ടിവി പരിപാടികൾ ഫോണിൽ കാണാൻ ഡിറ്റോ ടിവി
ടിവി പരിപാടികൾ ഫോണിൽ കാണാൻ ഡിറ്റോ ടിവി
Thursday, June 30, 2016 3:31 AM IST
യാത്രാവേളകളിൽ ടിവി കാണേണ്ടവർക്ക് ഇതാ കുറഞ്ഞ ചെലവിൽ പുതിയ സർവീസ്. പ്രതിമാസം 20 രൂപയ്ക്ക് ടെലിവിഷൻ പരിപാടികൾ കാണാൻ അവസരമൊരുക്കുകയാണ് സീ ഡിജിറ്റൽ കൺവർജൻസ് ലിമിറ്റഡ്. ഡിറ്റോ ടിവി എന്നാണ് സർവീസിനു പേരിട്ടിരിക്കുന്നത്. ഇതിലൂടെ ഇഷ്‌ട ടെലിവിഷൻ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്യപ്പെടുമ്പോൾത്തന്നെ കാണാനാകും. ദേശ്കാ ടിവി എന്ന നിലയിൽ അവതരിപ്പിക്കുന്ന ഇത് ഫോണിലോ ടാബിലോ പിസിയിലോ ഉപയോഗിക്കാം.

നൂറിലേറെ ഹിന്ദി ചാനലുകൾ, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളിലുള്ള ചാനലുകൾ എന്നിവ ഇതിൽ ലഭ്യമാണ്. ലളിതമായ രീതിയിൽ കുറഞ്ഞ ചെലവിൽ മികച്ച പരിപാടികൾ കാണാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്.

ലൈവ് സ്ട്രീമിംഗ് ടെലിവിഷൻ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി പ്രമുഖ ടെലികോം സേവനദാതാവായ ഐഡിയ സെല്ലുലാറുമായി ചേർന്ന് 3ജി, 4ജി ഇന്റർനെറ്റ് പായ്ക്കുകളുടെ റീച്ചാർജിനൊപ്പം ഒരുമാസത്തേക്കുള്ള സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുന്നുണ്ട്. ഈ പ്രത്യേക ഓഫർ ജൂലൈ 31 വരെ നിലവിലുണ്ട്.


ആൻഡ്രോയ്ഡ്, വിൻഡോസ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഡിറ്റോ ടിവി ലഭിക്കും. സാറ്റലൈറ്റ് ഡിഷും സെറ്റ്ടോപ് ബോക്സുമില്ലാതെ ടിവി കാണാം. മൂന്നുമാസം, ആറുമാസം, ഒരു വർഷം എന്നിങ്ങനെയുള്ള സബ്സ്ക്രിപ്ഷൻ തുക യഥാക്രമം 50, 90 170 രൂപ വീതമാണ്.

ഡിജിറ്റൽ വിനോദോപാധികൾ ഇന്ത്യയിൽ വളർച്ചയുടെ പാതയിലാണെന്ന് സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ പുനീത് ഗോയങ്ക പറഞ്ഞു. ഉപയോക്‌താക്കളുടെ താത്പര്യത്തിനനുസരിച്ച് ഡിറ്റോ ടിവി മാധ്യമരംഗത്തും മാറ്റങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 4ജി സേവനം കൂടുതൽ വ്യാപകമാകുന്നതോടെ ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ ഉപയോഗം വർധിക്കുമെന്നും ഉപയോക്‌താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് മികച്ച ഡിജിറ്റൽ സേവനങ്ങൾ നൽകുമെന്നും ഐഡിയ സെല്ലുലാർ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശശി ശങ്കർ പറഞ്ഞു.