ഫോണുകൾ പൊട്ടിത്തെറിക്കുന്നു, സാംസംഗ് നോട്ട് 7 തിരിച്ചുവിളിച്ചു
ഫോണുകൾ പൊട്ടിത്തെറിക്കുന്നു, സാംസംഗ് നോട്ട് 7 തിരിച്ചുവിളിച്ചു
Saturday, September 3, 2016 4:32 AM IST
സുവോൺ (ദക്ഷിണ കൊറിയ): സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഗാലക്സി നോട്ട് 7ന്റെ വില്പന മരവിപ്പിച്ചു. ഇതുവരെ വിപണിയിലെത്തിയ ഫോണുകളെല്ലാം തിരിച്ചുവിളിച്ചു. എണ്ണം എത്രയെന്നു വ്യക്‌തമല്ല. ചാർജ് ചെയ്യുമ്പോൾ പൊട്ടിത്തെറിക്കുന്നു എന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് ഫോണുകൾ തിരിച്ചുവിളിച്ചത്.

ബാറ്ററിയുടെ തകരാറാവാം ഫോണുകൾ പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. സാംസംഗിന്റെ സഹോദരസ്‌ഥാപനമായ സാംസംഗ് എസ്ഡിഐ ആണ് നോട്ട് 7നു വേണ്ടി ബാറ്ററി നിർമിച്ചത്. കമ്പനിക്കു തന്നെയായിരിക്കും ഇതിന്റെ ഉത്തരവാദിത്തമെന്നും സാംസംഗ് അറിയിച്ചു.


ദക്ഷിണാഫ്രിക്കയിൽനിന്നാണ് നോട്ട് 7ന്റെ ആദ്യ പൊട്ടിത്തെറി റിപ്പോർട്ട് ചെയ്തത്. പിന്നീട് ലോകവ്യാപകമായി 35 കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇപ്പോൾ സാംസംഗ് നോട്ട് 7 ഉപയോഗിക്കുന്നവർ തങ്ങളുടെ ഫോൺ എത്രയും വേഗം സ്റ്റോറിൽ എത്തിച്ച് ഫോൺ മാറി വാങ്ങണമെന്നാണ് കമ്പനി നല്കുന്ന നിർദേശം. പകരം ഫോണുകൾ അധികം വൈകാതെതന്നെ ഉപയോക്‌താക്കൾക്ക് എത്തിച്ചു നല്കും.

കഴിഞ്ഞ മാസമാണ് നോട്ട് 7 ലോകവ്യാപകമായി വിപണിയിലെത്തിയത്. മൊത്തം 25 ലക്ഷം ഫോണുകളാണ് കമ്പനി നിർമിച്ചത്.