ക്രെറ്റ = സുഖയാത്ര
ക്രെറ്റ = സുഖയാത്ര
Sunday, August 14, 2016 3:25 AM IST
ഓളപ്പരപ്പുകളെ കീറിമുറിച്ചു കുതിക്കുന്ന കപ്പലുകളിലെ യാത്രക്കാർക്ക് തിരമാലകളുടെ അലയടികൾ കപ്പലിനെ എത്രത്തോളം ഉലയ്ക്കുന്നുണ്ടെന്ന് അറിയാൻ കഴിയില്ല. കപ്പലുകളിൽ യാത്രക്കാർക്ക് സുഖകരമായ യാത്ര നല്കാൻ കഴിയുന്നതുപോലെതന്നെയാണ് ഹ്യുണ്ടായ് തങ്ങളുടെ സ്പോർട്ട് യൂട്ടിലിറ്റി വാഹനമായ ക്രെറ്റയിലൂടെ സുഖയാത്ര നല്കുന്നത്. അനായാസ ഡ്രൈവിംഗും സുഖകരമായ യാത്രയും ഉറപ്പുതരാൻ ക്രെറ്റയ്ക്കു കഴിയുന്നുണ്ട്.

ഇന്ത്യൻ നിരത്തുകളിൽ ക്രെറ്റ സാന്നിധ്യമറിയിച്ചിട്ട് ഒരു വർഷം പിന്നിട്ടു. ഒന്നാം വാർഷികത്തോടനുബന്ധിച്ച് കാര്യമായ മാറ്റങ്ങളില്ലാതെ, എന്നാൽ അല്പം മോടി കൂട്ടി ആനിവേഴ്സറി എഡിഷൻ ക്രെറ്റ ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ട്.

ഈ സെഗ്മെന്റിലെ സൗന്ദര്യറാണിയാണ് ക്രെറ്റയെന്നു നിസംശയം പറയാം. ഹ്യുണ്ടായി ഫ്ളൂയിഡിക് 2.0 ഡിസൈൻ ഫിലോസഫിയിൽ വിരിഞ്ഞ കുട്ടിയാണിവൾ. ഒറ്റവാക്കിൽ പറഞ്ഞാൽ ഹ്യുണ്ടായ് സാന്റഫയുടെ ഒരു ചെറു പതിപ്പ്.

ഹെക്സഗണൽ ഷേപ്പിലുള്ള ഗ്രില്ലിനു ഭംഗി കൂട്ടി മൂന്നു ക്രോം സ്ലാറ്റ്സ്, തുറിച്ചുന്തി നിൽക്കുന്ന ഹെഡ് ലാമ്പുകൾ എന്നിവ ഏറെ ആകർഷകമാണ്. വലിയ പ്രൊജക്ടർ ലാമ്പ് യൂണിറ്റിൽ ടേണിംഗ് ഇഡിക്കേറ്റർ നല്കിയിട്ടുണ്ട്. ഇതിനു നടുവിൽ കോർണറിംഗ് ലാമ്പ് നല്കിയിരിക്കുന്നതിനാൽ വളവു തിരിയുമ്പോൾ അധിക വെളിച്ചം ലഭിക്കും. വാഹനത്തിന്റെ ടയർ തിരിയുന്നതനുസരിച്ചാണ് കോർണറിംഗ് ലാമ്പുകൾ തെളിയുക.

പെട്രോൾ മോഡലിന് 16 ഇഞ്ചും ഡീസൽ മോഡലിലെ ടോപ് വേരിയന്റിന് 17 ഇഞ്ചും വീൽസൈസാണുള്ളത്. വാഹനത്തിന്റെ സൗന്ദര്യം വർധിപ്പിക്കാനായി ഒരു പെയർ റൂഫ് റെയിൽ നല്കിയിട്ടുണ്ട്. ഈ റൂഫ് റെയിൽ ലഗേജുകൾ കെട്ടിവയ്ക്കാനുള്ളതല്ലെന്ന് കമ്പനി പ്രത്യേകം പറയുന്നു.

ഡിക്കി ഡോറിലും വശങ്ങളിലുമായി സ്പ്ലിറ്റ് ടെയിൽ ലാമ്പുകളും താഴെ ബമ്പറിൽ നീളമേറിയ റിഫ്ളെക്ടറുകളും നല്കിയിട്ടുണ്ട്. മുന്നിലെയും പിന്നിലെയും ബമ്പറുകൾ ഫൈബറാണ്.

4,270 എംഎം നീളവും 1,780 എംഎം വീതിയും 1630 എംഎം ഉയരവുമുള്ള ക്രൈറ്റ എസ്യുവി വിഭാഗത്തിൽ അല്പം ചെറുതാണെങ്കിലും ഉള്ളിലെ സ്പേസിൽ അല്പംപോലും പിശുക്കു കാണിച്ചിട്ടില്ല. ഓഫ് റോഡ് റൈഡിനു ചേരുന്ന വിധമാണ് മൊത്തം ഘടനതന്നെ. 190എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്.

ഹ്യുണ്ടായിയുടെ എടുത്തുപറയാവുന്ന പ്രത്യേകതകളിലൊന്നാണ് അച്ചടക്കമുള്ള ഇന്റീരിയർ ഡിസൈൻ. കറുപ്പ് എടുത്തു നില്ക്കുംവിധമാണ് ഉൾവശം ഡിസൈൻ ചെയ്തിരിക്കുന്നത്. ഡ്യുവർ കളർ ഡാഷ്ബോർഡ് വാഹനത്തിന് പ്രീമിയം ലുക്ക് നല്കുന്നുണ്ട്.

ടോപ്പ് എൻഡ് വേരിയന്റുകളിൽ ഡാഷ് ബോർഡിൽ നാവിഗേഷനോടുകൂടിയ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻ–കാർ എന്റർടെയ്ൻമെന്റ് സിസ്റ്റം നല്കിയിരിക്കുന്നു. മാത്രമല്ല ഒരു ജിബി വരെ ഡേറ്റ ശേഖരിക്കാവുന്ന ഇന്റേണൽ മെമ്മറിയുമുണ്ട്. യുഎസ്ബി, ഓക്സ് എന്നിവ വഴി ഇതിലേക്ക് ആവശ്യമായവ കോപ്പി ചെയ്ത് സൂക്ഷിക്കാം. വാഹനത്തിന്റെ സഞ്ചാരപാത മനസിലാക്കാൻ ജിപിഎസ് സംവിധാനത്തിനു കഴിയുന്നുണ്ട്.

ഇൻ–കാർ എന്റർടെയ്ൻമെന്റ് സിസ്റ്റത്തിനു മുകളിലായി ഡിജിറ്റൽ ക്ലോക്കും താഴെ ക്ലൈമറ്റ് കൺട്രോൾ യൂണിറ്റും നല്കിയിരിക്കുന്നു. പിറകിൽ എസി വെന്റ് നല്കിയിട്ടുണ്ട്. ഒപ്പം ചാർജിംഗ് സ്ലോട്ടുമുണ്ട്.

സ്റ്റിയറിഗ് വീലിനു ടിൽറ്റ് സംവിധാനം നല്കിയിട്ടുണ്ടെങ്കിലും ടെലിസ്കോപിക് അഡ്ജസ്റ്റ്മെന്റ് നല്കാൻ കമ്പനിക്കു കഴിഞ്ഞിട്ടില്ല. ഇൻഫോടെൻമെന്റ്, ഫോൺ കോൾ എന്നിവ കണക്ട് ചെയ്യാൻ സ്റ്റിയറിംഗ് വീലിൽ ബട്ടണുകളുണ്ട്.


പുഷ് സ്റ്റാർട്ട്/ഓഫ് സംവിധാനമാണ് ക്രെറ്റയ്ക്കു നല്കിയിരിക്കുന്നത്. സെൻട്രൽ ലോക്ക് ആയ വാഹനം കീ സമീപത്തുണ്ടെങ്കിൽ ഡ്രൈവറുടെ ഡോറിൽ നൽകിയിട്ടുള്ള ചെറുബട്ടൺ പ്രസ് ചെയ്ത് ഡോർ തുറക്കാം. അതേസമയം ബട്ടൺ അമർത്താതെ ഡോർ തുറക്കാൻ ശ്രമിച്ചാൽ കീയുടെ സഹായമില്ലാതെ പിന്നീട് ഡോർ തുറക്കാൻ കഴിയില്ല. ഉള്ളിൽ കയറിയാൽ ക്ലച്ച് അമർത്തി ബട്ടൺ പ്രസ് ചെയ്താൽ ക്രൈറ്റയ്ക്കു ജീവൻ നല്കാം. കീ വാഹനത്തിനുള്ളിൽ ഉണ്ടാവണമെന്നു മാത്രം.

<യ>എൻജിൻ

1591 സിസി 1.6 ലിറ്റർ ആറു സ്പീഡ് മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലാണ് പെട്രോൾ വേരിയന്റുകൾക്കുള്ളത്. ഇത് 121 ബിഎച്ച്പി പവറിൽ 151എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഈ സെഗ്മെന്റിന്റെ ഏറ്റവും പവറുള്ള വാഹമാണ് ക്രൈറ്റ. അതിനാൽത്തന്നെ അനായാസം മറ്റു വാഹനങ്ങളെ മറികടക്കാനും കഴിയും. ആർപിഎം അധികമുള്ളതിനാൽ എൻജിന്റെ ശബ്ദം ഉള്ളിലേക്കു കടക്കുന്നുമില്ല.

1.4 ലിറ്റർ, 1.6 ലിറ്റർ സിആർഡിഐ എൻജിനുകളാണ് ഡീസൽ ശ്രേണിയിലുള്ളത്. 1396 സിസി 1.4 ലിറ്റർ സിആർഡി ഐ എൻജിൻ 89 ബിച്ച്പി ശക്‌തിയിൽ 220 എൻഎം ടോർക്കും 1582 സിസി 1.6 ലിറ്റർ സിആർഡി ഐ എൻജിൻ 126 ബിഎച്ച്പി ശക്‌തിയിൽ 260 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 1900 ആർപിഎം ഉള്ളതിനാൽ ഡൗൺ ഗിയർ ഷിഫ്റ്റിന്റെ ആവശ്യം വരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.

<യ>സുരക്ഷ

എല്ലാ വേരിയന്റുകളിലും എബിഎസ് നല്കിയിട്ടുണ്ട്. ടോപ് എൻഡ് വേരിയന്റുകളിൽ മൊത്തം ആറ് എയർബാഗും ട്രാക്ഷൻ കൺട്രോളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും ഹിൽ സ്റ്റാർട്ട് അസിസ്റ്റന്റും നല്കിയിട്ടുണ്ട്.

ആനിവേഴ്സറി എഡിഷൻ ഉൾപ്പെടെ മൂന്ന് എൻജിനുകളിലായി മൊത്തം 14 വേരിയന്റുകളാണ് ക്രെറ്റയ്ക്കുള്ളത്.

<യ>സ്പെഷൽ എഡിഷൻ ക്രെറ്റ

പുറംമോടിയിൽ ഡ്യുവൽ കളർ കോമ്പിനേഷൻ നല്കി വശങ്ങളിൽ പുതിയ ഗ്രാഫിക്സുമായാണ് ആനിവേഴ്സറി എഡിഷൻ ക്രെറ്റ എത്തുന്നത്. എ, ബി, സി പില്ലറുകൾ ഉൾപ്പെടെ റൂഫിനു ഗ്ലോസി ബ്ലാക്ക് ഫിനിഷിംഗ് നല്കിയിട്ടുണ്ട്. സി പില്ലറിൽ ചുവന്ന ലൈനിനൊപ്പം ആനിവേഴ്സറി എഡിഷൻ എന്നു പതിപ്പിച്ചിട്ടുമുണ്ട്. ഉള്ളിൽ റെഡ്–ബ്ലാക്ക് കോമ്പിനേഷനുകളാണ് ഭംഗി നല്കുക.

മുൻവശത്തെ നാല് എസി വെന്റുകൾക്ക് റെഡ് ഫിനിഷിംഗും സീറ്റുകൾക്ക് റെഡ്–ബ്ലാക്ക് കോമ്പിനേഷനുമാണ് നല്കിയിരിക്കുന്നത്. മാത്രമല്ല സ്റ്റിയറിംഗ് വീലുകൾക്ക് ലെതർ കോട്ടിംഗും നല്കിയിട്ടുണ്ട്. 17 ഇഞ്ച് ഡയമണ്ട് കട്ടിംഗ് അലോയിയും സ്പെഷൽ ക്രെറ്റയുടെ ഭംഗി കൂട്ടുന്നു.

മൈലേജ് ഡീസൽ: 19 കിലോമീറ്റർ
പെട്രോൾ: 17 കിലോമീറ്റർ
<യ> വില (എക്സ് ഷോറൂം)
ആനിവേഴ്സറി എഡിഷൻ
പെട്രോൾ: 12.39 ലക്ഷം
ഡീസൽ: 13.95 ലക്ഷം
പെട്രോൾ 9.27 – 12.10 ലക്ഷം
ഡീസൽ 1.4 ലിറ്റർ 10.12 – 12.28 ലക്ഷം
ഡീസൽ 1.6 ലിറ്റർ 12.55 – 14.64 ലക്ഷം

ടെസ്റ്റ് ഡ്രൈവ്: പോപ്പുലർ ഹ്യുണ്ടായ്, കോട്ടയം, ഫോൺ: 9895790650.

<യ> –ഐബി