കെ.പി. നമ്പ്യാതിരി
കെ.പി. നമ്പ്യാതിരി
Tuesday, August 9, 2016 3:51 AM IST
<യ> കാമറ സ്ലോട്ട്

പുത്തൻ സാങ്കേതിക വിദ്യകളെ കലയുമായി സമന്വയിപ്പിച്ചു മലയാളസിനിമയിൽ നവതരംഗം സൃഷ്ടിച്ചിട്ടുള്ള ഛായാഗ്രാഹകരിൽ പ്രത്യേകം പരാമർശിക്കപ്പെടേണ്ട വ്യക്‌തിയാണ് കാമറാമാൻ കെ.പി. നമ്പ്യാതിരി. ഏറ്റവും കൂടുതൽ ത്രിഡി ഫിലിമുകൾക്കുവേണ്ടി കാമറ നിയന്ത്രിച്ച ഇന്ത്യൻ സിനിമാട്ടോഗ്രഫർ എന്ന റിക്കാർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ത്രിഡി ചിത്രമൊരുക്കാൻ നമ്പ്യാതിരിയുടെ സാങ്കേതികജ്‌ഞാനം ഉപകരിച്ചിട്ടുണ്ട്.

മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫോട്ടോഗ്രഫി പഠിച്ചിറങ്ങിയ ഈ ഓച്ചിറ സ്വദേശി, പിന്നീട് ചെന്നൈയിലെ ദൂരദർശൻ കേന്ദ്രത്തിൽ ഫിലിം പ്രോസസറായി കുറേക്കാലം പ്രവർത്തിച്ചു. അസിസ്റ്റന്റ് ഡയറക്ടർ, സ്റ്റിൽ ഫോട്ടോഗ്രഫർ, ആർട്ട് ഡയറക്ടർ എന്നീ നിലകളിൽ സിനിമയിൽ പ്രവർത്തിച്ചുപോന്ന ഇദ്ദേഹം ഇതിനോടകം സ്റ്റീരിയോഗ്രഫി പഠനവും പൂർത്തിയാക്കി. ഹിന്ദിയിലേക്കു ഡബ്ബ് ചെയ്ത മൈ ഡിയർ കുട്ടിച്ചാത്താന്റെ രണ്ടാംഭാഗമായ ഛോട്ടാ ചേതൻ, മാജിക് മാജിക് എന്നീ ത്രിഡി ചിത്രങ്ങളുടെ സ്റ്റീരിയോഗ്രാഫി ചെയ്തത് നമ്പ്യാതിരിയാണ്.

വേണു നാഗവള്ളി സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രത്തിനു ഛായാഗ്രഹണം നിർവഹിച്ചുകൊണ്ടാണ് ഫീച്ചർ ഫിലിം രംഗത്തേക്കു ഇദ്ദേഹം പ്രവേശിക്കുന്നത്. ഇതോടൊപ്പം ഇരമാന റോജാവേ എന്ന തമിഴ് ചിത്രത്തിന്റെ കാമറമാനായും പ്രവർത്തിച്ചു.

മലയാളിത്തമുള്ള ചലച്ചിത്രങ്ങൾ സംവിധാനംചെയ്തു പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണു വേണു നാഗവള്ളി. ലാൽ സലാമിനുശേഷവും വേണുവിന്റെ നിരവധി ചിത്രങ്ങൾക്കു തന്റെ കാമറകൊണ്ടു ജീവൻ നൽകാൻ നമ്പ്യാതിരിക്കുകഴിഞ്ഞു. കിഴക്കുണരും പക്ഷി, കളിപ്പാട്ടം, ആയിരപ്പറ, അഗ്നിദേവൻ എന്നീ വേണു നാഗവള്ളി ചിത്രങ്ങൾക്ക് നമ്പ്യാതിരിയുടെ കാമറ മിഴിവേകി. ഭദ്രൻ സംവിധാനം ചെയ്ത അങ്കിൾ ബൺ, പോൾസൺ സംവിധാനം ചെയ്ത മക്കൾ മാഹാത്മ്യം എന്നിവ വേണു ചിത്രങ്ങളുടെ ഇടവേളകളിൽ രൂപംകൊണ്ടവയാണ്. നമ്പ്യാതിരി കാമറ നിയന്ത്രിച്ച്, കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം മെഗാഹിറ്റായി മാറി. പി.ജി. വിശ്വംഭരൻ, ജോർജ് കിത്തു എന്നിവരുടെ ചിത്രങ്ങളും നമ്പ്യാതിരിയുടെ കരിയറിന്റെ തുടക്കകാലത്തു ഛായാഗ്രഹണം നിർവഹിച്ചവയാണ്.


1997–ൽ കഥാനായകൻ എന്ന ചിത്രത്തിനുവേണ്ടി കാമറ നിയന്ത്രിച്ചുകൊണ്ടു രാജസേനനോടൊപ്പം പ്രവർത്തിച്ച നമ്പ്യാതിരി ഒട്ടേറെക്കാലം രാജസേനൻ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. സിനിമയുടെ വിജയത്തിനു ഹ്യൂമർ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നു തെളിയിച്ച സംവിധായകനാണ് രാജസേനൻ. ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം, കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ, ഞങ്ങൾ സന്തുഷ്ടരാണ്, നാടൻ പെണ്ണും നാട്ടുപ്രമാണിയും, ഡാർലിംഗ് ഡാർലിംഗ് തുടങ്ങിയ ചിത്രങ്ങളിൽ പലതും സൂപ്പർഹിറ്റുകളായി രാജസേനന്റെ കരിയറിനു തിളക്കമേകിയപ്പോൾ നമ്പ്യാതിരിയും ഒപ്പമുണ്ടായിരുന്നു. മധുചന്ദ്രലേഖ, കനകസിംഹാസനം, റോമിയോ തുടങ്ങി 2014–ൽ ചിത്രീകരിച്ച വൂണ്ട് ഉൾപ്പെടെ ഒട്ടേറെ രാജസേനൻ ചിത്രങ്ങളിൽ പിൽക്കാലത്തും ഇദ്ദേഹം സഹകരിച്ചു.

രാജസേനൻ ചിത്രങ്ങളുടെ ഇടവേളകളിൽ ഹരിഹരൻ, തുളസീദാസ്, ആലപ്പി അഷ്റഫ് തുടങ്ങിയ സംവിധായകരോടൊപ്പവും പ്രവർത്തിച്ചു. ഹരിഹരന്റെ കുഞ്ചാക്കോ ബോബൻ ചിത്രമായ പ്രേം പൂജാരിയുടെ ചിത്രീകരണഭംഗി ആരെയും ആകർഷിക്കുംവിധമുള്ളതായിരുന്നു.

മലയാളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി 65–ലേറെ ചിത്രങ്ങൾക്ക് ഇദ്ദേഹം കാമറ ചലിപ്പിച്ചിട്ടുണ്ട്. പുതുമുഖ സംവിധായകർ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾക്കു കാമറ നിയന്ത്രിച്ചുകൊണ്ട് ഇദ്ദേഹം ഇപ്പോഴും സിനിമയിൽ സജീവമാണ്. കാമറാമാൻകൂടിയായ അനിൽ ഗോപിനാഥ് സംവിധാനം ചെയ്ത ഗർഭശ്രീമാനാണ് നമ്പ്യാതിരിയുടെ ഛായാഗ്രഹണത്തിൽ അടുത്ത കാലത്തു പുറത്തിറങ്ങിയ ചിത്രം. 2004–ൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് കമ്മിറ്റിയുടെ ജൂറി മെംബർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തയാറാക്കിയത്: <യ> സാലു ആന്റണി