ബന്തിപ്പാടത്തുനിന്നു നിയമസഭയിലേക്ക്
ബന്തിപ്പാടത്തുനിന്നു നിയമസഭയിലേക്ക്
Monday, August 8, 2016 4:27 AM IST
വൈക്കം വെച്ചൂർ ശാസ്തക്കുളത്ത് പാട്ടത്തിനു കിട്ടിയ ഒന്നേകാൽ ഏക്കറിൽ ബന്തിച്ചെടി രണ്ടാമതും നടാൻ തടമെടുത്തുകൊണ്ടിരിക്കെയാണ് സി.കെ ആശയെ സിപിഐ വൈക്കത്തെ സ്‌ഥാനാർഥിയായി നിശ്ചയിച്ചത്. ബന്തികൃഷിക്ക് ഒരു മാസത്തെ അവധി നൽകി ആശ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി. ജനഭൂരിപക്ഷം ഒപ്പമായപ്പോൾ ആശ എംഎൽഎയായി നിയമസഭയിലേക്കു കാൽവച്ചുകയറി.

‘ഞാൻ എക്കാലവും കൃഷിയെയും മണ്ണിനെയും സ്നേഹിക്കുന്ന ജൈവകർഷകയാണ്. ജനിച്ചതും വളർന്നതുമൊക്കെ കർഷക കുടുംബത്തിൽ. കാലങ്ങളായി വീട്ടിലേക്കുള്ള പച്ചക്കറി മുറ്റത്തുതന്നെ അധ്വാനിച്ച് ഞങ്ങൾ വിളയിച്ചെടുക്കുന്നു. മണ്ണിൽ വിയർപ്പൊഴുക്കി വിളവെടുക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. കുടുംബാംഗങ്ങൾ ഒന്നുചേരുന്ന മണ്ണിലെ അധ്വാനത്തിന് ഇരട്ടി സന്തോഷം’– ആശ എംഎൽഎ പറഞ്ഞു.

ബിഎ ബിരുദം നേടി രാഷ്ട്രീയനേതാവായി വളരുന്ന കാലത്തും കൃഷി ആശയ്ക്കു ജീവനാണ്. രാഷ്ട്രീയത്തിരക്കിന് അൽപം ഇടവേള കിട്ടിയാൽ വീണ്ടും കൃഷിയിടത്തിലേക്കിറങ്ങാമെന്നാണ് ആശയുടെ മോഹം. വാങ്ങിസൂക്ഷിച്ചിരിക്കുന്ന ബന്തിവിത്ത് നട്ട് വളർത്തണമെന്ന തീരുമാനത്തിലാണ് ആശയിപ്പോഴും.

<യ> ഒരു ബന്തിപ്പൂ വിപ്ലവം

ആശയും അയൽക്കാരിയായ ബീമയും നട്ടുവളർത്തി വിജയിപ്പിച്ച കൃഷി ഏറെ ആവേശവും സന്തോഷവും പകരുന്നതാണ്. അയൽക്കാരി ശാസ്തക്കുളം കൊച്ചുകോട്ടയിൽ ബീന വിട്ടുകൊടുത്ത ഒന്നേ കാൽ ഏക്കറിലായിരുന്നു കഴിഞ്ഞ വർഷം ഒക്ടോബറിൽ ആ ബന്തിപ്പൂ വിപ്ലവം. വനം പോലെ കിടന്ന ഇഞ്ചമുൾപ്പുരയിടം ആശയും ബീമയും ഇവരുടെ കുടുംബാംഗങ്ങളും തനിയെ വെട്ടിത്തെളിച്ച് വെട്ടുകിള നടത്തി. ആശയോടൊപ്പം ഭർത്താവു രാജേഷും കൂട്ടികാരി ബീമയോടോപ്പം ഭർത്താവ് നൗഷാദും ഈ അധ്വാനത്തിൽ പങ്കാളിയായി.

കൃഷിക്കു സ്‌ഥലം കിട്ടിയപ്പോൾ കൃഷി ചെയ്യണമെന്ന ആവേശമല്ലാതെ എന്തു കൃഷി ചെയ്യും എന്നതിൽ തീർച്ചയൊന്നുമുണ്ടായിരുന്നില്ല. ഈ ചൊരിമണ്ണിൽ ചോളം നട്ടാലോ എന്നായി ആദ്യത്തെ ആലോചന. കുമരകം കൃഷിഭവനിൽ പോയി കാർഷിക ഉദ്യോഗസ്‌ഥരെ കണ്ട് ചോളം നട്ടാലുള്ള സാധ്യത ആരാഞ്ഞു. ചൊരിമണ്ണിൽ ചോളം വളരുമെങ്കിലും വിൽക്കാനുള്ള മാർക്കറ്റ് കേരളത്തിൽ പരിമിതമായിരിക്കുമെന്ന് അറിഞ്ഞതോടെ പിൻമാറി.

പിന്നീട് മുല്ലക്കൃഷിയുടെ സാധ്യത ആരാഞ്ഞു. വിളവും വിളവെടുപ്പും കാലങ്ങളോളം ദീർഘിക്കുമെന്നതിനാൽ മുല്ലക്കൃഷിയും വേണ്ടെന്നുവച്ചു.

ഓണം സീസണിലും മറ്റും ബന്തിപ്പൂ കിലോയ്ക്ക് 250 രൂപ പൂക്കടകളിൽ വിലയുണ്ടായിരിക്കെ എന്തുകൊണ്ടു ബന്തി വളർത്തി പൂ വിറ്റുകൂടാ എന്നൊരു തോന്നൽ. സിനിമകളിലൊക്കെ ഏക്കർ കണക്കിന് ബന്തിപ്പാടങ്ങൾ തമിഴ് നാട്ടിൽ പൂവിട്ടു നിൽക്കുന്നതും വിളവെടുക്കുന്നതുമൊക്കെ കണ്ടിട്ടുണ്ട്. അതെ സമയം ബന്തിക്കൃഷി എങ്ങനെ, മാർക്കറ്റ് എന്നിവയെക്കുറിച്ച് ഒരു അറിവുമില്ല. ആശ ബന്തിപ്പൂക്കൃഷിയെക്കുറിച്ചറിയാൻ ഇന്റർനെറ്റിനെ ആശ്രയിച്ചു. വിത്ത,് വിളവെടുപ്പ,് മാർക്കറ്റ് എന്നിവയിലെല്ലാം വിജ്‌ഞാനം ഇന്റർനെറ്റിൽ വായിച്ചറിഞ്ഞു.

എന്തും വരട്ടെയെന്ന തീരുമാനത്തിൽ ബന്തി നടാൻതന്നെ തീരുമാനിച്ചു. മണ്ണുത്തി കാർഷിക സർവകലാശാലയിൽ പോയി കാർഷിക ഗവേഷക ശ്രീലതയെ കണ്ടപ്പോൾ നല്ല പ്രോത്സാഹനമാണ് കിട്ടിയത്. തുടർന്ന് കോയമ്പത്തൂരിലെ പുഷ്പനഴ്സറിയിൽ നിന്നു 100 ഗ്രാം മേൽത്തരം ബന്തിവിത്ത് തപാലിൽ അയച്ചുവരുത്തി. ആഫ്രിക്കൻ മാരി ഗോൾഡ് മഞ്ഞ ബന്തിയുടെ വിത്തിന് 1100 രൂപ വില കൊടുത്തു. ആരും മുതിരാത്ത ബന്തികൃഷിയിലേക്ക് കാൽവച്ചപ്പോൾ ഈ കൂട്ടുകാരികൾക്ക് എന്തു സംഭവിച്ചു എന്നു ചോദിച്ചവർ നാട്ടിൽ പലരാണ്. ആരും മുതിരാത്ത ഒരു കൃഷിയിൽ പണം മുടക്കിയിട്ട് എന്തു കാര്യം എന്നതായിരുന്നു അവരുടെയൊക്കെ ആശങ്ക.

കൃഷിടത്തോളം നീളത്തിൽ ആറു മീറ്റർ വീതിയുള്ള തടങ്ങളെടുത്ത് കുമ്മായം വിതറി. കയർ വ്യവസായം സജീവമായ വൈക്കത്ത് ലഭ്യമായ ചകിരിച്ചോറ് ചാണകത്തിനൊപ്പം വിതറിക്കൊടുത്തു. പ്രത്യേകം തടത്തിൽ കിളിർപ്പിച്ച ഒരാഴ്ച വളർന്ന തൈകൾ ഈ തടത്തിൽ പറിച്ചുനട്ടു. കളപറിച്ചും നനകൊടുത്തും വളിട്ടും രണ്ടായിരത്തോളം ചുവടു ചെടികളെ ഇവർ പരിപാലിച്ചു.


ഒരു മാസത്തിനുള്ളിൽ ചെടികൾ ആർത്തുകയറി ശിഖരം പൊട്ടി. ചെടിയുടെ ചനപ്പ് ഒടിച്ചു മാറ്റിയാൽ കൂടുതൽ ശിഖരങ്ങളുണ്ടാകുമെന്നും അതുവഴി വിളവ് കൂടുമെന്നും ഇന്റർനെറ്റിൽ വായിച്ചറിഞ്ഞു. തന്നെയുമല്ല ഈ ചനപ്പ് മണ്ണിൽ നട്ടാൽ കിളിർത്തു പൊങ്ങി അതും ചെടിയായി മാറുമെന്നറിഞ്ഞതും പുതിയ വിജ്‌ഞാനമായിരുന്നു. ഇത്തരത്തിൽ ഒടിച്ചുകുത്തിയ കൂമ്പുതണ്ടും കിളിർത്തുവന്നു. അങ്ങനെ തടം നിറഞ്ഞു വളർന്ന് ഒരു മാസത്തിനുള്ളിൽ ചെടികളിൽ മൊട്ടുനിറഞ്ഞു.

പൂവ് എവിടെ വിൽക്കുമെന്നായി അടുത്ത ആശങ്ക. എത്രത്തോളം പൂവുണ്ടായാലും അതതു ദിവസത്തെ കോയമ്പത്തൂർ മാർക്കറ്റ് നിരക്കിൽ വാങ്ങിക്കൊള്ളാമെന്ന് അരൂർ പുഷ്പവാടി പൂക്കടക്കാർ ഉറപ്പു നൽകിയതോടെ വിളവെടുപ്പും വിൽപനയും ഒരു ആവേശമായി മാറി. ഒരാഴ്ചയ്ക്കുള്ളിൽ മൊട്ടുകൾ വിടർന്ന് മഞ്ഞവസന്തം വിരിഞ്ഞപ്പോൾ നാട്ടുകാർക്ക് അതൊരു കാഴ്ചയായിരുന്നു. കുടുംബശ്രീ കൂട്ടുകാരുടെയും അയൽക്കാരുടെയും വീട്ടുകാരുടെയും സാന്നിധ്യത്തിൽ ആദ്യത്തെ പൂവെടുക്കലിന് അതിഥിയായി എത്തിയത് മുൻ എംഎൽഎ കെ.അജിത്തായിരുന്നു. കിലോയ്ക്ക് 120 രൂപ വീതം വില കിട്ടി. ഒന്നര മാസം വിളവെടുക്കാനായി.

നാട്ടിൻപുറത്തു കാണുന്ന ബെന്തിപ്പൂക്കളെക്കാൾ വലിപ്പവും നിറവും ഈ ഹൈബ്രിഡ് പൂക്കൾക്കുണ്ടായിരുന്നു. പൂർണമായി ജൈവരീതി അവലംബിച്ചിരുന്നതിനാൽ പൂക്കടക്കാർക്കും ജൈവ ബന്തിപ്പൂക്കളോട് താൽപര്യമേറി. എൻഡോസൾഫാൻ തളിച്ച പൂക്കൾ എത്തിയിരുന്ന മാർക്കറ്റിൽ വെച്ചൂരിൽനിന്നെത്തിച്ച ജൈവ ബെന്തിക്ക് ആവശ്യക്കാർ ഏറെയായിരുന്നു. മൂവായിരം കിലോയോളം വിളവെടുക്കാനായി. മുടക്കുമുതൽ കിഴിച്ച് കാൽലക്ഷത്തോളം രൂപ ഇവർക്ക് രണ്ടു മാസം ദീർഘിച്ച പൂക്കൃഷിയിലൂടെ വരുമാനവും ലഭിച്ചു.

<യ>ചീരയിലും വിജയം

ബന്തി വിളവെടുപ്പു കഴിഞ്ഞയുടൻ ഇക്കൊല്ലം ജനുവരിയിൽ ഇതേ തടത്തിൽ ഇവർ ചീരക്കൃഷി ചെയ്തു. 100 ഗ്രാം വിത്തു വാങ്ങി വിതച്ചപ്പോഴും വിജയം ഒപ്പമുണ്ടായിരുന്നു. രാസവളം ചേരാത്ത തടങ്ങളിൽനിന്നു നേരിട്ട് ഒരു പിടി ചീര 30 രൂപ നിരക്കിൽ വാങ്ങിക്കൊണ്ടുപോകാൻ ആവശ്യക്കാരേറെയായിരുന്നു. ഒരു മാസം മാത്രം നീണ്ട അധ്വാനത്തിൽ ഇരുവർക്കും അയ്യായിരം രൂപ വീതം മിച്ചം കിട്ടി.

ചീര വിളവെടുത്തശേഷം കിളച്ച് ബന്തിക്കൃഷി തുടരാൻ ആശയും ബീമയും മേയ് ആദ്യം കോയമ്പത്തൂരിൽ നിന്നും വീണ്ടും വിത്തു വരുത്തിച്ചു. തപാലിൽ വിത്തു കിട്ടിയ ദിവസമാണ് വൈക്കത്തുനിന്നു നിയമസഭയിലേക്കു മത്സരിക്കാനുള്ള നിയോഗം ആശയ്ക്കുണ്ടായത്. രാ ഷ്ട്രീയത്തിരക്കിന് അൽപം ഇടവേള കിട്ടിയാലുടൻ ബന്തി വിതച്ച് വളർത്താനുള്ള തീരുമാനത്തിലാണ് ആശ.

ടെറസിലും മുറ്റത്തും നിറയെ പാവലും കോവലും പയറും ചീരയും വെണ്ടയും വിഷരഹിതമായി പരിപാലിച്ചു വിളവെടുക്കുന്ന ആശ ഇത്തിരി മണ്ണിൽ നിന്ന് വീട്ടിലേക്കു വേണ്ടതൊക്കെ വിളയിക്കുന്നു.

<യ>കുടുംബവിശേഷങ്ങൾ

വൈക്കത്തെ മുതിർന്ന സി.പി.ഐ നേതാക്കളിലൊരാളായ പരുത്തുമുടി കണാകേരിൽ കെ. ചെല്ലപ്പന്റെ മകളും കുടവെച്ചൂർ കിരൺ നിവാസിൽ കെ.ആർ. രാജേഷിന്റെ ഭാര്യയുമായ ആശ എ.ഐ.എസ്.എഫിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, മഹിളാസംഘം മണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളിൽനിന്നാണ് ഇപ്പോൾ എംഎൽഎ പദവിയിലെത്തിയിരിക്കുന്നത്. കൊതവറ സെന്റ് സേവ്യേഴ്സ് കോളജിൽ രണ്ട് തവണ കോളജ് യൂണിയൻ ചെയർ പേഴ്സണായിരുന്നു. കിരൺരാജ്, കീർത്തന എന്നിവർ മക്കളാണ്. വി.ബി. ഭാസുരാംഗിയാണ് മാതാവ്. സി.കെ. അനീഷ് ഏക സഹോദരൻ.

<യ> –റെജി ജോസഫ്