പേരു മാറിയെങ്കിലും കഴിവു തെളിയിച്ച് തിയാഗോ
പേരു മാറിയെങ്കിലും കഴിവു തെളിയിച്ച് തിയാഗോ
Monday, July 11, 2016 4:27 AM IST
വിദേശരാജ്യങ്ങളിൽ പടർന്നുപിടിച്ച മാരക രോഗത്തെത്തുടർന്ന് പേരു മാറ്റാൻ വിധിക്കപ്പെട്ട നമ്മുടെ സ്വന്തം കാറാണ് തിയാഗോ. സിക്ക എന്ന പേരു മാറ്റി തിയാഗോ ആയ ടാറ്റയുടെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് നിരത്തിൽ നിറസാന്നിധ്യമാവുകയാണ്.

ഇൻഡിക്ക, ഇൻഡിഗോ മുതലായ ആവർത്തനവിരസത ഉളവാക്കുന്ന മോഡലുകളായിരുന്നു ഇന്ത്യൻ വാഹനനിർമാതാക്കളായ ടാറ്റ സ്‌ഥിരമായി പുറത്തിറക്കിയിരുന്നത്. എന്നാൽ, ഇതിന് കാലാനുസൃതമായ മാറ്റം വന്നു എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ടാറ്റയിൽനിന്ന് അടുത്തിടെ പുറത്തിറങ്ങിയ സെസ്റ്റ്, ബോൾട്ട്, തിയാഗോ തുടങ്ങിയ മോഡലുകൾ. ഈ മാറ്റത്തെത്തുടർന്ന് ടാറ്റാ വാഹനങ്ങൾ ടാക്സി ഉപയോഗത്തിനു മാത്രമേ ഉപകരിക്കൂ എന്നുള്ള ഖ്യാതിയും മാറിവരുന്നുണ്ട്. നിരത്തുകൾ കീഴടക്കി മുന്നേറുന്ന മാരുതി സെലേറിയോ, ഹ്യുണ്ടായി ഗ്രാൻഡ് ഐ10, ഷെവർലെ ബീറ്റ് എന്നീ മോഡലുകളോട് പോരാടാനാണു തിയാഗോയുടെ വരവ്.

<യ> അഴകാർന്ന മുഖം

ഹ്യുണ്ടായി ഐ20 എലൈറ്റിനോടു സാമ്യം തോന്നിക്കുന്ന മുൻഭാഗമാണ് തിയാഗോയുടേത്. വലുപ്പമേറിയ ബമ്പറും മധ്യഭാഗത്തെ ഗ്രില്ലുമാണ് മുഖ്യ ആകർഷണം. ഹെഡ്ലാമ്പിൽ അവസാനിക്കുന്ന ഗ്രില്ലിന്റെ മധ്യഭാഗത്ത് ടാറ്റയുടെ ലോഗോ അനാവരണം ചെയ്തിരിക്കുന്നത് മുൻവശത്തെ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നു. മറ്റ് മോഡലുകളിൽനിന്നു വ്യത്യസ്തമായി സൈഡ് ഇൻഡിക്കേറ്ററുകൾ ഹെഡ്ലാമ്പിന്റെ തുടക്കത്തിൽത്തന്നെ സ്‌ഥാനം പിടിച്ചിരിക്കുന്നു. ബമ്പറിന്റെ താഴെ ഭാഗത്തെ ഗ്രില്ലിൽ സ്റ്റീൽ ക്രോം ഫിനീഷിംഗിലാണ് ഫോഗ് ലാമ്പുകൾ നല്കിയിരിക്കുന്നത്. അല്പം പൊങ്ങിനില്ക്കുന്ന ബമ്പർ വാഹനത്തിന് കൂടുതൽ ഉയരം നല്കുന്നതിന് സഹായകമാകുന്നു.

സൈഡ് വ്യൂവിൽ ആദ്യം ശ്രദ്ധയാകർഷിക്കുന്നത് ബോഡിയിലേക്കു കയറിയിരിക്കുന്ന ടെയ്ൽ ലാമ്പിന്റെ ഷാർപ്പ് എഡ്ജുകളാണ്. റിയർ ഡോറുകളുടെ സമീപത്താണ് ലൈറ്റിന്റെ എഡ്ജ് അവസാനിക്കുന്നത്. ഫ്രണ്ട്, റിയർ ഡോറുകൾക്കു നടുവിലെ ബി പില്ലറുകൾക്ക് കറുപ്പു നിറം നല്കിയത് വാഹനത്തിന് സ്പോർട്ടി ലുക്ക് നല്കുന്നു. ഇൻഡിക്കേറ്ററുകളോടു കൂടിയ മൾട്ടികളർ റിയർവ്യൂ മിററുകളും വശങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്ന ഘടകങ്ങളാണ്. 3746 എംഎം നീളവും, 1647 എംഎം വീതിയും 1535 എംഎം ഉയരവുമുള്ള പുതിയ പ്ലാറ്റ്ഫോമിലാണ് തിയാഗോയുടെ നിർമാണം.

170 എംഎം ഗ്രൗണ്ട് ക്ലീയറൻസിനൊപ്പം 2400 എംഎം വീൽബേസോടു കൂടിയ 14 ഇഞ്ച് വീലുകളാണ് തിയാഗോയ്ക്ക്. ഇതിനു പുറമെ ഡയമണ്ട് കട്ട് ഫിനീഷിംഗിലുള്ള അലോയ് വീലുകളും മറ്റ് ഹാച്ച്ബാക്കുകളുടെ വീലിൽനിന്നു തിയാഗോയെ വ്യത്യസ്തമാക്കുന്നു.

അൽമൗണ്ട് ഷേയ്പ്പിൽ നിർമിച്ചിരിക്കുന്ന ഹാച്ച് ഡോറിലെ ലോഗോയും ടെയ്ൽ ലാമ്പുകളും ലാളിത്യത്തിനൊപ്പം വശ്യതയും പകരുന്നു. ബ്രേക്ക് ലൈറ്റ് ഘടിപ്പിച്ച മൾട്ടികളർ ഫിനീഷിംഗുള്ള സ്പോയിലറും നമ്പർ പ്ലേറ്റിനു ചുറ്റുമുള്ള ബ്ലാക്ക് ഫൈബർ ഫിനീഷിംഗും പിൻഭാഗത്തിന് സ്പോർട്ടി ലുക്കും നല്കുന്നുണ്ട്.

<യ> മടുപ്പിക്കാത്ത ഉൾവശം

ഉൾവശത്തെ രൂപകല്പനയിൽ സെസ്റ്റിന്റെയും ബോൾട്ടിന്റെയും പിൻഗാമിയാണ് തിയാഗോ. വിശാലമായ കാബിൻ സ്പേസാണ് മുഖ്യ ആകർഷണം. ഡാഷ് ബോർഡിന് കറുപ്പ്, ഗ്രേ നിറങ്ങൾ നല്കിയിരിക്കുന്നത് ഈ ഭാഗത്തെ മനോഹരമാക്കിയിരിക്കുന്നു. ഗുണമേന്മയേറിയ പ്ലാസ്റ്റിക്കിലാണ് ഡാഷ്ബോർഡ് നിർമിച്ചിരിക്കുന്നത്. കൂടാതെ വശങ്ങളിലെ എസി വെന്റുകളിലെ വുഡൻ ഫിനീഷിംഗ് ചെറിയ ആഢംബര ഭാവം നല്കുന്നവയാണ്. പിയാനോ ബ്ലാക്ക് കളിൽ എസി വെന്റുകളും സ്റ്റീരിയോയും ഉൾപ്പെട്ടതാണ് സെന്റർ കൺസോൾ. എൽഇഡി സ്ക്രീനിൽ സ്റ്റീരിയോക്കൊപ്പം നാവിഗേറ്ററായും മ്യൂസിക് സിസ്റ്റം പ്രവർത്തിക്കുന്നു. സ്റ്റീരിയോയിലെ ജൂക്ക് കാർ ആപ്പ് ഉപയോഗിച്ച് ഹോട്ട്സ്പോട്ടിലൂടെ ഒരേ സമയം 10 ഫോണുകൾ കണക്ട് ചെയ്യാനാകും ഇതിനു പുറമേ എട്ടു സ്പീക്കറുമായും സ്റ്റീരിയോയെ കണക്ട് ചെയ്തിട്ടുണ്ട്. സെന്റർ കൺസോളിന്റെ താഴെയായി എസി കൺട്രോളിംഗ് യൂണിറ്റും പെൻഡ്രൈവ്, ഓക്സിലറി, മൊബൈൽ ചാർജർ തുടങ്ങിയ സ്ലോട്ടുകളും നല്കിയിരിക്കുന്നു.


പുതുതായി നിരത്തിലിറങ്ങിയ ടാറ്റാ കാറുകളിലേതിനോടു സമാനമായ സ്റ്റിയറിംഗ് വീലാണ് തിയാഗോയിലും. ഓഡിയോ കൺട്രോളിംഗ് യൂണിറ്റും ഫോൺ കൺട്രോളിംഗ് സൗകര്യവും ഇതിൽ നല്കിയിരിക്കുന്നു.

മീറ്ററിന്റെ ഡിസൈനിംഗിൽ പുതുമ കൊണ്ടുവരാൻ തിയാഗോയ്ക്കായി. ഓവൽ ഷേപ്പിലുള്ള രണ്ട് മാന്വൽ മീറ്ററുകൾക്കു നടുവിലായി ചെറിയ ഡിജിറ്റൽ മീറ്റർ നല്കിയിരിക്കുന്നു. മികച്ച സപ്പോർട്ടും കംഫർട്ടബിൾ സീറ്റിംഗും വാഹനം നല്കുന്നുണ്ട്. രണ്ടു പേർക്ക് വിശാലമായും മൂന്നു പേർക്ക് അല്പം ഞെരുങ്ങിയും ബാക്ക് സീറ്റിൽ ഇരിക്കാനാവും. രണ്ടു പേർക്ക് ഹെഡ് റെസ്റ്റും ഷോൾഡർ റെസ്റ്റും ബാക്ക് സീറ്റിൽ ക്രമീകരിച്ചിരിക്കുന്നു. കാറിൽ പലയിടങ്ങളിലായി 22 ബോട്ടിൽ സ്റ്റോറേജ് സ്പേസ് നല്കിയിട്ടുണ്ട്. 240 ലിറ്റർ സ്പേസുള്ള വിശാലമായ ഡിക്കിയുമുണ്ട്.

വളരെ കരുത്തുറ്റ സസ്പെൻഷനുകളാണ് തിയാഗോയുടേത്. ഡീസൽ മോഡലിലെ സസ്പെൻഷനേക്കാളും സുഖകരമായ യാത്ര നല്കാൻ പ്രെട്രോൾ മോഡലിന്റെ സസ്പെൻഷനു കഴിയുന്നുണ്ട്. ഡീസൽ എൻജിന് പെട്രോൾ എൻജിനേക്കാളും 20 കിലോഗ്രാം ഭാരം അധികമുള്ളതാണ് സസ്പെൻഷനെ ബാധിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. സുരക്ഷാസംവിധാനത്തിലും തിയാഗോ ഒട്ടും പിന്നിലല്ല. എബിഎസ് ബ്രേക്കിംഗ് സംവിധാനത്തിനൊപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇബിഡി) സിസ്റ്റവും തിയാഗോയ്ക്ക് നല്കിയിരിക്കുന്നു. ഇതിനു പുറമെ ഡ്രൈവർ സൈഡിലും പാസഞ്ചർ സൈഡിലുമായി രണ്ട് എയർബാഗുകളും നല്കിയിട്ടുണ്ട്. ടോപ് എൻഡ് മോഡലായ ഃ്വൽ എബിഎസ്, ഇബിഡി എന്നിവയ്ക്ക് പുറമെ സ്റ്റെബിലിറ്റി കൺട്രോളിംഗ് സംവിധാനവുമുണ്ട്.

<യ> കരുത്തനാണ്

1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.05 ലിറ്റർ സിആർ4 ഡീസൽ എൻജിനിലുമാണ് തിയാഗോ നിരത്തിലെത്തുന്നത്. 1050 സിസി ഡീസൽ എൻജിനിൽ 69 ബിഎച്ച്പി കരുത്തും 140 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നുണ്ട്. 1200 സിസി പെട്രോൾ എൻജിനിൽ 84 ബിഎച്ച്പി കരുത്തും 114 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ആഡംബര വാഹനങ്ങൾക്കു സമാനമായി ഡ്രൈവിംഗ് മോഡുകൾ ക്രമീകരിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഇക്കോ മോഡ്, സിറ്റി മോഡ് വൺടച്ച് സംവിധാനത്തിലൂടെ മാറ്റാൻ സാധിക്കുന്നു.

പെട്രോൾ, ഡീസൽ മോഡലുകളിലായി ഏഴു നിറങ്ങളും 18 വേരിയന്റുകളുമാണ് തിയാഗോയ്ക്കുള്ളത്. 3.4 മുതൽ 5.7 ലക്ഷം രൂപ വരെയാണ് എക്സ് ഷോറും വില.

ഡീസൽ മോഡലുകൾക്ക് 23.28 കിലോമീറ്ററും പെട്രോൾ മോഡലിന് 19.24 കിലോമീറ്ററും മൈലേജാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്നത്.