നോക്കിയ–ബ്ലാക്ക്ബെറി ഫോണുകൾക്കുള്ള സേവനം വാട്സ് ആപ് നിർത്തുന്നു
നോക്കിയ–ബ്ലാക്ക്ബെറി ഫോണുകൾക്കുള്ള സേവനം വാട്സ് ആപ് നിർത്തുന്നു
Wednesday, July 13, 2016 2:48 AM IST
ബ്ലാക്ബെറി–സിംബിയാൻ ഉപയോക്‌താക്കൾക്കുള്ള സേവനം വാട്സ് ആപ് നിർത്തുന്നു. സിംബിയാൻ എസ് 40, എസ് 60, ആൻഡ്രോയിഡ് 2.1, 2.2, ബ്ലാക്ബെറി എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകൾക്കുള്ള സേവനമാണ് വാട്്സ് ആപ് അവസാനിപ്പിക്കുന്നത്. സോഫ്റ്റ് വെയറുകളിൽ ആപ്ഡേഷൻ ചെയ്യാനെടുക്കുന്ന കാലതാമസമാണ് സിംബിയാൻ–ബ്ലാക്ബെറി ഫോണുകൾക്ക് തിരിച്ചടിയായിരിക്കുന്നത്.

‘നിങ്ങളുടെ ഫോണിൽ 2016 ഡിസംബർ 31 മുതൽ വാട്സ് ആപ് ഉപയോഗിക്കാൻ സാധിക്കില്ല’ എന്ന സന്ദേശം സിംബിയാൻ–ബ്ലാക്ബെറി ഉപയോക്‌താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയോടെ ഇക്കാര്യത്തിലുള്ള തീരുമാനം വാട്സ് ആപ് എടുത്തതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ബ്ലാക്ക്ബെറിക്കും സിംബിയാൻ വേർഷൻ കുടൂതലായി ഉപയോഗിക്കുന്നത് നോക്കിയ ഫോണുകൾക്കാവും ഈ തീരുമാനം ഏറെ തിരിച്ചടിയുണ്ടാക്കുക. നോക്കിയ ആശ 200/201/210, 302/306/305/308/310/311, 303/ 311, നോക്കിയ 7110/7650/3600/3650,/6600/6620/6630/5233, നോക്കിയ എൻ സീരിയസ് ഫോണുകൾ തുടങ്ങിയവയെല്ലാം എസ് 40–എസ് 60 എന്നീ സിംബിയാൻ വേർഷനുകളിലാണ് പ്രവർത്തിക്കുന്നത്. സാധാരണക്കാരാണ് ഇത്തരം ഫോണുകൾ അധികമായി ഉപയോഗിക്കുന്നത്.


ലെനോവ, എൽജി, പാനാസോണിക്, സാംസംഗ്, സോണി എറിക്സൺ തുടങ്ങിയ കമ്പനികളുടെ ആദ്യകാല ഫോണുകൾ സിംബിയാനിലാണ് പ്രവർത്തിച്ചിരുന്നത്. ആൻഡ്രോയിഡിന്റെ പഴയ വേർഷനുകൾ വളരെക്കുറിച്ച് ഫോണുകളിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

2009ൽ ലോഞ്ചിംഗ് സമയത്ത് ബ്ലാക്ബെറിയും സിംബിയാനുമാണ് വാട്സ് ആപിനെ ഏറെ സഹായിച്ചത്. ഇക്കാലത്ത് ഏറെ ഫോണുകളും സിംബിയാനിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 25 ശതമാനം ഫോണുകളിൽ മാത്രമേ ആൻഡ്രോയിഡ് ഉപയോഗിച്ചിരുന്നുള്ളു. ആദ്യംകാലത്ത് സഹായിച്ചവർക്കാണ് വാട്സ് ആപിന്റെ ഇപ്പോഴത്തെ പണി.