ലിനക്സിനു പിറന്നാൾ മധുരം
ലിനക്സിനു പിറന്നാൾ മധുരം
Tuesday, August 30, 2016 3:21 AM IST
<യ> ക്ലിക്/ ആർ. വിധുലാൽ

25 വർഷംമുമ്പ് ലൈനസ് ബെനഡിക്ട് ടോവാഡ്സ് എന്ന ഫിന്നീഷ്– അമേരിക്കൻ സോഫ്റ്റ്വെയർ എൻജിനിയറുടെ കാഞ്ഞ ബുദ്ധിയിലാണ് ലിനക്സ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പിറവി. അന്ന് ടോവാഡ്സിന് 21 വയസാണു പ്രായം. പലരും ഗെയിം കളിച്ചും ഉറങ്ങിയും സമയം പാഴാക്കിയപ്പോൾ ടോവാഡ്സ് തീരുമാനമെടുത്തത് തന്റെ പേരിൽ ഒരു കംപ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം നിർമിക്കാനാണ്. ആദ്യഘട്ടത്തിൽ കെർണൽ വേർഷനാണുണ്ടായിരുന്നത്. കെർണൽ എന്നതു പൂർണരൂപത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമല്ല. സോഫ്റ്റ്വെയർ ലെയറിന്റെ പ്രധാന ഘടകമായി വർത്തിക്കുകയും ഹാർഡ്വെയറിനു നിർദേശം നല്കി യൂസർ ഇൻപുട്ടിനും ഹാർഡ്വെയർ റെസ്പോൺസിനും ഇടയിൽ മധ്യസ്‌ഥനാകുകയും ചെയ്യുന്ന ഹിറോയുടെ പരിവേഷമാണ് കെർണലിനുള്ളത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മർമകേന്ദ്രമെന്നും വിളിക്കാം. സോഫ്റ്റ്വെയറുകളുടെ നിയന്ത്രണം കെർണലിലൂടെയാണ്.

25 വർഷം പിന്നോട്ടുപോയാൽ ഓപ്പറേഷൻ സിസ്റ്റങ്ങളുടെ പിതാമഹൻ എന്നു വിളിക്കുന്ന യുണിക്സ് എന്ന പ്രോജക്ടു കാണാം. എടിആൻഡ്ടി കമ്പനി കുത്തകയാക്കിവച്ചിരുന്ന വിലപിടിപ്പുള്ള ഈ ഒഎസിനെ വില്ക്കാൻ കമ്പനി തയാറായിരുന്നില്ല. ഈ വെല്ലുവിളിയാണ് ടോവാഡ്സ് ഏറ്റെടുത്തത്. കംപ്യൂട്ടറിന്റെ അടിസ്‌ഥാന ആവശ്യങ്ങൾക്കായി ഒരു സ്വതന്ത്ര ഒഎസിനെ ജനിപ്പിക്കുക എന്ന ദൗത്യം പൂർത്തിയാക്കാൻ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ വക്‌താവ് റിച്ചാർഡ് സ്റ്റാൾമാനെ ടോവാഡ്സ് കൂട്ടുപിടിച്ചു.

1985ൽ റിച്ചാർഡ് സ്റ്റാൾമാന്റെ ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ സ്‌ഥാപിച്ചു വിൻഡോസിനു വെല്ലുവിളി ഉയർത്തി. സ്റ്റാൾമാന്റെ പ്രോജക്ടിനൊപ്പം ടോവാഡ്സും ചേർന്നപ്പോൾ ഗ്നുലിനക്സ് പിറവിയെടുത്തു. പറഞ്ഞു നാക്കുളുക്കിയപ്പോൾ ലിനക്സിനു മുന്നിലെ ഗ്നു പലരും മറന്നു. ഡെവലപ്പർമാർക്ക് ഓപ്പൺ സോഴ്സ് ലൈസൻസ് നല്കി ഗ്നുലിനക്സ് പഠനവിധേയമാക്കാൻ സൗകര്യമൊരുക്കി. ഗവേഷകരും ഹാക്കർമാരുമാണ് ലിനക്സിനെ വളർത്തിയത്.


കേരളത്തിൽ സർക്കാരിന്റെ ഐടി*പ്രോജക്ടുകൾ ലിനക്സിലാണു ചെയ്തിരിക്കുന്നത്. ഇ ഗവേണൻസിന്റെ പല പ്രോജക്ടുകൾക്കും ഈ സ്വതന്ത്ര സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിൽ വിൻഡോസും ഓഫീസും ഉപയോഗിക്കാൻ നിയമപ്രകാരമുള്ള അനുമതി മാത്രമാണു കമ്പനി നല്കുന്നത്. പുതിയ വെർഷനുകൾ പണംകൊടുത്ത് ഉപയോഗിക്കേണ്ടിവരുന്നു, സോഴ്സ് കോഡ് ലഭ്യമല്ലാത്തതിനാൽ വിൻഡോസ് ഷെയർ ചെയ്യാനാവില്ല, പരിഷ്കരിക്കാനാവില്ല എന്നിങ്ങനെ സാധാരണക്കാരനെ കൂച്ചുവിലങ്ങിടുന്ന മുതലാളിത്ത വ്യവസ്‌ഥിതിയോട് പടവെട്ടിയാണ് സൈബർ സ്പേസിന്റെ അനന്തസാധ്യതകളിലേക്ക് ലിനക്സ് പറന്നുയർന്നത്. ഇന്നു വിവിധ സ്‌ഥാപനങ്ങൾ ലിനക്സ് പതിപ്പുകൾ ഇറക്കുന്നുണ്ട്. കനോണിക്കൽ കമ്പനിയുടെ ഉബുണ്ടു, ഫെഡോറ, ഡെബിയൻ എന്നിവ ലിനക്സിന്റെ സ്വതന്ത്ര പതിപ്പുകളാണ്. വിൻഡോസിൽവരെ ലിനക്സ് ഉപയോഗിക്കാം. സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റവും അതിവേഗമുള്ള സൂപ്പർ കംപ്യൂട്ടറുകളും കോർപറേറ്റ് ഡേറ്റാ സെന്ററുകളും വെബ്സൈറ്റ്, സ്റ്റോക് എക്സ്ചേഞ്ച് തുടങ്ങി കോടിക്കണക്കിനു ഡെസ്ക്ടോപ്പുകളിലൂടെയും ലാപ്ടോപ്പുകളിലൂടെയും ലിനക്സ് വളരുകയാണ്; വിൻഡോസിനൊപ്പമല്ല അതുക്കും മേലെ.