സീരിയൽ പ്രേക്ഷകർ മാറേണ്ടിയിരിക്കുന്നു: കിഷോർ സത്യ
സീരിയൽ പ്രേക്ഷകർ മാറേണ്ടിയിരിക്കുന്നു: കിഷോർ സത്യ
Tuesday, July 5, 2016 4:36 AM IST
<യ> സ്റ്റാഫ് പ്രതിനിധി

കിഷോർ സത്യ സിനിമയിൽ മുഖം കാണിച്ചിട്ട് രണ്ടു വർഷത്തോളമായിരുന്നു. ഇപ്പോൾ ജയിംസ് ആൻഡ് ആലീസിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച് കിഷോർ വീണ്ടും ശ്രദ്ധ നേടുകയാണ്. സിനിമയുടെ ഈ ഇടവേളകളിൽ പക്ഷേ കുടുംബസദസുകളുടെ പ്രിയപ്പെട്ടവനായി മാറാനുള്ള ഭാഗ്യം കിഷോറിനുണ്ടായി. കറുത്തമുത്ത് എന്ന സീരിയലിലെ നായക കഥാപാത്രം കിഷോറിന് അത്രമേൽ പ്രശസ്തിയാണ് നേടിക്കൊടുത്തത്. ജോസ് തോമസിന്റെ സഹായിയായി സിനിമയിലെത്തി ഇപ്പോൾ സീരിയലിൽ വ്യക്‌തിമുദ്ര പതിപ്പിച്ച കിഷോർ പക്ഷേ വളരെ ശ്രദ്ധയോടെയാണ് കരിയർ കൊണ്ടുപോകുന്നത്. കറുത്ത മുത്ത് ഹിറ്റായപ്പോൾ തന്നെ ഒട്ടേറെ സീരിയലുകളിലേയ്ക്ക് ഓഫർ വന്നെങ്കിലും വളരെ സെലക്ടീവായാണ് കിഷോർ മുന്നേറുന്നത്. സിനിമയിലും കിഷോർ ശ്രദ്ധിക്കപ്പെടുകയാണ്. ജയിംസ് ആൻഡ് ആലീസിൽ ചെറുതെങ്കിലും ഇംപാക്ട് ഉണ്ടാക്കുന്ന കഥാപാത്രമായിരുന്നു. ഇപ്പോൾ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന പൃഥ്വിരാജ് ചിത്രത്തിലും കിഷോർ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സെൽഫ് മാർക്കറ്റിംഗിൽ താൻ വളരെ പിന്നിലാണെന്ന് കിഷോർ പറയുന്നു. സിനിമയിൽ ചാൻസുകൾ ചോദിച്ച് ഇതേവരെ പോയിട്ടില്ല. വന്നതെല്ലാം ഇങ്ങോട്ട് വിളിച്ചതാണ്. ജയിംസ് ആൻഡ് ആലീസിന്റെ സംവിധായകൻ സുജിത്ത് എന്റെ സുഹൃത്താണ്. സുജിത്ത് എന്നെ ഈ പടത്തിന് വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ജയിംസ് ആൻഡ് ആലീസിനു മുമ്പ് ജമിനി എന്ന പടം ചെയ്തു. ബേബി എസ്തറാണ് കേന്ദ്രകഥാപാത്രം. നല്ലൊരു സബ്ജക്ടാണ്. ഷൂട്ടിംഗ് കഴിഞ്ഞ ചിത്രത്തിന് ചില സാമ്പത്തിക പ്രശ്നങ്ങൾ മൂലം മറ്റു ജോലികൾ തടസപ്പെട്ടിരിക്കുകയാണ്.

സിനിമകളിൽ സാന്നിധ്യം കുറഞ്ഞെങ്കിലും കഴിഞ്ഞ രണ്ടു വർഷമായി ടെലിവിഷനിൽ ഈമുഖം നിറഞ്ഞുനിൽക്കുകയാണ്. സീരിയലുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ കറുത്തമുത്ത് കിഷോറിനെ കുടുംബ പ്രേക്ഷകർക്ക് ചിരപരിചിതനാക്കി. ഒരു കറുത്ത പെൺകുട്ടിയെ നായികയാക്കിയുള്ള സീരിയൽ പോതുവേ ആരും പരീക്ഷിക്കില്ല. സാധാരണ സീരിയലുകളിലെ അമ്മായിയമ്മപ്പോരും നാത്തൂൻപോരുമൊക്കെ വിട്ടിട്ടുള്ള ഒരു കഥയായിരുന്നു. അതുകൊണ്ടു തന്നെ സീരിയൽ പ്രേക്ഷകർക്ക് വളരെ പുതുമ തോന്നിച്ചു.സാധാരണ സീരിയൽ പ്രേക്ഷകർക്കപ്പുറമുള്ള ഒരു ഓഡിയൻസിലേക്ക് ഈ സീരിയൽ പോയി. വിവിധ രംഗങ്ങളിലുള്ള ആൾക്കാർ സീരിയൽ കാണുകയും എന്നോടു നല്ല അഭിപ്രായം പറയുകയും ചെയ്തു.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ05ൃയ2.ഷുഴ മഹശഴി=ഹലളേ>


ഒരു സീരിയലിൽ അഭിനയിക്കുന്നവർക്ക് സമൂഹത്തിൽ ഇത്രയും ഇംപാക്ട് സൃഷിടിക്കാൻ കഴിയുമെന്ന് ഈ സീരിയലിലൂടെയാണ് എനിക്കു മനസിലായത്. പുറത്തിറങ്ങിയാൽ ആളുകൾ തിരിച്ചറിയും. എന്നെ സീരിയലിലെ കഥാപാത്രമായാണ് മിക്കവരും കരുതുന്നത്. അത്തരമൊരു സമീപനമാണ് പലരിൽ നിന്നും ഉണ്ടാകുന്നത്. കിഷോർ സത്യ എന്ന വ്യക്‌തി അവരുടെ മനസിലില്ല. കറുത്തമുത്തിലെ ഡോക്ടറാണ് എല്ലാവരുടേയും മനസിൽ. പക്ഷേ സിനിമയിൽ അത്തരം ആരാധനയില്ല. അവിടെ കഥാപാത്രത്തിന്റെ പേരിലല്ല അറിയപ്പെടുന്നത്. ഞാൻ പുറത്തിങ്ങുമ്പോൾ കഥാപരമായ രീതിയിലാണ് എന്നോട് ആൾക്കാർ സംസാരിക്കുന്നത്. കറുത്ത മുത്ത് എന്തിയേ... അവൾക്ക് സുഖമാണോ എന്നൊക്കെയാണ് ചോദിക്കുന്നത്. ഞാനിവരോട് എന്തു പറയും. എന്റെ മകളായി അഭിനയിക്കുന്ന കുട്ടിയുണ്ട്. അക്ഷര കിഷോർ. എന്റെ കുട്ടിയായാണ് പലരും അവളരെ കാണുന്നത്. ബാലമോൾ എവിടെ, അവൾക്കു സുഖമാണോ എന്നൊക്കെ എന്നോടാണ് ചോദിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ വളരെ അപകടകരമായ അവസ്‌ഥയായാണ് ഞാനിതിനെ കാണുന്നത്. ഞാനതിനെ പോസിറ്റീവായി കാണുന്നില്ല. കാഴ്ചയിൽ ഒരു വകതിരിവ് അവർ സ്വീകരിക്കേണ്ടിയിരിക്കുന്നു. അതിവൈകാരികമായാണ് നമ്മുടെ പ്രേക്ഷകർ സീരിയലിനെ സമീപിക്കുന്നതെന്ന് പറയാതെ വയ്യ. മലയാളികൾ അഭ്യസ്ത വിദ്യരെന്നു പറയുമ്പോഴും ചിന്താശേഷിയിൽ മാറ്റം വരേണ്ടിയിരിക്കുന്നു. ഇതൊരു കഥയാണെന്നും ഞങ്ങളൊക്കെ അതിലെ അഭിനേതാക്കൾ മാത്രമാണെന്നും തിരിച്ചറിയാൻ പ്രേക്ഷകനു കഴിയണം.

പലരും ടെലിവിഷൻ സീരിയലുകളെ വിമർശിക്കും. സമൂഹത്തിനു ദോഷമാണ് സൃഷ്‌ടിക്കുന്നതെന്നു പറയും. പക്ഷേ മോശമാണെന്നു പറയുകയും ആ സീരിയൽ കാണുകയും ചെയ്യുന്നവരാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും. ചാനലുകളെ സംബന്ധിച്ച് റേറ്റിംഗ് കൂട്ടാൻ അവർ പലതും കാണിക്കും. അങ്ങനെയുള്ളതിനെ കാണാതെ അവഗണിക്കുകയാണ് പ്രേക്ഷകർ ചെയ്യേണ്ടത്. കാഴ്ചയിൽ ഒരു വകതരിവ് സൃഷ്‌ടിക്കേണ്ടത് പ്രേക്ഷകർ തന്നെയാണ്.

സിനിമയിൽ ഇപ്പോൾ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്. ജയിംസ് ആൻഡ് ആലീസിനു ശേഷം പൃഥ്വിരാജിനൊപ്പം ഊഴം ചെയ്തു. പൃഥ്വിയാണ് ഈ സിനിമയിലേയ്ക്ക് എന്നെ ശുപാർശ ചെയ്തത്. ഇനിയുള്ളത് എന്റെ ഗുരുവായ ജോസ് തോമസിന്റെ സ്വർണക്കടുവയാണ്. അതിലെ റോൾ എന്തെന്ന് അറിയില്ല. ഞാൻ ഒരേ സമയത്ത് രണ്ടും മൂന്നും സീരിയലിൽ അിനയിക്കാറില്ലാത്തതുകൊണ്ട് സീരിയൽ നടൻ എന്ന് മുദ്രകുത്തി സിനിമയിൽ നിന്ന് മാറ്റിനിറുത്തുന്നില്ല. ഇനി സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാനാണ് പ്ലാൻ.