കാമറ സ്ലോട്ട്– ശ്യാംദത്ത്
കാമറ സ്ലോട്ട്– ശ്യാംദത്ത്
Monday, September 19, 2016 5:12 AM IST
ലൈറ്റിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക കാര്യങ്ങളെപ്പറ്റി യഥാർഥത്തിൽ ആർക്കും പഠിപ്പിച്ചുതരാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ശ്യാംദത്ത് എന്ന ഛായാഗ്രഹകന്റെ കണ്ണുകൾ തുറപ്പിച്ചത്. ജന്മസിദ്ധമായ കഴിവുകളും നിരീക്ഷണവും കൊണ്ടു മാത്രമേ ഇതു സാധിക്കൂ. സിനിമാട്ടോഗ്രഫിയിൽ ബിരുദമൊന്നും ഇല്ലാതിരുന്നിട്ടും ദക്ഷിണേന്ത്യയിലെ യുവഛായാഗ്രഹകരുടെ ഇടയിൽ തലയെടുപ്പോടെ നിൽക്കാൻ ശ്യാംദത്ത് പ്രാപ്തി നേടിയതും ഈ കഴിവും കഠിനാധ്വാനവും കൊണ്ടുതന്നെ.

പത്തുവർഷം നീണ്ട കരിയറിനുള്ളിൽ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലുള്ള നിരവധി ചിത്രങ്ങൾക്ക് ഇദ്ദേഹം കാമറ നിയന്ത്രിച്ചു. അടുത്തകാലത്ത് കമലഹാസൻ ചിത്രങ്ങളായ വിശ്വരൂപം 2, ഉത്തമ വില്ലൻ തുടങ്ങിയ ചിത്രങ്ങൾക്കു കാമറ നിയന്ത്രിച്ചതിലൂടെ ശ്യാംദത്തിന്റെ കരിയർ ഗ്രാഫ് കുതിച്ചുയർന്നു.

തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ കാമറ പഠിക്കുന്നതിനായി ചേർന്നെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നീട്, അച്ഛൻ സമ്മാനിച്ച ഒരു എസ്.എൽ.ആർ കാമറ ഉപയോഗിച്ച് തനിച്ചായിരുന്നു പഠനവും പരീക്ഷണവുമൊക്കെ. ഒരു മികച്ച സ്റ്റിൽ ഫോട്ടോഗ്രഫറാകാനായിരുന്നു ആഗ്രഹം. ആദ്യകാലത്ത് വെഡ്ഡിംഗ് കാമറാമാൻ ആയി പ്രവർത്തിച്ചിരുന്ന ശ്യാംദത്ത് കുറച്ചുകാലം സൗണ്ട് അസിസ്റ്റന്റായും പ്രവർത്തിച്ചു. രവി കെ. ചന്ദ്രൻ എന്ന പ്രശസ്ത കാമറാമാന്റെ അസിസ്റ്റന്റായാണ് സിനിമാ ഛായാഗ്രഹണ മേഖലയിലെത്തുന്നത്.

ശ്യാംദത്ത് ഒരുക്കിയ ഒരു ഷോർട്ട് ഫിലിം കണ്ട് ഇഷ്ടപ്പെട്ട കാമറാമാൻ രവി കെ. ചന്ദ്രൻ തന്റെ അസിസ്റ്റന്റായി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിൽ തുടങ്ങി സ്നിപ്, ദിൽ ചാഹ്താ ഹേ, കൽക്കട്ടാ മെയിൽ, പുനരധിവാസം തുടങ്ങി വിവിധ ഭാഷകളിലുള്ള ചിത്രങ്ങളിൽ രവി യോടൊപ്പം പ്രവർത്തിച്ചു. ഓരോ ചിത്രങ്ങളിലും വ്യത്യസ്തരീതിയിൽ പരീക്ഷണങ്ങൾ നടത്തി വിജയിക്കുന്ന രവിയെ തന്റെ ഗുരുവായി ശ്യാംദത്ത് സ്വീകരിച്ചു.

പ്രേമായ നമ എന്ന തെലുങ്കു ചിത്രത്തിലൂടെ ശ്യാംദത്ത് സ്വതന്ത്ര ഛായാഗ്രഹകനായി. തുടർന്ന് കൃത്യം എന്ന മലയാള ചിത്രത്തിനുവേണ്ടിയും കാമറ നിയന്ത്രിച്ചു. ദി ടൈഗർ, വർഗം, ഇന്ദ്രജിത്, സ്മാർട് സിറ്റി, നന്മ, ഐജി തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു.


ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിനു ഛായാഗ്രഹണം നിർവഹിച്ചതോടെയാണ് ശ്യാംദത്തിനെ മലയാളം ഇൻഡസ്ട്രി ശ്രദ്ധിക്കുന്നത്. മലയാളത്തിലെ ന്യൂ ജനറേഷൻ ചിത്രങ്ങൾക്കു തുടക്കമിട്ട ചിത്രമാണ് ഋതു. സംവിധായകനും കാമറാമാനും തമ്മിലുള്ള മാനസികമായ ഇഴയടുപ്പം ശ്യാമപ്രസാദ് ചിത്രങ്ങളെ മനോഹരമാക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്ന ഘടകമാണ്. ഈ ചിത്രവും ആ പതിവു തെറ്റിച്ചില്ല.

കേരള കഫേ (അവിരാമം), പ്രശാന്തം, മേരിക്കുണ്ടൊരു കുഞ്ഞാട്, തേജാഭായ് ആൻഡ് ഫാമിലി, വെനീസിലെ വ്യാപാരി തുടങ്ങിയ ചിത്രങ്ങൾക്കുശേഷമാണു കമലഹാസൻ ചിത്രമായ വിശ്വരൂപത്തിന്റെ രണ്ടാംഭാഗത്തിൽ ശ്യാംദത്ത് പ്രവർത്തിച്ചത്. വിശ്വരൂപത്തിന്റെ ആദ്യഭാഗത്തിന്റെ കാമറാമാൻ സാനു ജോൺ വർഗീസാണ് ശ്യാംദത്തിനെ രണ്ടാംഭാഗത്തിലേക്ക് നിർദേശിച്ചത്. തന്റെ ചിത്രത്തിന് എന്താണു വേണ്ടതെന്നു കമലിന് വ്യക്‌തമായി അറിയാം. ഈ ആശയങ്ങൾ കാമറാമാനുമായി പങ്കുവച്ചാൽ ചിത്രീകരണം എളുപ്പമാകുമെന്നും അദ്ദേഹത്തിനുറപ്പുണ്ട്. പ്രതീക്ഷയ്ക്ക് ഉയർന്ന ശ്യാംദത്തിന് അടുത്ത ചിത്രമായ ഉത്തമവില്ലന്റെ ഛായാഗ്രഹണവും കമലഹാസൻ ഏൽപ്പിച്ചുകൊടുത്തു.

അടുത്ത കാലത്തിറങ്ങിയ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ ശ്യാംദത്തിന്റെ വളർച്ച മലയാളികൾക്കും അനുഭവവേദ്യമായി. ഈ ചിത്രത്തിലൂടെ കച്ചിലെ ഉപ്പുപാടങ്ങൾ ഉൾപ്പെടെയുള്ള ഗുജറാത്തിലെ വശ്യസുന്ദര കാഴ്ചകൾ നേരിൽക്കാണുന്ന പ്രതീതി പ്രേക്ഷകനു സമ്മാനിക്കാൻ ശ്യാംദത്തിനായി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴമാണ് ഇദ്ദേഹത്തിന്റെ പുതിയ പ്രോജക്ട്. പാലക്കാട് സ്വദേശിയായ ശ്യാംദത്ത് ഇപ്പോൾ എറണാകുളത്താണ് താമസം.

തയാറാക്കിയത്: സാലു ആന്റണി