വ്യാവസായികാടിസ്‌ഥാനത്തിൽ കറിവേപ്പില ജൈവകൃഷി
വ്യാവസായികാടിസ്‌ഥാനത്തിൽ കറിവേപ്പില ജൈവകൃഷി
Tuesday, August 9, 2016 3:28 AM IST
<യ> സി. ഹരിഹരൻ

തമിഴ്നാട്–കേരള അതിർ ത്തിയിലുള്ള എളവെട്ടാൻ കോവിലി നടുത്ത് 20 ഏക്കർ വാഴകൃഷി നടത്തുന്ന എന്റെ സഹയാത്രികനായ തിരുവെക്കിടം–ഒരിക്കൽ സംസാരമധ്യേ വ്യാവസായികാടിസ്‌ഥാനത്തിൽ കറിവേപ്പില, ജൈവകൃഷി ചെയ്യുന്ന നന്ദകുമാർ എന്ന കർഷകനെക്കുറിച്ച് പറഞ്ഞു. ആദ്യം അത്ര വിശ്വാസം തോന്നിയില്ല.

കണ്ടറിഞ്ഞിടത്തോ ളം ജൈവകൃഷി അത്ര എളുപ്പമല്ലെന്നതായിരുന്നു നിഗമനം. കാലാവസ്‌ഥ, കീടരോഗബാധകൾ, ജലസേചനം എന്നിവയെല്ലാം കൃഷിയിലെ പ്രതിസന്ധികളാണ്. കറിവേപ്പില കൃഷിചെയ്യുന്ന ഒട്ടുമിക്ക കർഷകരും രാസവളങ്ങളും കീടനാശിനികളും യഥേഷ്ടം ഉപയോഗിച്ചിട്ടുകൂടി ചില സമയങ്ങളിൽ കൃഷി നഷ്ടത്തിലാവാറുണ്ട്.

ഈ സാഹചര്യത്തിൽ 100 ശതമാനം ഓർഗാനിക് കൃഷി ചെയ്ത് വിജയം കൈവരിക്കുക എന്നതു വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. എന്തുതന്നെയായിരുന്നാലും നന്ദകുമാർ എന്ന കൃഷിക്കാരനെ കാണുവാൻ തീരുമാനിച്ചു.

കോയമ്പത്തൂരിനടുത്ത് മംഗളകരേപൂത്തൂർ എന്ന ഗ്രാമത്തിലാണ് നന്ദകുമാർ താമസിക്കുന്നത്. ബി. ഇ. മെക്കാനിക്കൽ ബിരുദധാരിയായ ഇദ്ദേഹം 60 ഏക്കർ സ്‌ഥലത്ത് വാഴ, തെങ്ങ്, കറിവേപ്പില കൃഷികൾ നടത്തുന്നു. അഞ്ച് ഏക്കർ സ്‌ഥലത്ത് മെറ്റൽ ക്രഷർ യൂണിറ്റും. വളരെ തിരക്കുണ്ടായിരുന്നിട്ടുപോലും തന്റെ കറിവേപ്പില കൃഷിയെക്കു റിച്ച് മൂന്നുമണിക്കൂറിലധികം വിശദമായി സംസാരിക്കാൻ സന്നദ്ധനായത് ജൈവകൃഷിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അർപ്പണ മനോഭാവം വിളിച്ചോതുന്നതായിരുന്നു.

ജൈവകൃഷി പ്രസംഗിക്കുകയും എന്നാൽ രഹസ്യമായി കീടനാശിനി പ്രയോഗം നടത്തുകയും ചെയ്യുന്ന അഭിനവമാനവന്മാരുടെ കൂട്ടത്തിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്താൻ കഴിയില്ല. ഇദ്ദേഹം ജൈവകൃഷി രീതികളെക്കുറിച്ച് പഠിക്കുകയും പ്രവർത്തിക്കുകയും ചെ യ്ത കർഷകനാണ്. പ്രസ്തുത കൃഷിയോടുള്ള അഭിനിവേശം പലപ്പോഴും പരാജയങ്ങളായിരുന്നു ഇദ്ദേഹത്തിനു സമ്മാനിച്ചത്. എന്നാൽ ഓരോ പരാജയത്തിലും ഒട്ടേറെ വെളിപാടുകളും തിരിച്ചറിവുകളും അനുഭവിച്ചറിഞ്ഞപ്പോൾ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുകയും കൃഷി ലാഭകരമാക്കുകയും ചെയ്തു.

കറിവേപ്പില കൃഷിയിൽ അഞ്ചു വർഷത്തെ അനുഭവസമ്പത്ത് 48 കാരനായ നന്ദകുമാറിനുണ്ട്. ജൈവകൃഷിരീതികൾ അനുവർത്തിച്ച് നടത്തിയ കറിവേപ്പില കൃഷിയിൽ നാലു വർഷത്തിനുശേഷമാണ് കൃഷി ലാഭകരമായത്. ഈ കാലയളവിൽ നഷ്ടമായത് ഏഴു ലക്ഷത്തോളം രൂപയാണ്. വിജയം കണ്ടേ തീരു എന്ന ദൃഢനിശ്ചയത്തിൽ തടസങ്ങൾ, നേട്ടങ്ങൾക്കു വഴിമാറി. ഒരു വർഷമായി പ്രോജക്ട് ലാഭത്തിലാണ്.

നന്ദകുമാറിന്റെ അനുഭവത്തിൽ ജൈവകൃഷിയിലെ വിജയം ഒരു സുപ്രഭാതത്തിൽ ഉണ്ടാവുന്നതല്ല, മറിച്ച് ആയിത്തീരലാണ്, അല്ലെങ്കിൽ പരിശ്രമമാണ്. ഘട്ടം ഘട്ടമായി മാറുന്ന മണ്ണും സൂക്ഷ്മജീവജാലങ്ങളും സമൃദ്ധമാവുന്നതോടെ ചെടികളെ ആക്രമിക്കാനെത്തുന്ന ശത്രുകീടങ്ങളും അവയെ തുരത്തുവാൻ എത്തുന്ന മിത്രകീടങ്ങളും പ്രകൃതിയുടെ താളവും ജീവന്റെ തുടിപ്പുമായി മണ്ണും പരുവപ്പെടുമ്പോൾ ജൈവകൃഷിക്കു തുടക്കമാവുന്നു.

പൊള്ളാച്ചിക്കടുത്തുള്ള കാരമടയിലാണ് കറിവേപ്പ് ഏറ്റവും കൂടുതൽ കൃഷിചെയ്യുന്നത്. വ്യാവസായികാടിസ്‌ഥാനത്തിലുള്ള കൃഷിയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും കർഷകർ തയാറല്ല. അതിനാൽ രാസകൃഷിയാണ് മിക്ക കർഷകരും ചെയ്യുന്നത്. എന്നാൽ നന്ദകുമാറിനെ സംബന്ധിച്ചിടത്തോളം ലാഭം മാത്രമല്ല കൃഷി. സാമുഹികമായ സേവനം കൂടിയാണ്. ജൈവ കറിവേപ്പിലയുടെ ഡിമാന്റും സാധ്യതകളും മനസിലാക്കി ഏഴേക്കറൽ കൃഷിചെയ്യാൻ തീരുമാനിച്ചിരിക്കുകയാണിദ്ദേഹം.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ09്യമ2.ഷുഴ മഹശഴി=ഹലളേ>

<യ> കൃഷി ആരംഭിക്കുന്നു

കൃഷി ആരംഭിക്കുന്നതിനു മുന്നോടിയായി സ്‌ഥലം തെരഞ്ഞെടുക്കലാണ് ആദ്യം ചെയ്യേണ്ടത്. ദിവസത്തിൽ പത്തുമണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളക്കെട്ടില്ലാത്തതുമായ സ്‌ഥലമായിരിക്കണം. പച്ചിലകൾ, ചാണകപ്പൊടി, കൂടാതെ മണ്ണിൽ ചേരുന്ന ജൈവവസ്തുക്കൾ എന്തും കൃഷിയിടത്തിൽ നിക്ഷേപിക്കാം. തുടർന്ന് ട്രാക്ടർ ഉപയോഗിച്ച് സ്‌ഥലം ഉഴുതുമറിക്കുന്നു. ഡോളോമെറ്റ് തൂവി കൃഷിയിടം നന്നായി നനയ്ക്കുകയും ചെയ്യാം. നനവുള്ള മണ്ണിൽ പയർ വർഗത്തിലുള്ള വിത്തുകൾ വിതറി ട്രാക്ടർ ഉപയോഗിച്ച് മണ്ണ് ഇളക്കും. മൂന്ന് ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കുകയും 25 ദിവസം കൊണ്ട് കൃഷിസ്‌ഥലം മുഴുവൻ തിങ്ങിനിറഞ്ഞ് ചെടി വളരുകയും ചെയ്യും ഈ സമയങ്ങളിൽ മണ്ണിന്റെ ഈർപ്പം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടി പൂവിടുന്നതിനു മുന്നേതന്നെ റൊട്ടവേറ്റർ ഘടിപ്പിച്ച ട്രാക്ടർ ഉപയോഗിച്ച് ചെടികൾ മണ്ണിൽ ഉഴുതുചേർക്കും. ഇത് നൈട്രജൻ മണ്ണിൽ സമ്പന്നമാകുന്നതിനും സൂക്ഷ്മാണുക്കൾ പെരുകുന്നതിനുമാണ്. ഈർപ്പം നിലനിർത്തി തടം എടുക്കലാണ് അടുത്തപടി. ചെടികൾ തമ്മിൽ രണ്ടര അടി അകലം കൊടുക്കണം. 2ഃ2ഃ2 അടി അളവിൽ കുഴികളെടുത്ത് ഉണങ്ങിയ ചാണകപ്പൊടി അഞ്ചു കിലോ വേപ്പിൻ പിണ്ണാക്ക് 500 ഗ്രാം എല്ലുപൊടി 500 ഗ്രാം കമ്പോസ്റ്റ് ചെയ്ത കോഴിക്കാഷ്ടം രണ്ടുകിലോ എന്നിവ അടിവളമായി കൊടുത്ത് മൂന്നുമാസം പ്രായമായ കറിവേപ്പില ചെടികൾ നടുന്നു.

<യ>വിളവെടുപ്പ്

കറിവേപ്പില ജൈവകൃഷിരീതിയിൽ വളർത്തിയെടുക്കുന്നതിന് കൃത്യത അടിസ്‌ഥാനമാണ്. മൂന്നു മാസം പ്രായമായ ചെടിനട്ട് അടുത്ത മൂന്നു മാസത്തിനുള്ളിൽ ആദ്യ വിളവെടുപ്പു നടത്താം. ചുവട്ടിൽ നിന്നു രണ്ടടി ഉയരത്തിൽവച്ചു തണ്ടുകൾ മുറിച്ചെടുക്കുന്നു. മുറിച്ചെടുത്ത ഭാഗത്തുനിന്നും മൂന്നോ നാലോ ശിഖരങ്ങൾ ഉണ്ടാവുകയും ഇവ അടുത്ത വിളവെടുപ്പിന് ആദ്യം മുറിച്ച ഭാഗത്തുനിന്ന് ഒരടി മുകളിൽ വച്ച് മുറിച്ചെടുക്കുകയും ചെയ്യുന്നു. വർഷത്തിൽ മൂന്നു പ്രാവശ്യം ഒരു കറിവേപ്പുചെടിയിൽ നിന്നു വിളവെടുക്കാം. ചെടി നട്ട് ആദ്യ വർഷത്തെ വിളവെടുപ്പിൽ ഒരേക്കറിൽ നിന്നു രണ്ടു മുതൽ മൂന്നു ടൺവരെ വിളവു ലഭിക്കും. രണ്ടാംവർഷം മുതൽ വിളവ് കൂടുതലാവുന്നു. കരുത്തോടെ വളരുന്ന കറിവേപ്പില ചെടികളിൽ നിന്ന് ഏക്കറിന് വർഷത്തിൽ 12 ടൺവരെ വിളവെടുക്കാമെന്ന് നന്ദകുമാർ പറഞ്ഞു. ഒരു ചെടിക്ക് 20 വർഷംവരെ ശരാശരി ആയുസുണ്ട്.

ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ കളകൾ നിയന്ത്രിക്കുന്നതു വ്യത്യസ്തരീതിയിലാണ്. മറ്റു കൃഷിസ്‌ഥലങ്ങളെ അപേക്ഷിച്ചു കൃഷിയിടത്തിൽ മണ്ണിലെ ജൈവാംശം കൂടുതലായതിനാൽ കള വളരെ പെട്ടന്നാണു വ്യാപിക്കുക. പണിക്കാരെ വച്ചുള്ള കളനിയന്ത്രണം ചെലവേറിയതിനാൽ തന്റെ ഫാമിലെ ആട്ടിൻ കൂട്ടത്തെ കളകൾ നിയന്ത്രിക്കുന്ന തിനു പ്രയോജനപ്പെടുത്തുന്നുണ്ട്. മണിക്കൂറിൽ രണ്ടു ലിറ്റർ ജലം ലഭ്യമാകുന്ന ഡ്രിപ്പേഴ്സാണ് ഉപയോഗിക്കുന്നത്. ഒരു തടത്തിൽ രണ്ട് ഡ്രിപ്പറുകൾ ക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയിൽ രണ്ടു തവണ ജലസേചനം ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ഒരു തവണയെന്നതാണ് നല്ല രീതി. ഓരോ മൂന്നു മാസത്തെ വിളവെടുപ്പു കഴിയുമ്പോഴും തന്റെ പ്രത്യേക വളക്കൂട്ട് 10 കിലോ ഒരു തടത്തിൽ ചേർത്തുകൊടുക്കും.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ09്യമ3.ഷുഴ മഹശഴി=ഹലളേ>

<യ>ജൈവ കൃഷിരീതികൾ

ജൈവകൃഷിയിൽ വിജയം കണ്ടെത്തണമെങ്കിൽ ആറു മാസത്തിൽ ഒരിക്കൽ മണ്ണ് പരിശോധന നടത്തണം. മൂലകങ്ങളുടെ കുറവു മനസിലാക്കി വളക്കൂട്ടുകൾ മാറ്റി ചെയ്തുകൊണ്ടിരിക്കണം. നൈട്രജന്റെ കുറവാണ് മണ്ണിൽ എങ്കിൽ കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, എന്നിവ മൂന്ന് കിലോവീതവും അഞ്ചു ലിറ്റർ ഗോമൂത്രവും കൂടി 200 ലിറ്റർ ടാങ്കിലെ ജലത്തിൽ അഞ്ചു ദിവസം പുളിപ്പിച്ച് മൂന്ന് ഇരട്ടിവെള്ളം ചേർത്ത് അരിച്ചെടുത്തു ഡ്രിപ്പിലൂടെ കൊടുക്കാം. ഫോസ്ഫറസ് മൂലകങ്ങളുടെ കുറവാണ് ഉള്ളതെങ്കിൽ എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവ തുല്യമായി എടുത്ത് ഫോസ്പോബാക്ടീരിയ അഞ്ചു ശതമാനം ചേർത്തുകൊടുത്ത് ഈർപ്പം നിലനിർത്തി രണ്ടാഴ്ചകഴിഞ്ഞ് ചെടിയുടെ ചുവട്ടിൽ (തടങ്ങളിൽ) ചേർത്തുകൊടുക്കാം, പൊട്ടാസ്യം മണ്ണിലുണ്ടാവാൻ 100 കിലോ ചാരത്തിൽ ഒരു കിലോഫിഷ് അമിനോ 30 ലിറ്റർ ജലവുമായി കലർത്തി ഫ്രൂട്ടുറിയ എന്ന ജീവാണുവളം അഞ്ചു ശതമാനം ചേർത്ത് തടങ്ങളിൽ കൊടുക്കാം. കൂടാതെ കാൽസ്യം, മഗ്നീഷ്യം, സൾഫർ, സൂക്ഷ്മമൂലകങ്ങൾ എന്നിവയ്ക്ക് ഡോളൊമേറ്റ്, പഞ്ചഗവ്യം, ഫിഷ് അമിനോ, എഗ്ഗ് അമിനോ, ഹ്യൂമിക് ആസിഡ്, സീവീഡ് എക്സ്ട്രാക്ട് എന്നിവ ഓരോ ആഴ്ചയിലും മാറിമാറി സ്പ്രേചെയ്തുകൊടുക്കാം. കീടരോഗബാധകളെ അകറ്റി നിർത്തുന്നതിനും ഇത് ഉപകരിക്കും. കറിവേപ്പിന്റെ തളിരിലകൾ തിന്നു നശിപ്പിക്കുന്ന പുഴുക്കൾക്കെതിരേ ഇദ്ദേഹം പ്രയോഗിക്കുന്ന ജൈവക്കൂട്ടാണിത്. പാൽവരുന്ന ഇലകൾ 500 ഗ്രാം, ആര്യവേപ്പില 500 ഗ്രാം എന്നിവ ചതച്ചു രണ്ടു ലിറ്റർ ഗോമൂത്രത്തിൽ അഞ്ചു ദിവസം പുളിപ്പിച്ചുള്ള 100 മില്ലി ലായനിയിൽ ഒരു ലിറ്റർ ജലം ചേർത്ത് സ്പ്രേചെയ്തു കൊടുക്കുന്നത് പുഴുക്കൾക്കെതിരേ ഫലപ്രദമാണ്. മറ്റു കീടങ്ങളുടെ ശല്യവും പെട്ടന്നു കുറയും. അതിരാവിലെയോ വൈകുന്നേരമോ മാത്രം സ്പ്രേ ചെയ്യണം. അന്തരീക്ഷം മേഘാവൃതമായ അവസരത്തിലും പ്രയോഗിക്കാം. മണ്ണിലെ ചെറുകീടങ്ങൾക്കു മേൽപറഞ്ഞ അളവിൽ ചുവട്ടിൽ ഡ്രഞ്ച് ചെയ്തു കൊടുക്കുന്നതും ഫലപ്രദമാണ്. മണ്ണിലെ കീടങ്ങൾക്ക് പ്രയോജനപ്രദമായ ഒന്നാണ് ബുവേറിയ എന്ന ബയോകൺ ട്രോൾ ഉത്പന്നം. ഇത് 10 ഗ്രാം ഒരു ലിറ്റർ ജലത്തിൽ സ്പ്രേ ചെയ്യുക.


മഴക്കാലമാകുമ്പോൾ ഇലകളിൽ കറുത്ത പുള്ളികൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കുടുതലാണ്. സ്യൂഡോമോണസ് 10 ഗ്രാം ഒരു ലിറ്റർ ജലത്തിൽ സ്പ്രേ ചെയ്യുന്നതു പ്രയോജനം ചെയ്യും. കീടരോഗബാധകൾക്കെതിരേ ഫലപ്രദമായ ഒരു കൂട്ടാണിത്. എരുക്ക്, നാറ്റപ്പൂച്ചെടി, ഒരുവേരൻ, എന്നീ ചെടികളുടെ ഇലകളും തണ്ടുകളും വേരും സമം എടുത്ത് ചതച്ച് രണ്ടു ലിറ്റർ ഗോമൂത്രത്തിൽ ചേർത്ത് ആറു ദിവസം വയ്ക്കുക, 50 മില്ലി ഒരു ലിറ്റർ ജലത്തിൽ ചേർത്ത് സ്പ്രേചെയ്യുക. ചെടികളുടെ രോഗപ്രതിരോധശേഷിയും കൂടും.

ഓരോ മൂന്നുമാസത്തെയും വിളവെടുപ്പിനുശേഷം ചെടിയുടെ തടത്തിൽ ചേർത്തു കൊടുക്കുന്ന ജൈവവള പ്രയോഗമാണ് കറിവേപ്പിലക്കൃഷിയെ കരുത്തുറ്റതാക്കുന്നത്. ചാണകം, ആട്ടിൻ കാഷ്ടം, കോഴിക്കാഷ്ടം, പശിമരാശി മണ്ണ് (ഡാമുകളിൽ അടി ഞ്ഞു കൂടുന്നതോ പുഴയിൽ നിന്നു ലഭിക്കുന്നതോ ആയ മണ്ണ്) കൂടാതെ ഫോസ്പോ ബാക്ടീരിയ, അസോസ്പെറില്ലം, വാം, അസറ്റോബാക്റ്റർ, എന്നീ ജീവാണുവളങ്ങൾ ഓരോന്നും അഞ്ചു ശതമാനം വീതം ചേർത്തു കൊടുത്ത് വെള്ളം നനച്ചുനന്നായി കലർത്തികൂട്ടിയിടുന്നു. ആറുമാസം പഴകിയ ഈ വളക്കൂട്ടാണ് ഓരോ വിളവെടുപ്പിനു ശേഷവും തടത്തിൽ ചേർത്തുകൊടുക്കുന്നത്. ജൈവകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ വളക്കൂട്ടുകളും ജൈവ കീടനാശിനികളുമൊക്കെ സ്വയം തയാറാക്കുക, കൃഷി ലാഭത്തിലാക്കാമെന്നാണ് നന്ദകുമാർ ജൈവകർഷകരോട് പറയുന്നത്.

ഒന്നോ രണ്ടോ ഏക്കർ സ്‌ഥല ത്തു കൃഷിചെയ്യാൻ ആഗ്രഹിക്കുന്നവർ തന്റെ രീതികൾ പിൻതുടരുന്നതോടൊപ്പം മൾട്ടിക്രോപ്പിംഗ് രീതിയിലേക്ക് കൃഷിയിടത്തെ കൊണ്ടുവരണമെന്നും ഇദ്ദേഹം പറയുന്നു. മിത്രകീടങ്ങൾ സമൃദ്ധമാകുമ്പോൾ ശത്രുകീടങ്ങളെ നിയന്ത്രിക്കാം. കറിവേപ്പിന് ഇടവിളയായി പയർ, ചോളം, വെണ്ട, ബന്ദി എന്നിവ കൃഷിചെയ്താൽ കീടരോഗബാധകൾ കുറച്ചുകൊണ്ടുവരാം. തന്റെ ഏഴേക്കർ തോട്ടത്തിൽ കളനിയന്ത്രണത്തിന് ആടുകളെ പ്രയോജനപ്പെടുത്തുന്നതിനാൽ ഈ രീതി നടപ്പാക്കാൻ സാധിക്കുന്നില്ല.

<യ>വിപണി/ഉപോത്പന്നങ്ങൾ

കറിവേപ്പില വിറ്റഴിക്കുന്നതു പ്രധാനമായും കേരളം, തമിഴ്നാട് മാർക്കറ്റുകളിലാണ്. രണ്ടുവർഷം മുൻപ് കറിവേപ്പില എക്സ് പോർട്ട് ചെയ്തിരുന്നു. തന്റെ ഉൽപന്നം വാങ്ങിയിരുന്നവർ മറ്റൊരു കർഷകന്റെയും കറിവേപ്പില വാങ്ങിയിരുന്നു. ഒരിക്കൽ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തുകയും തുടർന്ന് ഇന്ത്യയിൽ നിന്നുള്ള കറിവേപ്പില മുഴുവൻ ബാൻ ചെയ്യുകയും ചെയ്തപ്പോൽ തന്റെ നിരപരാധിത്വം വാങ്ങുന്നവർക്കു ബോധ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. കഴിഞ്ഞിടെ ഇവരുമായി നടന്ന ചർച്ചയിൽ ശുഭപ്രതീക്ഷയിലാണ് നന്ദകുമാർ .

കറിവേപ്പില ഉണക്കി പായ്ക്കു ചെയ്യുന്നതിന് ഡിമാന്റ് കൂടിവരികയാണ്. നിഴലിലും ഡ്രയർ ഉപയോഗിച്ചും ഉണക്കാം. 100 ഗ്രാം, 200 ഗ്രാം പായ്ക്കറ്റുകളിലാണ് വിൽപന. വിലയും കൂടുതൽ കിട്ടും. നന്നായി ഉണക്കിയെടുത്ത കറിവേപ്പില പൊടിയാക്കി പായ്ക്കു ചെയ്യുന്ന ഉത്പന്നത്തിനും ആവശ്യക്കാർ ഏറിവരികയാണ്. എട്ടുകിലോ വേപ്പില ഉണക്കി പൊടിച്ചെടുത്താൽ ഒരു കിലോ പൊടി ലഭിക്കും. കിലോ 380 രൂപ മുതൽ 420 രൂപ വരെയാണ് മാർക്കറ്റ് വില. കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും.

വിഭവങ്ങൾ പാചകം ചെയ്യുമ്പോൾ വളരെ കുറച്ചുമാത്രം ഉപയോഗിച്ചാൽ മതിയാവും. സ്വാദും കൂടും. കറിവേപ്പില ഡ്രയറിൽ ഉണക്കിപ്പൊടിച്ചെടുക്കുമ്പോൾ പൊടിക്കു പച്ചകളർ കൂടുതൽ ഉണ്ടാവും. കറിവേപ്പിലയുടെ ഹോൽസെയിൽ വിപണിയിൽ കിലോയ്ക്ക് 25 രൂപ മുതൽ 30 രൂപവരെ വിലയുണ്ട്. എന്നാൽ ചില സീസണിൽ ഉത്പാദനം അധികമായാൽ കിലോയ്ക്ക് അഞ്ചു രൂപ വരെ വരുമെന്നു നന്ദകുമാർ പറഞ്ഞു. ജൈവകൃഷിയിൽ ഉൽപാദിപ്പിക്കുന്ന കറിവേപ്പിലയ്ക്ക് എപ്പോഴും ഒരു മീഡിയം വിലകിട്ടും. വിളവെടുത്ത കറിവേപ്പില കെട്ടുകളാക്കി നന്നായി വെള്ളം തളിച്ച് വൈകുന്നേരങ്ങളിൽ ലോഡുചെയ്യുന്നു. അതിരാവിലെ മാർക്കറ്റിൽ വിൽപനയ്ക്കെത്തും.

അധികം വെയിലേൽക്കാതെ തണലത്ത് ജലം തളിച്ചു പരിപാലിക്കുന്ന കറിവേപ്പില നാലു ദിവസം വരെ പുതുമ നഷ്ടപ്പെടാതെ ഇരിക്കുമെന്നു നന്ദകുമാർ സാക്ഷ്യപ്പെടുത്തുന്നു.

നമ്മുടെ കറിക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്ത രുചിക്കൂട്ടായ കറിവേപ്പിലയ്ക്ക് സ്വദേശത്തും വിദേശത്തും ഡിമാന്റ് കൂടിക്കൊണ്ടിരിക്കുകയാണ്. കറിവേപ്പു കൃഷിയുടെ സാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

ഫോൺ ഹരി– 09048002625.

<യ>തൈകൾ വളർത്തിയെടുക്കുന്ന വിധം

കറിവേപ്പിലത്തൈകൾ വേരുപിടിപ്പിച്ചും വിത്തുമുളപ്പിച്ചും വളർത്തിയെടുക്കാം, വിത്തുകൾ മുളപ്പിച്ചെടുക്കുന്നതാണ് അഭികാമ്യം, ചകരിച്ചോർ (ട്രീറ്റഡ്) ചാണകപ്പൊടി, മണൽ, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്തു തയാറാക്കിയ വളക്കൂട്ടുകളിൽ ഫോസ്പോ ബാക്ടീരിയ, അസറ്റോബാക്ടർ എന്നിവ രണ്ടുശതമാനം ചേർത്തു നന്നായി യോജിപ്പിക്കുക. 100 ഗ്രാം മീഡിയ നിറയ്ക്കാവുന്ന പ്ലാസ്റ്റിക് കൂടുകളിൽ മിശ്രിതം നിറച്ച് ഒരു കൂടിൽ മൂന്നു വിത്തുകൾ പാകുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ആരോഗ്യമുള്ളവ മുളച്ചുതുടങ്ങും. മണ്ണിന്റെ ഈർപ്പം നിലനിർത്തുന്നതിനു മാത്രം ജലസേചനം നടത്തുക. വിത്തുകൾ മുളച്ചു രണ്ടാഴ്ചകഴിഞ്ഞ് സ്യൂഡോമോണസ് അഞ്ചു ഗ്രാം ഒരു ലിറ്റർ ജലത്തിലും ബവേറിയ അഞ്ചു ഗ്രാം ഒരു ലിറ്റർ ജലത്തിലും സ്പ്രേചെയ്തു കൊടുക്കുന്നു. രണ്ടു കൂട്ടുകളും ഒന്നിച്ച് സ്പ്രേചെയ്ത് രണ്ടു ദിവസത്തെ സമയപരിധി പാലിക്കണം. 10 ദിവസത്തിൽ ഒരിക്കൽ പഞ്ചഗവ്യം 30 മില്ലി, ഫിഷ് അമിനോ 20 മില്ലി ഇവ ഒരു ലിറ്റർ ജലത്തിൽ ചേർത്ത് സ്പ്രേ ചെയ്തു കൊടുക്കാം. സ്പ്രേയിംഗ് അതിരാവിലെയോ വൈകിട്ടോ മാത്രം നടത്തുക. മൂന്നു മാസംവരെ ഈ രീതിയിൽ ചെടികളെ വളർത്തിയെടുത്തു തടങ്ങളിലേക്ക് നടാം.