സ്റ്റാർട്ടപ്: പടുത്തുയർത്താം ഭാവി
സ്റ്റാർട്ടപ്: പടുത്തുയർത്താം ഭാവി
Tuesday, September 6, 2016 4:13 AM IST
ഹയർസെക്കന്ററി വിദ്യാഭ്യാസം കഴിഞ്ഞാലുടൻ എൻജിനീയറിംഗ് ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്നവരാണ് മലയാളികളിൽ ഏറിയ പങ്കും. പെട്ടെന്ന് നല്ല ശമ്പളത്തോടെ ഒരു ജോലി എന്നതാണ് എൻജിനീയറിംഗ് പഠനത്തിന്റെ ലക്ഷ്യം. പലപ്പോഴും പഠനം കഴിഞ്ഞതിനു ശേഷം ജോലിയെക്കുറിച്ചു ചിന്തിക്കുമ്പോഴാണ് എന്തു ചെയ്യും എന്ന് ഒരു പിടിയുമില്ലാതെ നിൽക്കേണ്ടി വരിക.

സ്വന്തമായൊരു സംരംഭം ആരംഭിക്കാം എന്നു വെച്ചാൽ അതിനുള്ള സാങ്കേതിക പരിജ്‌ഞാനമൊന്നുമില്ല. ഇനി ഏതെങ്കിലും കമ്പനിയിൽ ജോലിക്കു കയറാമെന്നു വെച്ചാൽ അതിനു പണിയൊന്നുമറിയുകയുമില്ല. പഠിച്ചതെല്ലാം വെറുതെ എന്ന സ്‌ഥിതിയാകും.

ഇവിടെയാണ് യുവ തലമുറക്ക് തൊഴിലിന്റെ പുതിയ തലങ്ങൾ തുറന്നിട്ടുകൊണ്ട് സ്റ്റാർട്ടപ് ആരംഭിക്കുന്നത്. സ്റ്റാർട്ടപും ഇൻകുബേഷനുമൊന്നും കേട്ടുകേൾവി പോലുമില്ലാത്ത മലയാളിക്ക് ഇതൊരു അത്ഭുതമായിരുന്നു. പിന്നെ പിന്നെ സ്റ്റാർട്ടപ് സംസ്കാരം പതിയെ പതിയെ വളരാൻ തുടങ്ങി. സ്കൂൾ തലം മുതലുള്ള വിദ്യാർത്ഥികൾക്കിന്ന് സ്റ്റാർട്ടപ് എന്താണെന്നറിയാം. അവരും ഇന്ന് ഇതിന്റെ ഭാഗഭാക്കുകളാകുന്നുമുണ്ട്.

ഇന്ത്യയിൽ സ്റ്റാർട്ടപ് വിപ്ലവത്തിനു തുടക്കം കുറിച്ചത് കേരളം തന്നെയാണ്. ആ വിപ്ലവം ഇന്നും നിലനിർത്തികൊണ്ടു പോകുന്നുമുണ്ട്. ഈ അടുത്ത് കൊച്ചി സ്റ്റാർട്ടപ് വില്ലേജിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ് ഇൻകുബേറ്ററായി എന്റർപ്രണർ മാസിക തിരഞ്ഞെടുത്തിരുന്നു എന്നത് ഇതിനുള്ള ഏറ്റവും നല്ല തെളിവാണ്. വിദ്യാഭ്യാസ കാലം മുതലേ സംരംഭകത്വ മേഖലയോട് പ്രത്യേകമായൊരു അഭിനിവേശം വളർത്തിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്.

<യ>പണത്തെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക

പണമാണ് ഇവിടുത്തെ ഏറ്റവും വലിയ വില്ലൻ. എന്തും തുടങ്ങി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ കയ്യിൽ നല്ലതു പോലെ കാശ് വേണം. ഇൻകുബേഷനുള്ള അവസരങ്ങൾ ലഭ്യമാണെങ്കിലും ഫണ്ടിംഗിന്റെ കാര്യം അത്ര കാര്യക്ഷമമല്ല എന്നോർക്കുക.
വിദ്യാഭ്യാസകാലഘട്ടത്തിൽ കുട്ടികളുടെ ആശ്രയം മാതാപിതാക്കളാണ്. സംരംഭത്തെ പ്രവൃത്തിപഥത്തിലെത്തിക്കണമെങ്കിൽ നല്ലതുപോലെ പണമാവശ്യമാണ് എന്നത് മാതാപിതാക്കളും അറിഞ്ഞിരിക്കണം. മക്കളുടെ നല്ല ഭാവിക്കല്ലെ എന്നു പറഞ്ഞ് മാതാപിതാക്കൾ ഉള്ളതെല്ലാം നൽകും പക്ഷേ, വിജയിക്കുമോ എന്ന് ഒരു ഉറപ്പുമില്ലാതെ പണം മുടക്കുന്നത് സൂക്ഷിച്ചായിരിക്കണമെന്നു മാത്രം.
ആവശ്യത്തിനു പണം വന്നാലും അത് എപ്രകാരമാണ് വിനിയോഗിക്കേണ്ടതെന്നറിയാതെ ചെലവാക്കിത്തീർക്കുന്നവരും നിരവധിയാണ്. കൃത്യമായ പ്ലാനിംഗോടുകൂടി മാത്രം പണം ചെലവാക്കുക എന്നത് പ്രധാനമാണ്. പണം കൈകാര്യം ചെയ്യാൻ കഴിയാത്തവാർ അത്തരം സേവനം പുറത്തുനിന്നു ഔട്ട്സോഴ്സ് ചെയ്യാം.

<യ>ടീം വർക്ക്

എല്ലാ സ്റ്റാർട്ടപുകളും തന്നെ ടീമായിട്ടാണ് രൂപീകരിക്കപ്പെടുന്നത്. അതിനാൽ കൂട്ടായി ആലോചിച്ചു തീരുമാനമെടുക്കുക എന്നതു പ്രധാനമാണ്. കാരണം എല്ലാവർക്കും കൂട്ടുത്തരവാദിത്തമാണുള്ളത് എല്ലാക്കാര്യങ്ങളും എല്ലാവരുമായി പങ്കുവെച്ചു ചെയ്യുന്നതാണ് ആരോഗ്യകരമായ വളർച്ചയ്ക്കു നല്ലത്.
വിവിധ കാര്യങ്ങളിൽ വൈദഗ്ധ്യമുള്ളവരെ പങ്കാളികളാക്കുക എന്നതു പ്രധാനമാണ്. ഇത് ഓരോ മേഖലയെയും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുവാൻ സഹായിക്കും. തുടക്കത്തിലുള്ള ടീം സ്പിരിറ്റ് അതേപോലെ നിലനിർത്തി മുന്നോട്ട് കൊണ്ടു പോകുവാൻ ശ്രമിക്കണം. ഇനി ടീം ശരിയാകുന്നില്ല എന്നു തോന്നുന്നുവെങ്കിൽ അപ്പോൾ തന്നെ അത് ഒഴിവാക്കുക. സമയം, പണം, പഠനം എല്ലാം ചെലവഴിച്ചതിനു ശേഷം ടീം ശരിയാകുന്നില്ല എന്നു പറഞ്ഞ് ഉപേക്ഷിച്ചാൽ ഉണ്ടാകുന്ന നഷ്‌ടം വലുതായിരിക്കും എന്നോർക്കുക.

<യ>സംരംഭകനാകാം അല്ലെങ്കിൽ ജോലി നേടാം

പുതുമയും പ്രാവർത്തികമാക്കാൻ പറ്റുന്നതുമായ ആശയമുണ്ടെങ്കിൽ അതുപയോഗിച്ച് മികച്ച ഒരു സംരംഭകനാകാം. ഇനി സംരംഭകനാകാൻ പറ്റിയില്ല; അല്ലെങ്കിൽ സംരംഭം അത്രകണ്ടു വിജയിച്ചില്ല എന്നിരിക്കട്ടെ ആ കലയളവിൽ കിട്ടിയ അറിവ് ഉപയോഗിച്ച് മികച്ച ജോലി നേടാനാകും. ‘‘സ്റ്റാർട്ട് അപ്പ് വഴി സംരംഭകത്വത്തിന്റെ പുതിയ വഴികൾ തേടുന്നവർ സ്വന്തമായി ഒരു സംരംഭം തുടങ്ങി വിജയിച്ചില്ല എന്നാണെങ്കിൽക്കൂടി ഒരു കമ്പനിയിൽ ജോലിക്കു കയറുമ്പോൾ ഒരു സംരംഭം തുടങ്ങാനായി നടത്തിയ പരിശ്രമങ്ങൾ മുതൽക്കൂട്ടാകും.’’ കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ് സംരംഭങ്ങളിലൊന്നായ മോബ് മിയുടെ സിഇഒയും സ്റ്റാർട്ടപ് വില്ലേജിന്റെ ചെയർമാനൂുമായ സഞ്ജയ് വിജയകുമാർ പറയുന്നു.


<യ>മെന്ററിംഗ്

വിദഗ്ധരുടെ അഭിപ്രായം എപ്പോഴും തേടാൻ ശ്രദ്ധിക്കുക. ആശയത്തിന്റെ പ്രായോഗികത എത്രമാത്രമുണ്ട് എന്നത് നല്ലതുപോലെ മനസിലാക്കുക. കൃത്യമായ മാർക്കറ്റ് സ്റ്റഡി നടത്തുക ഉപഭോക്‌താക്കളുടെ അഭിപ്രായങ്ങൾ ആരായുക എന്നതെല്ലാം പ്രധാനമാണ്. മെന്ററിംഗ് സപ്പോർട്ടിന് വലിയൊരു പങ്കുണ്ട് എന്നതോർക്കുക. നല്ലൊരു മെന്ററെ കണ്ടെത്തി കൃത്യമായ നിർദേശങ്ങളനുസരിച്ചു പോകുക. കണ്ടെത്തിയ ആശയം അത്ര പ്രാവർത്തികമല്ല എന്ന തോന്നലുണ്ടായാൽ മാറി ചിന്തിക്കുക.

<യ>നേട്ടവും കോട്ടവും

സംരംഭം, ജോലി എന്നതൊക്കെ നേട്ടങ്ങളാണ്. പഠിച്ചിറങ്ങുന്നതിനു മുമ്പെ സ്വന്തം സംരംഭം എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. പക്ഷേ, പലപ്പോഴും നേട്ടത്തെക്കാളുപരിയായി കോട്ടവും ഇത് പ്രധാനം ചെയ്യുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം വിദ്യാഭ്യാസ കാലഘട്ടത്തിലെ തുടങ്ങുന്നതിനാൽ പലരും വിദ്യാഭ്യാസത്തെ അവിടെ ഉപേക്ഷിച്ച് ഇതിനു പിന്നാലെ ഊണും ഉറക്കവുമൊക്കെ കളഞ്ഞ് സമയം പൂർണമായും ചിലവഴിക്കുന്നു.

ഉദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല എന്നു കണ്ടാൽ സംരംഭത്തെയും പകുതി വഴിക്ക് ഉപേക്ഷിക്കുന്നു. ഇവിടെ വിദ്യാഭ്യാസവും പൂർണമാകുന്നില്ല; സംരംഭകനാകുന്നുമില്ല. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക എഞ്ചിനീയറിംഗ് കേളേജുകളിലും ഇൻകുബേറ്ററുകളുണ്ട്. ഇത് നല്ലതു തന്നെ. പക്ഷേ, പഠനത്തിനു കൂടി നല്ല പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു.

<യ>ഇൻകുബേഷൻ

സ്റ്റാർട്ടപ് എന്നു കേൾക്കുമ്പോഴെ ആദ്യം ഓർമ്മവരിക ഇൻകുബേറ്ററുകളെക്കുറിച്ചാണ്. സംരംഭകർ അവരുടെ സംരംഭത്തെ ആശയതലത്തിൽ നിന്നും പ്രാവർത്തിക തലത്തിലേക്ക് എത്തിക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത് ഇൻകുബേറ്ററുകൾക്കുള്ളിൽ വെച്ചാണ്. സ്റ്റാർട്ടപ് മിഷൻ, ഇൻഫോപാർക്ക്, വിവിധ എഞ്ചിനീയറിംഗ് കോളേജുകൾ എന്നിവരെല്ലാം ഇൻകുബേഷൻ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കുറഞ്ഞ ചെലവിൽ പ്രവർത്തനങ്ങൾ ചെയ്യാനുള്ള ഇടം, വൈദ്യുതി, ഇന്റർനെറ്റ് എന്നിങ്ങനെ എല്ലാവിധ അടിസ്‌ഥാന സൗകര്യങ്ങളോടും കൂടിയാണ് ഇൻകുബേറ്ററുകൾ പ്രവർത്തിക്കുന്നത്. ആറുമാസം, ഒരു വർഷം എന്നിങ്ങനെ കാലാവധികളുണ്ടെങ്കിലും മിക്ക ഇൻകുബേറ്ററുകളും കൂടുതൽ സമയം ആവശ്യമായി വരുന്നവർക്ക് അതു നൽകാറുണ്ട്.

കേരളത്തിലെ സ്റ്റാർട്ടപ് അനുബന്ധ പ്രവർത്തനങ്ങളെല്ലാം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്ന ഒരു സ്‌ഥാപനമുണ്ട് കേരള സ്റ്റാർട്ടപ് മിഷൻ. അങ്ങനെ സംരംഭകർക്കു സഹായമായി നിരവധി സ്‌ഥാപനങ്ങൾ അവയിൽ ചിലത് താഴെ നൽകിയിരിക്കുന്നു.

1 കേരള സ്റ്റാർട്ടപ് മിഷൻ
2 സ്റ്റാർട്ടപ് വില്ലേജ്
3 കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ( കെഎസ്ഐഡിസി)
4 കോളേജ് ഓഫ് എഞ്ചിനീയറിംഗ് (സിഇറ്റി) തിരുവനന്തപുരം
5 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കട്ട്– ടിബിഐ
6 നാസ്കോം വെർ ഹൗസ
7 എൻആർഐ–ടിബിഐ
8 സിഐടിടിഐസി–കുസാറ്റ്
9 സിഐഎഫ്ടി
10 കിറ്റ്കോ ടെക്നോലാബ്
11 ടിബിഐ–ജിഇസിബിഎച്ച്.