ഡ്യുവോ എത്തി
ഡ്യുവോ എത്തി
Thursday, September 1, 2016 4:42 AM IST
ടെക്സ്റ്റ് മെസേജിംഗ് മാത്രമായിട്ടുള്ള ആപ്ലിക്കേഷനുകളുടെ കാലംകഴിഞ്ഞു. ഇപ്പോൾ വീഡിയോ കോളിംഗ് കൂടിയുള്ള ആപ്പാണ് സ്മാർട്ട് ഫോൺ ഉപയോക്‌താക്കൾ തെരയുന്നത്. ആപ്പിളിന് ഫേസ് ടൈം, മൈക്രോസോഫ്റ്റിന് സ്കൈപ്പ് എന്നീ വീഡിയോ കോളിംഗ് ആപ്പുകൾ സ്വന്തമായുണ്ട്. ഗൂഗിളിന് ഹാങ്ഔട്ട് ഉണ്ടെങ്കിലും അത് യൂസർഫ്രണ്ട്ലി അല്ലായിരുന്നു. ഇതാണ് പുതിയ ആപ്പിനെക്കുറിച്ച് ചിന്തിക്കാൽ ഗൂഗിളിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ ഹാങ്ഔട്ടിന്റെ എല്ലാ കുറവുകളും നികത്തി പുതിയ ആപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഡ്യുവോ എന്നാണ് പുതിയ ആപ്പിന്റെ പേര്. ഫേസ് ടൈം ഐ ഫോണിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കു. എന്നാൽ ഡ്യുവോഎല്ലാ ഫോണിലും ഉപയോഗിക്കാം.

പുതിയ ആപ്പ് ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ഗൂഗിൾ ആപ് സ്റ്റോറിൽ നിന്ന് ഡ്യുവോ ഡൗൺലോഡ് ചെയ്യാം. രാജ്യം, ഫോൺനമ്പർ എന്നിവ ആപ്പിൽ നൽകിയാൽ ഒരു വേരിഫിക്കേഷൻ കോഡ് ലഭിക്കും. ഇത് നിർദിഷ്‌ട സ്‌ഥലത്ത് നൽകിയാൽ ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമാകും. വാട്സ്ആപ്പിലുള്ളതുപോലെ കോൺടാക്റ്റ് ലിസ്റ്റിലുള്ള ഡ്യുവോ ആപ് ഉപയോഗിക്കുന്നവരുടെ പേര് ആപ്പിന്റ കോൺടാക്റ്റ് ലിസ്റ്റിൽ കാണിക്കും. ആപ്പ് ഉപയോഗിക്കാത്തവരെ ക്ഷണിക്കാനുള്ള സൗകര്യവും ഡ്വേയിലുണ്ട്.


ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ മുൻകാമറ പ്രവർത്തിക്കാൻതുടങ്ങും. ഇതിലുള്ള നോക്ക് നോക്ക് എന്ന ഫീച്ചർ വളരെ പ്രത്യേകതയുള്ളതാണ്. വീഡിയോ കോൾ സ്വീകരിക്കുന്നതിനുമുമ്പ് തന്നെ വിളിക്കുന്നയാളുടെ വീഡിയോ കാണാമെന്നതാണ് നോക്ക് നോക്ക് ഫീച്ചർ. ഇതിനായി ആൻഡ്രോയിഡ് ഫോണിൽ ആപ്പ് ഓപ്പൺ ചെയ്യേണ്ട ആവശ്യമില്ല. കോൺടാക്റ്റ് ലിസ്റ്റിലുള്ളവർ വിളിച്ചാൽ ഈ ഫീച്ചർ പ്രവർത്തിച്ചുതുടങ്ങും. അൺനോൺ നമ്പറിൽനിന്ന് വിളിച്ചാൽ കോൾ സ്വീകരിക്കുന്നതിനുമുമ്പ് വീഡിയോ കാണാൻ സാധിക്കില്ലെന്ന് ചുരുക്കും. ഐഫോണിൽ ഈ ഫീച്ചർ ലഭ്യമല്ല. അനാവശ്യ വീഡിയോ കോളുകൾ ബ്ലോക് ചെയ്യാനും ആപ്പിൽ സാധിക്കും.

ഡ്യുവോ പ്ലേസ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ലഭ്യമാണ്. ഡെസ്ക്ടോപ് വേർഷൻ തത്ക്കാലം ഗൂഗിൾ പുറത്തിറക്കിയിട്ടില്ല. ഇതും ഉടൻതന്നെ പുറത്തിറക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. ഏതായാലും ഫേസ് ടൈമിനും സ്കൈപ്പിനും ഡ്യുവോ ഭീഷണിയായിരിക്കുമെന്നാണ് ടെക് ലോകത്തിന്റെ വിലയിരുത്തൽ.

–<യ> സോനു തോമസ്