അഭിനയം, സംവിധാനം ദിലീഷ് തിരക്കിലാണ്
അഭിനയം, സംവിധാനം ദിലീഷ് തിരക്കിലാണ്
Thursday, July 7, 2016 4:48 AM IST
<യ> ലിജിൻ കെ. ഈപ്പൻ

അഭിനേതാവായി നമ്മൾ കണ്ടു പരിചിതമായ പ്രതിഭകൾ സിനിമയുടെ ഇതര മേഖലയിലേക്കും വ്യാപിക്കുന്നത് സർവസാധാരണമാണ്. അവർ അവിടെ എത്രത്തോളം വിജയിക്കുന്നു എന്നതാണ് പ്രധാനകാര്യം. സോൾട്ട് ആൻഡ് പെപ്പറിലൂടെ അഭിനേതാവായി നമുക്കു മുന്നിലെത്തിയ ദിലീഷ് പോത്തൻ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി തിയറ്ററുകളിൽ 100 ദിവസം പിന്നിട്ട മഹേഷിന്റെ പ്രതികാരത്തിലൂടെ താനൊരു മികച്ച സംവിധായകനുമാണെന്നും തെളിയിച്ചിരിക്കുന്നു. ഇടുക്കിയുടെ ഇടിക്കഥയെ മലയാളി പ്രേക്ഷകരുടെ മുഴുവൻ കഥയാക്കി മാറ്റിയ ദിലീഷ് പോത്തന്റെ വിശേഷങ്ങളിലൂടെ...

സിനിമയിലേക്കുള്ള കടന്നു വരവ് എങ്ങനെയായിരുന്നു?

ചെറുപ്പം മുതലേ സിനിമയോടു വലിയ താല്പര്യമുണ്ടായിരുന്നു. സിനിമ കാണാമെന്നതിനപ്പുറം അതിലേക്ക് എത്തിപ്പെടാനാവുന്ന ഒരു സാഹചര്യം അന്നെനിക്കില്ലായിരുന്നു. പിന്നെ പഠനമൊക്കെ കഴിഞ്ഞ് ചെറിയ അഡ്വർടൈസ്മെന്റും ഷോർട്ട് ഫിലിമുമൊക്കെ ചെയ്താണ് 2008–09 കാലഘട്ടത്തിൽ ആദ്യമായി ഒരു സിനിമയിൽ വർക്കു ചെയ്യാനുള്ള സാഹചര്യം കിട്ടുന്നത്. സൈമൺ സംവിധാനം ചെയ്ത കെ.കെ.റോഡ്. അതിന്റെ അവസാന കുറച്ചു ഭാഗത്തും പോസ്റ്റ് പ്രൊഡക്ഷനിലും ഞാൻ വർക്കു ചെയ്തിരുന്നു. പല നാളുകളുടെ പരിശ്രമമാണ് ആ സിനിമയിലേക്കെത്തുന്നതും. അതു കഴിഞ്ഞു കുറച്ചേറെ സിനിമകളിൽ അസിസ്റ്റ് ചെയ്തു. ആ സമയത്തും എനിക്കു സിനിമയെന്ന കലയെപ്പറ്റി കൂടുതലായി ഒന്നും അറിയില്ല. ഞാൻ പഠിച്ചത് കംപ്യൂട്ടർ സയൻസാണ്. അങ്ങനെയാണ് കാലടി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എയും എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫില്ലും ചെയ്തത്. അതിനിടയിൽ ത്രി ചാർ സൗ ബീസ്, റിംഗ് ടോൺ തുടങ്ങിയ ചിത്രങ്ങളിലും വർക്കു ചെയ്തിരുന്നു. ആ ചിത്രങ്ങളൊന്നും ഒരു കൊമേഴ്സ്യൽ സിനിമയോ ഇൻഡസ്ട്രിയിൽ സജീവമായതോ അല്ലായിരുന്നു. തിരക്കഥാകൃത്ത് ശ്യാം പുഷ്കറുമായും ദിലീഷ് നായരുമായുമൊക്കെ സൗഹൃദമാകുന്നത് അക്കാലഘട്ടത്തിലാണ്. അന്നൊക്കെ ഞങ്ങളൊന്നിച്ചാണ് സിനിമയിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നതും വർക്കു ചെയ്തിട്ടുള്ളതും.

കാമറയുടെ മുന്നിലേക്ക് എത്തപ്പെട്ടത്?

ശ്യാമും ദിലീപും ചേർന്നാണ് ആഷിഖ് അബുവിന്റെ സോൾട്ട് ആൻഡ് പെപ്പറിന്റ തിരക്കഥ ഒരുക്കുന്നത്. അതിലേക്കെന്നെ അഭിനയിക്കാനായി വിളിച്ചു. അന്നാണ് ആഷിഖേട്ടനെ പരിചയപ്പെടുന്നത്. അതു ജീവിതത്തിലെ ഒരു ടേണിംഗ് പോയിന്റായി മാറി. പിന്നെ 2012 ൽ 22 ഫീമെയിൽ കോട്ടയത്തിൽ അസോസയേറ്റായി വർക്കു ചെയ്തു തുടങ്ങി. ആഷിഖേട്ടനൊപ്പമാണു കൂടുതൽ ചിത്രങ്ങളും ചെയ്തിട്ടുള്ളത്. അമൽ നീരദ്, നന്ദകുമാർ കാവിൽ തുടങ്ങിയവരുടെ ചിത്രങ്ങളിലും വർക്കു ചെയ്തിട്ടുണ്ട്. ആ സമയത്തും അഭിനയിക്കാനുള്ള അവസരവും കിട്ടിയിരുന്നു. എന്നാൽ കൂടുതൽ ദിവസങ്ങളിൽ അഭിനയിക്കാനുള്ള സാഹചര്യം കിട്ടില്ല. കാരണം മറ്റു സിനിമകളിൽ അപ്പോൾ നമ്മൾ കമ്മിറ്റായിരിക്കും. അഭിനയത്തിൽ വലിയൊരു ഭാവി ഞാനും പ്രതീക്ഷിച്ചിരുന്നില്ല. അവസരം കിട്ടി, അതു ചെയ്തു എന്നു മാത്രം.

സംവിധാനത്തിലേക്ക്?

എന്റെ ആഗ്രഹം എന്നും സിനിമ സംവിധാനം ആയിരുന്നു. 2012 ൽ ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. ദിലീഷ് നായരായിരുന്നു അതിന്റെ തിരക്കഥ ഒരുക്കിയതും. എന്നാൽ അതു സെറ്റായി വരാൻ രണ്ടു വർഷം സമയമെടുത്തപ്പോൾ അന്നിറങ്ങിയ ചില സിനിമകളുമായി അതിനു ചില സാമ്യം തോന്നി. കഥയിലെ സാമ്യമല്ല, അതിന്റെ ഒരു ഫ്രഷ്നെസ്സ്, പുതുമ നഷ്ടപ്പെട്ടതുപോലെ. ആ സിനിമ ഒന്നു മാറ്റി എഴുതാമെന്നു തീരുമാനിച്ചെങ്കിലും പിന്നീടത് കേന്ദ്രീകരിക്കാൻ പറ്റിയില്ല. അതിനു ശേഷമാണു മഹേഷിന്റെ പ്രതികാരത്തിന്റെ ത്രെഡിലേക്കെത്തുന്നതും അത് ആദ്യ ചിത്രമായി മാറുന്നതും.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലേക്കെത്തുന്നതെങ്ങനെയാണ്?

ഒരു ദിവസം വൈകുന്നേരം ശ്യാമിന്റെ നാട്ടിൽ, ചേർത്തലയിൽനടന്ന ഒരു സംഭവം തമാശയ്ക്കു പറഞ്ഞ കൂട്ടത്തിലാണ് തമ്പാൻ പുരുഷൻ എന്ന വ്യക്‌തിയെപ്പറ്റി പറയുന്നത്. അദ്ദേഹത്തിന്റെ പലകഥകളിൽ നിന്നുമാണ് ഇങ്ങനൊരു ഇടിക്കഥ പറയുന്നത്. അതിലെനിക്കൊരു താൽപര്യം തോന്നി. ഇതിൽ സിനിമയ്ക്കുള്ളൊരു ത്രെഡുണ്ടല്ലൊ എന്നൊരു വിശ്വാസം മനസിലുണ്ടായപ്പോൾ അതു ശ്യാമുമായി സംസാരിച്ചു. അന്നു രാത്രി അഞ്ചു മണിക്കൂറോളം ഞങ്ങളിരുന്നു സംസാരിച്ചു. ഞങ്ങളുടെ കുറച്ചനുഭവങ്ങളേയും അതിലേക്കു ഉൾക്കൊള്ളിച്ച് ഒരു സിനിമയ്ക്കുള്ള പ്ലോട്ടായിട്ട് അതിനെ മാറ്റിയെടുത്തു. ആ കഥ കേട്ടപ്പോൾ തോന്നിയ ആത്മവിശ്വാസം സിനിമയുടെ എല്ലാ സമയത്തും ഞങ്ങൾക്കുണ്ടായിരുന്നു.

ആഷിഖ് അബു സിനിമയുടെ പ്രൊഡ്യൂസറാകുന്നത് എങ്ങനെയാണ്?

സിനിമയെപ്പറ്റി അങ്ങനെയൊരു ഐഡിയ വന്നപ്പോൾ തന്നെ അത് ആഷിഖേട്ടനുമായി ചർച്ച ചെയ്തിരുന്നു. ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതു സുഹൃത്തും ഗുരുനാഥനുമൊക്കെയായ ആഷിഖേട്ടനോട് ആദ്യമേ തന്നെ പറഞ്ഞിരുന്നു. ക്യാമറാമാൻ ഷൈജു ഖാലിദിനോടു പറയുന്നതും സൗഹൃദത്തിന്റെ പുറത്താണ്. ഐഡിയ കേട്ട ഉടൻ ആഷിഖേട്ടൻ, ഉഗ്രൻ സാധനമാണ്, നീ സിനിമ പിടിക്കു, നമുക്കിതു ചെയ്യാമെന്നു പറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ ഷൈജുവും ഫഹദും തയ്യാറായി. അങ്ങനെ പ്രോജക്ട് തയ്യാറാവുകയായിരുന്നു.

ഫഹദിന്റെ വലിയൊരു തിരിച്ചുവരവാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് മഹേഷായി രൂപപ്പെടുന്നതെങ്ങനെയാണ്?

കഥയിൽ നിന്ന് ഒരു ചിത്രമായി രൂപപ്പെട്ടപ്പോൾ അതു വളരെ അഭിനയ സാധ്യത ഉള്ളൊരു കഥാപാത്രമായി മാറിയിരുന്നു. മഹേഷിന്റെ ജീവിതത്തിൽ അവനു നേരിടേണ്ടിവരുന്ന സംഭവങ്ങളിൽ, സാഹചര്യങ്ങളിൽ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കേണ്ട വ്യക്‌തിയാണ്. അപ്പോൾ ആ വേഷം ചെയ്യുന്നത് നല്ല അഭിനയ ശേഷിയുള്ളൊരു താരമായിരിക്കണമെന്ന് എനിക്കാദ്യമേ നിർബന്ധമുണ്ടായിരുന്നു. ഫഹദുമായി എനിക്കു സൗഹൃദമുള്ളതാണ്. അപ്പോൾ ഈ വേഷം ഫഹദ് ചെയ്താൽ ഒരു സംവിധായകൻ എന്ന നിലയിൽ എനിക്കു കമ്മ്യൂണിക്കേറ്റു ചെയ്യാൻ വളരെ എളുപ്പമുള്ളതാകും. ഇയ്യോബിന്റെ പുസ്തകത്തിന്റെ ഷൂട്ടിംഗിനിടയിൽ വെച്ചാണ് ഫഹദിനോടു ഈ കഥ പറയുന്നത്. ഫഹദ് കേട്ട ഉടൻതന്നെ ഓകെ പറഞ്ഞു, അങ്ങനെയാണ് സിനിമ സെറ്റാകുന്നത്.


യഥാർത്ഥ സംഭവം നടന്നത് മറ്റൊരു സ്‌ഥലത്താണ്. എന്നാൽ അതിനെ ഇടുക്കിയിലെ പോലെ തന്നെ കഥ പറഞ്ഞിരിക്കുന്നതാണ് ചിത്രത്തിന്റെ വിജയമാകുന്നത്. ഇടുക്കിയെ മിടുക്കിയാക്കി കഥ പറയാൻ കാരണമെന്താണ്?

ഇടുക്കി ഗോൾഡിന്റെ ഷൂട്ടിംഗ് സമയത്താണ് ഈ കഥ ഞങ്ങൾ ആദ്യമായി സംസാരിക്കുന്നത്. അത് ഇടുക്കിയിൽ വച്ചായിരുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിന്റെ ഭാഗമായി ഇടുക്കി നല്ലവണ്ണം ഞാൻ കറങ്ങിക്കണ്ടിരുന്നു. കോട്ടയം ജില്ലയിലെ കുറുപ്പുംതറയാണെന്റെ വീട്. അതുകൊണ്ടു തന്നെ തൊട്ടടുത്ത ജില്ലയായ ഇടുക്കിയെപ്പറ്റി എനിക്കു നല്ല ധാരണയുണ്ട്. ഈ കഥ ആൾക്കാരു തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്; അവരുടെ ചെറിയ ഈഗോയുടെ, വിശ്വാസത്തിന്റെ കഥയാണ്. അപ്പോൾ ഇതു നടക്കേണ്ടത് ഒരു നാട്ടിൻ പുറത്താണ്. ചേർത്തല തുറവൂരു നടന്നതാണെങ്കിലും ആൾക്കാരു തമ്മിൽ അത്ര സഹകരണത്തിലും മനോഭാവത്തിലും ജീവിക്കുന്ന സമൂഹത്തിനിടയിലാണു ഈ കഥ നടക്കാൻ ഏറ്റവും സൗകര്യമെന്ന് എനിക്കു തോന്നി. ആ തോന്നലിൽ നിന്നുമൊക്കെയാണ് ഇടുക്കിയിലേക്കു കഥ മാറാൻ കാരണങ്ങളാകുന്നത്. ഇടുക്കിയുടെ മനോഹാരിതയും അവിടുത്തെ ആളുകളുടെ ജീവിതവും സാമൂഹിക അവസ്‌ഥയുമൊക്കെ ഈ കഥയിലെത്തുന്നുണ്ട്. ഇപ്പോൾ എറണാകുളത്തു ഞാൻ താമസിക്കുന്ന വീടിനു മുന്നിലിട്ട് ഒരാളെ തല്ലുന്ന സാമൂഹികാവസ്‌ഥയല്ല ഇടുക്കിയിലുള്ളത്. കാരണം അവിടെ ജനിച്ചു വളർന്ന മഹേഷിനെയാണ് അവരുടെ മുന്നിൽ കവലയിലിട്ടു തല്ലുന്നത്. ഇങ്ങനെയൊക്കെയുണ്ടായ പല തോന്നലിൽ നിന്നുമാണു ശ്യാം സംഭവം പറഞ്ഞ രാത്രിയിലെ ചർച്ചയിൽ തന്നെ ഈ കഥയെ ഇടുക്കി പശ്ചാത്തലത്തിൽ അവതരിപ്പിക്കാമെന്നു തീരുമാനിക്കുന്നത്.

പുതിയമുഖങ്ങൾ ഒരുപാട് ചിത്രത്തിലെത്തുന്നുണ്ട്. കഥാപാത്രങ്ങൾക്കനുസൃതമായി എങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ് സാധ്യമായത്?

വളരെ ചെറിയെ ഒരു കഥയാണിത്. സിനിമ കാണുന്ന ഓരോ പ്രേക്ഷകനും അതു പരിചിതമായി തോന്നണം. അപ്പോൾ സിനിമയ്ക്കായി ഒരുങ്ങി നിൽക്കുന്നവരായി തോന്നാത്ത അഭിനേതാക്കളെയാണ് വേണ്ടത്. അവിടെ കാസ്റ്റിംഗ് വളരെ പ്രധാനപ്പെട്ടതായി മാറി. ഒരുപാട് സമയമെടുത്താണു പുതിയ ആൾക്കാരേയും സിനിമയിൽ നിന്നുള്ളവരെയുമായി കാസ്റ്റിംഗ് പൂർത്തിയാക്കിയത്. അതിനായി സിനിമയിൽ ചെറിയ വേഷത്തിലെത്തുന്നവരെപ്പോലും നോട്ടു ചെയ്തു. അത്ര ക്ലാരിറ്റിയായുള്ള തെരഞ്ഞെടുപ്പാണ് നടത്തിയത്. ഇടുക്കിയിലെ പത്രങ്ങളിലും മറ്റും പരസ്യം നൽകിയും സോഷ്യൽ മീഡിയ വഴിയൊക്കെയാണു കാസ്റ്റിംഗ് പൂർത്തിയാക്കിയത്. തിരക്കഥാകൃത്ത് ശ്യാമും ഞാനും മൂന്നുമാസക്കാലം ഇടുക്കി പ്രകാശ് സിറ്റിയിൽ പോയി റൂമെടുത്ത് താമസിച്ചിരുന്നു. എഴുത്തൊക്കെ അപ്പോഴാണ് നടത്തിയതും. പിന്നെ എന്റെ അസിസ്റ്റൻസും കാസ്റ്റിംഗിൽ വളരെ പണിപ്പെട്ടിരുന്നു. ഓഡിഷനിലേക്ക് ആൾക്കാരെ തെരഞ്ഞെടുത്ത് അവരാണ്. ഓഡിഷനിൽ വന്നവരെ മാത്രമെ ഞാനും കണ്ടുള്ളു. നായികയായ അപർണയെ പോലും തെരഞ്ഞെടുത്തത് മൂന്നുനാലു തവണ ഓഡിഷൻ ചെയ്തിട്ടായിരുന്നു. ചിത്രത്തിൽ എന്റെ വേഷം പോലും ആ സമയത്തു വേറൊരു മികച്ച കാസ്റ്റിംഗ് കിട്ടാഞ്ഞതുകൊണ്ടാണ് ചെയ്തതാണ്. കഥാപാത്രങ്ങൾക്കു പേരു നൽകുന്നതിൽ പോലും ഞങ്ങൾ വളരെയേറെ ശ്രദ്ധ കൊടുത്തിരുന്നു.

ബിജിപാലിന്റെ സംഗീതവും ഇടുക്കി പാട്ടും ചിത്രത്തിനു വലിയ മുതൽക്കൂട്ടായിരുന്നല്ലൊ?

എന്റെ ആദ്യത്തെ സിനിമ എന്ന നിലയിൽ എനിക്കു സൗഹൃദമുള്ള ബിജിപാലേട്ടനെയാണ് ഞാനാദ്യം സമീപിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ സംഗീതത്തിൽ എനിക്കു പൂർണ വിശ്വാസമുണ്ട്. ബിജിപാലേട്ടനൊപ്പം ഞാൻ നേരത്തെ വർക്കു ചെയ്തിട്ടുള്ളതാണ്. സിനിമ ഷൂട്ടിനു മുമ്പേതന്നെ സംഗീതം ചെയ്യുന്നതിന്റെ ഭാഗമായി ബിജിപാലും റഫീക്ക് ജിയുമായി ഒരു ദിവസം വൈകുന്നേരം ഞങ്ങളിരുന്നു. അപ്പോഴാണ് ഇടുക്കി പാട്ടിലേക്കെത്തുന്നത്. സിനിമയിൽ കഥ പറയുന്ന ഇടുക്കിയെ പ്രേക്ഷകർ എല്ലാവർക്കും പരിചിതമാകാനാണ് ഇടുക്കി പാട്ടിനെ ഉപയോഗിച്ചത്. കാരണം ആ പാട്ടിൽ ഇടുക്കിയുടെ ജീവിതം ഉണ്ട്. ഇടുക്കിയെ മിടുമിടുക്കിയായി കാണിച്ചപ്പോൾ തന്നെ എനിക്ക് സിനിമയുടെ തെളിച്ചവും ധൈര്യവുമായി അതു മാറിയിരുന്നു. ഒരു പക്ഷെ ടൈറ്റിൽ സോംഗില്ലായിരുന്നെങ്കിൽ ഈ ചിത്രം മറ്റൊരു തരം സിനിമയായി മാറിയേനെ.

ആദ്യ ചിത്രം മെഗാഹിറ്റായി മാറിയിരിക്കുന്നു. പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?

പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നുണ്ട്. ആദ്യ സിനിമയുടെ തിരക്കു മാറി ഇപ്പോഴാണ് ഒന്നു സ്വസ്ഥമായത്. ഇപ്പോൾ കുറച്ചു സിനിമയിൽ അഭിനയിക്കുകയാണ്. അമൽ നീരദ്– ദുൽഖർ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. വരാനിരിക്കുന്ന മറ്റൊരു പ്രോജക്ട് ഗപ്പിയാണ്. ജോൺ പോളാണ് സംവിധാനം.