ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
Thursday, May 4, 2017 4:43 AM IST
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്‍റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ.

നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ എന്ന ചിത്രത്തിൽ വി.പി. സത്യനായി ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. തന്‍റെ ഓരോ ചിത്രങ്ങളിലും കഥാപാത്രത്തിന്‍റെ വ്യക്തിത്വങ്ങളിൽ വ്യത്യസ്തകൾ കണ്ടെത്തി അവതരിപ്പിക്കുന്ന ജയസൂര്യ ആദ്യമായാണ് ഫുട്ബോൾ കളിക്കാരന്‍റെ വേഷത്തിലെത്തുന്നത്. വി.പി. സത്യന്‍റെ ഭാര്യയായ അനിത സത്യനെ അനു സിതാര അവതരിപ്പിക്കുന്നു.

ഗുഡ്വിൽ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ടി.എൽ. ജോർജ് നിർമിക്കുന്ന ക്യാപ്റ്റൻ കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. സത്യന്‍റെ മാതാവ് നാരായണി നിലവിളക്കിലെ ആദ്യതിരി തെളിയിച്ചു സ്വിച്ചോണ്‍ കർമം തുടക്കംകുറിച്ചു. തുടർന്ന് പി.വി. ഗംഗാധരൻ, ആന്േ‍റാ ജോസഫ്, , ജോബി ജോർജ്, സിദ്ധിഖ് രാഗേഷ്, ജയസൂര്യ തുടങ്ങിയവരും തിരി തെളിയിച്ചു. പ്രശസ്ത സംവിധായകൻ സിദ്ധിഖ് സ്വിച്ചോണ്‍ നിർവഹിച്ചപ്പോൾ ക്യാപ്റ്റൻ കുരുകേഷ് ആദ്യ ക്ലാപ്പടിച്ചു. മുഹമ്മദ് റഫി ഫുട്ബോൾ കിക്ക് ചെയ്ത് ക്യാപ്റ്റന്‍റെ ചിത്രീകരണം ആരംഭിച്ചു.

1992-ൽ സന്തോഷ് ട്രോഫി കേരളത്തിൽ ആവേശകരമായി സംഘടിപ്പിച്ചപ്പോൾ വി.പി. സത്യൻ എന്ന കരുത്തനായ കളിക്കാരനായിരുന്നു ക്യാപ്റ്റൻ. പിന്നീട് എത്രയെത്ര അംഗീകാരങ്ങൾ നേടി കേരളത്തിന്‍റെയും ഇന്ത്യയുടെയും അഭിമാനം ഉയർത്തിപ്പിടിച്ച വി.പി. സത്യൻ ഫുട്ബോൾ പ്രേമികളുടെ മനസിൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചുകൊണ്ടാണ് 2006-ൽ വിട പറഞ്ഞത്.


ഫുട്ബോൾ രംഗത്ത് ഒരിക്കലും യാതൊരു വിലയുമില്ലാത്ത കാലത്ത് കളിക്കളത്തിനായി ജീവിതം സമർപ്പിച്ച് ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കിയ വി.പി. സത്യന് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്ന സത്യത്തിന്‍റെ നേർക്കാണ് പ്രജേഷ് സെൻ ക്യാപ്റ്റൻ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്തന്.
മാധ്യമപ്രവർത്തകനും സിദ്ധിഖിന്‍റെ അസോസിയേറ്റുമായ പ്രജേഷ് സെൻ തന്‍റെ ആദ്യ ചിത്രത്തിലൂടെ പുതിയതലമുറയ്ക്ക് മഹാനായ വി.പി. സത്യനെന്ന കളിക്കാരനെ പരിചയപ്പെടുത്തുകയാണ്. ഫുട്ബോളിനു പുറത്ത് സത്യന് ഒരു ജീവിതമുണ്ടായിരുന്നുവെന്ന് ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുന്ന ഈ ചിത്രത്തിൽ തലൈവാസൽ വിജയ്, രഞ്ജി പണിക്കർ, സിദ്ധിഖ്, നിർമൽ പാലാഴി, ലക്ഷ്മി ശർമ്മ തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം നൂറോളം ഫുട്ബോൾ താരങ്ങളും തിരശീലയിലെ കളിക്കളത്തിൽ ഇറങ്ങുന്നുണ്ട്.
റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്തന്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ഗോപിസുന്ദർ ഈണം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോബി ജോർജ്, പ്രൊഡ. കണ്‍ട്രോളർ- എ.ഡി. ശ്രീകുമാർ, കല- സിറിൾ കുരുവിള, മേക്കപ്- ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹർ, സ്റ്റിൽസ്- ലിബിസണ്‍ ഗോപി, പരസ്യകല- ഓൾഡ് മങ്ക്, എഡിറ്റർ- വിജയശങ്കർ, സംഘട്ടനം- മാഫിയാ ശശി, നൃത്തം- ഷോബി പോൾ രാജ്.

എ.എസ്. ദിനേശ്