ഡീസൽ വാഹന നിരോധനം വില്പന കൂട്ടും: ഐസിആർഎ
ഡീസൽ വാഹന നിരോധനം വില്പന കൂട്ടും: ഐസിആർഎ
Monday, August 1, 2016 5:01 AM IST
ന്യൂഡൽഹി: രാജ്യത്തെ ഡീസൽ വാഹനനിരോധനത്തിലൂടെ പഴക്കം ചെന്ന വണ്ടികൾ നിരത്തൊഴിഞ്ഞത് പുതിയ വാഹനങ്ങളുടെ വില്പന വർധിപ്പിക്കുമെന്ന് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ. അടുത്ത രണ്ടു വർഷത്തിനുള്ളിൽ വാഹനവിപണിയിൽ മൂന്നു ശതമാനം അധിക വില്പനയുണ്ടാകുമെന്നാണ് ഏജൻസിയുടെ നിഗമനം. ഇരുചക്ര വിഭാഗത്തിൽ മൂന്നു ശതമാനവും ചരക്കു വാഹനവിപണിയിൽ 6–7 ശതമാനവും വരെ അധിക വില്പനയാണ് പ്രതീക്ഷിക്കുന്നത്.

പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നവർക്ക് ഇൻസെന്റീവ് നല്കുന്നതിനാൽ 8–12 ശതമാനം വരെയായി നിജപ്പെടുത്തുന്നതാണ് ഉചിതമെന്ന് ഐസിആർഎ സീനിയർ വൈസ് പ്രസിഡന്റ് സുബ്രത റേ പറഞ്ഞു. 11 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ സെക്കൻഡ് ഹാൻഡ് വിലയും ഏകദേശം ഈ ഇൻസെന്റീവിനടുത്തേ വരൂ. ഡൽഹി, കേരളം, ചത്തീസ്ഗഡ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ പഴയ ഡീസൽ കാറുകളുടെ വില കുത്തനെയിടിഞ്ഞിട്ടുണ്ട്. അതിനാൽ ടാക്സി, ട്രക്ക് തുടങ്ങിയവയ്ക്ക് സർക്കാരിന്റെ സ്ക്രാപ്പേജ് പദ്ധതി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്തെ 11 വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങളുടെ എണ്ണം 2.5 കോടി വരുമെന്നാണു കണക്ക്. ഇതിൽ അഞ്ചു ശതമാനം ആളുകൾ ഇൻസെന്റീവ് പദ്ധതിയിൽ പങ്കാളിയായാൽ പുതിയ വാഹനവിപണയിൽ യാത്രാവാ ഹനങ്ങൾക്കും ഇരുചക്ര വാഹന ങ്ങൾക്കും മൂന്നു ശതമാനം അധിക വില്പനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യതലസ്‌ഥാനത്തെ 10 വർഷത്തിനു മുകളിൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും രജിസ്ട്രേഷൻ റദ്ദാക്കാൻ കഴിഞ്ഞ മാസമാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഇതേത്തുടർന്ന് ബിഎസ്– നാല് നിബന്ധനകൾ നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.