ടെക് മേഖലയിലെ ചരിത്രം കുറിച്ച ഇടപാടുകൾ
ടെക് മേഖലയിലെ ചരിത്രം കുറിച്ച ഇടപാടുകൾ
Thursday, July 28, 2016 3:45 AM IST
ഒരു യുഗത്തിലെ മുന്നേറ്റത്തിനു വിരാമമിട്ട് ഇന്റർനെറ്റ് രാജാവായ യാഹൂ അമേരിക്കൻ ടെലികോം ഭീമനായ വെറൈസണിൽ ലയിക്കുമെന്ന പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. ഒരുകാലത്ത് 10,000 കോടി ഡോളറിനു മുകളിൽ മൂല്യമുണ്ടായിരുന്ന യാഹൂവിനെ വെറൈസൺ വാങ്ങിയതാവട്ടെ വെറും 483 കോടി ഡോളറിന്. വർഷങ്ങൾക്കു മുമ്പ് മൈക്രോസോഫ്റ്റ് നല്കിയ 4900 കോടി ഡോളറിന്റെ വാഗ്ദാനം യാഹൂ നിരസിച്ചിരുന്നു.

ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഏറ്റെടുക്കലാണിത്. നേരത്തെ പ്രഫഷണൽ നെറ്റ്വർക്കിംഗ് വൈബ്സൈറ്റായ ലിങ്ക്ഇനിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിരുന്നു. 21–ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ എടുത്തു പറയാവുന്ന 17 ഏറ്റെടുക്കലുകളാണ് ടെക് രംഗത്ത് നടന്നിട്ടുള്ളത്. 2000ത്തിൽ എഒഎൽ 18,160 കോടി ഡോളറിന് ടൈം വാർണറെ വാങ്ങിയതാണ് ഈ ശ്രേണിയിലെ ഏറ്റവും വലിയ ഇടപാട്. 2014ൽ ലെനോവോ മോട്ടോറോളയെ വാങ്ങിയതാണ് ഏറ്റവും ചെറിയ ഇടപാട്. 290 കോടി ഡോളറിനാണ് ലെനോവോ മോട്ടറോളയെ സ്വന്തമാക്കിയത്.

2016: 483 കോടി ഡോളറിന് അമേരിക്കൻ ടെക് ഭീമൻ വെറൈസൺ യാഹൂവിനെ സ്വന്തമാക്കി.

2016: 2620 കോടി ഡോളറിന് പ്രഫഷണൽ നെറ്റ്വർക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇനിനെ മൈക്രോസോഫ്റ്റ് വാങ്ങി.

2015: 3700 കോടി ഡോളിറിന് ബ്രോഡ്കോം കോർപിനെ ആവാഗോ ടെക്നോളജീസ് വാങ്ങി.

2015: 6,700 കോടി ഡോളറിന് ഡേറ്റാ സ്റ്റോറേജ് ഇൻഫർമേഷൻ സെക്യൂരിറ്റി കമ്പനിയായ ഇഎംസി കോർപറേഷനെ ഡെൽ വാങ്ങി. ടെക് രംഗത്തെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാണിത്.

2015: ചിപ്പ് മേക്കർ സ്‌ഥാപനമായ ഫ്രീസ്കെയിൽ സെമികണ്ടക്ടറിനെ 1180 കോടി ഡോളറിന് എൻഎക്സ്പി സെമി കണ്ടക്ടർ വാങ്ങി. രണ്ടു കമ്പനികളുംകൂടി ചേർന്നപ്പോൾ മൂല്യം 4000 കോടി ഡോളർ.

2014: രണ്ടു വർഷത്തിനുള്ളിൽ 200 കോടി ഡോളർ നഷ്‌ടം സമ്മാനിച്ച മോട്ടോറോളയെ ഗൂഗിൾ വിറ്റൊഴിവാക്കിയത് കേവലം 290 കോടി ഡോളറിന്. ലെനോവോയാണ് മോട്ടോറോളയെ ഏറ്റെടുത്തത്. എന്നാൽ, പേറ്റന്റുകൾ ഗൂഗിൾ വിറ്റിട്ടില്ല.

2014: സോഷ്യൽ മീഡിയാ ഭീമനായ ഫേസ്ബുക്ക് ഇൻസ്റ്റന്റ് മെസേജിംഗ് സംവിധാനമായി വാട്ട്സ്ആപിനെ വാങ്ങിയത് 2180 കോടി ഡോളറിന്.


2012: മോട്ടോറോളയെ 1240 കോടി ഡോളർ നല്കി വാങ്ങിയ സെർച്ച് എൻജിനായ ഗൂഗിൾ ലോകത്തെ ഞെട്ടിച്ചു. എന്നാൽ, ഇതാണ് കേവലം രണ്ടു വർഷത്തിനുള്ളിൽ വൻ നഷ്‌ടത്തോടെ ഗൂഗിളിനു വിറ്റൊഴിവാക്കേണ്ടിവന്നത്.

2011: ഹ്യൂലെറ്റ്–പാക്കാഡ് (എച്ച്പി) 1000 കോടി ഡോളറിന് ഓട്ടോണമിയെ വാങ്ങി. ഇതു പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി.

2011: ഓൺലൈൻ വീഡിയോ കോളിംഗ് സർവീസായ സ്കൈപ്പിനെ 850 കോടി ഡോളറിന് സോഫ്റ്റ്വെയർ ഭീമനായ മൈക്രോസോഫ്റ്റ് വാങ്ങി.

2010: സോഫ്റ്റ്വെയർ കമ്പനിയായ ഒറാക്കിൾ സൺ മൈക്രോസിസ്റ്റംസിനെ വാങ്ങിയത് 740 കോടി ഡോളറിന്.

2008: ടെക്നോളജി മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇലകട്രോണിക്സ് ഡേറ്റാ സിസ്റ്റംസിനെ എച്ച്പി വാങ്ങി. 1,300 കോടി ഡോളറിനായിരുന്നു ഇടപാട്.

2005: സോഫ്റ്റ്വെയർ സ്റ്റോറേജ് കപ്പാസിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി സീമാൻടെക് 1,350 കോടി ഡോളറിന് വെരിറ്റാസിനെ വാങ്ങി. ഈ ഇടപാട് പിന്നീട് വലിയ വിവാദങ്ങൾക്കും തകർച്ചയ്ക്കും വഴിയൊരുക്കി. കഴിഞ്ഞ വർഷം 800 കോടി ഡോളറിന് വെരിറ്റാസിനെ സിംഗപ്പൂർ കമ്പനി വാങ്ങി.

2005: പീപ്പിൾസോഫ്റ്റിനെ ഒറാക്കിൾ വാങ്ങിയത് 1110 കോടി ഡോളറിന്.

2002: പ്രധാന എതിരാളികളായ ഐബിഎമ്മിനെതിരേ പോരാടാനുള്ള എച്ച്പിയുടെ ശ്രമത്തിന്റെ ഭാഗമായി കോംപാക്കിനെ വാങ്ങി. 1900 കോടി ഡോളറിന്റെയായിരുന്നു ഇടപാട്. കാർലി ഫിയോറിന സിഇഒ ആയിരുന്ന സമയത്തെ ഈ ഇടപാട് എച്ച്പിക്ക് വലിയ നേട്ടം സമ്മാനിച്ചു.

2002: ഇന്റർനെറ്റ് നെയിം രജിസ്റ്റർ നെറ്റ്വർക്കായ നെറ്റ്വർക്ക് സൊലൂഷൻസിനെ വെറൈസൺ ഏറ്റെടുത്തത് 2100 കോടി ഡോളറിന്.

2000: ഇന്റർനെറ്റ് മേഖലയിലെ ചരിത്രത്തിലേതന്നെ ഏറ്റവും വലിയ ഇടപാടാണ് ടൈം വാർണറിനെ എഒഎൽ ഏറ്റെടുത്തത്. 18160 കോടി ഡോളറിനായിരുന്നു ഈ ഏറ്റെടുക്കൽ. 2009ൽ ഈ സഖ്യം പിരിഞ്ഞു.