ഗോദ
ഗോദ
Saturday, May 20, 2017 4:25 AM IST
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവും ആവേശഭരിതവുമായ ഗുസ്തിയുടെയും ഗുസ്തിക്കാരുടെയും വീരകഥകൾ പറയുന്ന ഗോദയിൽ ഗുസ്തിയോടുള്ള യുവതലമുറയുടെ കാഴ്ചപ്പാട് വ്യക്തമാകുന്നു.
ടൊവിനോ തോമസ്, അജു വർഗീസ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പഞ്ചാബിയായ വാമിക ഗബ്ബിയാണ് നായിക. ശ്രീജിത് രവി, ബിജുക്കുട്ടൻ, രഞ്ജി പണിക്കർ, ദിനേശ് പ്രഭാകർ, ഹരീഷ് കണാരൻ, ധർമ്മൻ ബോൾഗാട്ടി, കോട്ടയം പ്രദീപ്, മാമുക്കോയ, സുരേഷ്, മിന്നൽ ജോർജ്, ടി. പാർവതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പാരന്പര്യത്തിന്‍റെ അഭിമാനവുമായി ഇപ്പോഴും ഗുസ്തിക്കാരനായി വിലസുന്ന ക്യാപ്റ്റനും ക്രിക്കറ്റിന്‍റെ ലഹരിയിൽ ജീവിക്കുന്ന ക്യാപ്റ്റന്‍റെ മകനും തമ്മിലുള്ള നിലപാടുകളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ വളർന്ന് അവരുടെ കുടുംബത്തിൽ മാത്രമല്ല, ആ ഗ്രാമത്തിലും ഉണ്ടാകുന്ന രസകരങ്ങളായ മുഹൂർത്തങ്ങളാണ് ഗോദ എന്ന ചിത്രത്തിൽ ബേസിൽ ജോസഫ് ദൃശ്യവത്കരിക്കുന്നത്.

ക്യാപ്റ്റനായി രഞ്ജി പണിക്കരും മകൻ ദാസനായി ടൊവിനോ തോമസും അഭിനയിക്കുന്നു. പഞ്ചാബിയായ അതിഥി സിംഗ് എന്ന കഥാപാത്രത്തെയാണ് വാമിക ഗബ്ബി അവതരിപ്പിക്കുന്നത്. ആറുമാസം ഗുസ്തിയിൽ പരിശീലനം നേടിയതിനുശേഷമാണ് വാമിക ഗോദയിൽ അഭിനയിക്കാൻ എത്തിയത്.


കണ്ണാടിക്കൽ ഗ്രാമത്തിലാണ് ഇവരുടെ ജീവിതവിശേഷങ്ങൾ ഉള്ളത്. ഗുസ്തിക്കു പേരുകേട്ട ഗ്രാമമാണിത്. ഗ്രാമത്തിലെ മനേത്തുവയലിൽ കെട്ടിയുണ്ടാക്കിയ ഗോദയിലാണ് ആവേശകരമായ ഗുസ്തിമത്സരങ്ങൾ നടക്കുന്നത്. പ്രശസ്തരായ പല ഗുസ്തിക്കാരും ഈ ഗ്രാമത്തിലെത്തി മത്സരിച്ചിട്ടുണ്ട്. ഗുസ്തി വെറും ഒരു കായികവിനോദമല്ല, ഒരു വികാരംതന്നെയായിരുന്നു ഈ നാട്ടുകാർക്ക് ഒരുകാലത്ത്. അതിൽ ഇപ്പോഴും പ്രധാനിയായി തിളങ്ങിനിൽക്കുന്നത് ക്യാപ്റ്റനാണ്. ഗുസ്തിയുടെ പെരുമയും പാരന്പര്യവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ് ക്യാപ്റ്റ നും കൂട്ടരും. എങ്കിലും പുതിയ തലമുറയ്ക്ക് ക്രിക്കറ്റിനോടാണു താൽപര്യം. മനേത്തുവയലിലെ ഗുസ്തി മത്സരവേദിയായ ഗോദ ക്രിക്കറ്റ് കളിക്കാൻ ദാസനും കൂട്ടരും തയാറായപ്പോൾ ക്യാപ്റ്റൻ എതി ർപ്പുമായി രംഗത്തുവന്നു. എതിർക്കാൻ യുവാക്കളും തയാറായിരുന്നെങ്കിലും ക്യാപ്റ്റന്‍റെയും കൂട്ടരുടെയും മുന്പിൽ പിടിച്ചുനിൽക്കാൻ അവർക്കായില്ല. പഴമക്കാരുടെ ഗുസ്തിയും പുതുമക്കാരുടെ ക്രിക്കറ്റും തമ്മിലുള്ള അങ്ക പുറപ്പാട് ആ ഗ്രാമത്തിലേക്കു വ്യാപിച്ചു.

ഇ ഫോർ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ മുകേഷ് ആർ മേത്ത നിർമിക്കുന്നു. കാമറ- വിഷ്ണു ശർമ്മ.
എ.എസ്. ദിനേശ്