‘പേരറിയാത്തവർ’; കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ജീവിതവും രാഷ്്ട്രീയവും
‘പേരറിയാത്തവർ’; കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ജീവിതവും രാഷ്്ട്രീയവും
Wednesday, August 10, 2016 5:08 AM IST
ഒട്ടേറെ അന്തർദേശീയ– ദേശീയ പുരസ്കാരങ്ങൾ നേടിയ ഡോ. ബിജുവിന്റെ ‘പേരറിയാത്തവർ’ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നു. സുരാജ് വെഞ്ഞാറമൂടിനു മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത ചിത്രം. ഡോ.ബിജുവിനെ മികച്ച പരിസ്‌ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിന് അർഹനാക്കിയ ചിത്രം. ‘‘പേരറിയാത്ത ഒത്തിരി ആളുകൾ..ആദിവാസികൾ, കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകൾ, മാലിന്യത്തിനെതിരേ സമരം ചെയ്യുന്ന ആളുകൾ, മാലിന്യ നിർമാർജന തൊഴിലാളികൾ...അവരുടെയൊക്കെ ജീവിതവും മുഖ്യധാര കാണാതെ പോകുന്ന അവരുടെ രാഷ്്ട്രീയവുമാണ് ‘പേരറിയാത്തവർ’. വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട പേരറിയാത്ത ഒട്ടേറെയാളുകളുടെ ജീവിതമാണ് ഈ സിനിമ...’’ സംവിധായകൻ ഡോ.ബിജു ദീപിക ഡോട്കോമിനോടു സംസാരിക്കുന്നു.

<യ>‘പേരറിയാത്തവ’ർ ചർച്ച ചെയ്യുന്നതെന്താണ്...?

കഴിഞ്ഞ 10–15 വർഷത്തിനിടെയുള്ള നമ്മുടെ കേരളത്തിന്റെ രാഷ്്ട്രീയപരവും സാമൂഹികപരവുമായ ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട് ‘പേരറിയാത്തവർ’. കഴിഞ്ഞ 15 വർഷത്തെ ചരിത്രം ചർച്ചചെയ്യുന്നുണ്ട്. മുത്തങ്ങ സമരം, വിളപ്പിൽശാല മുതൽ മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ വരെ. അങ്ങനെ പാർശ്വവത്കരിക്കപ്പെട്ട ആളുകളുടെ 10–15 വർഷത്തെ സമരങ്ങൾ പരാമർശിക്കപ്പെടുന്നു എന്നുള്ളതാണ് ‘പേരറിയാത്തവർ എന്ന സിനിമയുടെ പ്രത്യേകത.

<യ>മുഖ്യവേഷങ്ങളിൽ അച്ഛനും മകനും...?

ചേരിപ്രദേശത്തു താമസിക്കുന്ന ഒരച്ഛന്റെയും മകന്റെയും ജീവിതം, അവർ കാണുന്ന കാഴ്ചകൾ, അവരുടെ ചുറ്റിനുമുള്ള ജീവിതങ്ങൾ എന്നിവയിലൂടെയാണു സിനിമ. ഈ അച്ഛനും മകനും കടന്നുപോകുന്ന അനുഭവങ്ങളിലൂടെയാണു സിനിമ പോകുന്നത്. നഗരത്തിന്റെ സാധാരണ കാണുന്ന മുഖത്തിനപ്പുറം പാർശ്വവത്കരിക്കപ്പെട്ട കുറേയാളുകളുടെ ജീവിതം; അവരുടെ ഒരു മുഖമാണു സിനിമ.

<യ>സുരാജ് വെഞ്ഞാറമുടിലേക്ക് എത്തിയത്...?

ഇതിലെ അച്ഛന്റെ കാസ്റ്റിംഗിനു കുറേ നടന്മാരെ സമീപിച്ചിരുന്നു. പക്ഷേ, ചില സാങ്കേതിക കാരണങ്ങളാൽ അവയൊന്നും നടന്നില്ല. അങ്ങനെയാണ് സുരാജിലേക്ക് എത്തിയത്. വളരെ സാധാരണക്കാരനെന്നു തോന്നിക്കുന്ന ബോഡി ലാംഗ്വേജ് ഉള്ളതും വളരെ തന്മയത്വത്തോടെ അഭിനയിക്കുന്നതുമായ ഒരാളെയായിരുന്നു വേണ്ടിയിരുന്നത്. വളരെ സാധാരണക്കാരനായ ഒരു മനുഷ്യനാണ് സുരാജ്. ഇത്തരം ആളുകളോട് വളരെ അടുത്തിടപഴകി ഒരു താരത്തിനപ്പുറം സാധാരണ ജനങ്ങളോട് ഒത്തിരി ബന്ധമുള്ള ആളാണു സുരാജ്. ആ കാരക്ടർ സുരാജിന്റെ കൈയിൽ വളരെ സേഫ് ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം നേടിക്കൊണ്ടാണ് അദ്ദേഹം അതു തെളിയിച്ചത്.

<ശാഴ െൃര=/ളലമേൗൃല/ജലൃമൃശ്യമവേമ്മൃബാമശിബ081016.ഷുഴ മഹശഴി=ഹലളേ>

<യ>സുരാജ് എന്ന നടനെ വിലയിരുത്തുമ്പോൾ...?

സുരാജ് വളരെ സത്യസന്ധനായ ഒരു നടനാണ്. ഒരു സംവിധായകന് എങ്ങനെ വേണമെങ്കിലും സുരാജിനെ ഉപയോഗിക്കാം. അത്രത്തോളം ടാലന്റഡ് ആയ നടനാണ്. ഏതു വേഷവും സുരാജിനെക്കൊണ്ടു നന്നായി ചെയ്യിക്കാം. സംവിധായകൻ ആവശ്യപ്പെടുന്ന തരത്തിലേക്കു പൂർണമായും മാറാനുള്ള ഒരു കഴിവ് സുരാജിനുണ്ട്. സിനിമ ആവശ്യപ്പെടുന്ന രീതിയിൽ ആ കഥാപാത്രമായി പൂർണമായും മാറാൻ സുരാജിനെക്കൊണ്ടു പറ്റും. അതു തന്നെയാണു സുരാജിന്റെ നേട്ടം.

<യ>പേരറിയാത്തവരിലെ മറ്റ് അഭിനേതാക്കൾ..?

വലിയ ഒരു കാസ്റ്റിംഗ് തന്നെയുണ്ട് ചിത്രത്തിൽ. സുരാജിന്റെ ഒരു സുഹൃത്തായി വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ ഇന്ദ്രൻസ് ചേട്ടൻ വരുന്നുണ്ട്. അദ്ദേഹവും അസാമാന്യ ടാലന്റുള്ള ഒരു നടനാണ്. അവർ തമ്മിലുള്ള കോംബിനേഷൻ സീനുകൾ വളരെ നന്നായിത്തന്നെ സിനിമയിൽ വന്നിട്ടുണ്ട്. നെടുമുടി വേണുച്ചേട്ടൻ, അനിൽ ചന്ദ്രൻ, കലിംഗ ശശി, ചെമ്പിൽ അശോകൻ, സോന നായർ, സീമ ജി. നായർ, മാസ്റ്റർ ഗോവർധൻ തുടങ്ങിയവരുമുണ്ട്.

<യ>അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം..?

അവർ തമ്മിലുള്ള വലിയ ഒരടുപ്പവും ഒന്നിച്ചുള്ള യാത്രകളുമൊക്കെ സിനിമയിൽ ചിത്രീകരിക്കുന്നുണ്ട്. രാവിലെ എഴുന്നേറ്റു റോഡ് തൂത്തുവാരാൻ പോകുന്നതും രാത്രി എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ വിജനമായ റോഡിലൂടെ പാട്ടകൾ തട്ടി ഫുട്ബോൾ കളിച്ചു നടന്നുനീങ്ങുന്നതുമൊക്കെ.

<യ>മകൻ എന്നതിനപ്പുറം ഗോവർധൻ എന്ന അഭിനേതാവിനെക്കുറിച്ച്...?

മുമ്പു ചെയ്ത സിനിമകളിലെ അനുഭവപരിചയം ഗോവർധനു തുണയായി. വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം തുടങ്ങിയ ചിത്രങ്ങൾക്കുശേഷമാണ് ഇതിൽ. ‘വീട്ടിലേക്കുള്ള വഴി’ കഴിഞ്ഞ് വളരെ വലിയ ഒരു വേഷം ഇതിലാണു ചെയ്യുന്നത്. അന്നു നാലു വയസേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ എട്ടിൽ പഠിക്കുന്നു. ഈ സിനിമ ചെയ്യുന്ന സമയത്ത് അഞ്ചിലായിരുന്നു.

<യ>ഈ സിനിമയിലെ അച്ഛനും മകനും പ്രത്യേകിച്ചു പേരൊന്നുമില്ലല്ലോ...?

പേരില്ലാത്താവരാണ് ഇവരെല്ലാം. ഇവരുടെ പേര് എന്താണെന്നുള്ളത് ആർക്കും ഒരു പ്രാധാന്യമുള്ള കാര്യമല്ല. സിനിമയുടെ പേരിൽ തന്നെ അതാണ് ഉദ്ദ്യേശിക്കുന്നത്.

<യ>സിനിമാനിർണാണം ഒരു സാംസ്കാരിക പ്രവർത്തനമാണെന്ന് അങ്ങ് എഴുതിയിട്ടുണ്ടല്ലോ. പേരറിയാത്തവരുമായി അതിനെ ബന്ധപ്പെടുത്തിയാൽ...?

പലപ്പോഴും മലയാള സിനിമ പറഞ്ഞിട്ടില്ലാത്ത ആളുകളാണ് ഇവർ. മലയാളസിനിമയിൽ ഇവരുടെ കഥകൾ ആരും പറഞ്ഞിട്ടില്ല. പാർശ്വത്കരിക്കപ്പെട്ടവരുടെ കഥകൾ...അത് ആദിവാസികളായാലും ദളിതുകളായാലും തെരുവിൽ ജീവിക്കുന്നവരായാലും..അവരെപ്പറ്റി ആരും പറയാറില്ല. അവരുടെ കഥകൾ പറഞ്ഞാൽത്തന്നെയും സവർണപക്ഷത്തു നിന്നേ സമീപിക്കാറുള്ളൂ. ആദിവാസികളെയും ദളിതരെയും അവരുടെ തന്നെ ഒരു വ്യൂ പോയിന്റിൽ അവരുടെ തന്നെ ഒരു ആംഗളിൽ മലയാളസിനിമകൾ സമീപിക്കാറില്ല. എന്നാൽ, ‘പേരറിയാത്തവർ’ അവരുടെ കാഴ്ചപ്പാടാണ്; നിസഹായരായ കുറേ ആളുകളുടെ കാഴ്ചപ്പാടാണ്. രസകരമായ കാര്യങ്ങൾ മാത്രമല്ല, ഇത്തരം ചില യഥാർഥ ജീവിതങ്ങൾ കൂടി പകർത്താനും ചർച്ച ചെയ്യാനുമുള്ളതാണു സിനിമ.

<യ>സാമൂഹിക ചിത്രമല്ലേ പേരറിയാത്തവർ..?

നാം കണ്ടിട്ടും കാണാതെ പോകുന്ന ചില ആളുകൾ, ചിലയാളുകൾ കണ്ടിട്ടും കാണാതെപോകുന്ന ചില പ്രശ്ങ്ങൾ എന്നിവയെ ഈ സിനിമയിലൂടെ കാണിക്കുന്നു എന്നേയുള്ളൂ. പേരറിയാത്തവർ ആർക്കും, ഏതൊരു സാധാരണക്കാരനും മനസിലാകുന്ന സിനിമയാണ്. വളരെ സിംപിളായ, അവരുതന്നെയാണെന്നു തോന്നിപ്പിക്കുന്ന സിനിമയാണ്. ആർക്കും കാണാനുന്ന, ആർക്കും ഇഷ്‌ടമാകുന്ന സിനിമയാണ്. ഇത്തരം ജീവിതങ്ങൾ കണ്ടിട്ടുള്ളവരും കേട്ടിട്ടുള്ളവരുമായ എല്ലാ ആളുകൾക്കും വളരെ പെട്ടെന്നുതന്നെ ഈ സിനിമയെ റിലേറ്റ് ചെയ്യാനാവും. കാരണം ഇത്തരം ആളുകളെ നമ്മൾ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒറ്റക്കാഴ്ചയിൽ തന്നെ എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന സിനിമയായിരിക്കും പേരറിയാത്തവർ.


<യ>പേരറിയാത്തവർ ജനകീയ സിനിമയല്ലേ...?

ജനകീയ പങ്കാളിത്തം വളരെക്കൂടുതലായിട്ടുണ്ട് ഈ സിനിമയിൽ. കാരണം കുരീപ്പുഴ ശ്രീകുമാർ ചേട്ടനെപ്പോലെയുള്ള ആളുകൾ ഇതിൽ അഭിനയിച്ചിരിക്കുന്നു. തെരുവുകച്ചവടക്കാരായും ബംഗാളികളായും നാടോടികളായും അഭിനയിച്ചിരിക്കുന്നതു ശരിക്കുമുള്ള ആളുകൾ തന്നെയാണ്. തെരുവിൽക്കിടന്ന് ഉറങ്ങുന്നവരായി ചിത്രീകരിച്ചിരിക്കുന്നത് യഥാർഥത്തിൽ തെരുവിൽത്തന്നെ ഉറങ്ങുന്നവരെയാണ്. കോളനിയിലെ പലയാളുകളും അവിടെത്തന്നെ ഉള്ളവരാണ്. കശുവണ്ടി ഫാക്ടറിയിലെ സ്ത്രീകളും കുട്ടികളുമാണ് മാലിന്യനിർമാർജന കേന്ദ്രത്തിനു മുന്നിൽ സമരം ചെയ്യുന്നത്. അടിസ്‌ഥാനവർഗത്തിൽപ്പെട്ട ഒത്തിരിയാളുകൾ ഈ സിനിമയുമായി സഹകരിച്ചിട്ടുണ്ട്.

<യ>പിന്നണിയിൽ പ്രവർത്തിച്ച മറ്റുള്ളവർ..?

പശ്ചാത്തലസംഗീതം വളരെ കുറച്ചുമാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതു ചെയ്തത് ഐസക് തോമസ് കൊട്ടുകാപ്പള്ളി. ശബ്ദലേഖനം ജയദേവൻ ചക്കാടത്ത്. ലൊക്കേഷൻ സൗണ്ട്(സിങ്ക് സൗണ്ട്)തന്നെയാണ് ഇതിൽ. ശബ്ദമിശ്രണം ചയ്തതു പ്രമോദ് തോമസ്. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണൻ. ഇതുവരെ ഞാൻ ചെയ്ത ഏഴു സിനിമകളിൽ ആറിലും അദ്ദേഹമായിരുന്നു. ചമയം പട്ടണം ഷാ. കലാസംവിധാനം സന്തോഷ് രാമൻ. കോസ്റ്റ്യൂസ് അരവിന്ദ്. എഡിറ്റിംഗ് കാർത്തിക് ജോഗേഷ്.

<ശാഴ െൃര=/ളലമേൗൃല/ജലൃമൃശ്യമവേമ്മൃബശെറലബ081016.ഷുഴ മഹശഴി=ൃശഴവേ>

<യ>ഷൂട്ടിംഗ് അനുഭവങ്ങളിൽ വേറിട്ടു നിൽക്കുന്നത്...?

മാലിന്യനിർമാർജനത്തിന് ഉപയോഗിക്കുന്ന സ്‌ഥലം(ഡംപിംഗ് യാർഡ്) ചിത്രത്തിനു വേണ്ടി ഷൂട്ട് ചെയ്യണമായിരുന്നു. കേരളത്തിൽ ഒരിടത്തും അതിനുള്ള പെർമിഷൻ കിട്ടിയില്ല. നാഗർകോവിലിൽ പോയാണ് അതു ഷൂട്ട് ചെയ്തത്. ഇതു ജനങ്ങൾക്കിടയിൽ ഇറങ്ങിയുള്ള ഒരു സിനിമയായതിനാൽ ആൾക്കൂട്ടമുണ്ട് പല സീനുകളിലും. യഥാർഥ ആൾക്കൂട്ടത്തെയാണു ചിത്രീകരിച്ചത്.സമരങ്ങളും ചിത്രീകരിക്കേണ്ടിവന്നു. അപ്പോൾ കൂടുതലും ഹൈഡിംഗ് കാമറ ഉപയോഗിച്ചു. ഈ സിനിമയിൽ സുരാജിന്റെ രൂപം കണ്ടാൽ അത്ര പെട്ടെന്ന് ആളെ തിരിച്ചറിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ സുരാജ് ആ കൂട്ടത്തിൽ നിൽക്കുന്നുണ്ടെന്ന് ആരും അറിയാതെ തന്നെ പലതും രഹസ്യമായി ചിത്രീകരിക്കാനായി.

<യ>സന്ദേശം നല്കുന്നതായിരിക്കണം സിനിമ എന്ന് അഭിപ്രായമുണ്ടോ..?

അങ്ങനെ കരുതുന്ന, നിർബന്ധമുള്ള ഒരാളല്ല ഞാൻ. നമുക്കു പ്രതികരിക്കേണ്ട നാം കാണിക്കേണ്ട ചില കാഴ്ചകൾ നാം കാണിക്കുന്നു. കാണിക്കുക എന്നുള്ളതാണു നമ്മുടെ കടമ. അത് എങ്ങനെ ഉൾക്കൊള്ളണമെന്നും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നും തീരുമാനിക്കേണ്ടതു പ്രേക്ഷകരാണ്.

<യ>പേരറിയാത്തവരുടെ പിന്നിലെ പ്രചോദനം അഥവാ സ്പാർക്ക.്..?

പാർശ്വവത്കരിക്കപ്പെട്ട് ആളുകളുടെ ജീവിതത്തിലൂടെ ഒരു സിനിമ എന്ന ചിന്തയിൽ നിന്നാണു പേരറിയാത്തവർ. കൃത്യമായ ഒരു കഥയല്ലാതെ ഇത്തരത്തിലുള്ള പലതരം വിഷയങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള ഒരു യാത്ര എന്നുള്ളതും.

<യ>എനിക്കിഷ്‌ടപ്പെട്ട സിനിമകൾ ഞാൻ ചെയ്തുകാണ്ടേയിരിക്കും. അതു നിങ്ങൾക്കിഷ്‌ടപ്പെടുന്നോ ഇല്ലയോ എന്നത് എന്റെ പ്രശ്നമല്ല... ഒരിക്കൽ അങ്ങ് എഴുതി. ഈ വാക്കുകളെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കണം?

ഒരാളുടെ സിനിമ അയാളുടെ ഇഷ്‌ടത്തിനു തന്നെയാണ്. ഏതു പ്രേക്ഷകനും അതും കാണാനും കാണാതിരിക്കാനുമുള്ള അവകാശമുണ്ട്. കണ്ടിട്ട് അത് ഇഷ്‌ടപ്പെടാനും ഇഷ്‌ടപ്പെടാതിരിക്കാനുമുള്ള അവകാശമുണ്ട്. അതു പ്രേക്ഷകന്റെ അവകാശമാണ്. ഞാൻ എനിക്കിഷ്‌ടമുള്ള സിനിമകൾ ചെയ്യുന്നു. ചില പ്രേക്ഷകർ അതു കണ്ട്ഇഷ്‌ടപ്പെടുന്നു. ചിലർ ഇഷ്‌ടപ്പെടാതെയിരിക്കുന്നു. അത് അവരുടെ വ്യക്‌തിസ്വാതന്ത്ര്യമാണ്. എല്ലാ പ്രേക്ഷകരെയും ഇഷ്‌ടപ്പെടുത്തി ഒരു സിനിമയെടുക്കുക എന്നത് എന്റെ നിർബന്ധമല്ല. അതേപോലെ എന്റെ സിനിമയെ എല്ലാവരും ഇഷ്‌ടപ്പെടണമെന്നുള്ളതും അവരുടെയും നിർബന്ധമല്ല. ഞാൻ ഉന്നയിക്കുന്ന വിഷയങ്ങളോടും രാഷ്്ട്രീയത്തോടും കാഴ്ചകളോടും താത്പര്യവും ഇഷ്‌ടവുമുള്ള ചില ആളുകളുണ്ടാവാം. അവർക്ക് എന്റെ ചിത്രങ്ങൾ ഇഷ്‌ടപ്പെടും. അല്ലാത്തവർക്ക് ആ സിനിമകളോട് എതിർപ്പുണ്ടാവാം. അത് എന്നെ സംബന്ധിക്കുന്ന വിഷയവുമല്ല.

<യ>‘പേരറിയാത്തവർ’ നേടിയ അംഗീകാരങ്ങൾ...?

അതിലെ അഭിനയത്തിനു സുരാജിന് മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടിയിരുന്നു. മികച്ച പരിസ്‌ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് എനിക്കും. മൂന്ന് അന്തർദേശീയ പുരസ്കാരങ്ങൾ പേരറിയാത്തവർ നേടി. മികച്ച നടനുള്ള പുരസ്കാരം ഇറാനിൽ മാസ്റ്റർ ഗോവർധന്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കരം റഷ്യൻ ചലച്ചിത്രമേളയിൽ എം.ജെ.രാധാകൃഷ്ണന്. മികച്ച ഗ്ലോബൽ മെസേജിനുള്ള പുരസ്കാരം ജയ്പുർ ഇന്റർനാഷണൽ ഫെസ്റ്റിവലിന്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 15നടുത്തു ചലച്ചിത്രമേളകളിൽ പേരറിയാത്തവർ പ്രദർശിപ്പിച്ചിട്ടുണ്ട്. സംസ്‌ഥാനപുരസ്കാരങ്ങൾ ഒന്നും കിട്ടിയിട്ടുമില്ല!!

<യ>റിലീസിംഗ് വൈകിയത്...?

ഇതു നേരത്തേ ഒന്നു റിലീസ് ചെയ്തിരുന്നു; ലോകത്ത് ശ്രദ്ധേയമാകുന്ന ഇന്ത്യൻ സിനിമകൾ പിവിആർ തന്നെ റിലീസ് ചെയ്യുന്ന ഡയറക്ടേഴ്സ് റെയർ എന്ന ഒരു സ്ലോട്ടിൽ. ഒരു വർഷം മുമ്പ് പ്രധാന മെട്രോ സിറ്റികളിൽ. കേരളത്തിൽ കൊച്ചിയിൽ. അങ്ങനെ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമാണ് പേരറിയാത്തവർ. അതിനുശേഷം ഒരു മലയാളചിത്രവും അങ്ങനെ റിലീസ് ചെയ്തിട്ടില്ല. കേരളത്തിലെ റിലീസിംഗ് പല സാങ്കേതിക കാരണങ്ങൾ കൊണ്ടു നീണ്ടുപോയതാണ്

<യ>2014 ൽ ചിത്രീകരിച്ച ചിത്രമാണല്ലോ പേരറിയാത്തവർ. രണ്ടു വർഷത്തിനുശേഷം ഈ ചിത്രം തിയറ്ററുകളിലെത്തുമ്പോൾ അന്ന് ഉന്നയിച്ച വിഷയങ്ങൾ അതേ പ്രാധാന്യത്തോടെ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ...?

ആ പ്രശ്നങ്ങളൊക്കെ അതേപോലെ നിൽക്കുന്നുവെന്നു തന്നെയാണ് ഞാൻ വിചാരിക്കുന്നത്. കാരണം പൊതുവേ ആ വിഷയങ്ങൾക്കൊന്നും അങ്ങനെ മാറ്റമുണ്ടാകാറില്ല. മാറ്റമുണ്ടാകുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ പാർശ്വവത്കരിക്കപ്പെട്ട ആളുകളുടെ പ്രശ്നങ്ങളായതുകൊണ്ടുതന്നെ അവ അങ്ങനെ തന്നെ തുടരുകയാണു പതിവ്. അത്തരം വിഷയങ്ങൾ എപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും. അത് അങ്ങനെതന്നെ തുടരുകയും ചെയ്യും. ലോകത്തെവിടെ സമാനമായ വിഷയങ്ങൾ ഉണ്ടാവാം. അങ്ങനെയുള്ള ആളുകൾ ഇപ്പോഴുമുണ്ടുതാനും.

<യ>ടി.ജി.ബൈജുനാഥ്