അവസാനിക്കുന്നില്ല...ഒഴിവുദിവസത്തെ കളി
അവസാനിക്കുന്നില്ല...ഒഴിവുദിവസത്തെ കളി
Tuesday, July 26, 2016 4:02 AM IST
<യ> ലിജിൻ കെ. ഈപ്പൻ

നിയമവും നീതിയും നിറഞ്ഞതാണ് ഓരോ കളികളും. അതിന്റെ ചുറ്റുവട്ടത്തിലാണ് കളികൾ നടക്കേണ്ടത്. കളിയിൽ നിന്നു കാര്യത്തിലേക്കു വഴിമാറുമ്പോൾ അതൊരു ഞെട്ടലായിത്തീരാം. ഒഴിവു ദിവസത്തെ കളി തീർക്കുന്ന സാമൂഹിക രാഷ്ട്രീയ ജീവിതാന്തരീക്ഷത്തിലെ ഉൾക്കളികളും ചിന്താധാരകളും ഓരോ പ്രേക്ഷകനെയും തിയറ്ററിൽ ഞെട്ടിക്കുന്നത് അവനവന്റെ ആത്മ ബോധത്തിൽ നിന്നുമാണ്. സനൽ കുമാർ ശശിധരൻ പടച്ചു വിടുന്ന ചോദ്യങ്ങൾ സമൂഹത്തിൽ ഇന്നു നിലനിൽക്കുന്ന അസന്തുലിതാവസ്‌ഥയുടെയും ജാതീയനേർക്കാഴ്ചയുടേയും തുറന്നുകാട്ടലിലാണ് എത്തി നിൽക്കുന്നത്. ഇതൊരു തുടക്കമാണ്. കണ്ണാടിയിൽ പ്രതിബിംബമെന്നവണ്ണം എന്റെയുള്ളിലെ എന്നെ നോക്കാൻ ഓരോ പ്രേക്ഷകനെയും ഓർമപ്പെടുത്തുന്നൊരു തുടക്കം.

അരുവിക്കര ഇലക്ഷൻ ദിവസം ആഘോഷമാക്കിമാറ്റാൻ കാടിനുള്ളിലെ വിശ്രമവീട്ടിലെത്തിയതാണു കൂട്ടുകാർ അഞ്ചുപേർ. മദ്യപാനമാണു ലക്ഷ്യം. ഒരു ഗൾഫുകാരൻ, ഒരു റബർ വ്യവസായി, ഒരു സർക്കാരുദ്യോഗസ്‌ഥൻ, സുഹൃത്തുക്കൾ നമ്പൂതിരി എന്നു വിളിക്കുന്നയാൾ, പിന്നെ ദാസൻ എന്ന യുവാവും. അവിടെ അവർക്കു സഹായത്തിനു നാരായണനും ഗീത എന്ന വേലക്കാരിയുമുണ്ട്. ലഹരിയുടെ കാണാക്കയത്തിലേക്കു ഊളിയിട്ടിറങ്ങുമ്പോൾ ചേഷ്ടകളും ജല്പനങ്ങളും പലപ്പോഴും അതിരു കടക്കാം. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഗർവും അപകർഷതയുമെല്ലാം പുറത്തെടുക്കാം. അഞ്ചുപേരുടെയും മദ്യസേവ പുരോഗമിക്കുന്നതെങ്ങനെയാണ്. രാഷ്ട്രീയവും സാംസ്കാരികവും ജാതിചിന്തകളുമായി സംഭാഷണങ്ങൾ പലകുറി വാക്വാദങ്ങളും തർക്കങ്ങളുമായി പുരോഗമിക്കുന്നു. ദാസന്റെ നിറം കറുത്തതാണ്. തന്നെ കറുമ്പനെന്നു വിളിക്കുന്നത് അവന്റെ ആത്മാഭിമാനത്തിനു തന്നെ ക്ഷതമായി അപ്പോഴവനു തോന്നുന്നുണ്ട്. പിന്നവർ കള്ളനും പോലീസും രാജാവും മന്തിയും നിയമജ്‌ഞനുമുള്ളൊരു കളിയിലേക്കെത്തുന്നു. ഒഴിവു ദിവസം ആഘോഷമാക്കിമാറ്റുന്ന ആ കളി കാര്യമായിത്തീരുന്നിടത്തു ചിത്രം അവസാനിക്കുന്നു. ചിത്രത്തിന്റെ അവസാന ഷോട്ടിൽ ഞെട്ടി ത്തരിക്കുന്നതിനോടൊപ്പം ഒഴിവാക്കാനാവാത്ത കളിയിലേക്ക് പ്രേക്ഷകനും എത്തിനിൽക്കുന്നു. കളികൾ അങ്ങനെയാണല്ലൊ, പതിഞ്ഞ രസച്ചരടിൽ നിന്നും ഭ്രമാത്മകമായി പര്യവസാനിക്കുകയാണ് പതിവ്. ആ പതിവ് ഇവിടെയും തെറ്റിയിട്ടില്ല.

പുരുഷകേന്ദ്രീകൃതമായ ചുറ്റുപാടിൽ അവന്റെ മനസിൽ സ്തീകളോടുണ്ടാകുന്ന ലൈംഗിക വികാര വിചാരങ്ങളും ചിത്രത്തിൽ വളരെ സമർത്ഥമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. സമൂഹത്തിനു നേരേ വിരൽ ചൂണ്ടുമ്പോഴും ഒരു വെല്ലുവിളിക്കൊരുങ്ങാതെ ഇതാണ് നമ്മൾ, ഇതാണ് നമ്മുടെ ചിന്താരീതികൾ എന്നുമാത്രമാണു സംവിധായകൻ ഇവിടെ പറയുന്നത്.

മികച്ച ചിത്രത്തിനുള്ള സംസ്‌ഥാന പുരസ്കാര നേട്ടവും ഇപ്പോഴുള്ള തിയറ്റർ വിജയത്തിലൂടെയും ചില പൊളിച്ചെഴുത്തലുകളാണ് ഈ ചിത്രം മലയാളത്തിൽ നൽകുന്നത്. കലാമൂല്യത്തിനൊപ്പം സാമ്പത്തിക വിജയവും നേടുന്നതിലൂടെ മറ്റൊരു ചരിത്രത്തിനു തന്നെ ഒഴിവു ദിവസത്തെകളി കാരണമാകുന്നു. സിനിമയെ സ്നേഹിക്കുന്ന ഒരുപാടുപേർക്കു മുന്നോട്ടു പോകാനുള്ള ധൈര്യമാണ്ചിത്രം നൽകുന്നത്. ഇവിടെ സാമൂഹ്യമാധ്യമങ്ങൾ ഈ ചിത്രത്തിന്റെ വിജയകാരണമായിത്തീർന്നു എന്നു നിസംശയം പറയാം. ഒരു അവാർഡു നേടിയ ചിത്രത്തിനു വേണ്ടി മലയാളികൾ ഇത്രമാത്രം കാത്തിരുന്നിട്ടില്ല എന്നതു തന്നെ ഈ ചിത്രത്തിനുള്ള അംഗീകാരമാണ്.


നിശ്ചിതമായ ദിവസത്തിൽ ഇരുപത് ലക്ഷം രൂപയ്ക്കുള്ളിലെ ബഡ്ജറ്റിൽ ചിത്രം പൂർത്തികരിക്കാൻ സനൽ കുമാറിനു കഴിഞ്ഞതാണു ചിത്രത്തിന്റെ മറ്റൊരു വിജയം. സിങ്ക് ശബ്ദമിശ്രീകരണം ചിത്രത്തിന്റെ സ്വാഭാവികമായ ഒഴുക്കിനു ശക്‌തമായ അടിത്തറ നൽകുന്നുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ അതു ബോറടിപ്പിച്ചു എന്നതും വാസ്തവമാണ്. കുറച്ചു നേരം മാത്രമെങ്കിലും ബേസിൽ ജോസഫിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിനു മുതൽക്കൂട്ടാകുന്നു. കളിയുടെ കാഴ്ചക്കാരെപോലെ പ്രേക്ഷകനെ ചിത്രത്തിനോടൊപ്പം കൊണ്ടുപോകുന്നതിൽ എസ്. ഇന്ദ്രജിത്തിന്റെ ഛായാഗ്രഹണം വിജയിച്ചിരിക്കുന്നു. ഒരു കെട്ടിടത്തിനകത്തു മാത്രമെന്ന വെല്ലുവിളിയിലും രണ്ടാം പകുതിയിൽ 51 മിനിറ്റു ദൈർഘ്യമുള്ള ഒറ്റ ഷോട്ടിനാൽ കഥ പറയാൻ കഴിഞ്ഞതാണ് അണിയറ പ്രവർത്തകരുടെ മറ്റൊരു വിജയം.

ആസ്വാദന തലത്തിൽ ആദ്യ പകുതിയിലുണ്ടാക്കുന്ന ഇഴച്ചിൽ പലപ്പോഴും പ്രേക്ഷകർക്കു മുഷിച്ചിലുണ്ടാക്കുന്നുണ്ട്. എന്നാൽ നാടകീയത ഒട്ടുമില്ലാതെ അഭിനേതാക്കളുടെ പ്രകടനം അതിനെ അതിജീവിക്കുന്നുണ്ട്. മുൻകൂട്ടി എഴുതപ്പെട്ട തിരക്കഥയുടെ പിൻബലമില്ലാതെ തന്നെ സ്വാഭാവികമായി പെരുമാറുന്നതാണ് പാത്രസൃഷ്ടികളുടെ കരുത്ത്. ഉണ്ണി ആറിന്റെ കഥയിലാണ് സനൽ കുമാർ ശശിധരൻ ചലച്ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. പതിവ് ഉണ്ണി ആറിന്റെ ചിത്രങ്ങൾ പോലെതന്നെ ശാന്തസുന്ദരമായ ആരംഭത്തിൽ നിന്നും ദുരന്തപൂർണമായ അന്ത്യമാണ് ഈ കഥയിലും കാണുന്നത്. ഉണ്ണി ആർ തിരക്കഥ ഒരുക്കിയ മുന്നറിയിപ്പിലും ലീലയിലും ഇതേ പരിണാമം നമ്മൾ കണ്ടതുമാണ്. എന്നിരുന്നാലും ആസ്വാദനത്തിലും അതിനപ്പുറവും ചിത്രം മറ്റൊരു പ്രേക്ഷകരെ മറ്റൊരു തലത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ചിത്രം തിയറ്ററുകളിലെത്തിച്ച സംവിധായകൻ ആഷിഖ് അബു പറഞ്ഞതുപോലെ എത്ര മുൻവിധികളോടെ കണ്ടാലും ഈ ചിത്രം പ്രേക്ഷകനെ ഞെട്ടിക്കുക തന്നെ ചെയ്യുന്നുണ്ട്.

ഒഴിവുദിവസത്തെ കളി സാധാരണക്കാരന്റെ ചിത്രമാണ്. അതിൽ അവന്റെ ജീവിതമുണ്ട്, സംഘർഷങ്ങളുണ്ട്, മാനസികവ്യാപാരമുണ്ട്. ഒരു കളിക്കാരനെ പോലെ ചിത്രം തീർക്കുന്ന ചട്ടക്കൂടിൽ പ്രേക്ഷകനും പങ്കാളിയാകുന്നു. ഒഴിവുദിവസത്തെ കളി അവസാനിക്കുന്നില്ല... ഒരു പ്രേക്ഷകനിൽ നിന്നും ഒരുകൂട്ടം പ്രേക്ഷകരിലേക്കു ചിത്രം പടർന്നുകൊണ്ടേയിരിക്കുന്നു.