ആട് എന്നാൽ ആദായം
ആട് എന്നാൽ ആദായം
Sunday, July 17, 2016 3:00 AM IST
<യ>ഡോ. സാബിൻ ജോർജ്
അസിസ്റ്റന്റ് പ്രഫസർ
വെറ്ററിനറി കോളേജ്
മണ്ണുത്തി, തൃശൂർ

ചുരുങ്ങിയ സ്‌ഥലലഭ്യതയുള്ള കേരളത്തിന്റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ മൃഗസംരക്ഷണ പ്രവർത്തനമാണ് ആടു വളർത്തൽ. പെട്ടെന്ന് പെറ്റു പെരുകുന്നതിനുള്ള കഴിവും, ചെലവു കുറഞ്ഞ പരിപാലന രീതികളും ഇവയെ ആകർഷകമാക്കുന്നു. നാട്ടിലും പുറത്തുമുള്ള ആട്ടിറച്ചിയുടെ ആവശ്യകത ഈ സംരംഭത്തിന്റെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഒരാടിന് ഒരു ദിവസം മൂന്നു നാലു കിലോ വരെ പുല്ലും, പച്ചിലകളും ആവശ്യമായി വരും. ഈ നിരക്കിലുള്ള ലഭ്യത വർഷം മുഴുവനും നിലനിർത്തേണ്ടതുണ്ടെന്നതിനാൽ, പറമ്പിലെ പുല്ലും പ്ലാവിലയും മറ്റും ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം തന്നെ തീറ്റപ്പുൽ കൃഷിയിലേക്കും കൂടി ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്.

ഗിനിപ്പുല്ല്, സങ്കര നേപ്പിയർ, ലൂ സേൺ, സുബാബുൾ, സ്റ്റൈലോ സാന്തസ്, അസോള, ശീമക്കൊന്ന എന്നിവ സ്‌ഥലത്തിന്റെ പ്രത്യേകതകൾക്കനുസൃതമായി നമുക്ക് നട്ടുപിടിപ്പിക്കാം.

വായു സഞ്ചാരവും, സൂര്യപ്രകാശവും ലഭ്യമാകുന്ന തരത്തിലാണ് കൂടു നിർമിക്കേണ്ടത്. കൂട് മൺനിരപ്പിൽ നിന്നും ഒരു മീറ്ററെങ്കിലും ഉയരത്തിലായിരിക്കണം. കൂടിന്റെ മേൽക്കൂര ഓല, ഓട്, തകര/അലുമിനിയം ഷീറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് നിർമിക്കാവുന്നതാണ്.

പ്ലാറ്റ്ഫോം നിർമാണത്തിനായി തെങ്ങ്, കമുക്, പനമരം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ നിർമിക്കുന്ന പ്ലാറ്റ്ഫോം പലകകൾ തമ്മിൽ ഒരു സെന്റീമീറ്റർ വിടവു നൽകേണ്ടതാണ്. വെള്ളവും മൂത്രവും കെട്ടിനിൽക്കാത്ത രീതിയാണ് പ്ലാറ്റ്ഫോം നിർമാണ ത്തിൽ അവലംബിക്കേണ്ടത്. ഒരു ആടിന് ഒരു ചതുരശ്രമീറ്റർ സ്‌ഥലം കൂടിനുള്ളിൽ ഉണ്ടായിരിക്കണം. ആട്ടിൻകുട്ടികൾ, മുട്ടനാട്, ചെനയുള്ള ആട്, പ്രസവിച്ച ആട്, കറവയാട് എന്നിവയ്ക്ക് പ്രത്യേകം സ്‌ഥലം നൽകേണ്ടതുണ്ട്.

പ്രത്യുത്പാദനശേഷിയും രോഗപ്രതിരോധശേഷിയും, തീറ്റപരിവർത്തനനിരക്കും, കണക്കിലെടുക്കുമ്പോൾ മലബാറി ആടുകളാണ് നമ്മുടെ നാടിനനുയോജ്യം. ഇവയ്ക്ക് അറുപതു ശതമാനം പ്രസവത്തിലും ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടാകാറുണ്ട്. പൊതുവായ ആരോഗ്യ ലക്ഷണങ്ങൾ, ജനുസിന്റെ ഗുണങ്ങൾ എന്നിവയോടൊപ്പം തന്നെ ഒരു പ്രസവ ത്തിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം, പ്രസവങ്ങൾക്കിടയിലുള്ള ദൈർഘ്യക്കുറവ്, ശരീര വളർച്ചയുടെ തോത്, പാലുത്പാദനശേഷി എന്നിവയ്ക്കും പ്രാധാന്യം കൊടുത്തുവേണം ആടുകളെ തെരഞ്ഞെടുക്കുന്നത്.

പതിനഞ്ചു കിലോഗ്രാം തൂക്കമെത്തിയ മദിലക്ഷണം കാണിക്കുന്ന പെണ്ണാടുകളെ ഇണ ചേർക്കാവുന്നതാണ്. ഇത് ഏഴു മുതൽ എട്ടു മാസത്തിനുള്ളിലാണ്. 150 ദിവസമാണ് ആടിന്റെ ഗർഭകാലം. രണ്ടു വർഷത്തിൽ മൂന്ന് പ്രസവങ്ങളാണ് ഒരു മലബാറി ആടിൽ നിന്നും ശരാശരി ലഭിക്കുന്നത്. ഇരുപത് ഇരുപത്തഞ്ച് പെണ്ണാടുകളെ ഇണ ചേർക്കുന്നതിനായി ഒരു മുട്ടനാടിനെ നിലനിർത്തിയാൽ മതിയാകും. രക്‌തബന്ധമുള്ള ആടുകൾ തമ്മിൽ ഇണചേർക്കുന്നത് ഒഴിവാക്കേണ്ടതാണ്.


<ശാഴ െൃര=/ളലമേൗൃല/ഏീമബേളമൃാ02.ഷുഴ മഹശഴി=ഹലളേ>

ആന്തരിക പരാദങ്ങളുടേയും ചെള്ള്, പേൻ, പട്ടുണ്ണി പോലുള്ള ബാഹ്യപരാദങ്ങളുടേയും നിയന്ത്രണം ആട് വളർത്തലിൽ വളരെ പ്രാധാന്യമർഹിക്കുന്നു. വളർച്ചയുടെ ഘട്ടത്തിൽ രണ്ടുമാസത്തിലൊരിക്കലെങ്കിലും വിരയിളക്കേണ്ടതാണ്. ബാഹ്യപരാദങ്ങളുടേയും നിയന്ത്രണത്തിനായി മരുന്നുകൾ ശരീരത്തിൽ സ്പ്രേ ചെയ്യുകയോ, തേച്ചു പിടിപ്പിക്കുകയോ ചെയ്യാവുന്നതാണ്. മാരകമായ എന്ററോടോക്സിമിയ, ആട് പ്ലേഗ്, കുളമ്പ് രോഗം എന്നീ അസുഖങ്ങൾക്ക് കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ വേണം.

പുതിയതായി കൊണ്ടുവരുന്ന ആടുകളെ രണ്ടാഴ്ചയെങ്കിലും നിരീക്ഷണത്തിൽ വെച്ചതിനുശേഷം മാത്രമേ മറ്റുള്ളവയുമായി ഇടകലർത്താവൂ. താരതമ്യേന കൊളസ്ട്രോളും കൊഴുപ്പും കുറഞ്ഞ ആട്ടിറച്ചിക്ക് മതപരമായോ മറ്റു രീതികളിലോ ഉള്ള വിലക്കുകൾ ഒന്നും തന്നെയില്ല. എളുപ്പം ദഹിക്കുന്ന ആട്ടിൻപാൽ പല ആയുർവേദ മരുന്നുകളുടേയും ചേരുവയാണ്. ആട്ടിൻകാഷ്ഠത്തിൽ അടങ്ങിയിരിക്കുന്ന നൈട്രജനും, ഫോസ്ഫറസും അതിനെ നല്ല ഒരു ജൈവവളമാക്കി മാറ്റുന്നു. പ്രജനനത്തിനായുള്ള ആട്ടിൻകുട്ടികൾക്ക് കേരളത്തിൽ നല്ല ഡിമാൻഡാണുള്ളത്. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള വിപണനത്തിനായി കർഷകർ സംഘടിക്കേണ്ടതുണ്ട്.

ആട്ടിൻകുട്ടി ജനിച്ചയുടനെതന്നെ അരമണിക്കൂറിനകം കന്നിപ്പാൽ നൽകുന്നതാണ് പ്രധാനം. ഇതുവഴി പ്രതിരോധശേഷി കൈവരിക്കാൻ ആട്ടിൻകുട്ടികൾക്കാവുന്നു. മഴയും തണുപ്പും ബാധിക്കാതെ വേണം ഇവയെ പാർപ്പിക്കാൻ. ഈർപ്പം നിറഞ്ഞ അന്തരീക്ഷം ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ആട്ടിൻകുട്ടികളിൽ കാണുന്ന വയറിളക്കത്തിന് വൈദ്യസഹായം തേടേണ്ടതാണ്. കറവയുള്ള ആടുകൾക്ക,് ഒരു ലിറ്റർ പാലിന് 400 ഗ്രാം എന്ന നിരക്കിലും ചെനയുള്ള ആടുകൾക്ക് നാലാം മാസം മുതൽ 250 ഗ്രാം എന്ന കണക്കിലും സാന്ദ്രീകൃത ആഹാരം ദിവസവും നൽകേണ്ടതുണ്ട്.

പൂപ്പൽ ബാധിച്ചതും, കട്ടപിടിച്ചതുമായ തീറ്റ ആടുകൾക്ക് നൽകരുത്. പായസം, കഞ്ഞി, പഴുത്ത ചക്ക മുതലായവ അധികമായി നൽകുന്നത് മരണത്തിലേക്കു വരെ എത്തിച്ചേക്കാം. ദ്രവരൂപത്തിലുള്ള മരുന്നുകൾ പിടിച്ചു കൊടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഇവ ശ്വാസകോശത്തിലെത്തി ന്യുമോണിയ പിടിപെടാനുള്ള സാധ്യത വളരെ അധികമാണ്. ആടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കാൻ ശ്രദ്ധിക്കുക.