എ.കെ. സാജൻ– സസ്പെൻസ് ത്രില്ലറുകളുടെ സഹയാത്രികൻ
എ.കെ. സാജൻ– സസ്പെൻസ് ത്രില്ലറുകളുടെ സഹയാത്രികൻ
Thursday, July 28, 2016 3:48 AM IST
<യ> ലിജിൻ കെ. ഈപ്പൻ

സിനിമാസ്വാദനത്തിൽ വൈവിധ്യം തേടുന്ന മലയാളി പ്രേക്ഷകന്റെ കാഴ്ചയുടെ ശീലുകളിൽ പുതുപാത മെനഞ്ഞെടുത്ത തിരക്കഥാകൃത്താണ് എ കെ. സാജൻ. തിരക്കഥാകൃത്തായും സംവിധായകനായും വ്യത്യസ്തങ്ങളായ പ്രമേയങ്ങളേയും പച്ചയായ ജീവിതങ്ങളെയും തുറന്നു കാട്ടുവാൻ ഇതിനോടകം എ.കെ. സാജനു കഴിഞ്ഞു. ഉദ്വേഗപൂർണമായ സസ്പെ ൻസുകളും ത്രില്ലറുകളുമായി പ്രേക്ഷകരെ ഹരം കൊള്ളിച്ചു. സമൂഹത്തിന്റെ ഹൃദയമിടിപ്പിനനുസരിച്ച് അതിന്റെ സ്പന്ദനത്തെ തന്റെ സിനിമകളിൽ കാച്ചിക്കുറുക്കിയപ്പോൾ സത്യങ്ങൾ പലർക്കും അപ്രിയങ്ങളായിട്ടിട്ടുണ്ട്. 1992 ൽ സൂപ്പർഹിറ്റ് ചിത്രം ധ്രുവത്തിന്റെ കഥയും സംഭാഷണവും രചിച്ചാണ് എ കെ.സാജൻ സിനിമയിലേക്കെത്തുന്നത്. പിന്നീടു ബട്ടർഫ്ളൈ, കാശ്മീരം, ക്രൈം ഫയൽ, ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് തുടങ്ങി നിരവധി ഹിറ്റു തിരക്കഥകൾ. ഇതിനിടയിൽ സ്റ്റോപ്പ് വയലൻസിലൂടെ സംവിധായക പട്ടവും. ഒടുവിൻ ഈ വർഷം മമ്മൂട്ടി –നയൻതാര ജോടിയിൽ സംവിധാനം ചെയ്ത പുതിയ നിയമത്തിലൂടെ മറ്റൊരു ഹിറ്റും മലയാളത്തിനു സമ്മാനിച്ചിരിക്കുന്നു. വിവാദങ്ങളും പരാജയ ശ്രുതികളും ഒരിക്കൽ പോലും ഈ കലാകാരനെ തളർത്തിയിട്ടില്ല എന്നതിന്റെ സാക്ഷി പത്രമാണ് പുതിയ നിയമത്തിന്റെ വിജയം. മലയാളത്തിന്റെ സ്വന്തം കഥാകാരൻ എ.കെ. സാജന്റെ വിശേഷങ്ങളിലൂടെ...

പുതിയ നിയമത്തിലടക്കം നഗരത്തിന്റെ കഥയാണ് ഒട്ടുമിക്ക ചിത്രങ്ങളും പറയുന്നത്. ആ തെരഞ്ഞെടുപ്പ് മനപൂർവമായി സംഭവിക്കുന്നതാണോ?

നാല്പതു വർഷത്തോളമായി കൊച്ചി നഗരത്തിൽ ജീവിക്കുന്നൊരു വ്യക്‌തിയാണ് ഞാൻ. ഗ്രാമത്തിലേതുപോലൊരു ഗൃഹാതുരത്വം നഗരത്തിനുമുണ്ട്. ഒരുപക്ഷെ ഗ്രാമത്തേക്കാൾ കൂടുതൽ അമ്പരപ്പിച്ചിട്ടുള്ളത് നഗരം തന്നെയാണ്. നഗരം വലിയൊരു ഘടകമാണ്. ഏതു നഗരമായാലും അവിടെ വയലൻസുണ്ട്. നഗരത്തിനു പല തട്ടുകളുണ്ട്. തെരുവിൽ നടക്കുന്ന ഒരു സംഘട്ടനം വരേണ്യവർഗത്തിനെ ബാധിക്കണമെന്നില്ല. വൈരുദ്ധ്യമുള്ളതും സ്കോപ്പുള്ളതുമായ നിരവധി കാരക്ടേഴ്സ് ഏല്ലാ നഗരത്തിലുമുണ്ട്. അസുരവിത്തിലൂടെ നഗരത്തിന്റെ കഥ പറഞ്ഞ് ഒരിക്കൽ തോറ്റുപോയൊരു വ്യക്‌തിയാണു ഞാൻ. സ്റ്റോപ്പ് വയലൻസ് മനോഹരമായി ചെയ്തൊരു ചിത്രമാണ്. കൊച്ചി നഗരവും ആ ഭാഷയുമൊക്കെ മലയാള സിനിമയിൽ ഒരു തുടക്കമാകാൻ ആ ചിത്രം കാരണമായതാണ്. അതിന്റെ രണ്ടാം ഭാഗം ഒരുക്കേണ്ടി വന്നപ്പോൾ സ്റ്റോപ്പ് വയലൻസിൽ കാണിച്ച അധോലോക നായകനും ആ കാലഘട്ടവും 20 വർഷത്തിനു ശേഷം എങ്ങനെയായിരിക്കും എന്നാ ലോചിച്ചാണ് അസുരവിത്തിലേക്കെത്തുന്നത്. എന്നാൽ അങ്ങനെ ചെയ്യേണ്ട കാര്യമില്ലായിരുന്നു. അതു ചിത്രത്തിനു ദോഷകരമായി ബാധിച്ചു. അതിനു ശേഷം കുറേ കഥകൾ ആലോചിക്കുകയും എഴുതുകയും ചെയ്തതാണ്. ഒരു കഥ എഴുതിത്തുടങ്ങുമ്പോൾ ഉള്ള ആവേശം എഴുതിത്തീരുമ്പോൾ ഉണ്ടാകണമെന്നില്ല. അങ്ങനെയാകുമ്പോൾ ആ കഥ ഏറ്റവും കൂടുതൽ വെറുക്കുന്നത് ഞാൻ തന്നെയാകും. തുടക്കത്തിലെ ത്രില്ല് അവസാനം വരെ കിട്ടിയില്ലെങ്കിൽ അതു വലിച്ചറിഞ്ഞു മറ്റൊന്നെടുക്കും. അങ്ങനെയിരുന്നപ്പോഴാണ് നഗരത്തിന് ഇനിയും എന്തെല്ലാമൊക്കയൊ പറയാനുണ്ട് എന്ന തോന്നലുണ്ടാകുന്നത്. ആ തോന്നലിൽ നിന്നുമാണ് ഇത്തരം ഒരു വിഷയത്തിലേക്കെത്തുന്നത്.

പുതിയ നിയമം എന്ന ചിത്രത്തിലേക്കെത്തുന്നത്?

നമ്മളെന്നും പുരുഷന്മാരുടെ കഥയാണ് പറയാറുള്ളത്. ഒരു വീട്ടമ്മയും നഗരവും തമ്മിലുള്ള മാനസിക സംഘർഷം എങ്ങനെയാകാം? അങ്ങനൊരു ചിന്ത എങ്ങനെയൊ വന്നു, അതിൽ പിടിച്ചു കയറി. മിഡിൽ ക്ലാസ് ഫാമിലിയിലെ ഒരു വീട്ടമ്മയ്ക്കു കൊച്ചി നഗരം എങ്ങനെയൊക്കെയാകാമെന്നു ചിന്തിച്ചു. അതിന്റെ എല്ലാ വശങ്ങളും ആലോചിച്ചു. നല്ല സമയമെടുത്താണ് തിരക്കഥയിലേക്കെത്തുന്നതു തന്നെ. ആദ്യം ഒരു ചെറിയ ചിത്രമായി എടുക്കാമെന്നാണ് ആലോചിച്ചത്. പിന്നതിലേക്കു മമ്മുക്കയും നയൻതാരയും എത്തിയതോടെ അതൊരു വലിയ ചിത്രമായി മാറി.

കഥയെഴുതിക്കഴിഞ്ഞപ്പോ ൾ എനിക്കു തോന്നി ഇതൊരു ഭർത്താവിന്റെ കഥയാണ്. ഒരു വീട്ടമ്മയുടെ കഥയെന്നു പറയുമ്പോഴും എനിക്കു പറയാനിഷ്ടം ഇതൊരു ഭർത്താവിന്റെ കഥയെന്നാണ്. ഈ കഥയിൽ നിശബ്ദനായി നിൽ ക്കേണ്ടിവരുന്നൊരു ഭർത്താവുണ്ട്. വലിയൊരു ദുരന്തം ഭാര്യയ്ക്കു സംഭവിച്ചെന്നറിഞ്ഞിട്ടും അതിനെ ചിരിച്ചുകൊണ്ടു നേരിടുന്നു. ഭാര്യയുടെ മുന്നിൽ ഒന്നും അറിയാത്തതുപോലെ നടിക്കുന്നു. ഒരു സൈക്കോളജിക്കൽ അപ്പ്രോച്ചാണ് അയാൾ നടത്തുന്നത്. ബലാൽസംഗം അല്ല ഇവിടെ വിഷയം. അതിനെ നേരിട്ട രീതിയാണ്. ഒരു സ്ത്രീ റേപ്പു ചെയ്യപ്പെടുന്നതിനേക്കാൾ അവളുടെ ഭർത്താവും മക്കളും അറിയുന്നിടത്താണ് ആ സ്ത്രീ തകർന്നു പോകുന്നത്. ഒരു ഭർത്താവ് സ്വന്തം ഭാര്യയുടെകൂടെ അവളറിയാതെ നിന്നുകൊണ്ടു ആ വിപത്തിനെ നേരിടുന്ന സൈക്കോളജിക്കൽ അപ്പ്രോച്ചാണ് ചിത്രവും പറയുന്നത്. അതുകൊണ്ടു തന്നെ പുതിയ നിയമത്തിനെ പ്രത്യക്ഷത്തിൽ നയൻതാര ചിത്രമെന്നു പറയുമെങ്കിലും നിശബ്ദമായി ഇതൊരു മമ്മൂട്ടി ചിത്രം തന്നെയാണ്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ28ൗയ2.ഷുഴ മഹശഴി=ഹലളേ>

നഗരവും ഫ്ളാറ്റും ചിത്രത്തിൽ വളരെ പ്രാധാന്യത്തോടെ വരുന്നുണ്ടല്ലോ?

നഗരവും ഫ്ളാറ്റും ചിത്രത്തിലെ ഒരു ഫുൾടൈം കാരക്ടറാണ്. 1980–90 കാലഘട്ടത്തിൽ കൊച്ചി നഗരത്തിന്റെ എല്ലാ വളർച്ചയും കണ്ട വ്യക്‌തിയാണു ഞാനും. എല്ലാ നഗരത്തിലും വയല ൻസുണ്ടെന്നല്ല. അതു ഓരോ തരത്തിലാകാം. നഗരം നമ്മുടെയുള്ളിലും പറിച്ചെറിയാനാവാത്ത വിധം ബന്ധപ്പെട്ടു കിടക്കുകയാണ്.

ചിത്രത്തിൽ മമ്മൂട്ടിക്കു പ്രാധാന്യം കുറഞ്ഞതുപോലെ തോന്നിയോ?

നമുക്ക് തോന്നാം ഈ കഥയിൽ മമ്മൂട്ടിക്കു റോളു കുറവാണെന്ന്. ഒരു കഥ കേൾക്കുമ്പോൾ അതിന്റെ സാധ്യത എത്രത്തോളമുണ്ടെന്നു മമ്മുക്കയും മോഹൻലാലും വളരെപ്പെട്ടെന്നു പിടിച്ചെടുക്കും. ഇത്ര സീനുകളിൽ വേണമെന്നല്ല, അവസാനിക്കുമ്പോൾ എന്തായിരിക്കുമെന്നാണ് അവർ നോക്കുന്നത്. അതവരുടെ അനുഭവ സമ്പത്തിൽ നിന്നുമാണ് ആർജിച്ചെടുക്കുന്നതാണ്. മമ്മൂക്കയുടെ ആ കാഴ്ചപ്പാടിന്റെ ഫലമാണ് ഈ ചിത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നു വരവ്.

നയൻതാരയുടെ അഭിനയ ജീവിതത്തിലെ മികച്ച കാരക്ടറിലൊന്നാണല്ലൊ ഇതിലെ വാസുകി അയ്യർ?

മനസിനക്കരെ, രാപ്പകൽ പോലുള്ള ആദ്യകാലങ്ങളിലെ സിനിമകൾ ഒഴിച്ചാൽ നയൻതാരയ്ക്കു മലയാളത്തിൽ ലഭിച്ച കാരക്ടർ എല്ലാം ഒരു കോടീശ്വര പുത്രി ലെവലിൽ ഉള്ളതായിരുന്നു. അതിൽ നിന്നൊക്കെ വ്യത്യസ്തമായി മാർക്കറ്റിൽ പോയി ചീര വാങ്ങുന്ന, സാധനങ്ങൾ വാങ്ങി ഓട്ടോറിക്ഷയിലോ അല്ലെങ്കിൽ നടന്നോ വരുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ചിത്രത്തിൽ. വാസുകി അയ്യർ എന്ന അത്തരമൊരു വീട്ടമ്മയുടെ കഥ പറഞ്ഞപ്പോൾ നയൻതാര അത് ഉൾക്കൊള്ളുകയും ഭംഗിയായിട്ടു ആ വേഷത്തെ അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്തു. മമ്മൂട്ടി – നയൻതാര ജോടി വളരെ മികച്ചതായിരുന്നു.


ചിത്രത്തിന്റെ വിജയത്തെ എങ്ങനെ കാണുന്നു?

ചിത്രത്തിന്റെ വിജയം സംതൃപ്തി എനിക്കു നൽകുന്നുണ്ട്. പലരും പറഞ്ഞു ചിത്രത്തെ കുറച്ചുകൂടി ലൈറ്റാക്കി പാട്ടൊക്കെ ചേർത്തു കൊണ്ടുപോകാമായിരുന്നല്ലൊ എന്ന്. അത് എന്റെ ഒരു രീതിയല്ല. ഇവിടെ ഈ കഥയുടെ തീവ്രത കുറച്ചു പറയാനൊക്കില്ല. നമ്മൾ പറയുന്ന വിഷയം അപ്രിയങ്ങളായിട്ടുള്ളത് ആണെങ്കിലും എങ്ങനെയൊക്കെ അതിനെ പൊതിഞ്ഞു പറയുന്നു എന്നതാണ് ആ ചിത്രത്തിന്റെ വിജയം. ചിത്രത്തിന്റെ പരസ്യത്തിലോ മാർക്കറ്റിംഗിലോ മറ്റൊരിടത്തും ഇതിലൊരു റേപ്പ് ഉണ്ടന്നു വെളിപ്പെടുത്തിയിരുന്നില്ല. ചിത്രം തിയറ്റിലെത്തിയപ്പോഴാണ് പ്രേക്ഷകർ അത് അറിയുന്നത്. കാരണം ഒരു വിനോദ തലത്തിലേക്കു ഉൾക്കൊള്ളാൻ സാധിക്കാത്തതാണ് ഇത്തരം വിഷയങ്ങൾ. അതുകൊണ്ടുതന്നെ എനിക്കൊരു പേടിയുണ്ടായിരുന്നു ചിത്രത്തിന്റെ വിജയത്തിന് അതൊരു പ്രശ്നമായിത്തീരുമോയെന്ന്. എന്നാൽ ചിത്രം വിജയമാവുകയും അതൊന്നും ഒരു ചർച്ചയായി മാറിയില്ല എന്നതുമാണ് വാസ്തവം.

നയൻതാര തന്നെ ചിത്രത്തിൽ ഡബ്ബ് ചെയ്തല്ലൊ, അതെങ്ങനെയായിരുന്നു?

മറ്റൊരാൾ ഡബ്ബ് ചെയ്തതു നയൻതാരയെ കാണിച്ചിരുന്നു. അപ്പോൾ അവരുതന്നെ ഞാൻ ഡബ്ബ് ചെയ്തുകൊള്ളാമെന്നു പറഞ്ഞു. മലയാളത്തിൽ കുറച്ചുനാളായി ഡബ്ബ് ചെയ്യാറില്ല, സമയമെടുക്കുമെന്നു പറഞ്ഞു. കഥാപാത്രത്തിനു ഭാഗ്യവശാൽ ഒരു തമിഴ് ടച്ച് ഉള്ളതിനാൽ ഡബ്ബിങ്ങിൽ പെർഫെക്ടായി മലയാളം വരേണ്ടതില്ല. അത് നയൻതാരയ്ക്ക്എളുപ്പമായി. നയൻതാര ഇങ്ങോട്ടു ഡബ്ബ് ചെയ്യാമെന്നു പറയുമ്പോൾ അതു തള്ളിക്കളയണ്ടകാര്യമില്ലല്ലൊ. അതു വളരെ നന്നാവുകയും ചെയ്തു.

മിക്ക ചിത്രങ്ങളിലും വയലൻസിന്റെ അംശം കൂടുതലായി കാണുന്നു?

ഒരു കുറ്റകൃത്യത്തെപ്പറ്റിയറിയുമ്പോൾ ആ കുറ്റം എങ്ങനെയാകാം അയാൾ ചെയ്തത്? അയാളുടെ മനസെങ്ങനെയാകാം എന്നൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്. ക്രൈമിനെ മനശാസ്ത്രപരമായി പഠിക്കാൻ ഞാൻ ശ്രമിക്കും. ചരിത്രത്തിൽ തന്നെ എല്ലാ ഇടങ്ങളിലും രക്‌തം ചിന്തപ്പെട്ടിട്ടുണ്ട്. അതു ഏതു സംഭവം ആയിരുന്നാലും. ചരിത്രത്തിൽ ഒരു യുദ്ധമോ വിപ്ലവമോ ഒരു തുള്ളി രക്‌തമോ ചിന്താതെ ഒരാശയവും മുന്നോട്ടു പോയിട്ടില്ല. ഒരാളുടെ ജീവിതത്തിൽ പോലും സമരം ഉണ്ടാകാം. അതു വ്യക്‌തിജീവിതത്തിലൊ കുടുംബ ജീവിതത്തിലോ സമൂഹത്തിലോ രാഷ്ട്രത്തിലോ ആകാം. അതാണ് ഓരോ മനുഷ്യനെയും മുന്നോട്ടു നയിക്കുന്നത്. അതിനെയൊക്കെ കൗതുകപൂർവം ശ്രദ്ധിക്കാനും പഠിക്കാനും ശ്രമിക്കാറുണ്ട്. ആ സ്വാധീനം നമ്മുടെ എഴുത്തിലും പരിണമിക്കാം. പ്രമേയപരമായുള്ള വൈരുദ്ധ്യത്തെ എഴുത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമമായും കരുതാം.

തിരക്കഥാകൃത്തായും സംവിധായകനായും കഴിവു തെളിയിച്ചു. ഇനി എങ്ങനെ തുടരാനാണ് ഇഷ്ടപ്പെടുന്നത്?

രണ്ടുമായി തുടരാനാണെനിക്കിഷ്ടം. ഒരു എഴുത്തുകാരനു മാനസികമായും കായികമായും ബുദ്ധിപരമായും അധ്വാനം വേണ്ടി വരുന്ന ജോലിയാണ്. ശൂന്യതയിൽ നിന്നു കഥയെ കണ്ടെത്തുമ്പോൾ അയാളുടെ കൂടെ ആരുമില്ല. അവിടുന്നു വളരെ സമയമെടുത്തുള്ള ശ്രമത്തിനൊടുവിലാണ് ഒരു കഥയും തിരക്കഥയുമായി ഒരു സംവിധായകന്റെ മുന്നിലേക്കെത്തുന്നത്. സംവിധായകനു മറ്റൊരു വലിയ ഉത്തരവാദിത്വമാണുള്ളത്. മറ്റുള്ളവർക്കു വേണ്ടി എഴുതാനിഷ്ടമുള്ളൊരു വ്യക്‌തിയാണ് ഞാൻ. നമ്മുടെ ചിന്തകളുമായി അവരും തുല്യമാകണം എന്നുമാത്രമേയുള്ളു. അങ്ങനുള്ളവരുമായി വിളിക്കാറുണ്ട്, ചർച്ച നടത്താറുണ്ട്. ഒരു എഴുത്തുകാരൻ എന്നറിയാനാണ് എനിക്കിഷ്ടവും. അതുകൊണ്ടാണ് റൈറ്റേഴ്സ് യൂണിയന്റെ ജനറൽ സെക്രട്ടറിയായിട്ടു ഞാനിരിക്കുന്നതും. പ്രഥമമായി ഞാൻ ഒരു എഴുത്തുകാരനാണ്. പിന്നെ മാത്രമാണു സംവിധായകൻ. എനിക്കു ചെയ്യാൻ സാധിക്കുമെന്നുറപ്പുള്ള ചിത്രങ്ങൾ മാത്രമേ ഞാൻ സംവിധാനം ചെയ്യുകയുള്ളു. ഒരു ആക്ഷൻ ചിത്രമൊന്നും എനിക്കു സംവിധാനം ചെയ്യാനൊക്കില്ല. എനിക്കു കയ്യിലൊതുങ്ങും എന്നുറപ്പുണ്ടെങ്കിൽ മാത്രമാണു ഞാൻ ചെയ്യുന്നത്. കാരണം സംവിധാനം കായികമായും ബൗദ്ധികമായും വളരെ ബുദ്ധിമുട്ടുള്ളൊരു ജോലിയാണ്. അത്രത്തോളം അർപ്പണം ആ ജോലിക്ക് ആവശ്യമാണ്. അതുകൊണ്ടു തന്നെ ചെറിയ വിഷയങ്ങൾ മാത്രമെ ഞാൻ സംവിധാനം ചെയ്യാനായി തെരഞ്ഞെടുക്കാറുള്ളു.

പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?

ഇപ്പോൾ തിരക്കഥ എഴുതിയത് ദീപൻ സംവിധാനം ചെയ്യുന്ന സത്യ എന്ന സിനിമയ്ക്കു വേണ്ടിയാണ്. ജയറാമാണു നായകൻ. ഈ ചിത്രം ഉടൻ തിയറ്ററുകളിലെത്തും. മറ്റാരു ചിത്രം മമ്മുക്കയെ നായകനാക്കി സംവിധാനം ചെയ്യണമെന്നാണു ആഗ്രഹിക്കുന്നത്. വിഷയം മനസിലാണുള്ളത്. എഴുത്തു നടക്കുന്നു. പുതുമയുള്ളൊരു വിഷയമാണ്.

മലയാള സിനിമയിലുണ്ടാകുന്ന മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?

മലയാള സിനിമയിലെ ഈ ഒരു മാറ്റം വളരെ സന്തോഷമുള്ളൊരു കാര്യമാണ്. ഈ ഒരു മാറ്റം മറ്റെല്ലാ ഭാഷയിലും നേരത്തെ വന്നതാണ്. ഒടുവിലാണ് ഇവിടെത്തിയതെന്നു മാത്രം. ആ മാറ്റം സ്വാഭാവികമായും നടക്കുന്നതാണ്. ഇന്നു കൊമേഴ്സ്യൽ മാത്രമല്ലാതെ വളരെ നല്ല സിനിമകൾ മലയാളത്തിലുണ്ടാകുന്നു. അതിനു മുഖ്യ കാരണമായത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നു വരവാണ്. അതു ഒരു സിനിമയുടെ എല്ലാ മേഖലയിലും വിപ്ലവകരമായ മാറ്റത്തെ സൃഷ്ടിച്ചു. ഒരു ചെറിയ ചിത്രശലഭച്ചിറകടിയിൽ നിന്നു ഒരു കൊടുങ്കാറ്റ് എന്നതുപോലെ സിനിമയിൽ മാറ്റം സംഭവിച്ചു. അതു കാലത്തിന്റെ മാറ്റമാണ്. അത് ഓരോ കാലഘട്ടത്തിലും സംഭവിക്കുന്നതാണ്. ആ തുടർച്ചകളാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇനിയും വൻ മാറ്റങ്ങൾ മലയാളത്തിൽ സംഭവിക്കാം.

ഫോട്ടോ:<യ>സജി ജോസഫ്