടത്തെ നാഷണൽ ഫുട്ബോൾ ലീഗും സംയുക്‌തമായി വികസിപ്പിച്ചതാണ് ഇത്. നിങ്ങളെ ഒരു വർച്വൽ കഥാപാത്രമായി മാറ്റുകയാണ് ഈ ആപ്പ് ചെയ്യുന്നത്. നിങ്ങൾക്കു സ്വയം ഒരു വീഡിയോ ഗെയിമിലെ കഥാപാത്രമാവാം. ആപ്പ് ഓൺ ചെയ്ത് മൊബൈൽ കൈയിൽവച്ച് ഓടുകയോ ചാടുകയോ ചെയ്യുമ്പോൾ ഗെയിമിലെ കഥാപാത്രവും അതുതന്നെ ചെയ്യും. ഈ കളിയിലൂടെ കോയിൻസ് കളക്ട് ചെയ്യാം. എൻഎഫ്എൽ ടീം ഗിയറിൽ ഈ കോയിനുകൾ നൽകി സേവനങ്ങൾ ലഭ്യമാക്കുകയുമാവാം. ആപ്പിൾ, ആൻഡ്രോയ്ഡ് ഡിവൈസുകളിൽ സൗജന്യമായി ഉപയോഗിക്കാം.

ഹ്യുമൻ

ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റ് വ്യായാമം ചെയ്യണമെന്നാണല്ലോ കണക്ക്. നടത്തമോ ഓട്ടമോ ചാട്ടമോ നൃത്തമോ ഏതായാലും മതി. അപ്പോൾ നിങ്ങളുടെ ഈ വക ആക്ടിവിറ്റികൾ ഏതായാലും കൃത്യമായ കണക്കു സൂക്ഷിക്കാൻ സഹായിക്കുന്ന ആപ്പാണ് ഹ്യൂമൻ. ദിവസവും നിങ്ങൾക്ക് എത്ര സമയം വ്യായാമം കിട്ടുന്നുണ്ട്, അത് ആവശ്യത്തിനു തികയുമോ എന്നൊക്കെ ഈ ആപ്പിന്റെ കണക്കിലൂടെ അറിയാം.

അതുകൊണ്ടുതന്നെ ദിവസവും ഒരു ലക്ഷ്യമുറപ്പിച്ച്, അതു നേടാൻ പ്രയത്നിക്കാനുള്ള ഒരു പ്രചോദനം ഇതിലൂടെ ലഭിക്കും. ഡാൻസ് ചെയ്യണോ, ഭാരോദ്വഹനം നടത്തണോ എന്നൊക്കെ നിങ്ങൾക്കു തീരുമാനിക്കാം. നിലവിൽ ഈ ആപ്പ് ഐഒഎസിൽ മാത്രമേ പ്രവർത്തിക്കൂ.

–മിന്നു