മെലഡി കാത്ത് റിമി
മെലഡി കാത്ത് റിമി
Tuesday, September 27, 2016 4:37 AM IST
ഇരുനൂറിലധികം സി നിമാ പാട്ടുകൾ ഞാൻ പാടിക്കഴിഞ്ഞു. ഭൂരിഭാഗവും അടിപൊളി പാട്ടുകൾ. മെലഡി പാടാൻ വലിയ ഇഷ്ടമാണ്. പക്ഷേ അത്തരം പാട്ടുകൾ വിരളമായേ കിട്ടാറുള്ളൂ. അടുത്തകാലത്ത് ആടുപുലിയാട്ടത്തിൽ നജീമിനൊപ്പം നല്ലൊരു മെലഡി പാടാൻ കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ട്– പറയുന്നത് റിമി ടോമി. ഗായിക എന്ന വാക്കിന് വിവിധ അർത്ഥങ്ങൾ കണ്ടെത്തിയ റിമിക്ക് സിനിമയില്ലെങ്കിൽ ചാനൽ പ്രോഗ്രാം, അതുമല്ലെങ്കിൽ ഗാനമേള. ഇങ്ങനെ തിരക്കിന്റെ വഴിയിലാണ് ഈ കലാകാരി. ഏഷ്യാനെറ്റിലെ കോമഡിസ്റ്റാർസിന്റെ ഷൂട്ടിംഗിനിടയിലാണ് രാഷ്ട്രദീപിക സിനിമയുടെ ഓണപ്പതിപ്പിനായി ഫോട്ടോ സെഷനും അഭിമുഖത്തിനുമായി റിമി സമയം മാറ്റിവച്ചത്.

പാട്ട്, നൃത്തം, അവതരണം ഇതെല്ലാം മിക്സ് ചെയ്ത ഒരു കരിയറാണ് റിമിയുടേത്. ഇതു സ്വയം രൂപപ്പെടുത്തിയതാണോ അതോ സ്വഭാവികമായും വന്നു ചേർന്നതാണോ?

എന്റെ ഏറ്റവും വലിയ സ്വപ്നം അന്നും ഇന്നും ഒരു പാട്ടുകാരിയായി നിലനിൽക്കുക എന്നതാണ്. കരിയറിലെ ആദ്യകാലം മുതൽ ഇതുപോലുള്ള പെർഫോമൻസും ഉണ്ടായിരുന്നു. ഗാനമേളയിൽ നിന്നാണല്ലോ ഞാൻ വന്നത്. അന്നേ എന്റെ ആഗ്രഹമായിരുന്നു പെർഫോമൻസു കൂടി മിക്സ് ചെയ്തുകൊണ്ടുള്ള സംഗീതം. ഡാൻസോ അഭിനയമോ പാട്ടോ എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. പാട്ടു തന്നെയാണ് എന്റെ ഏറ്റവും വലിയ ഡ്രീം.

ഗാനമേളകളിൽ നിന്നുള്ള എക്സ്പീരിയൻസ് ഇത്തരമൊരു കരിയർ രൂപപ്പെടുത്തുന്നതിൽ മുതൽക്കൂട്ടായെന്നു തോന്നുന്നു?

തീർച്ചയായിട്ടും. എത്രയോ ഗാനമേളകളിൽ പങ്കെടുത്തിരിക്കുന്നു. ഇപ്പോഴത്തെ പാട്ടുകാരൊന്നും ഞാൻ പങ്കെടുത്തയത്ര ഗാനമേളകളിൽ പോയിട്ടുണ്ടാവില്ല. 99–ൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് ഗാനമേള. അതും കഴിഞ്ഞ് 2002–ലാണ് സിനിമയിൽ പാടാൻ കഴിഞ്ഞത്. അതിനു മുമ്പ് എയ്ഞ്ചൽ വോയ്സ് അടക്കം ഒട്ടേറെ ട്രൂപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.

സിനിമാ പിന്നണി ഗായിക എന്ന നിലയിൽ ഉദ്ദേശിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ... സംതൃപ്തയാണോ?

സംതൃപ്തി എന്നു പറഞ്ഞാൽ കുറേ നല്ല പാട്ടുകൾ പാടണമെന്ന ആഗ്രഹം മനസിലുണ്ട്. അതങ്ങനെതന്നെ കിടക്കട്ടെ. ഇരുന്നൂറിലധികം പാട്ടുകൾ പാടിയിട്ടുണ്ട്. പക്ഷേ അതിൽ കൂടുതലും അടിപൊളി ഗാനങ്ങളായിരുന്നു. അടുത്തു വന്ന ആടുപുലിയാട്ടത്തിൽ നല്ലൊരു പാട്ടുപാടാൻ കഴിഞ്ഞു. അവതാരത്തിലെ കൊഞ്ചി കൊഞ്ചി ചിരിച്ചാൽ എന്നൊരു പാട്ട്, സജി സുരേന്ദ്രന്റെ ചിത്രത്തിൽ എം.ജി. ശ്രീകുമാർ ഈണം നൽകി ഞാനും നജീമും കൂടി ഒരു പാട്ട് പാടിയിട്ടുണ്ട്. അങ്ങനെ വിരലിലെണ്ണാവുന്ന മെലഡികളെ പാടിയിട്ടുള്ളൂ. ഈ മൂന്നു പാട്ടും എനിക്ക് ഏറെ ഇഷ്ടപ്പെട്ടവയാണ്. പണ്ട് വാസ്തവത്തിലെ അരപ്പവനും പട്ടണത്തിൽ സുന്ദരനിലെ കണ്ണനായാൽ രാധയുമൊക്കെ പാടിയിട്ടുണ്ടെങ്കിലും എന്റെ തൊണ്ട അന്ന് സുഖമില്ലാത്ത സമയമായിരുന്നു. അതുകൊണ്ടു തന്നെ അതിൽ സംതൃപ്തയുമല്ല.



ചാനൽ പ്രോഗ്രാമുകളിൽ കൂടുതൽ ശ്രദ്ധിക്കുന്നതുകൊണ്ടാണോ സിനിമയിൽ കൂടുതൽ സജീവമാകാൻ സാധിക്കാത്തത്?

ചിലപ്പോൾ അങ്ങനേയും വരാം. എല്ലാവരുടേയും വിചാരം ഞാനെപ്പോഴും തിരക്കിലാണ് എന്നും ഗാനമേളയാണ് എന്നൊക്കെയാണ്. റിമിയെ വിളിച്ചാൽ കിട്ടില്ലല്ലോ എന്നു പല സംഗീതസംവിധായകരും പറയാറുണ്ട്. വെറുതെ പറയുന്നതാണോ എന്നറിയില്ല. എന്തായാലും നല്ല പാട്ടുകൾക്ക് വിളിച്ചാൽ എന്തു തിരക്കാണെങ്കിലും ഞാൻ ഉപേക്ഷിക്കില്ല.

ചാനലുകളിലെ അവതാരക എന്ന നിലയിൽ ഏറെ തിളങ്ങുന്നണ്ടല്ലോ. എന്താണ് ഇതിന്റെ രഹസ്യം. മുൻ കൂട്ടി തയാറാക്കിയ സ്ക്രിപ്റ്റ് ആണോ അതോ അപ്പപ്പോൾ തോന്നുന്ന കാര്യങ്ങളാണോ പ്രകടിപ്പിക്കുന്നത്?

നേരത്തെ സ്ക്രിപ്റ്റ് തയാറാക്കിയിട്ടുള്ള ഒരു പരിപാടിയോടും എനിക്കു താൽപര്യമില്ല. അതു ഞാൻ ആദ്യം തന്നെ പറയും. ഒന്നും ഒന്നും മൂന്ന് ആണ് എന്റെ അടുത്തകാലത്ത് ഹിറ്റായ പരിപാടി. അതിൽ പ്രൊഡ്യൂസറുടെ പങ്കില്ല എന്നു പറയുന്നില്ല. ഗെയിമുകൾ അറേഞ്ച് ചെയ്യുന്നതും ക്വിസ് തയാറാക്കുന്നതുമെല്ലാം പ്രോഡ്യൂസറാണ്. ഇടയ്ക്കിടെ മറ്റു ഐഡിയകളും തരും. ഈ സപ്പോർട്ടെല്ലാം ഉണ്ടെങ്കിലും ഞാനെന്തു സംസാരിക്കണമെന്നുള്ളത് അപ്പപ്പോൾ ഞാൻതന്നെ തീരുമാനിക്കും. എനിക്ക് സ്ക്രിപ്റ്റ് പറ്റില്ല. അപ്പോൾ എന്തെങ്കിലുമൊക്കെ വന്നോളും എന്ന വിശ്വാസത്തിലാണ് പരിപാടിക്കു കയറുന്നത്.


തിരക്കിനിടയിൽ ശാ സ്ത്രീയ സംഗീത പരിശീലനം നടക്കുമോ?

ഇടയ്ക്കു തുടങ്ങും. പിന്നെ പാതി വഴി നിൽക്കും. പാലായിലായിരുന്നപ്പോൾ അഞ്ചു വർഷം തുടർച്ചയായി പഠിച്ചിരുന്നു. പിന്നെ അത് തുടരാൻ സാധിച്ചില്ല.

സംഗീതം റിമിയുടെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തെല്ലാമാണ്?

സംഗീതമാണ് എല്ലാറ്റിനും കാരണം. അല്ലെങ്കിൽ ഞാനൊരു അവതാരകയാകാനോ പെർഫോർമറാകാനോ പോകുന്നില്ല. പാട്ടു പാടുന്ന ഒരാൾ ഇതെല്ലാം ചെയ്യുന്നതുകൊണ്ടാണ് ആൾക്കാർക്ക് ഇഷ്ടമായത്.

പാലായുമായി ഇപ്പോൾ ബന്ധങ്ങളില്ലേ?

പരിപാടികളുടെ തിരക്കായതോടെ എറണാകുളത്തേക്കു താമസം മാറി. അമ്മയും സഹോദരും ഭാര്യയും ഒരു വീട്ടിൽ. ഞാനും റോയിസും മറ്റൊരു വീട്ടിൽ. അടുത്തടുത്താണ് രണ്ടു വീടുകളും. പാലായിൽ വീടുണ്ട്. പപ്പയെ അവിടെ പള്ളിയിൽ അടക്കിയിരിക്കുന്നതുകൊണ്ട് ഇടയ്ക്കിടെ പള്ളിയിൽ പോകും. അല്ലാതെ പോക്ക് വളരെ കുറവാണ്.

രണ്ടു സിനിമകളിൽ അഭിനയിച്ചല്ലോ. ഇനി അഭിനയിക്കാൻ താൽപര്യമില്ലെന്നും പറയുന്നതു കേട്ടു?

അങ്ങനെ പറഞ്ഞിരുന്നു. അതു പലരും വലിയ ആഘോഷമാക്കിയെടുത്തു. മലയാളസിനിമ രക്ഷപെട്ടു എന്നൊക്കെ പറഞ്ഞാണ് പലരും ഫേസ് ബുക്കിൽ കമന്റിട്ടത്. അതിനെക്കുറിച്ചൊന്നും ഇനി ഞാനൊന്നും പറയുന്നില്ല.

റിമിയെ ഒരു പരിപാടിക്കു ബുക്ക് ചെയ്യാൻ ചാനലുകൾ തമ്മിൽ മൽസരമാണെന്ന് പൊതുവേ പറയാറുണ്ട്?

ഒന്നും ഒന്നും മൂന്നു കഴിഞ്ഞതിനുശേഷം ഒത്തിരി ഓഫറുകൾ വരുന്നുണ്ട്. വേണമെങ്കിൽ എല്ലാ ചാനലിലും പോയി പരിപാടി അവതരിപ്പിക്കാം. പരിപാടിയുടെ നിലവാരവും പേയ്മെന്റും എല്ലാം നോക്കിയേ പരിപാടി സെലക്ടു ചെയ്യാറുള്ളൂ. ഇപ്പോൾ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് മാത്രമേ ചെയ്യുന്നുള്ളൂ. മനോരമയിൽ ഒന്നും ഒന്നും മൂന്നു കഴിഞ്ഞിട്ട് കോമഡി സർക്കസ് എന്ന പുതിയ പരിപാടിയിലേക്കു ക്ഷണിച്ചിരുന്നു. അതെല്ലാം ഓക്കെയായി കഴിഞ്ഞപ്പോഴാണ് ഏഷ്യാനെറ്റിലും ഒരേ പരിപാടി ആയിപ്പോകുമെന്ന് തോന്നിയത്. അതുകൊണ്ടാണ് മനോരമയിലെ പരിപാടി വേണ്ടെന്നു വച്ചത്.

പുതിയ പാട്ടുകൾ ഏതൊക്കെയാണ്?

ഇപ്പോൾ വെൽക്കം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിനു വേണ്ടി പാടി. ബേണി–ഇഗ്നേഷ്യസാണ് സംഗീതം. നാദിർഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷനു വേണ്ടി ഒരു പാട്ടു പാടിയിട്ടുണ്ട്. യുവേഴ്സ് ലവിംഗ്ലി എന്ന ചിത്രത്തിനുവേണ്ടി അലക്സ് പോളിന്റെ സംഗീതത്തിൽ പാടി.

തിരക്കില്ലാതെ വെറുതെ വീട്ടിലിരിക്കുമ്പോൾ എന്തൊക്കെയാണ് ഹോബികൾ?

സിനിമ കാണാനാണ് ഏറ്റവും ഇഷ്ടം. ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും കാണും. കൊള്ളില്ല എന്ന ആൾക്കാർ പറയുന്ന പടവും കാണും. എന്റെ അഭിപ്രായത്തിൽ നമ്മൾ കണ്ടിട്ട് ഒരു അഭിപ്രായം എടുക്കുന്നതായിരിക്കും നല്ലത്. ഇന്നിപ്പോൾ റിവ്യൂസ് എഴുതി പല നല്ല സിനിമകളേയും മോശമായി ചിത്രീകരിക്കുകയാണ്. വീട്ടിലുള്ള ദിവസങ്ങളിലെല്ലാം യോഗ ചെയ്യും. ഒരു പേഴ്സണൽ ട്രെയിനർ അതിനുണ്ട്. പാട്ടുകേൾക്കലാണ് മറ്റൊരു ഹോബി. ആർ.ഡി.ബർമ്മന്റേയും ഇളയരാജയുടേയുമൊക്കെ പാട്ടാണ് കൂടുതലും കേൾക്കുന്നത്.

–ബിജോ ജോ തോമസ്