സുഗന്ധവിളകൃഷിയിൽ ബ്രഹ്മി
സുഗന്ധവിളകൃഷിയിൽ ബ്രഹ്മി
Tuesday, September 27, 2016 4:44 AM IST
എല്ലാ ഭാഗങ്ങൾക്കും ഔ ഷധഗുണമുള്ള നാട്ടുചെടിയാണ് ബ്രഹ്മി. വ്രണം, വസൂരി, പ്രമേഹം, ഉന്മാദം, അപസ്മാരം തുടങ്ങി നിരവധി അസുഖങ്ങളുടെ ചികിത്സയ്ക്ക് ഇതുപയോഗിക്കുന്നു. എല്ലാദിവസവും അൽപം ബ്രഹ്മിനീര് പാലിൽ ചേർത്തു കഴിക്കുന്നത് അകാല വാർധക്യം തടയുന്നതിനും ആയുസ് വർധിപ്പിക്കുന്നതിനും ഉത്തമമാണ്. സാരസ്വതാരിഷ്ടം, ബ്രഹ്മിഘൃതം, മാനസമിത്രം ഗുളിക തുടങ്ങിയ മരുന്നുകളിൽ ബ്രഹ്മി ഒരു സുപ്രധാന ചേരുവയാണ്.

നെൽപ്പാടങ്ങളിലും നല്ല ഈർപ്പമുള്ള സ്‌ഥലങ്ങളിലും ബ്രഹ്മി കൃഷി ചെയ്യാം. ഇതിനായി നിലം ജൈവവളങ്ങളും പച്ചിലയും മറ്റും ചേർത്ത് നന്നായി ഉഴുതുമറിക്കണം. പിന്നീട് വെള്ളം കെട്ടിനിർത്തണം. ഒരാഴ്ച കഴിഞ്ഞ് വെള്ളം ഭാഗികമായി വാർത്തുകളയണം. ഒരു ഏക്കറിനു 500 കിലോഗ്രാം കുമ്മായം ചേർക്കണം. നാലഞ്ചു ദിവസങ്ങൾക്കു ശേഷം വേരോടെ പിഴുതെടുത്ത ബ്രഹ്മി നിലത്തു വിതറിയിടണം. ജലനിരപ്പ് ആവശ്യാനുസരണം നിയന്ത്രിക്കണം. കള യഥാസമയം നീക്കുകയും വേണം.




നാലു മാസം കഴിഞ്ഞാൽ വിളവെടുക്കാം. മുറിഞ്ഞുപോയ ചെടികൾ വീണ്ടും വളരുന്നു. വിളവെടുപ്പു കഴിഞ്ഞ് വെള്ളം നിയന്ത്രിച്ച് ചാണകപ്പൊടി, ചാരം, പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ വിതറിക്കൊടുക്കുന്നത് ചെടികൾ വീണ്ടും തഴച്ചു വളരുന്നതിന് സഹായിക്കുന്നു. ഇങ്ങനെ ഒരു വർഷം 3–4 തവണ വിളവെടുക്കാം. ഏകദേശം 800 കിലോഗ്രാം ബ്രഹ്മി ഒരേക്കറിൽ നിന്ന് പ്രതിവർഷം ലഭിക്കും.

–ഡോ. പി. സിന്ധുമോൾ