പ്രതീഷ് എം. വർമ
പ്രതീഷ് എം. വർമ
Thursday, July 28, 2016 3:47 AM IST
<യ> കാമറ സ്ലോട്ട്

മലയാളത്തിലെ ശ്രദ്ധേയരായ യുവ ഛായാഗ്രാഹകരുടെ നിരയിലാണു പ്രതീഷ് എം. വർമയുടെ സ്‌ഥാനം. സിനിമയ്ക്കു മുന്നിലോ പിന്നിലോ സഞ്ചരിക്കാതെ സിനിമയ്ക്കൊപ്പം സഞ്ചരിക്കാൻ സാധിക്കുന്ന ഛായാഗ്രാഹകനാണു താനെന്ന് ഇദ്ദേഹം തെളിയിച്ചുകഴിഞ്ഞു. അടുത്തകാലത്തിറങ്ങിയ കോഹിനൂർ, ഹൺഡ്രഡ് ഡെയ്സ് ഓഫ് ലൗ തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.

മുംബൈയിൽ താമസിക്കുന്ന പ്രതീഷ് തൃശൂർ സ്വദേശിയാണ്. പ്രശസ്ത കാമറാമാനായ ലോകനാഥനോടൊപ്പം പ്രവർത്തിച്ചുകൊണ്ടാണ് ഇദ്ദേഹം കരിയറിനു തുടക്കമിട്ടത്. പിന്നീട് ഛായാഗ്രാഹകൻ പി.എസ്. വിനോദിന്റെ അസോസിയേറ്റായി. 2012–ൽ പുറത്തിറങ്ങിയ വി.കെ. പ്രകാശ് ചിത്രം പോപ്പിൻസിലൂടെയാണ് പ്രതീഷ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. ജോമോൻ ടി. ജോൺ, അരുൺ ജയിംസ് എന്നിവർക്കൊപ്പമായിരുന്നു പോ പ്പിൻസിനു കാമറ നിയന്ത്രിച്ചത്. അഞ്ചു ജോഡികളായി പത്തു നടീനടന്മാരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. വർണാഭമായ ഈ ചിത്രം യുവ ഛായാഗ്രാഹകരുടെ കരവിരുത് പ്രകടമാക്കിയിരുന്നു.

പോപ്പിൻസിൽ വി.കെ.പിയുടെ അസിസ്റ്റന്റായിരുന്ന വിനയ് ഗോവിന്ദുമായുണ്ടായ സൗഹൃദം അടുത്ത പ്രോജക്ടിനു വഴിവച്ചു. വിനയ് ആദ്യമായി സംവിധാനംചെയ്ത അരങ്ങേറിയ കിളിപോയ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് പ്രതീഷാണ്.

സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന എബ്രിഡ് ഷൈൻ സംവിധായകനായി അരങ്ങേറ്റംകുറിച്ച 1983 എന്ന ചിത്രത്തിനാണ് തുടർന്ന് പ്രതീഷ് കാമറ ചലിപ്പിച്ചത്. സംവിധായകന്റെ മനസിലുള്ള കാഴ്ചയെ, സിനിമയുടെ സ്വഭാവം ചോർന്നുപോകാതെ ദൃശ്യവത്കരിക്കാൻ തനിക്കു സാധിക്കുമെന്ന് ഈ ചിത്രത്തിലൂടെ പ്രതീഷ് തെളിയിച്ചു. ക്രിക്കറ്റിനെ ജീവനുതുല്യം സ്നേഹിക്കുന്ന രമേശൻ എന്ന ചെറുപ്പക്കാരന്റെ രണ്ടു ജീവിത കാലഘട്ടമാണ് 1983–ൽ ദൃശ്യവത്കരിച്ചത്. അതീവ ശ്രദ്ധയോടെ മികവുറ്റ രീതിയിലാണ് ഈ ചിത്രത്തിനുവേണ്ടി പ്രതീഷ് കാമറ ചലിപ്പിച്ചത്. നിവിൻ പോളി, അനൂപ് മേനോൻ, നിക്കി ഗൽറാണി, ജോയ് മാത്യു എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം മികച്ച പ്രദർശനവിജയം നേടി.

ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികൾ, സലാം ബാപ്പു സംവിധാനം ചെയ്ത മംഗ്ലീഷ് എന്നീ ചിത്രങ്ങളും പ്രതീഷിന്റെ കാമറയിൽ തീർന്നവയാണ്. കഥയോടു താദാത്മ്യം പ്രാപിച്ചുകൊണ്ട് തന്റെ കാമറയിലൂടെ ഒപ്പിയെടുത്ത ദൃശ്യങ്ങളിലൂടെ ഈ ചിത്രങ്ങളുടെ ദൃശ്യഭംഗി വർധിപ്പിക്കാൻ പ്രതീഷിനു സാധിച്ചു.

സംവിധായകൻ കമലിന്റെ മകൻ ജനുസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ഹൺഡ്രഡ് ഡെയ്സ് ഓഫ് ലൗവ്വിനു കാമറ നിയന്ത്രിച്ചതിലൂടെ മലയാളത്തിലെ പ്രമുഖരായ യുവ ഛായാഗ്രാഹകർക്കൊപ്പമെത്താൻ പ്രതീഷിനു സാധിച്ചു. ദുൽക്കർ– നിത്യാ മേനോൻ താരജോഡിയുടെ ആകർഷണീയമായ പ്രസരിപ്പാണ് ഈ ചിത്രത്തിന് ഊർജം നൽകിയത്. ഇതിനൊപ്പം മനോഹരമായ ലൊക്കേഷനുകളും കാൻവാസുകളും ഒരുക്കി ചിത്രത്തെ ദൃശ്യമനോഹരമാക്കാൻ സംവിധായകനൊപ്പം പ്രതീഷും കഠിനാധ്വാനം ചെയ്തു. സിനിമയിലെ നിർണായക രംഗങ്ങളുടെയെല്ലാം മൂഡ് തിരിച്ചറിഞ്ഞുള്ള പ്രകാശ വിന്യാസം ഹൺഡ്രഡ് ഡെയ്സ് ഓഫ് ലൗവിന്റെ മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിലെ ഓരോ ഫ്രെയിമിലും പതിഞ്ഞിരിക്കുന്ന ഛായാഗ്രാഹകന്റെ കയ്യൊപ്പ് പ്രേക്ഷകനു വേറിട്ട അനുഭവമായി.
പോയവർഷം കോഹിനൂർ എന്ന ചിത്രത്തിലൂടെ പ്രതീഷ്, വിനയ് ഗോവിന്ദുമായി വീണ്ടും ഒന്നിച്ചു. ആസിഫ് അലി, ഇന്ദ്രജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് കോഹിനൂർ തയാറാക്കിയത്. 1988 കാലഘട്ടത്തിലെ കഥ പറഞ്ഞ കോഹിനൂറിന്റെ പശ്ചാത്തലം അതീവശ്രദ്ധയോടെ ഒരുക്കുന്നതിലും കാമറയിലാക്കുന്നതിലും പ്രതീഷ് പ്രാഗല്ഭ്യം പുലർത്തി.

പ്രമേയം ഏതാണെങ്കിലും തികഞ്ഞ കയ്യടക്കത്തോടെ കാമറ ചലിപ്പിക്കാൻ പ്രതീഷിനാവും. സിനിമയോടുള്ള ഇദ്ദേഹത്തിന്റെ ആവേശവും പ്രതിബദ്ധതയുമാണ് ഇതിനു കാരണം.

തയാറാക്കിയത്: <യ>സാലു ആന്റണി