അമ്മയ്ക്ക് പകരം മൊബൈലോ?
അമ്മയ്ക്ക് പകരം മൊബൈലോ?
Thursday, July 14, 2016 4:14 AM IST
90 കളിൽ

എട്ടാം ക്ലാസുകാരിയായ ലക്ഷ്മി സ്കൂളുവിട്ടു വീട്ടിലേക്ക് എത്തുന്നതുതന്നെ അന്നത്തെ വിശേഷങ്ങൾ അമ്മയോടു പറയാനുള്ള ആവേശത്തിലായിരുന്നു. ചൂടോടെ നാലുമണി പലഹാരങ്ങളുണ്ടാക്കി മക്കളെയും കാത്ത് അമ്മ പൂമുഖത്തുണ്ടാകും. പിന്നെ രാവിലെ മുതലുള്ള വിശേഷങ്ങൾ അമ്മയോടു പറയുകയായി. അമ്മയ്ക്കു പറയാനുള്ളതൊക്കെ മക്കളും ശ്രദ്ധയോടെ കേട്ടിരിക്കും. ജോലി കഴിഞ്ഞ് അച്ഛനെത്തുമ്പോൾ ചായയുമായി തീൻമേശയ്ക്കു ചുറ്റുമിരുന്ന് എല്ലാവരും തങ്ങൾക്കു പറയാനുള്ള കാര്യങ്ങളൊക്കെ പറയും. സന്ധ്യാ പ്രാർഥനയ്ക്കുശേഷം അൽപനേരം എല്ലാവരും ഒരുമിച്ചിരുന്ന് ടിവി കണ്ടതിനുശേഷം പഠിക്കാനായിരിക്കും. അന്ന് സന്തതസഹചാരിയായി മൊബൈൽ ഫോണോ ഇന്റർനെറ്റോ ആരുടെയും കൈകകളിലുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഒരുമിച്ചിരുന്ന് സംസാരിക്കാൻ സമയമേറെയുണ്ടായിരുന്നു. മക്കൾക്ക് എന്തും തുറന്നു പറയാൻ കഴിയുന്ന നല്ല സുഹൃത്തുക്കളായിരുന്നു അച്ഛനമ്മമാർ.

ഇന്ന്

സ്കൂളും കോളജും കഴിഞ്ഞു വരുന്ന മക്കൾ സമയം ചെലവഴിക്കുന്നത് ഇന്റർനെറ്റിലും മൊബൈൽ ഫോണിലുമാണ്. വീട്ടിൽ നിന്ന് അകലെയുള്ള സ്‌ഥലങ്ങളിൽ പോയി പഠിക്കുന്നുവെന്ന കാരണത്താൽ മക്കൾക്ക് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങി നൽകുന്ന മാതാപിതാക്കൾ അറിയുന്നില്ല അവരുടെ പോക്ക് എങ്ങോട്ടാണെന്നുള്ള കാര്യം. നൂതന സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്ന ന്യൂജെൻ കുട്ടികൾ( ആണായാലും പെണ്ണായാലും) ചെന്നു ചാടുന്നത് ചതിക്കുഴിയിലേക്കാണ്.

ഇന്നത്തെ ജീവിത സാഹചര്യത്തിൽ അച്ഛനും അമ്മയ്ക്കും ജോലി എന്നുള്ളത് അനിവാര്യമായതിനാൽ പഠനശേഷം കുട്ടികൾ വീട്ടിലെത്തുമ്പോൾ മിക്കവാറും വീടുകളിൽ രക്ഷിതാക്കൾ ഉണ്ടാകാറില്ല. മാതാപിതാക്കൾ തിരിച്ചെത്തിയാലും തിരക്കുമൂലം അൽപസമയം കുട്ടികൾക്കൊപ്പം ചിലവഴിക്കാനോ അവരുടെ വിശേഷങ്ങൾ കേൾക്കാനും ഭൂരിഭാഗം പേരും തയാറാകില്ലെന്നതും വാസ്തവാണ്. ഇത്തരം സാഹചര്യങ്ങളിൽ മൊബൈൽ ഫോണിലോ ഇന്റർനെറ്റിനു മുന്നിലെ ഇരുന്ന് സമയം ചെലവഴിക്കുന്ന കുട്ടികൾ ചാറ്റിംഗിലെത്തുന്ന ആൾ ആരാണെന്നു പോലും അറിയാതെ സൗഹൃദത്തിലായി ചതിക്കപ്പെടുന്ന സംഭവങ്ങളും ഇന്ന് നിത്യസംഭവങ്ങളാണ്.

മുമ്പ് മക്കൾ വരുന്ന നേരം അൽപമൊന്നു തെറ്റിയാൽ വഴിക്കണ്ണുമായി അമ്മ മക്കളെ തിരക്കിയിറങ്ങും.
അമ്മയുടെ സ്‌ഥാനം ഇന്ന് മൊബൈൽ ഫോണും ഇന്റർനെറ്റും കൈയടക്കിയിരിക്കുന്നു. മക്കൾ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ആരോടൊക്കെ ചാറ്റ് ചെയ്യുന്നു, ആരൊക്കെയാണ് അവരുടെ കൂട്ടുകാർ, അവർ എവിടെയൊക്കെ പോകുന്നുവെന്നു പോലും പല മാതാപിതാക്കൾക്കും അറിയില്ല. ഈ ചർച്ചയിൽ വിവിധ മേഖലയിലുള്ളവർ പ്രതികരിക്കുന്നു.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ14ുമ2.ഷുഴ മഹശഴി=ഹലളേ>

<യ> അമ്മയും മകളും ആരെയും കൊതിപ്പിക്കുന്ന ചേരുവ

തനൂജ ഭട്ടതിരി, സാഹിത്യകാരി

അമ്മയും മകളും ആരെയും കൊതിപ്പിക്കുന്ന ചേരുവകളാണ്. ഏതു കാലത്തും... എങ്ങനെയും...
പുതിയ ലോകത്ത്, എന്നും, എപ്പോഴും എല്ലാം പുതുതായിരിക്കും... പഴയലോകം എന്നും മാറ്റത്തിൽ അദ്ഭുതത്തോടെ, അൽപം സങ്കടത്തോടെ കഴിയും, പുതുമ നഷ്ടപ്പെടുന്നതിന്റെ വ്യാകുലതയ്ക്കൊപ്പം മുന്നോട്ടുള്ള കാലത്തിന്റെ വലിച്ചിലിൽ വേദനിയ്ക്കുന്നവർ! എന്റെ അമ്മ എന്നോടൊപ്പം നടന്നപോലെ, എനിക്ക് എന്റെ മക്കളോടൊപ്പം നടക്കാൻ പറ്റാറില്ല. ഞാനും തിരക്ക്... അവരും തിരക്ക്...
എന്റെ അമ്മയോടൊപ്പം ഞാൻ മഴ കൊണ്ടു, നിലാവു കണ്ടു, പാട്ടു കേട്ടു, കഥകൾ പറഞ്ഞു. ശരിയാണ്, അന്ന് മൊബൈൽഫോൺ എന്നൊരു സംഭവം ഇല്ല. ആളുകൾക്ക് സമയമുണ്ട്. ചുറ്റും നോക്കാൻ... പ്രകൃതിയെ കാണാൻ. ഇന്ന് ഞാനുൾപ്പെടെ പലരും അൽപം സമയം കിട്ടിയാൽ മൊബൈലിലേക്ക് തിരിയും...

എന്നിട്ടും... ആ ചേരുവ... മനംമയക്കുന്ന അതിമനോഹരക്കൂട്ട്... അമ്മയും മകളും... ഇപ്പോഴുമുണ്ട്... മൊബൈലിലെ പൂവും മഴയും, ചിരിയും മടുക്കുമ്പോൾ, തോളിൽ കൈയിട്ട്, തമാശ പറയാനും പല രാജ്യങ്ങളിലും കറങ്ങി തളരുമ്പോൾ അമ്മേ... എന്തുണ്ട് വിശേഷം’ എന്നു ചോദിക്കാനും സെൽഫി പ്രവാഹം നടത്താനും ലോകാത്ഭുതങ്ങൾ അവരയയ്ക്കുന്നത് കാണാതെ, മക്കളെ കാണാനും കണ്ട് അദ്ഭുതപ്പെടാനും, അമ്മ എപ്പോഴും കാത്തിരിക്കുന്നു എന്ന സത്യം അറിയുന്ന മക്കൾ... അതൊരു ഭാഗ്യമല്ലേ?


<യ>മക്കളോടു സ്നേഹം പ്രകടിപ്പിക്കണം

കലാ ഷിബു
കൗൺസിലർ, വനിത വികസന കോർപ്പറേഷൻ(റീച്ച്)/ മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം

മകളുടെ കൗമാരം അമ്മയുടെ കൈകളിലൂടെ പോകണം. ഇന്ന് ടെക്നോളജി അഡ്വാൻസ്ഡ് ആണ്. അതുകൊണ്ടുതന്നെ സമയപ്രായക്കാർ മൊബൈൽഫോൺ ഉപയോഗിക്കുമ്പോൾ അത് ഉപയോഗിക്കരുതെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ അമ്മ അറിഞ്ഞുതന്നെ വേണം ഫോൺ ഉപയോഗിക്കാൻ. അമ്മയ്ക്കുമുണ്ടായിരുന്നു കൗമാരം. അതുകൊണ്ടുതന്നെ മകളുടെ പ്രശ്നങ്ങളും വികാരങ്ങളുമെല്ലാം മറ്റാരെക്കാളും മനസിലാക്കാൻ അമ്മയ്ക്കു കഴിയും. അമ്മയുടെ സ്നേഹവും കരുതലും കിട്ടിയാൽ ഒരു കുഞ്ഞും തെറ്റിലേക്കു പോകില്ല.

ഇന്ന് ഉദ്യോഗസ്‌ഥരായ അമ്മമാരാണ് ഏറെയും. 24 മണിക്കൂറും മക്കളുടെ പുറകെ നടന്ന് അവരെ ശാസിക്കുകയും നിയന്ത്രിക്കുകയുമൊന്നും വേണ്ട. രണ്ടു മണിക്കൂറെങ്കിലും മക്കൾക്കൊപ്പം ചിലവഴിക്കണം. എന്നാലെ അവരുടെ മനസ് അറിയാൻ പറ്റൂ. അവരോട് സ്നേഹം പ്രകടിപ്പിക്കുക തന്നെ വേണം. അമ്മ പറയുന്നതാണ് ശരിയെന്നു മക്കൾക്കു തോന്നണമെങ്കിൽ അത് അടിച്ചേൽപ്പിക്കൽ ആകരുത്. മറിച്ച് അവർക്ക് സ്വയം തോന്നുന്നതരത്തിലുള്ള ഇടപെടൽ ആകണം.


<യ>മക്കളുടെ നല്ല സുഹൃത്താകണം

വിനു ഗോപകുമാർ
അസി.സെക്ഷൻ ഓഫീസർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ്, പനങ്ങാട്, കൊച്ചി

കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വാട്സ്ആപും ഫേസ്ബുക്കും മറ്റ് സാമൂഹിക മാധ്യമങ്ങളും പുത്തൻതലമുറയിൽ കടുത്ത സ്വാധീനമാണ് ചെലുത്തുന്നത്. ഒരു പെൺകുട്ടിയെ സംബന്ധിച്ച് അമ്മ അവളുടെ സുഹൃത്തും വഴികാട്ടിയുമൊക്കെ ആയിരിക്കണം. നമ്മളോട് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മക്കൾക്കു കൊടുക്കണം. അല്ലാത്തപക്ഷം അവർ പിയർ ഗ്രൂപ്പുകളിൽ അഭയം തേടും. ഒരു പക്ഷേ വഴിത്തെറ്റിയ സന്ദേശങ്ങളായിരിക്കും അവർക്ക് അവിടെ നിന്നു ലഭിക്കുന്നത്. കുട്ടികൾ അറിയാതെ എപ്പോഴും നമ്മുടെ ശ്രദ്ധ അവരിലുണ്ടാകണം. മുറിയടച്ചിരുന്നു സമയം ചെലവഴിക്കാൻ കുട്ടികളെ അനുവദിക്കരുത്. ഇന്നത്തെ രക്ഷിതാക്കൾ മക്കൾക്ക് കംപ്യൂട്ടറും സോഷ്യൽമീഡിയയിൽ സംവദിക്കാനുള്ള മാർഗങ്ങളും ഒരുക്കി പ്രത്യേക മുറിയും നൽകും. അവർ എന്തു ചെയ്യുന്നുവെന്നോ ആരോടാണ് സംസാരിക്കുന്നതെന്നോ ശ്രദ്ധിക്കാറില്ല. ഇത് അപകടം വിളിച്ചുവരുത്തും.


പെൺകുട്ടികൾക്ക് അമ്മമാരോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം നൽകണം. അവർ സംസാരിച്ചു തുടങ്ങുമ്പോൾ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവരുടെ സംസാരം കേട്ട് പരിഹാരം കാണേണ്ടിടത്ത് വേണ്ട രീതിയിൽ ഇടപെട്ടാൽത്തന്നെ ഏതു പ്രതിസന്ധിയിലും അമ്മ ഒപ്പമുണ്ടാകുമെന്ന വിചാരം മക്കൾക്കുണ്ടാകും. അങ്ങനെ മക്കൾക്കൊപ്പം നടന്ന് അവരെ നേർവഴിയെ നടത്താം.


<യ>ന്യൂജെന് അമ്മയെക്കാൾ പ്രിയം നവമാധ്യമങ്ങൾ

അർച്ചന പി. തങ്കച്ചൻ
ബിടെക് ഫൈനൽ ഇയർ, ഡിഎംഐ എൻജിനിയറിംഗ് കോളജ്, കന്യാകുമാരി

ഒരു നാണയത്തിനു രണ്ടു വശങ്ങളുണ്ട്. അതുപോലെതന്നെയാണ് ഈ വിഷയവും. ഇപ്പോഴത്തെ പെൺകുട്ടികൾക്ക് അമ്മയുമായുള്ള അടുപ്പം കുറഞ്ഞുവരുകയാണ്. ആ സ്‌ഥാനം ഇപ്പോൾ കൈയടക്കിയിരിക്കുന്നത് ഫേസ്ബുക്കും വാട്സ്ആപ്പുമാണ്. പണ്ട് അമ്മയുടെ മടിയിൽ തല വച്ചുകിടന്ന് അമ്മയ്ക്കു മാസിക വായിച്ചു കൊടുക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ അമ്മയുടെ മടിയിൽ കിടന്ന് വാട്സ് ആപ്പും ഫേസ്ബുക്കുമാണ് ന്യൂജെൻ കുട്ടികൾ നോക്കുന്നത്. അമ്മയുടെ വിഷമം പങ്കുവയ്ക്കുമ്പോൾ അത് കേൾക്കാതിരിക്കാൻ ഹെഡ്സെറ്റും ചെവിയിൽ തിരുകും. അമ്മയേക്കാളുപരി നാമിന്ന് സ്നേഹിക്കുന്നത് നവമാധ്യമ സുഹൃത്തുക്കളെയാണ്. അമ്മയുടെ പിറന്നാളിന് എഫ്ബിയിൽ പോസ്റ്റ് ഇടുമ്പോൾ അതിൽ തേനും പാലുംകൊണ്ട് സ്നേഹം നിറയ്ക്കുന്നു. എന്നാൽ പിറന്നാൾ ദിനത്തിൽ അമ്മയെ ചേർത്തുനിറുത്തി, ആ കവിളിൽ ചുംബിച്ചുകൊണ്ട് പിറന്നാൾ ആശംസകൾ പറയുന്ന എത്രപേർ നമുക്കിടയിലുണ്ടാകും. അതിനേക്കാൾ നമ്മളിട്ട പോസ്റ്റിന് എത്ര ലൈക്കും കമന്റും കിട്ടിയെന്നു നോക്കാനായിരിക്കും താൽപര്യം.

അമ്മയെന്നു വിളിച്ചോണ്ടു വീട്ടിലേക്കു വന്നിട്ട് ആദ്യം നോക്കുന്നത് ഫോണിൽ എത്ര ചാർജ് ഉണ്ടാകുമെന്നാണ്. അമ്മയുടെ സ്നേഹവും മാധുര്യവും തിരിച്ചറിയുന്നത് നമ്മളെല്ലാവരും അമ്മമാരാകുമ്പോഴാണ്. തന്റെ മകൾ കോളജിൽ നിന്നോ ജോലി സ്‌ഥലത്തുനിന്നോ വരാൻ വൈകുമ്പോൾ അമ്മയുടെ നെഞ്ചു പിടയുന്നത് നാം കാണാറില്ല. എന്തിനാ അമ്മ എപ്പോഴും എന്നെ വിളിക്കുന്നതെന്നു ചോദിക്കാത്തവർ ഉണ്ടാവില്ല. അമ്മ ആശുപത്രിയിലാണെങ്കിൽപ്പോലും അവിടെ വൈഫൈ കിട്ടുമോയെന്നു ചോദിക്കുന്ന ചിലരെങ്കിലും നമുക്കിടയിലില്ലേ? കൂട്ടുകാരുടെ പ്രൊഫൈൽ പിക്ചർ സൂപ്പർ എന്നു പറയുന്ന നമ്മൾ അമ്മയുണ്ടാക്കിയ കറി സൂപ്പർ എന്നു പറയാറുണ്ടോ? നമ്മുടെ കൈയൊന്നു മുറിഞ്ഞു രക്‌തം വന്നാൽ അമ്മയുടെ കണ്ണു നിറയും. അതുപോലെ എത്രയോ വേദന സഹിച്ചാണ് അമ്മ നമുക്ക് ജന്മം നൽകിയത്. ഈ വേദന അറിഞ്ഞാലേ അമ്മയെന്ന വാക്കിനർഥം മനസിലാകൂ.

<യ>മൊബൈൽ ഫോൺ മകളുടെ രക്ഷാകവചമല്ല

ഇന്ദു തോമസ്
അധ്യാപിക ഗവ.എച്ച്.എസ്.എസ്, പുതുവേലി എറണാകുളം

കുട്ടികളുടെ വളർച്ചയിൽ അമ്മമാരുടെ പങ്ക് എല്ലാവർക്കും അറിയാമെന്നാണ് ഭാവം. എന്നാൽ കുട്ടികളുടെ പരിധികളോ, അവരുടെ മുമ്പിൽ മൊബൈൽ പോലുള്ളവ സൃഷ്‌ടിക്കുന്ന ലോകത്തിന്റെ വളർച്ചയോ സാധാരണക്കാരായ അമ്മമാർക്ക് തിരിച്ചറിയാനാവുന്നതിലേറെ വലുതാണ് എന്നതാണ് യാഥാർഥ്യം. ഒരു കുട്ടി വീട്ടിൽനിന്നിറങ്ങിയാൽ പിന്നെ തിരിച്ചുചെല്ലുന്നതു വരെ തീയാണെന്നാണ് മാതാപിതാക്കൾ പലരും പറയുന്നത്. പ്രത്യേകിച്ചും പെൺകുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ പെരുകിവരുന്ന ലോകത്ത്. എന്നാൽ അതിനൊരു രക്ഷാകവചമെന്ന നിലയിൽ മൊബൈൽ മാറുമെന്ന് ചിന്തിക്കുന്നത് ശരിയല്ല. കൗമാര പ്രായത്തിലുള്ള സ്കൂൾ കുട്ടികൾക്ക് കൗതുകത്തിന്റെ പേരിൽ ഉണ്ടാവുന്ന ബന്ധങ്ങൾ പിന്നീട് ജീവിതം തന്നെ ഇല്ലാതാക്കി മാറ്റുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന തിരിച്ചറിവ് എല്ലാ അമ്മമാർക്കും ഉണ്ടാവണം. മകളെ നിഴൽ പോലെ പിൻതുടരുകയല്ല അമ്മമാരുടെ ജോലി, എന്നാൽ അവളുടെ നല്ല സുഹൃത്താവാൻ അമ്മയ്ക്ക് കഴിയുന്നില്ലെങ്കിൽ മകളെ ഒരു പരിധി വരെയെങ്കിലും നിങ്ങൾ അകറ്റി നിർത്തുന്നുവെന്നു വേണം കരുതാൻ.

കുട്ടികളുടെ സുഹൃത്തുക്കൾ ആരെക്കെയാണ് എന്നറിയാൻ അമ്മമാർക്ക് തീർച്ചയായും സ്വാതന്ത്രമുണ്ട്. അതേ പോലെ തന്നെ അവരുടെ അധ്യാപകർ ഉൾപ്പെടെയുള്ളവരുമായി ബന്ധം പുലർത്തുന്നതിനും സ്വാതന്ത്രത്തിനു പരിധി നിശ്ചയിക്കുന്നതിനും അമ്മമാർക്ക് കഴിയണം. മൊബൈൽ ഫോണുകൾ സ്കൂളുകളിലും, കാമ്പസുകളിലും നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ പല കുട്ടികളും മൊബൈൽഫോണുകളുമായാണ് സ്കൂളിൽ എത്തുന്നത്. സ്കൂളിൽ മൊബൈൽ ഒളിപ്പിച്ചുവെച്ചു അധ്യാപകരെ കബളിപ്പിക്കുന്നതിനു പലപ്പോഴും കുട്ടികൾക്ക് കഴിഞ്ഞേയ്ക്കാം, എന്നാൽ മാതാപിതാക്കളാണ് അവ വാങ്ങി നൽകുന്നത് എന്നതുകൂടി ഓർമിക്കണം. നിങ്ങളുടെ മക്കൾക്ക് അത്യാവശ്യമായതാണോ വില കൂടിയ അത്യാധുനീക മൊബൈൽ ഫോണുകൾ എന്നു മാതാപിതാക്കൾക്ക് തിരിച്ചറിവ് ഉണ്ടാകണം. കുട്ടികൾക്ക് എല്ലാ നിഷേധിക്കുക എന്നതല്ല, ആവശ്യമുള്ള ഇടങ്ങളിലും, ആവശ്യത്തിനും മാത്രമാണ് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതെന്നു ഉറപ്പാക്കുയാണ് വേണ്ടത്.

<യ>മക്കൾ പറയുന്നതു കേൾക്കണം

ലിസ തോമസ്
മഞ്ഞപ്ര പഞ്ചായത്ത് മുൻ അംഗം

പൊതുരംഗത്തു പ്രവർത്തിക്കുന്ന ആളായതുകൊണ്ട് ഇത്തരം സംഭവങ്ങളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഇത്രയും കാലം കണ്ണിലെ കൃഷ്ണമണിപ്പോലെ കാത്തുസൂക്ഷിച്ചു വളർത്തിയ രക്ഷിതാക്കളെ ഉപേക്ഷിച്ച് ചാറ്റിംഗിലൂടെ പരിചയപ്പെട്ട ആൾക്കൊപ്പം പോകുന്ന പെൺകുട്ടികളുടെ എണ്ണം ഇന്ന് കൂടുകയാണ്. രണ്ട് ഇരട്ടപ്പെൺകുട്ടികൾ ഉൾപ്പെടെ മൂന്നുമക്കളുടെ അമ്മയാണ് ഞാൻ. അവരുടെ കൂട്ടുകാരെക്കുറിച്ചും എല്ലാ കാര്യങ്ങളും അവർ എന്നോട് സംസാരിക്കാറുണ്ട്. മാതാപിതാക്കളും കുട്ടികളും തമ്മിൽ നല്ലൊരു റിലേഷൻഷിപ്പ് ഉണ്ടായാൽ പ്രശ്നങ്ങൾ കുറക്കാനാകും. മക്കൾ പറയുന്നതു കേൾക്കാൻ അവരുടെ കൂടെ നടക്കാൻ മാതാപിതാക്കൾ തയാറായാൽ അവരുടെ നല്ല സുഹൃത്തുകൂടിയായിരിക്കും നമ്മൾ.