മലയാള സിനിമ: 6 മാസം 10 സൂപ്പർ ഹിറ്റുകൾ
മലയാള സിനിമ: 6 മാസം 10 സൂപ്പർ ഹിറ്റുകൾ
Friday, July 8, 2016 4:28 AM IST
2016ന്റെ ആദ്യപകുതി കടന്നുപോവുകയാണ്. മലയാളസിനിമയെ സംബന്ധിച്ച് വലിയ പരിക്കുകളൊന്നുമില്ലാതെയാണ് ഈ വർഷം കടന്നുപോകുന്നത്. തിയറ്ററുകളിൽ പ്രേക്ഷകർക്ക് ക്ഷാമവും അനുഭവപ്പെട്ടില്ല. നല്ല സിനിമകൾ വിജയിക്കുന്നതിനൊപ്പം താരമൂല്യമില്ലാത്ത മികച്ച സൃഷ്ടികളെയും പ്രേക്ഷകർ അംഗീകരിക്കുന്ന നല്ല ട്രെൻഡ് 2016ന്റെ ആദ്യപകുതിയിൽ കാണാൻ കഴിഞ്ഞു. മമ്മൂട്ടിയുടെ പുതിയ നിയമം എന്ന ഒറ്റച്ചിത്രമാണു തിയറ്ററിലെത്തിയത്. ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. മോഹൻലാലിന്റെ സിനിമകളൊന്നും എത്തിയില്ല എന്നതും ശ്രദ്ധേയം. സീനിയർ താരങ്ങളിൽ ജയറാം ആടുപുലിയാട്ടത്തിലൂടെ മികച്ച സാന്നിധ്യം അറിയിച്ചു. കിംഗ് ലയറിലൂടെ ദിലീപും വിജയം ആവർത്തിച്ചു.

55ഓളം സിനിമകൾ വർഷത്തിന്റെ ആദ്യ പകുതിയിൽ പുറത്തു വന്നു. ഇതിൽ പത്തു സൂപ്പർഹിറ്റുകളുണ്ട്. ആറിൽ പരം സിനിമകൾക്ക് ആവറേജ് വിജയവും നേടാൻ കഴിഞ്ഞു. വലിയ പ്രതീക്ഷകളോടെ വന്ന് ഫ്ളോപ്പായ സിനിമകൾ അധികമുണ്ടായില്ല. പാവാട, ആക്ഷൻ ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം, പുതിയ നിയമം, കലി, കിംഗ് ലയർ, ജേക്കബിന്റെ സ്വർഗരാജ്യം, ഹാപ്പിവെഡ്ഡിംഗ്, ആടുപുലിയാട്ടം, കമ്മട്ടിപ്പാടം എന്നിവയാണ് ഹിറ്റുകളുടെ ലിസ്റ്റിലുള്ളത്. ഹലോ നമസ്തേ, വേട്ട, ജയിംസ് ആൻഡ് ആലീസ്, മുദ്ദുഗൗ, സ്കൂൾബസ് എന്നിവയും ആവറേജ് വിജയം നേടി.

നായക നിരയിൽ യുവതാരങ്ങൾ വ്യക്‌തമായ ആധിപത്യം നേടിക്കഴിഞ്ഞു. നിവിൻപോളിയും ദുൽക്കർ സൽമാനും ഹിറ്റുകളും ആരാധകരേയും നേടി ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. പൃഥ്വിരാജും മികച്ച വേഷങ്ങളുമായി നിറഞ്ഞു നിൽക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ പ്രഭ മങ്ങി നിന്ന ഫഹദ്ഫാസിലിന്റെ തിരിച്ചുവരവും ഈ വർഷത്തിന്റെ ആദ്യപകുതിയിലുണ്ടായി.

നിവിൻപോളിക്ക് രണ്ടു ചിത്രങ്ങളുണ്ടായിരുന്നു. രണ്ടും സൂപ്പർഹിറ്റുകളുടെ ലിസ്റ്റിലാണ്. തികച്ചും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളിലൂടെ ബോക്സോഫീസിൽ നിറഞ്ഞു നിൽക്കാൻ നിവിനു കഴിഞ്ഞു. ആദ്യമെത്തിയ ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് വേഷം നിവിനെ സംബന്ധിച്ച് വെല്ലുവിളിനിറഞ്ഞ കഥാപാത്രമായിരുന്നു. കുറ്റമറ്റ രീതിയിൽ അതു വിജയിപ്പിക്കാൻ ഈ നടനു കഴിഞ്ഞു. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ നെഗറ്റീവ് പബ്ലിസിറ്റി നേടിയ ചിത്രം പിന്നീട് കളക്ഷൻ നില ഭേദപ്പെടുത്തി സൂപ്പർഹിറ്റിലേക്ക് കുതിക്കുകയായിരുന്നു. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ജേക്കബിന്റെ സ്വർഗരാജ്യത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. പോലീസ് വേഷത്തിൽ നിന്ന് അടിപൊളി ചെറുപ്പക്കാരനായുള്ള പകർന്നാട്ടവും ഈ നടന്റെ കരിയറിൽ നേട്ടമായി.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ08ീമ2.ഷുഴ മഹശഴി=ഹലളേ>

ദുൽക്കറിനും രണ്ടു ചിത്രങ്ങളുണ്ടായിരുന്നു. കലിയും കുമ്മട്ടിപ്പാടവും. സമീർ താഹിർ സംവിധാനം ചെയ്ത കലി ദുൽക്കറിന്റെ സ്‌ഥിരം ശൈലിയിലുള്ള കഥാപാത്രമായിരുന്നു. എങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താൻ ദുൽക്കറിനു കഴിഞ്ഞു. കമ്മട്ടിപ്പാടത്തിലാകട്ടെ നാൽപതുകാരന്റെ വേഷപ്പകർച്ചയിലൂടെ ശ്രദ്ധ നേടാൻ കഴിഞ്ഞു.

പൃഥിരാജിനു മൂന്നു ചിത്രങ്ങളുണ്ടായിരുന്നു. മാർത്താണ്ഡൻ സംവിധാനം ചെയ്ത പാവാട ഹിറ്റായപ്പോൾ ജയിംസ് ആൻഡ് ആലീസ് നല്ല സിനിമയെന്ന പേരു നേടിയെങ്കിലും ആവറേജ് വിജയത്തിലൊതുങ്ങി. നവാഗതനായ ജിജോ ആന്റണി സംവിധാനം ചെയ്ത ഡാർവിന്റെ പരിണാമവും വേണ്ടത്ര ശ്രദ്ധ നേടിയില്ല. എങ്കിലും പൃഥിരാജിനെ സംബന്ധിച്ചു കരിയർ സേഫ് ആയി നീങ്ങുകയാണ്. ഫഹദ് ഫാസിലിന്റെ ശക്‌തമായ തിരിച്ചുവരവിനും ഈ വർഷത്തിന്റെ ആദ്യപകുതി സാക്ഷ്യം വഹിച്ചു. തുടർച്ചയായ പരാജയങ്ങളിലൂടെ കരിയറിൽ പ്രതിസന്ധി നേരിട്ട ഫഹദ് മഹേഷിന്റെ പ്രതികാരത്തിലൂടെ നഷ്ടപ്പെട്ടുപോയ പ്രേക്ഷക പ്രീതി വീണ്ടെടുത്തു. വളരെ സെലക്ടീവായി കരിയറിൽ മുന്നോട്ടുപോകാനാണ് ഫഹദ് പ്ലാൻ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ ചിത്രമേതെന്ന് ഇതുവരെ അനൗൺസ് ചെയ്തിട്ടില്ല. ലീലയിലെ നായകവേഷത്തിലൂടെ ബിജുമേനോൻ വീണ്ടും ശ്രദ്ധനേടി. മൂന്നു ചിത്രങ്ങളിലൂടെ കുഞ്ചാക്കോബൻ സജീവ സാന്നിധ്യമായി. വേട്ടയിലെ പോലീസ് വേഷം ഈ നടന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി. വള്ളീം തെറ്റി പുള്ളീം തെറ്റി പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. എന്നാൽ സ്കൂൾബസ് ഈ നടന്റെ കരിയറിലെ മറ്റൊരു മികച്ച വേഷമായി.

ജയസൂര്യയും ഒരു ചിത്രത്തിൽ മാത്രമേ വേഷമിട്ടുള്ളൂ. സ്കൂൾബസിലെ ഈ കഥാപാത്രം മികച്ചതാവുകയും ചെയ്തു. ഉണ്ണിമുകുന്ദൻ, ടോവിനോതോമസ്, അനൂപ്മേനോൻ, മുകേഷ്, വിനയ്ഫോർട്ട്, വിജയ്ബാബു, ഇന്ദ്രജിത്ത്, ആസിഫ് അലി, പി.ബാലചന്ദ്രൻ, ലാൽ, ചെമ്പൻവിനോദ്, ജോയ്മാ ത്യു, സൗബിൻ തുടങ്ങിയവരും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹല്ലേലുയ്യ, അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലേ എന്നീ ചിത്രങ്ങളിലൂടെ നരേൻ മലയാളത്തിലേയ്ക്ക് തിരിച്ചുവരവ് നടത്തി. പ്രേമം സിനിമയിലെ താരങ്ങളായ സിജു വിൽസൺ, ഷറഫുദീൻ എന്നിവർ നായകന്മാരായ ഹാപ്പിവെഡ്ഡിംഗ് മികച്ച വിജയം നേടുന്നത് ഇരുവർക്കും കരിയറിൽ നേട്ടമായി.

നായികനിരയിൽ ഒട്ടേറെ പുതുമുഖങ്ങൾ എത്തി. അതിനിടയിലും പുതിയ നിയമം എന്ന ഒറ്റച്ചിത്രത്തിലൂടെ നയൻതാര തിളങ്ങി. ഈ വർഷത്തെ മികച്ച നായികാ കഥാപാത്രങ്ങളിലൊന്നായി പുതിയ നിയമത്തിലെ നയന്റെ കാരക്ടർ. മഹേഷിന്റെ പ്രതികാരത്തിലൂടെ അപർണാബാലമുരളി ഏറെ ശ്രദ്ധ നേടി. പ്രേമത്തിനുശേഷം കലിയിലൂടെ സായ്പല്ലവി വീണ്ടും നായികയായി. പ്രേമത്തിലെ മറ്റൊരു നായികയായ മഡോണ സെബാസ്റ്റ്യൻ കിംഗ് ലയർ എന്ന ഹിറ്റിലെ നായികയായി. ആടുപുലിയാട്ടത്തിലെ രമ്യാകൃഷ്ണന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആകാശവാണിയിലൂടെ കാവ്യാമാധവനും ഈ വർഷം സാന്നിധ്യമറിയിച്ചു. വേട്ടയിലെ പോലീസ് ഓഫീസർ വേഷത്തിലൂടെ മഞ്ജുവാര്യരും ജലം എന്ന ചിത്രത്തിലൂടെ പ്രിയങ്കാ നായരും നായികാ പ്രധാന്യമുള്ള കഥാപാത്രങ്ങളായി.

വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെയുള്ള ശ്യാമിലിയുടെ നായികാഅരങ്ങേറ്റം ശ്രദ്ധിക്കപ്പെട്ടില്ല. മിയാജോർജ്, ഭാമ, ഭാവന, അഭിരാമി, പാർവതി നമ്പ്യാർ, ഉത്തര ഉണ്ണി, ഷോൺ റോമി, മൃദുലാമുരളി, വേദിക, മേഘ്നാരാജ്, അപർണാഗോപിനാഥ്, പ്രയാഗാ മാർട്ടിൻ, മീരാനന്ദൻ തുടങ്ങിയവരും നായികനിരയിലുണ്ടായിരുന്നു.

പുതുമുഖ സംവിധായകരുടെ നീണ്ട നിരതന്നെ ഈ വർഷവും ഉണ്ടായി. ചിലർ ശ്രദ്ധിക്കപ്പെട്ടു. മഹേഷിന്റെ പ്രതികാരം ഒരുക്കിയ ദിലീഷ് പോത്തനാണ് ഇതിൽ പ്രധാനി. വൻ വിജയം നേടിയ ഈ ചിത്രത്തിലൂടെ ദിലീഷ് തന്റെ ക്രാഫ്റ്റ് തെളിയിച്ചു. 1983നുശേഷം ആക്ഷൻ ഹീറോ ബിജുവുമായി എത്തി എബ്രിഡ് ഷൈനും കരിയർ സേഫാക്കി. ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ വിനീത് ശ്രീനിവാസൻ വീണ്ടും ഹിറ്റു നൽകി. കിംഗ് ലയറിലൂടെ ലാൽ ഹിറ്റു നൽകി. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രം വിജയപ്പിച്ച് പുതുമുഖ സംവിധായകൻ ഒമർ ശ്രദ്ധനേടി. കമ്മട്ടിപ്പാടം എന്ന വ്യത്യസ്ത ചിത്രം നൽകിയ രാജീവ് രവിയുടെ ക്രാഫ്റ്റിന്റെ പ്രത്യേകത ഒരിക്കൽക്കൂടി വ്യക്‌തമായി.

പുതിയ നിമയം എന്ന ത്രില്ലറിലൂടെ എ.കെ.സാജൻ വീണ്ടും ശ്രദ്ധനേടി. പാവാടയിലൂടെ ജി. മാർത്താണ്ഡനും ഹിറ്റു നൽകി. അകാലത്തിൽ പൊലിഞ്ഞ രാജേഷ്പിള്ളയുടെ വേട്ട നൊമ്പരപ്പെടുത്തുന്ന ഓർമയായി. ലീലയിലൂടെ രഞ്ജിത്തും സാന്നിധ്യമറിയിച്ചു. എം.പദ്മകുമാർ–ജലം, ജയൻ. കെ.നായർ–ഹലോ നമസ്തേ, ജിജോ ആന്റണി–ഡാർവിന്റെ പരിണാമം, സമീർ താഹിർ–കലി, സുജിത് വാസുദേവ്– ജയിംസ് ആൻഡ് ആലീസ്, കണ്ണൻ താമരക്കുളം–ആടുപുലിയാട്ടം, റോഷൻ ആൻഡ്രൂസ്– സ്കൂൾബസ് തുടങ്ങിയവരും സംവിധായക നിരയിലുണ്ടായിരുന്നു.

2016ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ സിനിമാ വ്യവസായം വളരെ സജീവമായി തന്നെ പോകുന്നു. ഒട്ടേറെ സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നു. ചാനലുകാർ ഷൂട്ടിംഗിനു മുമ്പ് സാറ്റലൈറ്റ് റൈറ്റ് നൽകില്ലെന്നു തീരുമാനിച്ചതോടെ നിർമാണ മേഖലയിൽ പ്രതിസന്ധി ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതുവരെ പ്രത്യക്ഷത്തിൽ അതു പ്രകടമായിട്ടില്ല. ഷൂട്ടിംഗിനു മുമ്പു തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെ ലാഭമുണ്ടാക്കുന്ന പഴയരീതി ഇനി നടപ്പിലാവില്ല. അതുകൊണ്ടു തന്നെ ഈ വർഷം അവസാനിക്കുമ്പോൾ സിനിമകളുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്.

പാവാട

ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റായിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ പാവാട. ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ചലച്ചിത്ര താരം മണിയൻ പിള്ള രാജുവാണ്. അനൂപ് മേനോനും ചിത്രത്തിൽ ശക്‌തമായൊരു സാന്നിധ്യമാകുന്നു. രണ്ടു മദ്യപാനികളുടെ ജീവിതത്തിലൂടെ അവരൊന്നിച്ചു നേരിടുന്ന ഒരു സാമൂഹ്യ പ്രശ്നത്തെ സരസമായി കാണിച്ചിരിക്കുകയാണ് ചിത്രം. മിയാ ജോർജ്, ആശാ ശരത്, മണിയൻ പിള്ള രാജു എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തി. മികച്ച ഗ്രോസ് കളക്ഷൻ നേടിയ ചിത്രം നൂറു ദിവസം പ്രദർശന വിജയം നേടി.

ആക്ഷൻ ഹീറോ ബിജു

നിവിൻ പോളിയുടെ ഈ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം. ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി പോലീസ് വേഷത്തിലെത്തിയ ചിത്രത്തിനു മികച്ച പ്രേക്ഷക പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. നർമ്മ രസച്ചരടിൽ കോർത്തിണക്കി റിയലിസ്റ്റിക്കായി ഒരു പോലീസുകാരനൊപ്പമുള്ള യാത്ര കഥ പറഞ്ഞ ചിത്രത്തിന് ആദ്യ വാരം മികച്ച കളക്ഷൻ ഉണ്ടാക്കാൻ സാധിച്ചില്ല. പിന്നീടു മൗത്ത് പബ്ലിസ്റ്റിയിലൂടെ ഹിറ്റായി മാറി 100 ദിവസം പ്രദർശന വിജയം നേടി. നിരവധി പുതുമുഖങ്ങൾ ഈ ചിത്രത്തിലൂടെ പ്രേക്ഷക മനംകവർന്നു.

മഹേഷിന്റെ പ്രതികാരം

തുടർച്ചയായുള്ള പരാജയങ്ങൾക്കു ശേഷമുള്ള ഫഹദ് ഫാസിലിന്റെ ശക്‌തമായ തിരിച്ചു വരവായിരുന്നു ഈ ചിത്രം. ഇടുക്കിയുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റയും വ്യത്യസ്തമായൊരു പ്രതികാരത്തിന്റെയും കഥ പറഞ്ഞ ചിത്രം മികച്ച ഗ്രോസ് കളക്ഷനോടൊപ്പം 100 ദിവസം പ്രദർശന വിജയവും നേടി. ചലച്ചിത്രതാരം താരം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രം സംവിധായകൻ ആഷിഖ് അബുവാണ് നിർമിച്ചിരിക്കുന്നത്. അപർണ ബാലമുരളി, അനുശ്രീ എന്നിവരാണ് നായികമാരായി എത്തിയത്.


പുതിയ നിയമം

മമ്മൂട്ടി– നയൻതാര ജോഡികളായി എത്തിയ ചിത്രം ഈ വർഷത്തെ മികച്ച വിജയങ്ങളിലൊന്നാണ്. എ. കെ സാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം വ്യത്യസ്തമായ പ്രമേയം കൊണ്ടും നയൻതാരയുടെ ശക്‌തമായ അഭിനയ പ്രകടനം കൊണ്ടും ശ്രദ്ധ നേടിയിരുന്നു. നാഗരികതയുടെ പശ്ചാത്തലത്തിൽ ഒരു പെണ്ണിന്റെ ജീവിതവും പ്രതികാര കഥയാണ് ചിത്രം പറഞ്ഞത്. മലയാളത്തിൽ നയൻതാരയുടെ ശക്‌തമായൊരു വേഷമാണ് ഇതിലെ വാസുകി അയ്യർ. രചന നാരായണൻകുട്ടി, ഷീലു എബ്രഹാം എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

കലി

ചാർളിക്കു പിന്നാലെ ഹിറ്റായി മാറിയ ദുൽഖറിന്റെ ഈ വർഷത്തെ ആദ്യ റിലീസാണ് കലി. പ്രേമം ഫെയിം സായ് പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. സമീർ താഹിർ ഒരുക്കിയ ഈ ചിത്രം മലയാളത്തിലെ ഉയർന്ന ഇനിഷ്യൽ കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ക്ഷുഭിതനായ ഒരു യുവാവിന്റെ ജീവിതവും അയാളുടെ മാറ്റവുമാണ് ചിത്രം ചർച്ച ചെയ്തത്.

കിംഗ് ലയർ

22 വർഷത്തെ ഇടവേളയ്ക്കു ശേഷം സിദ്ധിക്ക് ലാൽ കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് ദിലീപിന്റെ ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റ്. നർമ്മ പശ്ചാത്തലത്തിൽ നുണയനായ ഒരു നായകന്റെ കഥ പറഞ്ഞ ചിത്രം സിദ്ധിക്ക് ലാൽ തിരക്കഥ ഒരുക്കി ലാൽ സംവിധാനം ചെയ്തിരിക്കുന്നു. ദിലീപിനൊപ്പം മഡോണ സെബാസ്റ്റ്യൻ, ലാൽ, ആശാ ശരത് എന്നിവരും ശക്‌തമായ കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. തികച്ചും ഫാമിലി എന്റർടെയ്ൻമെന്റായി ഒരുക്കിയിരിക്കുന്ന ചിത്രം ഈ വർഷത്തെ മികച്ച ഗ്രോസ് കളക്ഷനാണു നേടിയിരിക്കുന്നത്.

ജേക്കബിന്റെ സ്വർഗരാജ്യം

വിനീത് ശ്രീനിവാസൻ– നിവിൻ പോളി കൂട്ടുകെട്ടിലെത്തിയ ഈ വർഷത്തെ മറ്റൊരു സൂപ്പർ ഹിറ്റായിരുന്നു ഈ ചിത്രം. ഫാമിലി എന്റർടെയ്ൻമെന്റായി അണയിച്ചൊരുക്കിയ ചിത്രം നിവിൻ പോളിയുടെ ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റു ചിത്രമായി മാറി. രൺജി പണിക്കരും ലക്ഷ്മി രാമകൃഷ്ണനും വിനീത് ശ്രീനിവാസനുമാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളായത്. ഒരു സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിനു മികച്ച പ്രേക്ഷക അഭിപ്രായവും കളക്ഷനുമാണ് ലഭിക്കുന്നത്. ചിത്രം തിയറ്ററുകളിൽ പ്രദർശന വിജയം തുടരുന്നു.

ഹാപ്പി വെഡിംഗ്

സൂപ്പർ താരങ്ങളുടെ പിൻബലമോ അവകാശ വാദങ്ങളൊ ഇല്ലാതെ തിയറ്ററുകളിൽ അത്ഭുത വിജയം നേടി പ്രദർശനം തുടരുന്ന ചിത്രമാണു ഹാപ്പി വെഡിംഗ്. പ്രേമം ഫെയിം സിജു വിൽസൺ, ഷറഫുദ്ധീൻ, ജസ്റ്റിൻ എന്നീ യുവ താരങ്ങളെ നായകരാക്കി നവാഗതനായ ഒമർ സംവിധാനം ചെയ്ത ഹാപ്പി വെഡിംഗ് മികച്ച നർമ്മ മുഹൂർത്തങ്ങളോടെ പ്രേക്ഷകരെ രസിപ്പിക്കുന്നു. സൂപ്പർതാര ചിത്രങ്ങളുടെ ഇടയിൽ നിന്നുകൊണ്ടു തന്നെ ഈ കൊച്ചു സിനിമ നേടിയ വിജയം അണിയറപ്രവർത്തകരുടെ ആത്മാർത്ഥ പരിശ്രമത്തിന്റെ ഫലമാണ്. ബിഗ് ബജറ്റും സൂപ്പർതാരങ്ങളും ന്യൂജെൻ ട്രെൻഡുമല്ല ഒരു സിനിമയുടെ വിജയ ഘടകമെന്ന് ഈ ചിത്രം ഓർമപ്പെടുത്തുന്നു.


ആടുപുലിയാട്ടം

ജയറാമിന്റെ പ്രതാപകാലം അസ്തമിച്ചെന്നു പറഞ്ഞവർക്കുള്ള ശക്‌തമായ മറുപടിയാണ് ഈ ചിത്രത്തിന്റെ വിജയം. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ഈ ചിത്രം ഹൊറർ കോമഡി പാറ്റേണിലാണ് കഥ പറയുന്നത്. തെന്നിന്ത്യൻ നായിക രമ്യാ കൃഷ്ണൻ, ബോളിവുഡ് ഇതിഹാസം ഓം പുരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കുട്ടികളേയും കുടുംബ പ്രേക്ഷകരേയും രസിപ്പിക്കുന്ന ചിത്രം തിയറ്ററുകളിൽ പ്രദർശന വിജയം തുടരുകയാണ്. വലിയൊരു ഇടവേളയ്ക്കു ശേഷമുള്ള ജയറാമിന്റെ ഹിറ്റു ചിത്രമാണ് ഇത്.

കമ്മട്ടിപ്പാടം

ദുൽഖർ സൽമാന്റെ ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റു ചിത്രമാണു കമ്മട്ടിപ്പാടം. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസയും കളക്ഷനും നേടി പ്രദർശനം തുടരുന്നു. കൊച്ചിയുടെ ചരിത്രത്തിലൂടെ റിയലിസ്റ്റിക്കായി കഥ പറഞ്ഞെത്തിയ ചിത്രത്തിൽ വിനായകൻ, മണികണ്ഠൻ, ഷോൺ റോമി എന്നിവരും ശക്‌തമായ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. പ്രേക്ഷക – മാധ്യമ ചർച്ചകൾക്കു കാരണമായിത്തീർന്ന ഈ ചിത്രം മികച്ച കളക്ഷനോടെ ഇതുവരെയുള്ള ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുന്ന അവസാന ചിത്രമാണ്. പി. ബാലചന്ദ്രനാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഹലോ നമസ്തേ

കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ ജയൻ കെ. നായർ സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോർട്ട്, സഞ്ജു ശിവറാം, ഭാവന, മിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ഹാസ്യ ചേരുവകളോടെ എത്തിയ ചിത്രം ഭേദപ്പെട്ട കളക്ഷനോടെ 50 ദിവസത്തിലധികം പ്രദർശിപ്പിച്ചു.

വേട്ട

കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ വേട്ട മൈൻഡ് ഗെയിം ത്രില്ലർ ഗണത്തിൽ പെടുന്നൊരു ചിത്രമാണ്. ട്രാഫിക് ഫെയിം രാജേഷ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെങ്കിലും പ്രേക്ഷകരെ നിരാശരാക്കുന്നില്ല ഈ ചിത്രം. കുഞ്ചാക്കോ ബോബന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലീല

ഉണ്ണി ആറിന്റെ തിരക്കഥയിൽ സംവിധായകൻ രഞ്ജിത്തൊരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബിജു മേനോൻ നായകനായി എത്തിയ ചിത്രം ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തി. പാർവതി നമ്പ്യാരാണ് ടൈറ്റിൽ കഥാപാത്രമായി എത്തിയത്. ഓൺലൈനിലും റിലീസ് ചെയ്ത ചിത്രം മികച്ച ഇനിഷ്യൽ കളക്ഷൻ നേടിയെങ്കിലും പിന്നീട് അതു തുടരാനായില്ല.

ജയിംസ് ആന്റ് ആലീസ്

ഈ വർഷത്തെ പൃഥ്വിരാജിന്റെ മൂന്നാമത്തെ റിലീസായിരുന്നു ഇത്. ബോക്സോഫിസിൽ വലിയ പരുക്കുകളില്ലാതെ രക്ഷപെട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത കാമറമാൻ സുജിത് വാസുദേവാണ്. വേദിക നായികയായ ചിത്രം കുടുംബ ബന്ധങ്ങളുടെ തീവ്രതയും ശിഥിലീകരണവും പറഞ്ഞു പോകുന്നു. ആദ്യ പകുതി മുഷിപ്പിച്ചപ്പോൾ രണ്ടാം പകുതി പ്രേക്ഷകരെ രസിപ്പിച്ചു.

മുദ്ദുഗൗ

പ്രശസ്ത നടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനായി എത്തിയ കോമഡി ചിത്രമായിരുന്നു മുദ്ദുഗൗ. ഫ്രൈഡെ ഫിലിംസ് നിർമിച്ച ചിത്രം നവാഗതനായ വിപിൻ ദാസാണ് രചനയും സംവിധാനവും നിർവഹിച്ചത്. ചെറിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ഭേദപ്പെട്ട കളക്ഷനോടെ തിയറ്ററുകൾ വിട്ടു. നടൻ വിജയകുമാറിന്റെ മകൾ അർത്ഥനയാണ് നായികയായത്. വിജയ് ബാബുവിന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

സ്കൂൾ ബസ്

പ്രേക്ഷകർ ഏറെ പ്രതീക്ഷ നൽകിയിരുന്ന ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഈ ചിത്രം. ആനുകാലികമായ വിഷയങ്ങളിലേക്കു വിരൽ ചൂണ്ടുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, അപർണ ഗോപിനാഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്. ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിൽ വിജയം കണ്ടില്ല. സാമ്പത്തിക നഷ്ടമാകാതെ ചിത്രം രക്ഷപെട്ടു.

സ്റ്റൈൽ

ഇതിഹാസയുടെ സംവിധായകൻ എസ്. ബിനു ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകരെ തീർത്തും നിരാശരാക്കി. പറഞ്ഞു പഴകിയ കഥയും തെലുങ്കു സിനിമകളുടെ അനുകരണവും മാത്രമായി ഒതുങ്ങി ഈ ചിത്രം.

മൺസൂൺ മാംഗോസ്

ഫഹദിന്റെ പ്രകടനെ കൊണ്ടു മാത്രം ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എബി വർഗീസാണ്. തമ്പി ആന്റണി നിർമിച്ച ഈ ചിത്രം സാമ്പത്തിക വിജയം നേടുന്നതിൽ പരാജയപ്പെട്ടു. അമേരിക്കയുടെ പശ്ചാത്തലത്തിൽ ഒരു പരീക്ഷണ ചിത്രമായിട്ടാണ് ഒരുക്കിയത്.

ആകാശവാണി

ഒരു ഇടവേളയ്ക്കു ശേഷം കാവ്യാ മാധവൻ നായികയായി എത്തിയ ഈ ചിത്രവും പ്രേക്ഷകരെ നിരാശരാക്കി. വിജയ് ബാബു നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ കൈലാസ് മിലനാണ്. കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ ചിത്രം പരാജയപ്പെട്ടു.

ഡാർവിന്റെ പരിണാമം

പൃഥ്വിരാജിന്റെ ഈ വർഷത്തെ രണ്ടാമത്തെ റിലീസായിരുന്ന ചിത്രം ആരാധകരെ പോലും നിരാശരാക്കി. ആഗസ്റ്റ് ഫിലിംസിന്റെ ബാനറിൽ പൃഥ്വിരാജ് തന്നെ നിർമിച്ച ചിത്രം പ്രേക്ഷകർ കൈവിട്ടു. ശക്‌തമായ തിരക്കഥയുടെ അസാന്നിധ്യവും പറഞ്ഞു പഴകിയ ത്രെഡും ചിത്രത്തിനു ദോഷമായി മാറി. ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്.

ഇതു താൻടാ പോലീസ്

ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ ആസിഫ് അലി നായകനായി എത്തിയ ചിത്രം പ്രേക്ഷകരെ മുഷിപ്പിക്കുകയാണുണ്ടായത്. മനോജ് പാലോടൻ ഒരുക്കിയ ചിത്രത്തിൽ അഭിരാമിയുടെ വേഷം മാത്രം ശ്രദ്ധിക്കപ്പെട്ടു. ദുർബലമായൊരു തിരക്കഥ ചിത്രത്തിനു ദോഷം ചെയ്തു.

വള്ളീം തെറ്റി പുള്ളിം തെറ്റി

കുഞ്ചാക്കോ ബോബന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന ചിത്രം ഈ വർഷത്തെ ബിഗ് ഫ്ളോപ്പുകളിലൊന്നാണ്. വലിയ താരനിരയോടെ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഋഷി ശിവകുമാറാണ്. ചിത്രത്തിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശിഖാമണി

സ്വഭാവ നടനായും ഹാസ്യ താരമായും പ്രേക്ഷക മനം കവർന്ന ചെമ്പൻ വിനോദ് നായകനായി എത്തിയ ചിത്രവും പ്രേക്ഷകരെ നിരാശരാക്കി. വിനോദ് ഗുരവായൂർ ഒരുക്കിയ ചിത്രത്തിൽ മൃദുല മുരളിയാണ് നായികയായത്. കാടിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിനു പ്രേക്ഷക പിന്തുണ നേടാനായില്ല.