കേരളത്തിന്റെ ലെവൽ ഉയർത്താൻ
കേരളത്തിന്റെ ലെവൽ ഉയർത്താൻ
Wednesday, August 3, 2016 4:53 AM IST
<യ> ജോയി ഫിലിപ്പ്

സ്മാർട് സിറ്റി കൊച്ചി ഒരു നിമിത്തമാവുകയാണ്. ലോ എൻഡ് തൊഴിലിൽനിന്നു മിഡ്, ഹൈ എൻഡ് തൊഴിലിലേക്കുള്ള കേരളത്തിന്റെ മാറ്റത്തിന്റെ തുടക്കം. ഐടിയിൽ മാത്രമല്ല ഭാവിയിൽ മറ്റു മേഖലകളിലേക്കുമിതു വ്യാപിക്കും. കാക്കനാട്ട് ഏതാണ്ട് 250 ഏക്കറിൽ, 140 ലക്ഷം ചതുരശ്രയടിയിൽ ഉയർന്നുവരുന്ന സ്മാർട് സിറ്റി കൊച്ചി 2020–ൽ പൂർത്തിയായി പ്രവർത്തനം തുടങ്ങുമ്പോൾ 90,000–ലധികം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. ഒറ്റ സ്‌ഥലത്ത് ഇത്രയധികം പേർ ജോലി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ സ്‌ഥലവുമായിരിക്കും സ്മാർട്് സിറ്റി.

ഫെബ്രുവരിയിൽ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നടത്തിയ സ്മാർട്ട് സിറ്റിയുടെ രണ്ടാം ഘട്ടത്തെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും സാധ്യതയെക്കുറിച്ചും സ്മാർട് സിറ്റി കൊച്ചി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. ബാജു ജോർജ് ബിസിനസ് ദീപികയോട് പങ്കു വയ്ക്കുന്നു.

? ഘട്ടം ഘട്ടമായിട്ടാണല്ലോ സ്മാർട്് സിറ്റി കൊച്ചി പദ്ധതി പൂർത്തിയാക്കുക. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്തി. എന്താണ് ഇപ്പോഴത്തെ സ്‌ഥിതി.

* സ്മാർട് സിറ്റി ആദ്യഘട്ടത്തിലെ 6.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഐടി ടവറാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും ലീഡ് പ്ലാറ്റിനം റേറ്റഡ് ഐടി ബിൽഡിംഗ് ആണിത്. വൈദ്യുതി സ്റ്റേഷനും 3.7 കിലോമീറ്റർ 4– ലെയിൻ റോഡും പാലവും ആദ്യഘട്ടത്തിൽ പൂർത്തിയായിട്ടുണ്ട്.

ഐടി ടവറിന്റെ 84 ശതമാനവും കമ്പനികൾ എടുത്തു കഴിഞ്ഞു. ബാക്കിയുള്ളവയ്ക്കു അന്വേഷണങ്ങളുണ്ട്. ചർച്ചയുടെ വിവിധ ഘട്ടങ്ങളിലാണ്.

ഇപ്പോൾ 27 കമ്പനികളാണ് ഇവിടെ സ്‌ഥലമെടുത്തിട്ടുള്ളത്. അതിൽ അഞ്ചു കമ്പനികൾ പ്രവർത്തനം തുടങ്ങി. ബാക്കിയുള്ളവയുടെ ഇന്റീരിയർ ജോലികൾ പുരോഗമിക്കുകയാണ്. ജൂലൈ– ഓഗസ്റ്റ് മാസങ്ങളിലായി മിക്കവയുടേയും പ്രവർത്തനം ആരംഭിക്കും. രണ്ടോ മൂന്നോ മാസംകൊണ്ട് ഒറ്റ ഷിഫ്റ്റിൽ 5500 പേർ ജോലി ചെയ്തു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

? ഏതു തരം ബിസിനസ് മേഖലയിൽനിന്നുള്ളവയാണ് ഈ കമ്പനികൾ

* ഇവിടെ സ്‌ഥലമെടുത്തവരിൽ നല്ലൊരു പങ്കും ഐടി മേഖലയിൽനിന്നുള്ളവരാണ്. സിംഗപ്പൂർ ആസ്‌ഥാനമായുള്ള ഐടി കമ്പനികളും ഇആർപി, പ്രോസസ് ഓട്ടോമേഷൻ തുടങ്ങിയ സമഗ്ര സേവനങ്ങൾ നൽകുന്ന ടെക്നോളജി സൊലുഷൻ സേവനദാതാവായ സിംഗ്നൈറ്റ് സൊലൂഷൻസ്, ഷിപ്പിംഗ്–മാരിടൈം മേഖലകൾക്കു ഐടി സൊലൂഷൻ നൽകുന്ന മാരി ആപ്സ്, 7 നോഡ് എന്നീ കമ്പനികളും ഇവിടെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

ഇവയ്ക്കു പുറമേ നാലു വൻകിട ആഗോള ഐടി കമ്പനികളും ആദ്യ ടവറിൽ എത്തുകയാണ്. യു എസ് ആസ്‌ഥാനമായതും തൊണ്ണൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ ഓയിൽ ഫീൽഡ് സേവന കമ്പനികളിലൊന്നുമായ ബേക്കർ ഹ്യൂഗ്സ്, ഏവിയേഷൻ മേഖലയ്ക്കു ഐടി സൊലൂഷൻ നൽകുന്ന പ്രമുഖ കമ്പനി ഐബിഎസ്, ആഗോള റീട്ടെയിൽ ഭീമൻമാർക്കു ഇ–കൊമേഴ്സ്, ഐടി, എൻജിനീയറിംഗ് സേവനങ്ങളും ആപ്ലിക്കേഷനുകളും നൽകുന്ന ലിറ്റ്മസ് 7, ജനോമിക്സ് ഗവേഷണരംഗത്തെ പ്രമുഖരായ അഗ്രിജനോം എന്നിവയാണവ.

? രണ്ടാം ഘട്ടത്തിന്റെ ജോലികൾ എവിടം വരെയായി? എത്ര സ്പേസ് ആണ് ലക്ഷ്യം? എന്നു പൂർത്തിയാകും

* മൂന്നു വർഷത്തിനുള്ളിൽ പൂർത്തികരിക്കാൻ ലക്ഷ്യമിടുന്ന ഏഴ് ഐടി ടവറുകൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിൽ അപ്പാർട്ട്മെന്റ് പദ്ധതികൾ, ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങൾ, ആശുപത്രി, ഹോട്ടൽ തുടങ്ങിയവ ഉണ്ടാകും.

സ്ത്രീകൾക്കു മാത്രമായി താമസിക്കാൻ 100 ചതുരശ്രയടി വിസ്തീർണമുള്ള സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും ഈ ഘട്ടത്തിൽ നിർമിക്കും.

കോ– ഡെവലപ്പർമാരുടെ സഹകരണത്തോടെയാണ് രണ്ടാംഘട്ട പദ്ധതി നടപ്പാക്കുന്നത്. ഹോളിഡേ ഗ്രൂപ്പിന്റെ 14.37 ലക്ഷം ചതുരശ്രയടിയുടെ ഐടി ടവറിന്റേയും ലുലു ഗ്രൂപ്പിന്റെ ഐടി വിഭാഗമായ സാൻഡ്സ് ഇൻഫ്രാബിൽഡിന്റെ 40 ലക്ഷം ചതുരശ്രയടി വരുന്ന ടവറിന്റേയും നിർമാണം തുടങ്ങിക്കഴിഞ്ഞു. ഹോളിഡേ ഗ്രൂപ്പിന്റെ പദ്ധതിയിൽ 10 നിലകൾ വീതമുള്ള രണ്ട് ഐടി ടവറുകളാണുണ്ടാവുക.

മുപ്പത്തിയഞ്ചു നിലയിൽ നിർമിക്കുന്ന സാൻഡ്സ് ഇൻഫ്രബിൽഡിന്റെ ടവർ രാജ്യത്തെ തന്നെ ഏറ്റവും ഉയരം കൂടിയ ഐടി ടവറുകളിൽ ഒന്നായിരിക്കും. ഇക്കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് ഇതിന്റെ പണിയാരംഭിച്ചു. മൂന്നു വർഷത്തിനുള്ളിൽ ഇതിന്റെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാൻഡ്സ് ഇൻഫ്രാബിൽഡിന്റെ ഈ ടവറിൽ മാത്രം 22,000 പേർക്കു ജോലി നൽകാൻ സാധിക്കും.

ഇതു കൂടാതെ സോഷ്യൽ ഇൻഫ്രസ്ട്രക്ചർ മേഖലയിൽ ജെംസ് എഡ്യൂക്കേഷൻ സ്‌ഥാപിക്കുന്ന മൂന്നു ലക്ഷം ചതുരശ്രയടിയുടെ ജെംസ് മോഡേൺ അക്കാദമിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഇവിടെ നഴ്സറി മുതൽ പ്ലസ് ടുവരെയുള്ള പഠനസൗകര്യങ്ങൾ ഉണ്ടായിരിക്കും.

എല്ലാ പദ്ധതിയിലും ഐടി, ഐടി അനുബന്ധ സേവനങ്ങൾക്കാണ് പ്രധാനമായും സ്‌ഥലമനുവദിക്കുന്നത്. എങ്കിലും സ്മാർട് സിറ്റിയിൽ ജോലി ചെയ്യുന്നവർക്കു പ്രയോജനപ്പെടുന്ന മറ്റ് റീട്ടെയിൽ സ്‌ഥാപനങ്ങൾക്കും ഇവിടെ സ്‌ഥലമനുവദിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്.

? ഇത്രയും സ്‌ഥലം ഐടി കമ്പനികളെക്കൊണ്ടു മാത്രം നിറയ്ക്കാനാകുമോ

* ഐടി മാത്രമല്ല, ഐടി അനുബന്ധ സേവനമേഖലയിൽനിന്നുള്ള കമ്പനികൾക്കും ഇവിടെ സ്പേസ് അനുവദിക്കുന്നുണ്ട്. ചില ക്ലസറ്ററുകൾ സൃഷ്ടിച്ച് അവയോടനുബന്ധിച്ചുള്ള കമ്പനികൾക്കു പ്രവർത്തിക്കുവാനുള്ള ഭൗതിക സാഹചര്യമാണ് ഇവിടെ ഒരുക്കുന്നത്. അതിനാൽ ഇവിടേയ്ക്ക് കമ്പനികളെ ആകർഷിക്കുവാൻ ബുദ്ധിമുട്ടുണ്ടാവില്ല.

? ഏതൊക്കെ ക്ലസ്റ്ററുകളാണ് ഇവിടെയുണ്ടാവുക

* നാലു ക്ലസ്റ്ററുകളാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. ഐടി, മീഡിയ, ഫിനാൻസ്, റിസേർച്ച് ആൻഡ് ഇന്നോവേഷൻ എന്നിവയാണവ. ഇതിന്റെ ഉപവിഭാഗമായി ഡിജിറ്റൽ എനർജി ക്ലസ്റ്റർ, ഡിജിറ്റൽ ഡിസൈൻ ക്ലസ്റ്റർ തുടങ്ങിയവയും ലക്ഷ്യമിടുന്നു.

ഡിജിറ്റൽ എനർജി ക്ലസ്റ്റർ വരുന്നതോടെ ടെക്സാസ് ഓയിൽ കമ്പനി പോലുള്ളവയെ ആകർഷിക്കാൻ സാധിക്കും. അവർക്കുവേണ്ട പരിശീലനം, ആപ്ലിക്കേഷൻ ബേസ്ഡ് സോഫ്റ്റ്വേർ വികസനം തുടങ്ങി ഒട്ടേറെ സാധ്യതകളുണ്ട്. ഓരോ വിഭാഗത്തിലും ഇത്തരം സാധ്യതകളുണ്ട്.

? കൂടുതൽ നിക്ഷേപവും നല്ല കമ്പനികളേയും ആകർഷിക്കുവാൻ എന്താണ് ചെയ്യുന്നത്.

* സ്മാർട്സിറ്റിയിലെത്തുന്ന കമ്പനികൾക്കു, ചെറുതായാലും വലുതായാലും, ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. ചെറുതെന്നോ വലുതെന്നോ ഉള്ള വിവേചനം ഇവിടെയില്ല. അവർക്കു പ്രവർത്തിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു.

ഇതിനു പുറമേ ഇവിടെയിരുന്നുകൊണ്ട് അവർക്കു മാൾട്ടയിലെയും ദുബായിലേയും സ്മാർട്സിറ്റികളിൽ വിർച്വൽ ഓഫീസുകൾ സ്‌ഥാപിക്കാമെന്നത് വിദേശത്ത് ബിസിനസ് വ്യാപിപ്പിക്കാനുള്ള അവസരം അവർക്കു നൽകും. കൂടുതൽ വലിയ കമ്പനികളുമായി ചർച്ച നടത്തിവരികയാണ്.

? സാധാരണ ഐടി പാർക്കിനപ്പുറത്ത് ഈ പദ്ധതിയുടെ സവിശേഷത എന്താണ്

* ‘വാക് ടു വർക്’– ജോലി സ്‌ഥലത്തേക്ക് നടന്നുപോവുക– എന്ന ആശയത്തിലാണ് സ്മാർട്സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. ലിവ്, വർക്ക് ആൻഡ് പ്ലേ... എല്ലാം ഒരു സ്‌ഥലത്തു ലഭ്യമാക്കുന്ന സംയോജിത പദ്ധതി. അതുകൊണ്ടുതന്നെ ഇവിടെ ജോലി ചെയ്യുന്നവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെത്തന്നെ ലഭ്യമാക്കും.

ആശുപത്രി, ബാങ്ക്, എടിഎം, ഷോപ്പിംഗ് മാൾ, സ്കൂൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇതിനകത്തു തന്നെ ലഭ്യമാക്കും. ഉദാഹരണത്തിന്, ആദ്യ ഐടി ടവറിൽത്തന്നെ ലിറ്റിൽ ജെംസ് എന്ന പേരിൽ ആധുനിക സജ്‌ജീകരണങ്ങളോടെ ഒരു ക്രഷും ഡേ കെയർ സെന്ററും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന അമ്മമാർക്കുള്ള പിന്തുണയാണ് ഈ ക്രഷ്.

ഇതിനു പുറമേ ആസ്റ്റർ മെഡിസിറ്റി വക ഒരു ക്ലിനിക്കും ആദ്യ ടവറിൽ വരുന്നുണ്ട്. റെസ്റ്ററന്റുകൾ, റീട്ടെയിൽ മാളുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കുകയാണ് ലക്ഷ്യം.

താമസത്തിനു നല്ല ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ, മറ്റ് വിനോദോപാധികൾ, മാളുകൾ, സിനിമ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കുവാനാണ് ഉദ്ദേശിക്കുന്നത്.

? ഇത്തരം സൗകര്യങ്ങൾ ഒരുക്കിയതുകൊണ്ടു കമ്പനികൾ വരുമോ

* ഒരു സർവേയുടെ കാര്യം പറയട്ടെ. ഞങ്ങൾ കേരളത്തിനു പുറത്തു ബാംഗളൂരിലും ഹൈദരാബാദിലും ചെന്നൈയിലുമൊക്കെയുള്ള സ്‌ഥലങ്ങളിൽ നടത്തിയ സർവേയാണ്. കേരളത്തിൽ നിന്നു അവിടെ ജോലി ചെയ്യുന്ന ധാരാളം പേരുണ്ട്. അവരിൽ പലരും കേരളത്തിലേക്കു തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, അവരിൽ നല്ലൊരു പങ്കിനേയും അതിൽനിന്നു തടസപ്പെടുത്തുന്നത് ഒറ്റക്കാര്യമാണ്. കുട്ടികൾക്കു നല്ല വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം കൊച്ചിയിൽ ഇല്ലായെന്നത്.

കുട്ടികൾ ഉള്ളവർ ബഹുഭൂരിപക്ഷവും മിഡ് ലെവലിൽ ജോലി ചെയ്യുന്നവരാണ്. കൊച്ചിയിൽ ഐടി കമ്പനികൾ വരാതിരിക്കുന്നതിനുള്ള പ്രധാന കാരണവും മിഡ് ലെവലിൽ നല്ല പ്രതിഭകളെ കേരളത്തിൽ കിട്ടാനില്ല എന്നതാണ്. ആദ്യ തലത്തിൽ ധാരാളം പേരെ ലഭിക്കും. ഏറ്റവും ഉയർന്നതലത്തിലും ലഭിക്കും. ഇതിനിടയിലുള്ളവർ എല്ലാവരും തന്നെ സംസ്‌ഥാനത്തിനു പുറത്താണ്.

ഇതിനൊരു പരിഹാരവും കൂടിയാണ് സ്മാർട്സിറ്റി. വിദ്യാഭ്യാസമുൾപ്പെടെ എല്ലാ സൗകര്യങ്ങളോടെയാണ് ഇവിടെ സ്മാർട്സിറ്റി ആരംഭിക്കുന്നത്. മധ്യ തലത്തിൽ നല്ല ടാലന്റുകളെ ലഭിക്കുമെങ്കിൽ വിദേശത്തുനിന്നുൾപ്പെടെ എല്ലായിടത്തുനിന്നും ആളുകൾ എത്തും. അടുത്ത നാലഞ്ചുവർഷംകൊണ്ട് ഇതു സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ സമ്പൂർണമായ ഒരു അന്തരീക്ഷം കൊച്ചിയിൽ ഉണ്ടാകും.


? മറ്റു വ്യവസായങ്ങൾക്ക് സ്മാർട്സിറ്റിയിൽ സ്‌ഥാനമുണ്ടാകുമോ

* ഐടി പാർക്ക് എന്നാൽ കുറെ ഐടി ടവറുകൾ മാത്രമാണെന്നാണ് കേരളത്തിലെ പൊതുധാരണ. പാർക്കിനുള്ളിൽ അപ്പാർട്ടുമെന്റുകളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഹോട്ടലുകളും മാളുകളും ചെറു റീട്ടെയിൽ സ്റ്റോറുകളും കഫേകളുമെല്ലാം ഉണ്ടാകും. മതിയായ സോഷ്യൽ ഇൻഫ്രാസ്ട്രക്ചറിന്റെ, സാമൂഹ്യമായ അടിസ്‌ഥാനാവശ്യങ്ങളുടെ പിൻബലമില്ലാതെയൊന്നും ഐടി മുന്നേറ്റം തുടർന്നുകൊണ്ടുപോകുവാൻ സാധിക്കുകയില്ല.

ഐടി പാർക്ക് മേഖലയിൽ ആദ്യം തുടങ്ങിയെങ്കിലും ഈ മികവ് തുടർന്നുകൊണ്ടുപോകാൻ കേരളത്തിനു സാധിക്കാതെ പോയത് ഇതുമൂലമാണ്. ഇപ്പോൾ ഇൻഫോപാർക്ക് ഇതു തിരിച്ചറിഞ്ഞു. അവിടെ ഇന്റർനാഷണൽ സ്കൂളും ഫൈവ് സ്റ്റാർ ഹോട്ടലുമുണ്ട് ഇപ്പോൾ

? സ്മാർട്സിറ്റി കേരളത്തിലുണ്ടാക്കുന്ന സാമ്പത്തിക, സാമൂഹിക, പാരിസ്‌ഥിതിക ഇംപാക്ട് എന്തായിരിക്കും. കേരളത്തിന്റെ വികസനത്തിൽ, തൊഴിൽ സാധ്യതയിൽ ഇതിന്റെ പങ്കെന്തായിരിക്കും. ഒറ്റ വാചകത്തിൽ ചോദിച്ചാൽ സ്മാർട്സിറ്റി കേരളത്തിന്റെ വ്യാവസായിക മുഖച്ഛായ മാറ്റുമോ

* തീർച്ചയായും. എനിക്കു വലിയ പ്രതീക്ഷയാണുള്ളത്. വലിയ ആത്മവിശ്വാസവുമുണ്ട്. കേരളത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന്, പ്രത്യേകിച്ച് ഐടി രംഗത്തെ കുതിച്ചു ചാട്ടത്തിന്, സ്മാർട്സിറ്റി പ്രേരണയാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇന്ത്യയിലെ ആദ്യ ഐടി പാർക്ക് കേരളത്തിലാണ് സ്‌ഥാപിക്കപ്പെട്ടതെങ്കിലും ഏതാനും വർഷങ്ങൾക്കുള്ളിൽതന്നെ ബാംഗ്ലൂരും ഹൈദരാബാദും പൂനയും ഗുഡ്ഗാവുമെല്ലാം ഇന്ത്യയുടെ ഐടി ഭൂപടത്തിൽ കേരളത്തെ നിഷ്പ്രഭമാക്കി. ഇവിടെയെല്ലാം ജോലി ചെയ്യുന്നവരിൽ നല്ലൊരു പങ്ക് മലയാളികളാണുതാനും.

നേരേത്തെ സൂചിപ്പിച്ച മിഡ് ലെവൽ ജോലിക്കാർക്ക് അവസരം ലഭ്യമാക്കിയാൽ നിരവധി മലയാളികൾ ഇവിടേക്കു പോരും.

ടാലന്റുകളുടെ ആവശ്യം കൊച്ചി നഗരത്തിലെ മാത്രമല്ല, പുറത്തുമുള്ള സ്കൂളുകളുടേയും എൻജിനീയറിംഗ് കോളജുകൾ ഉൾപ്പെടെയുള്ള കോളജുകളുടേയും നിലവാരം ഉയർത്തുന്നതിലേക്ക് എത്തിച്ചേരുമെന്നതിൽ സംശയം വേണ്ട.

സ്മാർട്സിറ്റിക്കു പുറത്തുള്ള എല്ലാ അടിസ്‌ഥാന സൗകര്യങ്ങളും ഇതോടെ മെച്ചപ്പെടും. അല്ലെങ്കിൽ മെച്ചപ്പെടുത്താൻ നിർബന്ധിതമായിത്തീരും. മെട്രോ കാക്കനാട്ടേയ്ക്ക് നീട്ടുന്നതിനുള്ള ആലോചനയിലാണല്ലോ.

സ്വഭാവികമായും മറ്റു വ്യവസായ സ്‌ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലും ഇതിന്റെ അനുരണനങ്ങൾ ഉണ്ടാവും.

പരിസ്‌ഥിതിയെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള പച്ചപ്പ് നിലനിർത്തും. മാത്രവുമല്ല പദ്ധതി പൂർത്തിയായിക്കഴിയുമ്പോൾ 60 ശതമാനത്തോളം തുറന്നയിടം ലഭിക്കുകയും ചെയ്യും. വളരെ പരിസ്‌ഥിതി സൗഹൃദമായിട്ടാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്.

? എല്ലാ ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ സ്മാർട്സിറ്റി എങ്ങനെയായിരിക്കും.

* കൊച്ചിയിലെ വ്യവസായ– സാമൂഹ്യ പശ്ചാത്തലം മാറ്റാനുള്ള പാതയിലാണ് സ്മാർട്സിറ്റി. ലോകോത്തരമായ ഐടി, സാമൂഹ്യ അടിസ്‌ഥാനസൗകര്യങ്ങളോടെ ജോലി ചെയ്യാനും ജീവിക്കാനും സഹായകമായ ലോകോത്തര പശ്ചാത്തലം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിലേക്ക് സ്മാർട്സിറ്റി അടുത്തുകൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ 75000– 80000 വരെ ജോലി സാധ്യതകൾ സൃഷ്ടിക്കാനാകും. ഇതിന്റെ രണ്ടിരട്ടി പേർക്ക് നേരിട്ടല്ലാതെ ജോലി ലഭിക്കും. മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ ലോകോത്തരമായ ഭൗതിക സാഹചര്യങ്ങളുമൊരുങ്ങും.

? പുതിയ ഗവൺമെന്റിൽനിന്നുള്ള സമീപനം

* പുതിയ മുഖ്യമന്ത്രിയിൽനിന്നു വളരെ പോസിറ്റീവായ സമീപനമാണ് ലഭിച്ചിട്ടുള്ളത്. ആശങ്കയൊന്നുമില്ല. കാര്യങ്ങൾ വേഗം നടക്കട്ടെയെന്നും സമയബന്ധിതമായി പൂർത്തിയാകണമെന്നുമാണ് അദ്ദേഹം നിർദ്ദേശിച്ചത്.

? സ്മാർട്സിറ്റിയുടെ ഉടമസ്‌ഥാവകാശം എങ്ങനെയാണ്

* ദുബായ് ഹോൾഡിംഗ്സിന്റെ ഉപകമ്പനിയായ ടീകോം ഇൻവെസ്റ്റ്മെന്റ്സിന് 84 ശതമാനവും കേരള ഗവൺമെന്റിന് 16 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്.

<യ> യാദൃശ്ചികമായി ഗൾഫിലേക്ക്

ഗൾഫിൽ പോകണമെന്നും ജോലിയെടുക്കണമെന്നും ബാജു ജോർജിനു ഉദ്ദേശ്യമേ ഉണ്ടായിരുന്നില്ല. എല്ലാം യാദൃച്ഛികമായി സംഭവിച്ചുവെന്നു മാത്രം. കോട്ടയത്തെ എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ പിഎച്ച് ഡിക്കു രജിസ്റ്റർ ചെയ്തിരിക്കുന്ന സമയം. വിഷയം കേരളത്തിൽനിന്നുള്ള ജോലിക്കാർ നേരിടുന്ന പ്രശ്നങ്ങളും സാധ്യതകളും എന്നതായിരുന്നു. അതിന്റെ ഭാഗമായി ഒരു മാസത്തെ ഫീൽഡ് സ്റ്റഡിക്കാണ് ബാജു ജോർജ് ആദ്യമായി ദുബായിൽ എത്തുന്നത്. പിന്നീട് 2001–ൽ ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ പ്രോപ്പർട്ടി മാനേജ്മെന്റ് തലവനായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് കമ്പനയുടെ ഉപകമ്പനിയായ ടീകോം അഥോറിറ്റിയിൽ പ്രോജക്ട് മാനേജരായി. സ്മാർട്സിറ്റി പദ്ധതിയിലെ ആദ്യ സ്റ്റാഫും കൂടിയാണ് ഡോ.ജോർജ്.

കൊല്ലം പള്ളിമുക്കിലാണ് ജനനം. കെമിസ്ട്രിയിൽ ബിരുദം നേടിയശേഷം തിരുവന്തപുരത്തെ കേരള ലോ അക്കാദമിയിൽനിന്നു എൽഎൽബി എടുത്തു. തുടർന്ന് കൊല്ലം ടികെഎം എൻജിനീയറിംഗ് കോളജിൽനിന്നു എംബിഎ. മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ലീഗൽ സ്റ്റഡീസിൽനിന്നു എംഎൽ എടുത്തു. എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽനിന്നാണ് പിഎച്ച് ഡി എടുത്തിട്ടുള്ളത്. 2005 മുതൽ യുഎസ്എയിലെ പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർട്ടിഫൈഡ് പ്രോജക്ട് മാനേജർ ടൈറ്റിൽ ഹോൾഡർ കൂടിയാണ് അദ്ദേഹം.
കൊല്ലം ജില്ലാ കോടതിയിൽ പ്രക്ടീസ് തുടങ്ങി. സിവിൽ കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം കൺസ്യൂമർ നിയത്തിൽ പ്രത്യേക അവഗാഹം നേടി. പത്തുവർഷത്തോളം അഭിഭാഷകനായി പ്രവർത്തിച്ച അദ്ദേഹം 1996–ലാണ് ദുബായിലെത്തിയത്. ഉപഭോക്‌തൃ പ്രസ്‌ഥാനം, ജൂണിയർ ചേംബർ തുടങ്ങിയവയിൽ സജീവമായിരുന്നു.

<യ> കൊച്ചിക്കു കുറി വീഴാൻ നിമിത്തമായതു ജോർജ് ജേക്കബ്

<ശാഴ െൃര=/ളലമേൗൃല/യറബ2016മൗഴ03ളമ4.ഷുഴ മഹശഴി=ഹലളേ>

ഒരു പക്ഷേ, ദുബായ് കേന്ദ്രമായുള്ള ജേക്കബ്സൺസ് മാനേജിംഗ് ഡയറക്ടറും രാഷ്ട്രദീപിക ലിമിറ്റഡിന്റെ ഡയറക്ടറുമായ ജോർജ് ജേക്കബിനെ അന്ന് കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ സ്മാർട്സിറ്റി കൊച്ചിയിൽ ഉണ്ടാകുമായിരുന്നില്ലെന്ന് ദുബായ് ഹോൾഡിംഗിന്റെ മാനേജിംഗ് ഡയറക്ടറായ ഡോ. ബാജു ജോർജ് ഓർമിക്കുന്നു.

ഇന്ത്യയിൽ ആദ്യത്തെ സ്മാർട്സിറ്റി തുറന്നാലോയെന്ന് ദുബായ് ഹോൾഡിംഗ് ആലോചിക്കുന്ന സമയം. അതിനായി ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചു. 2004–ലായിരുന്നു അത്. ഹൈദരാബാദ്, ബാംഗളൂർ, ഡൽഹി തുടങ്ങിയ സ്‌ഥലങ്ങളിൽ സന്ദർശനം നടത്താനായിരുന്നു തീരുമാനം.
ഇന്ത്യയിലേക്കു തിരിക്കുന്നതിനു തലേദിവസമാണ് ജോർജ് ജേക്കബിനെ കണ്ടത്. സ്മാർട്സിറ്റി തുടങ്ങാൻ ഇന്ത്യയിലേക്കു നാളെ പോവുകയാണെന്നു പറഞ്ഞു. ഹൈദരാബാദ്, ബാംഗളൂർ ഒക്കെയാണ് പട്ടികയിലുള്ളതെന്നു പറഞ്ഞു.

‘‘പോകുന്ന വഴിക്ക് കൊച്ചിയും കൂടെയൊന്നു കണ്ടുകൂടെ; കൊച്ചി ഭയങ്കര സ്‌ഥലമാ’’ ജോർജ് ജേക്കബ് പറഞ്ഞു. വർത്തമാനം പറഞ്ഞു പിരിയുന്ന സമയത്തു കൊച്ചിയിൽ പോകാൻ മറക്കരുതെന്ന് ഓർമിപ്പിക്കുകയും ചെയ്തു.

‘‘പിറ്റേന്നു ഇന്ത്യയിലേക്കു തിരിച്ചു. എല്ലായിടത്തും സന്ദർശനം നടത്തി. യാത്രയിൽ കൊച്ചിയും ഉൾപ്പെടുത്തി. ഹൈദരാബാദ് എല്ലാവർക്കും പിടിച്ചു. എങ്കിലും പച്ചപ്പു നിറഞ്ഞ കൊച്ചിയുടെ പേര് ഞാനൊന്നു നിർദ്ദേശിച്ചു നോക്കി. ബോർഡിലുണ്ടായിരുന്ന ഒരാൾ എന്നെ പിന്താങ്ങി. ഭാഗ്യവശാൽ അയാൾക്കു കേരളത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു...

അങ്ങനെ കൊച്ചിക്കു സ്മാർട്സിറ്റി നറുക്കു വീണു. പിന്നീടെല്ലാം വേഗത്തിലായി. അന്നത്തെ മന്ത്രിസഭയും ഇതിനു അനുകൂലമായിരുന്നു.

<യ> സംസ്‌ഥാനത്തെ ഐടി മേഖലയ്ക്ക് ബജറ്റ് ഉണർവേകും: ഡോ. ബാജു ജോർജ്

<ശാഴ െൃര=/ളലമേൗൃല/യറബ2016മൗഴ03ളമ3.ഷുഴ മഹശഴി=ഹലളേ>

ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് സംസ്‌ഥാനത്തെ ഐടി വ്യവസായ മേഖലയ്ക്ക് ഉണർവു പകരുമെന്നു കൊച്ചി സ്മാർട്സിറ്റി സിഇഒ ഡോ. ബാജു ജോർജ് പറഞ്ഞു. ഐടി പാർക്കുകളുടെ വികസനത്തിനായി 1325 കോടി രൂപ വകയിരുത്താനുള്ള നിർദ്ദേശം സ്വാഗതാർഹമാണ്.
രണ്ടു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുമെന്ന പ്രഖ്യാപനം സർക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ തെളിവാണ്. റോഡുകൾ, പാലങ്ങൾ, ഉൾനാടൻ ജലഗതാഗതം അടക്കമുള്ള സമാന്തര ഗതാഗത സംവിധാനങ്ങളുടെ വികസനം ഉൾപ്പെടെ അടിസ്‌ഥാനസൗകര്യ വികസനത്തിന് 5000 കോടി രൂപയുടെ ബജറ്റ് നിർദ്ദേശം സംസ്‌ഥാനത്തെ നിക്ഷേപ കാലാവസ്‌ഥയ്ക്ക് ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സ്കൂളുകൾ അന്താരാഷ്ര്‌ട നിലവാരത്തിലേക്ക് ഉയർത്താൻ 50 കോടി രൂപ വകയിരുത്താനുള്ള തീരുമാനം കേരളത്തിലെ വിജ്‌ഞാന വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് സഹായകമാകും. ഐടി, മീഡിയ, ഫിനാൻസ് തുടങ്ങി മറ്റ് വിജ്‌ഞാന വ്യവസായ മേഖലകളിലേക്ക് കൂടുതൽ കഴിവുള്ള ഉദ്യോഗാർഥികളെ വാർത്തെടുക്കാൻ ഇത് സഹായിക്കും. അടുത്ത 5 മുതൽ 10 വർഷത്തിനുള്ളിൽ കേരളത്തിന് ഈ രംഗങ്ങളിൽ നേതൃനിരയിലെത്താനാകുമെന്നും ഡോ. ബാജു ജോർജ് പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1500 സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള നിർദ്ദേശവും കളമേൾരിയിലെ സ്റ്റാർട്ടപ്പ് വില്ലേജിന് 60 കോടി രൂപ നീക്കിവെയ്ക്കാനുള്ള തീരുമാനവും ശരിയായ ദിശയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.