ക്വിഡ് സിംപിളാണ് ഇപ്പോൾ പവർഫുളും!
ക്വിഡ് സിംപിളാണ് ഇപ്പോൾ പവർഫുളും!
Monday, September 5, 2016 5:11 AM IST
അഴകും മികവും സംയോജിപ്പിച്ചാണ് റെനോയുടെ ഓരോ മോഡലും നിരത്തിലിറങ്ങിയത്. ഇത് സാധൂകരിക്കുംവിധമാണ് റെനോയുടെ വിപണിയിലെ കുതിപ്പ്. കുറഞ്ഞ വർഷത്തിനുള്ളിൽ റെനോയുടെ എല്ലാ മോഡലും ജനപ്രിയമായി മാറുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. റെനോയുടെ മുഖമായി ഡസ്റ്റർ വിലസുന്ന സമയത്താണ് 800 സിസിയിൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ക്വിഡിന്റെ രംഗപ്രവേശം. ഇന്ന് റെനോയുടെ സാന്നിധ്യം ശക്‌തമാക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് ക്വിഡും വഹിക്കുന്നത്. കുറഞ്ഞ പവർ ആയിരുന്നു ക്വിഡിനെതിരേ ഉയർന്ന ഏക ആക്ഷേപം. ഇതിനുള്ള മറുപടിയായാണ് ക്വിഡിന്റെ രണ്ടാം വരവ്. മത്സരം കടുക്കുമ്പോൾ എതിരാളികളെ മറികടക്കാനയി ചെറിയ പൊടിക്കൈകൾ എല്ലാ മത്സരത്തിലും പതിവുള്ളതാണ്. ഇതേ തന്ത്രമാണ് എതിരാളികളെ മറികടക്കാൻ റെനോ ക്വിഡും പയറ്റിയിരിക്കുന്നത്. കരുത്തുറ്റ ബോഡി 800 സിസിയിൽ കാര്യക്ഷമമായി പ്രവർത്തിക്കാനാവുന്നില്ലെന്ന തിരിച്ചറിവ് 1.0 ലിറ്റർ എൻജിനിൽ 1000 സിസി പവറോടെ പുറത്തിറക്കാൻ റെനോയെ പ്രേരിപ്പിച്ചിരിക്കുന്നു.

സൗന്ദര്യത്തിനു മാറ്റു കൂട്ടിയും കരുത്ത് ഉയർത്തിയുമാണ് ക്വിഡിന്റെ രണ്ടാം വരവ്. താരതമ്യേന ഉയരം കൂടിയ കാറായതിനാൽതന്നെ എസ്യുവി മുഖഭാവത്തോടെയാണ് ക്വിഡ് പുറത്തിറങ്ങുന്നത്. തലയെടുപ്പിനു മാറ്റു കൂട്ടുന്ന മുൻഭാഗമാണ് ക്വിഡിലുള്ളത്. വലിയ ഹെഡ്ലാമ്പും ഹണികോമ്പ് ഗ്രില്ലിന്റെ മധ്യത്തിലെ ഡൈമണ്ട് ആകൃതിയിലുള്ള ലോഗോയും ദൃശ്യവിരുന്നാണ് ഒരുക്കുന്നത്.

കരുത്തിനൊപ്പം പുറമെ വരുത്തിയ മാറ്റങ്ങൾ പ്രകടമാകുന്നത് വശങ്ങളിലാണ്. ബോഡി കളറിൽനിന്നു മാറി ബ്ലാക്ക് ഫിനീഷിംഗ് നല്കിയിരിക്കുന്ന വീൽ ആർച്ചും അതിലെ വളരെ ചെറിയ ഇൻഡിക്കേറ്ററുകളും പുതുമയാണ്. റിയർ വ്യു മിററിൽ പ്രകടമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. സാധാരണ മിററിൽനിന്നു മാറി ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളുടെ ഫിനീഷിംഗാണ് മിററിൽ നല്കിയിരിക്കുന്നത്. ഏറെ ആകർഷണീയമായ പുതുമ ഡോറിന്റെ വശങ്ങളിലാണ്. ഗ്രാഫിക് ഡിസൈനിംഗും അതിൽ 1.0 എന്ന് ആലേഖനം ചെയ്തിരിക്കുന്നതും ക്വിഡിന് സൗന്ദര്യത്തിന് മുതൽക്കൂട്ടാവുന്നുണ്ട്. ഇവയാണ് ക്വിഡിന്റെ രണ്ടാം വരവിലെ പ്രകടമായ മാറ്റങ്ങൾ.

ടയറിന്റെ കാര്യത്തിൽപോലും എതിരാളികളേക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ ക്വിഡ് ശ്രമിച്ചിട്ടുണ്ട്. ഈ ശ്രേണിയിൽ വരുന്ന മറ്റു കാറുകൾ 12 എംഎം വീലുകളാണ്. എന്നാൽ, ക്വിഡിന് 13 എംഎം വീലുകളാണ് നല്കിയിരിക്കുന്നത്.

പിൻഭാഗത്ത് മാറ്റങ്ങൾ ഒന്നുംതന്നെ വരുത്തിയിട്ടില്ല. ചെറുതും ആകർഷകവുമായ ടെയ്ൽ ലാമ്പും മനോഹരമായ ബാക്ക് സ്പോയിലറും ബമ്പറിൽ നൽകിയിരിക്കുന്ന ബ്ലാക്ക് പ്ലാസ്റ്റിക് ഫിനീഷിംഗ് എന്നിവയെല്ലാം കൂടിയാണ് പിന്നഴകു കൂട്ടുന്നത്.

ക്വിഡിന്റെ പ്രധാന എതിരാളികളായ മാരുതി ആൾട്ടോ 800, ഹ്യൂണ്ടായി ഇയോൺ, ഡാറ്റ്സൺ റെഡി ഗോ എന്നീ മോഡലുകളേക്കാൾ അല്പം വലിയ കാർ എന്ന ഖ്യാതി ക്വിഡിനുണ്ട്. 3679 എംഎം നീളവും 1579 എംഎം വീതിയും 1478 എംഎം ഉയരത്തിനുമൊപ്പം 180 എംഎം എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ക്വിഡിന് എതിരാളികളുടെമേൽ ആധിപത്യം നല്കുന്നു.


കുറഞ്ഞ വിലയിൽ കാർ എന്ന കേൾക്കുമ്പോൾ താഴ്ന്ന സൗകര്യങ്ങൾ എന്നാണ് വിലയിരുത്തുന്നത്. എന്നാൽ, ഒരു പ്രീമിയം ഹാച്ച്ബാക്ക് കാറിനു സമാനമായ സൗകര്യങ്ങളാണ് ക്വിഡിൽ നല്കിയിരിക്കുന്നത്.

ചെറിയ കാറിനുള്ളിലെ വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇന്റീരിയറിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത്. പിയാനോ ബ്ലാക്ക് തീം നല്കിയിരിക്കുന്ന സെന്റർ കൺസോളിൽ ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ക്വിഡിലുള്ളതത്. യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, നാവിഗേഷൻ, റോഡ് മാപ്പ് എന്നിവ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സവിശേഷതകളാണ്.

സിസ്റ്റത്തിന്റെ താഴെയായി ചിട്ടയോടെയാണ് എസി കൺട്രോളിംഗ് യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്. തികച്ചും പുതുമ നല്കുന്ന മറ്റൊരു ഘടകം പവർ വിൻഡോ സ്വിച്ചുകളാണ്. സെന്റർ കൺസോളിന്റെ താഴ് ഭാഗത്തായാണ് ഈ സ്വിച്ചുകൾ ഘടിപ്പിച്ചിരിക്കുന്നത്.

ഡ്രൈവറിന്റെ സൗകര്യം ഉറപ്പാക്കുന്നതിനായി ചെറിയ സ്റ്റിയറിംഗ് വീലാണ് ക്വിഡിൽ നല്കിയിരിക്കുന്നത്. കൂടാതെ മീറ്റർ കൺസോളിലും മിതത്വം പാലിക്കാൻ ക്വിഡിനായിട്ടുണ്ട്. ഫ്യൂവൽ, സ്പീഡ് എന്നിവ കാണിക്കുന്ന രണ്ട് ഡിജിറ്റൽ മീറ്ററാണ് ഇതിലുള്ളത്. സ്പീഡ്, ദൂരം, മൈലേജ്, തുടങ്ങിയ വിവരങ്ങളും മീറ്ററിൽ തെളിയുന്നു.

ആഡംബര കാറുകളോടു കിടപിടിക്കുന്ന ട്രിപ്പിൾ ടോൺ സീറ്റുകളാണ് ക്വിഡിലുള്ളത്. റെഡ്, ഗ്രേ, ബ്ലാക്ക് എന്നീ കളറുകളുപയോഗിച്ചാണ് സീറ്റുകൾക്ക് സൗന്ദര്യം നല്കിയിരിക്കുന്നത്. ഇതിനു പുറമേ മറ്റ് ഹാച്ച്ബാക്ക് മോഡലുകളേക്കാൾ ഉയർന്നതും വലുപ്പമേറിയതുമായ സീറ്റുകളാണ് ക്വിഡിന്റേത്. വിശാലമായ ലെഗ്സ്പേസും നല്കുന്നുണ്ട്. പിന്നിലെ പ്ലാറ്റ്ഫോം പൂർണമായും ഫ്ളാറ്റ് ആയതിനാൽ മൂന്നു പേർക്ക് വിശാലമായി ഇരിക്കാൻ സാധിക്കും. ഇവയ്ക്കെല്ലാം പുറമേ കോംപാക്ട് എസ്യുവികൾക്ക് സമാനമായ 300 ലിറ്റർ എന്ന ഉയർന്ന ബൂട്ട് സ്പേസ് ആണ് ക്വിഡിന്റെ പ്രധാന സവിശേഷത.

സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് ക്വിഡ് തയാറായിട്ടില്ല. ടോപ്പ് എൻഡ് മോഡലുകളിൽ ഡ്രൈവർ സൈഡ് എയർ ബാഗും കൂടാതെ അപകടസാധ്യത കുറയ്ക്കുന്ന പ്രോ സെൻസിംഗ് സീറ്റ് ബെൽറ്റും പുതിയ ക്വിഡിന്റെ സവിശേഷതയാണ്.

800 സിസിയിൽനിന്ന് 1000 സിസിയിലേക്ക് ഉയർന്നപ്പോൾ പവറിലും കാര്യമായ വർധന വരുത്തിയിട്ടുണ്ട്. 800 സിസിയിൽ 72 എൻഎം ടോർക്കിൽ 54 പിഎസ് പവർ ഉത്പാദിപ്പിച്ചിരുന്ന സ്‌ഥാനത്ത് പുതിയ ക്വിഡിൽ 91 എൻഎം ടോർക്കിൽ 68 പിഎസ് പവറാണ് ഉത്പാദിപ്പിക്കുന്നത്. സിലിണ്ടറുകളുടെ എണ്ണം നിലനിർത്തിയതിനാൽ പവർ കൂടിയിട്ടും മൈലേജിൽ കാര്യമായ കുറവു സംഭവിക്കാനിടയില്ല.

1000 സിസിയിലും 25.17 കിലോമീറ്റർ മൈലേജാണ് ക്വിഡിന് കമ്പനി ഉറപ്പ് നല്കുന്നത്. ആർഎക്സ്ടി, ആർഎക്സ്ടി ഓപ്ഷണൽ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് 1.0 ലിറ്റർ ക്വിഡ് പുറത്തിറങ്ങുന്നത് 4.51 മുതൽ 4.69 ലക്ഷം രൂപ വരെയാണ് ക്വിഡിന്റെ കോട്ടയത്തെ ഓൺ റോഡ് വില. ടെസ്റ്റ് ഡ്രൈവ്– റെനോ കോട്ടയം. ഫോൺ: 9061059805.

<യ> –അജിത് ടോം