സ്വന്തം മാപ്പുമായി യൂബർ വരും
സ്വന്തം മാപ്പുമായി യൂബർ വരും
Saturday, August 6, 2016 4:04 AM IST
‘‘ഞാനെന്റെ സ്വന്തം കാറിൽ വരും’’ എന്ന് ഇന്നസെന്റ് തിലകനോട് അഹങ്കരിച്ച സിനിമാ വിശേഷംപോലൊന്നുമല്ല ഇത്. ഗൂഗിളിന്റെ മാപ്പ് ഉപയോഗിച്ച് കാറോടിച്ചിരുന്ന യൂബർ പറയുകയാണ്– ഞാനെന്റെ സ്വന്തം മാപ്പിൽ ഓടും! സംഭവമെന്താണെന്ന് വഴിയേ...

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്‌ഥാനമായുള്ള മുൻനിര ഓൺലൈൻ ട്രാൻസ്പോർട്ടേഷൻ നെറ്റ്വർക്ക് കമ്പനിയാണ് യൂബർ ടെക്നോളജീസ്. കാലങ്ങളായി അവർ സ്‌ഥലവും റൂട്ടും കണ്ടുപിടിച്ച് സർവീസ് നടത്താൻ ഗൂഗിൾ മാപ്സ് ആണ് ഉപയോഗിച്ചിരുന്നത്. ഈ സേവനത്തിന് ഗൂഗിളിനു കൊടുത്തിരുന്ന തുക എത്രയാണെങ്കിലും അവർക്കത് ഒരു പ്രശ്നമായിരുന്നില്ല. പക്ഷേ, തനിയേ ഓടുന്ന കാറുകളുമായി ഈ മേഖലയിൽ ഒരുകൈ നോക്കാൻ ഗൂഗിൾ ഒരുക്കം തുടങ്ങിയതോടെ ഒരു ബിസിനസ് ക്ലാഷ് വരുമല്ലോ എന്ന് യൂബർ ഉറപ്പിച്ചു. അതുകൊണ്ടുതന്നെ ഗൂഗിളിനെ മാപ്പിനായി ആശ്രയിക്കുന്ന പരിപാടി നിർത്താൻ അവർ ഒരുങ്ങുകയാണ്. സ്വന്തമായി ഒരു മാപ്പ് വികസിപ്പിച്ചെടുക്കാൻ ഏതാണ്ട് 50 കോടി അമേരിക്കൻ ഡോളറാണ് യൂബർ ചെലവിടാൻ ഉദ്ദേശിക്കുന്നത്.


സ്വന്തം ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനുള്ള സൗകര്യങ്ങളോടെയാവും യൂബറിന്റെ പുതിയ മാപ്പ് രംഗത്തെത്തുന്നത്. ഗൂഗിൾ മാപ്സിൽ ലഭ്യമല്ലാത്ത സ്‌ഥലങ്ങൾ, സ്ട്രീറ്റ് സൈൻസ് അടക്കം ഉൾപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കുമെന്നും യൂബറിന്റെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.
<യ>–വി.ആർ.