ഒപ്പം
ഒപ്പം
Thursday, August 18, 2016 4:22 AM IST
പ്രിയദർശൻ– മോഹൻലാൽ ചിത്രമായ ഒപ്പത്തിന്റെ പത്തു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഊട്ടിയിൽ നടന്നു. കൊച്ചിയിലെ ചിത്രീകരണം പൂർത്തിയാക്കിക്കൊണ്ടാണ് ഊട്ടിയിലേക്ക് ചിത്രം ഷിഫ്റ്റ് ചെയ്യപ്പെട്ടത്.

പ്രിയദർശന്റെ ഹിറ്റ് സിനിമകളിൽ പലതും ഊട്ടിയിൽ ചിത്രീകരിക്കപ്പെട്ടവയാണ്. താളവട്ടം, കിലുക്കം, മിന്നാരം, വെട്ടം, മിഥുനം, മേഘം തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഊട്ടിയിൽ ചിത്രീകരിക്കപ്പെട്ടത്. പ്രിയദർശന്റെ ഭാഗ്യ ലൊക്കേഷനുമാണ് ഇവിടം.

മോഹൻലാൽ, സമുദ്രക്കനി, അനുശ്രീ, അജു വർഗീസ്, ബേബി മീനാക്ഷി എന്നിവരായിരുന്നു ഇവിടെ ചിത്രീകരണത്തിനു പങ്കെടുത്തത്.

അന്ധനായ ജയരാമൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ കഥാപാത്രങ്ങളെപ്പോലെയുള്ളതല്ല, ഒരു അന്ധന്റെ കഥാപാത്രമെന്നതു വളരെ സൂക്ഷ്മതോടെ അവതരിപ്പിക്കേണ്ടതുണ്ട്. നടപ്പിലും ഇരിപ്പിലുമെല്ലാം ഒരു അന്ധന്റെ ഭാവചലനങ്ങൾ ഉണ്ടാകണം. സംവിധായകന്റെയും അഭിനേതാവിന്റെയും സൂക്ഷ്മത ഇതിന് ഏറെ വേണംതാനും.

ഊട്ടിയിലെ പ്രശസ്തമായ ലൗ ഡേൽ സ്കൂളിലായിരുന്നു ആദ്യ രണ്ടുദിവസത്തെ ചിത്രീകരണം. ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ, ഫേൺ ഹിൽ പാലസ് തുടങ്ങിയ സ്‌ഥലങ്ങളിലും ചിത്രീകരണം നടന്നു. മോഹൻലാൽ, ബേബി മീനാക്ഷി, അനുശ്രീ, സമുദ്രക്കനി എന്നിവർ സ്കൂളിലെ രംഗങ്ങളിൽ അഭിനയിച്ചു. പിന്നെ ലൗ ഡേൽ സ്കൂളിലെ കുട്ടികളും. ഇവിടെ അനുശ്രീ ഗംഗ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഊട്ടിയിൽ മോഹൻലാലിനു സ്വന്തമായി വില്ലയുണ്ട്. ഇവിടെ വന്നാൽ ലാലിന്റെ താമസം തന്റെ വില്ലയിൽതന്നെ. അപ്പോൾ കുടുംബവും കൂടും. മുമ്പ് മക്കൾ ഇവിടത്തെ പബ്ലിക് സ്കൂളിൽ പഠിച്ചിരുന്നു. ഇന്നിപ്പോൾ അവരുടെ കോ്സ് പൂർത്തിയായിരിക്കുന്നു. എങ്കിലും ഊട്ടിയിലെത്തുമ്പോൾ അവരുടെ ഒത്തുകൂടലുണ്ടാകും.


പ്രിയദർശന്റെ മകൻ സിദ്ധാർഥും ലൊക്കേഷനിലുണ്ട്. അമേരിക്കയിൽ പഠിച്ചിരുന്ന സിദ്ധാർഥ് അവധിക്കു വന്നപ്പോൾ അച്ഛനോടൊപ്പം സംവിധാനം പഠിക്കാൻ കൂടിയതാണ്. ഇപ്പോൾ പ്രിയനെ പ്രധാനമായും അസിസ്റ്റ് ചെയ്യുന്നത് പ്രശസ്ത സംവിധായകനായ ഐ.വി. ശശിയുടെ മകൻ അനി ശശിയാണ്. നാളുകൾ കഴിയുമ്പോൾ അനി ശശിയും സ്വതന്ത്ര സംവിധായകനാകും. അൽപം കൂടിക്കഴിഞ്ഞാൽ സിദ്ധാർഥ് പ്രിയദർശൻ എന്ന സംവിധായകന്റെ അരങ്ങേറ്റവും പ്രതീക്ഷിക്കും.

ഒരു ലിഫ്റ്റ് ഓപ്പറേറ്ററാണ് ജയരാമൻ. തന്റെ അന്ധതയെ ഒരു ബലഹീനതയായി കാണാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഈ അന്ധതയെ തോൽപിക്കാനുള്ള ചില വിദ്യകളും അയാൾക്കുണ്ട്.
വിമലാ രാമനാണു നായിക. നെടുമുടി വേണു, സിദ്ധിഖ്, ചെമ്പൻ വിനോദ്, കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്. ഗോവിന്ദ് വിജയന്റേതാണു കഥ. പ്രിയദർശൻ തിരക്കഥ രചിച്ചിരിക്കുന്നു. ഏകാംബരം ഛായാഗ്രഹണവും അയ്യപ്പൻ എഡിറ്റിംഗും നിർവഹിക്കുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ18ൃൃമ3.ഷുഴ മഹശഴി=ഹലളേ>