സ്‌കൂള്‍ വിട്ടാല്‍ ബിന്ദു കൃഷിഭൂമിയില്‍ കര്‍ഷക താരോദയം
സ്‌കൂള്‍ വിട്ടാല്‍ ബിന്ദു കൃഷിഭൂമിയില്‍ കര്‍ഷക താരോദയം
Thursday, September 22, 2022 4:15 PM IST
കോഴിക്കോട് ജില്ലയില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയൊരു സ്ഥലമാണു സൂപ്പിക്കട. രണ്ടോ മൂന്നോ കടകള്‍ മാത്രമുള്ള തനി നാടന്‍ ഗ്രാമം. പേരാമ്പ്രയാണു തൊട്ടടുത്ത പട്ടണം. അവിടെ നിന്നു കുറ്റ്യാടി റൂട്ടില്‍ എട്ടു കിലോമീറ്റര്‍ പിന്നിട്ടാല്‍ സൂപ്പിക്കടയായി.

ഇവിടെ റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന വീടും അതിനു ചുറ്റുമുള്ള നഴ്‌സറിയും ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കില്ല. വീടിന്റെ ടെറസിലും പറമ്പിലുമെല്ലാം വ്യത്യസ്ത വര്‍ണങ്ങളില്‍ നിറയെ പൂക്കള്‍. ഇതാണു രണ്ടുപ്ലാക്കല്‍ വീട്. ഈ വീട്ടിലേക്കാണു ബിന്ദു ജോസഫിലൂടെ കഴിഞ്ഞദിവസം ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അന്ത്യോദയ ദേശീയ പുരസ്‌കാരമെത്തിയത്.

കുറ്റിക്കുരുമുളകിന്‍റെ ലോകം

വീടിനോടു ചേര്‍ന്ന 36 സെന്റ് സ്ഥലത്താണ് ബിന്ദുവിന്‍റെ നഴ്‌സറിയും ചെടികളും. കുറച്ചകലെ മീന്‍തുള്ളി പുഴയുടെ തീരത്തുള്ള മൂന്നേമുക്കാല്‍ ഏക്കറിലാണ് മറ്റു കൃഷികള്‍. തെങ്ങിന്‍ തൈകള്‍ വളര്‍ത്തുന്നത് അവിടെയണ്. റബ്ബര്‍, ജാതി, കമുക്, തുടങ്ങിയവയുമുണ്ട്. മഞ്ഞള്‍, ഇഞ്ചി, മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, അച്ചാചെറു, അബിയു, സ്റ്റാര്‍ ആപ്പിള്‍, ഞാവല്‍ എന്നിവയും കൃഷിയിടത്തെ സമ്പന്നമാക്കുന്നു.

ബിന്ദുവിന്‍റെ നഴ്‌സറിയില്‍ പ്രധാന ഇനം കുറ്റിക്കുരുമുളകാണ്. ബിന്ദുവും ദേശീയ പുരസ്‌കാര ജേതാവുമായ ഭര്‍ത്താവ് ജോജോയും ചേര്‍ന്നാണു നഴ്‌സറിയില്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നത്. ചെറിയ കൂടുകളില്‍ നടുന്ന കുരുമുളക് വള്ളികള്‍ വേരുപിടിച്ചാല്‍ ഉടന്‍ ചട്ടികളിലേക്കു മാറ്റും. ഉയര്‍ന്ന ഗുണമേന്മയുള്ള തൈകളാണിത്. ഒരു വര്‍ഷം ശരാശരി പതിനായിരത്തോളം കുറ്റിക്കുരുമുളക് തൈകളാണ് ഇവര്‍ വില്‍ക്കുന്നത്. വര്‍ഷം മുഴുവന്‍ ഇതില്‍ തിരികളുണ്ടാകുമെന്നതാണു പ്രത്യേകത.

വെസ്റ്റ്‌കോസ്റ്റ് ടോള്‍ ഇനത്തില്‍പെട്ട കുറ്റ്യാടി തെങ്ങിന്‍ തൈകളും ഇവിടെ മുളപ്പിച്ചെടുത്ത് വില്‍ക്കുന്നുണ്ട്. വര്‍ഷത്തില്‍ പതിനായിരത്തോളം തെങ്ങിന്‍ തൈകളും വിറ്റഴിക്കപ്പെടുന്നു. ഡി ഇന്‍ടു ടി ഇനത്തില്‍പെട്ട തെങ്ങിന്‍ തൈകള്‍ മൂന്നു വര്‍ഷം കൊണ്ടു കായ്ക്കും. ഇവയ്ക്കു നല്ല പ്രതിരോധ ശേഷിയുമുണ്ട്.

പ്രഗതി ഇനം മഞ്ഞളും വരദ ഇനം ഇഞ്ചിയും നഴ്‌സറിയില്‍ കിട്ടും. 30 ഗ്രാം മഞ്ഞള്‍ വിത്ത് ചട്ടിയില്‍ നട്ടു വളര്‍ ത്തിയാല്‍ മൂന്നു കിലോ വരെ വിള വുണ്ടാകുമെന്നു ബിന്ദു പറഞ്ഞു. വീടിന്റെ ടെറസിനു മുകളിലാണ് മഞ്ഞളും ഇഞ്ചിയും വളര്‍ത്തുന്നത്. ആറുമാസം കൊണ്ട് വിളവെടുക്കും. അതുകഴിഞ്ഞാല്‍ ടെറസ് ബോഗണ്‍ വില്ലയ്ക്കു വഴിമാറും. വര്‍ഷം മുഴുവന്‍ ടെറസില്‍ കൃഷിയാണ്.

വിവിധതരം മാവിന്‍ തൈകളും ഇവിടെ വളര്‍ത്തുന്നുണ്ട്. റുമാനി, കോട്ടൂര്‍കോണം, കാലാപ്പാടി, അല്‍ ഫോണ്‍സ, മല്ലിക, മൂവാണ്ടന്‍ എന്നിവ ഇതില്‍പ്പെടും. കുരുവില്ലാത്ത തേന്‍ വരിക്ക ചക്കയും ഗ്രോ ബാഗില്‍ വളര്‍ത്തി ഒന്നരവര്‍ഷം കൊണ്ട് വിളവെടുക്കാവുന്ന വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളി പ്ലാവുകളുമുണ്ട്. മലേഷ്യന്‍ ഇനമായ ആപ്പിള്‍ ചാമ്പയാണ് വ്യത്യസ്തമായ മറ്റൊരിനം. ആപ്പിളിന്റെ മധുരവും നിറവും ചാമ്പങ്ങായുടെ രൂപവുമാണിതിന്. എല്ലാ സീസണിലും കായ്ക്കും. 18 എണ്ണം ഉണ്ടെങ്കില്‍ ഒരു കിലോ തൂക്കം വരുന്ന എന്‍ 18 റംബുട്ടാനും നഴ്‌സറിയിലുണ്ട്.

നിറച്ചാര്‍ത്ത് അണിഞ്ഞ് ബോഗണ്‍വില്ലകള്‍

സീസണായാല്‍ വസന്തം വിരിയി ക്കുന്നതാണു ബിന്ദുവിന്റെ വീട്ടുമുറ്റ ത്തെ ബോഗണ്‍ വില്ലകള്‍. 40 ഇനങ്ങളുണ്ട്. ടെറസിനു മുകളിലാണ് അവ യ്ക്ക് സ്ഥാനം. ഒരു ചെടിയില്‍ തന്നെ വ്യത്യസ്ത നിറമുള്ളവ. മള്‍ട്ടി കളര്‍ ഗ്രാഫ്റ്റഡ് ബോഗണ്‍ വില്ലകള്‍.

വരുമാനം കിട്ടുന്നതില്‍ പ്രധാന ഇനമാണ് ബോഗണ്‍വില്ലകള്‍. സെ ലേഷ്യ, ബോള്‍ അരേളിയ തുടങ്ങിയ ചെടികളും ഇലച്ചെടികളും ധാരാളം. ചെടികള്‍ സംരക്ഷിക്കുന്നതിലൂടെ മികച്ച വരുമാനമുണ്ടാക്കാന്‍ കഴിയു മെന്ന് പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളിലെ അധ്യാപിക കൂടി യായ ബിന്ദു ചൂണ്ടിക്കാട്ടി.

ജീവിതം മാറ്റിമറിച്ച വിവാഹം

വയനാട് ചുണ്ടയില്‍ കരുന്തയില്‍ ജോസഫിന്റെയും മേരിയുടെയും മൂന്നു മക്കളില്‍ ഏകമകളാണു ബിന്ദു. കോട്ടയം ജില്ലയിലെ ഭരണങ്ങാനത്തു നിന്നാണ് ജോസഫിന്റെ കുടുംബം ഇവിടേക്ക് കുടിയേറിയത്. ബത്തേരി സെന്റ് മേരീസ് കോളജില്‍ നിന്നാണ് ബിന്ദുവിന്റെ സാമ്പത്തിക ശാസ്ത്രത്തിലുള്ള എം.എ ബിരുദം.


അതിനു ശേഷം ബിഎഡുമെടുത്തു. ഇറ്റാലിയന്‍ സ്‌കൂളായ ബംഗളുരു എലിന ബെറ്റിനിയില്‍ അധ്യാപികയായി ജോലിയിലിരിക്കെ 2002ലാണ് ജോജോ ജേക്കബുമായുള്ള വിവാഹം. മുഴുവന്‍ സമയ കര്‍ഷകനാണു ജോജോ. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു ബിന്ദുവിന്റെ പഠനം മുഴുവന്‍. അതുകൊണ്ടു വീട്ടുജോലികളൊന്നും അത്ര ശീലമുണ്ടായിരുന്നില്ല. പിതാവിന്റെ കാര്‍ഷിക വൃത്തിയിലും സഹായിച്ചി രുന്നില്ല.

ജോജോയുടെ കുടുംബത്തില്‍ എട്ടു പെണ്‍മക്കള്‍ അടക്കം 11 പേരുണ്ട്. ജേജോയുടെ അമ്മ ത്രേസ്യാമ്മ നല്ലൊരു കര്‍ഷകയായിരുന്നു. രാവിലെ ജോലിക്കാര്‍ക്കൊപ്പം കൃഷിയിട ത്തില്‍പോയി വൈകുന്നേരം തിരിച്ചെത്തുന്നതായിരുന്ന അമ്മയുടെ രീതി. വിവാഹം കഴിഞ്ഞെത്തിയ ബിന്ദുവിന് ജോജോയുടെ വീട്ടിലെ അന്തരീ ക്ഷവുമായി പെരുത്തപ്പെടാന്‍ ബുദ്ധി മുട്ട് അനുഭവപ്പെട്ടു.

എങ്കിലും പറിച്ചുനട്ട മണ്ണില്‍ വേരുപിടിക്കാതെ കരിഞ്ഞുപോകാന്‍ ബിന്ദു സമ്മതിച്ചില്ല. മണ്ണിലെ ഊര്‍ജം ആവോളം വലി ച്ചെടുത്ത് വന്ന സ്ഥലത്തു പുഷ് പിക്കാന്‍ തീരുമാനിച്ചു. ത്രേസ്യാമ്മ യില്‍നിന്നു കൃഷി രീതികള്‍ പഠിച്ചു. അങ്ങനെ ബിന്ദുവും സാവധാനം ഒരു കാര്‍ഷകയായി മാറുകയായിരുന്നു.

പുരസ്‌കാരത്തിന്‍റെ വഴി

കര്‍ഷര്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ (ഐഐഎസ്ആര്‍) കീഴിലുള്ള പെരു വണ്ണാമൂഴി കൃഷിവിജ്ഞാന്‍ കേന്ദ്ര ത്തില്‍ (കെവികെ) എത്തുന്ന കര്‍ഷകര്‍ രണ്ടുപ്ലാക്കല്‍ നഴ്‌സറിയും അവിടുത്തെ കൃഷിരീതികളും കാണാതെ മടങ്ങാറില്ല.

കഴിഞ്ഞ വര്‍ഷം കെവികെ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡയ റക്ടര്‍ ജനറല്‍ ഡോ. വെങ്കിടസുബ്രഹ്മണ്യവും ഇവിടെ എത്തിയിരുന്നു. വനിതയെന്ന നിലയില്‍ ബിന്ദുവിന്റെ കാര്‍ഷിക രംഗത്തെ ഇടപെടല്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു.

അഖിലേന്ത്യാ തലത്തില്‍ നടക്കാറുള്ള പവര്‍ പോയിന്റ് പ്രസന്റേഷനില്‍ പങ്കെടു ക്കാന്‍ അദ്ദേഹം ബിന്ദുവിനോട് പറഞ്ഞു. തന്റെ കാര്‍ഷിക രംഗത്തെ നേട്ടങ്ങള്‍ അവര്‍ ഭംഗിയായി അവത രിപ്പിച്ചു. പിന്നീട് ഐഐഎസ്ആര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ ബിന്ദുവിനെ നേരിട്ട് ദേശീയ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യുകയായിരുന്നു. കാര്‍ഷിക രംഗത്തെ പ്രോല്‍സാഹി പ്പിക്കുന്ന അഞ്ചു പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിനു ബിന്ദു പരിഗണിക്കപ്പെട്ടത്.

ഇതില്‍ പ്രധാനം കൃഷി തന്നെ. കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴില്‍രഹിത രായ യുവാക്കള്‍ക്കും നല്‍കുന്ന പരിശീലനമാണു മറ്റൊന്ന്. കര്‍ഷ കര്‍ക്ക് ഏറെ ഉപകാരപ്രദമായ യൂട്യൂബ് ചാനലും പുരസ്‌കാര നേട്ടത്തിനു വഴിതെളിയിച്ചു.

ഒരു ലക്ഷം വരിക്കാ രുള്ള 'ടെക് ഫ്‌ളോറ' എന്ന യൂട്യുബ് ചാനലും ബിന്ദുവിനുണ്ട്. രണ്ടു കൊല്ലമായി ഇതിലൂടെയാണ് കൃഷി രീതികള്‍ പ്രചരിപ്പിക്കുന്നത്. കര്‍ഷ കര്‍ക്കു വേണ്ടി ക്ലാസുകളും നല്‍കു ന്നുണ്ട്. വിദ്യാര്‍ഥികളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സ്‌കൂളുകളിലും മറ്റും മോട്ടിവേഷന്‍ ക്ലാസുകളും നല്‍കുന്നുണ്ട്.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്ര വുമടങ്ങുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അന്ത്യോദയ ദേസീയ പുരസ്‌കാരം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറില്‍ നിന്ന് എറ്റുവാങ്ങിയ നിമിഷം ജീവിതത്തില്‍ എക്കാലത്തും നിറം പിടിച്ചു നില്‍ക്കുമെന്നു ബിന്ദു പറഞ്ഞു.

പുരസ്‌കാരം എറ്റുവാങ്ങിയ 56 പേരില്‍ 50 പേരും പ്രമുഖ ശാസ്ത്രജ്ഞരായിരുന്നു. ആറു പേര്‍ മാത്രമായിരുന്നു കര്‍ഷകര്‍. അതില്‍ ഏക വനിത ബിന്ദുവായിരുന്നു. വനിതാ കര്‍ഷകയാണെന്നു പറഞ്ഞപ്പോള്‍ കൃഷിമന്ത്രി നേരിട്ടഭിനന്ദിച്ചത് അഭിമാനമുഹൂര്‍ത്തമായി.

സ്‌കൂളില്‍ നിന്നെത്തിയാല്‍ കൃഷിയിടത്തിലേക്ക്

വൈകുന്നേരം നാലരയ്ക്കാണ് സ്‌കൂളിലെ ക്ലാസ് കഴിഞ്ഞു സാധാരണ വീട്ടിലെത്തുക. അതിനുശേഷമാണു കാര്‍ഷിക രംഗത്തേക്കിറങ്ങുന്നത്. നനയും വളമിടീലുമൊക്കെ കഴിയുമ്പോള്‍ ഏറെ വൈകും. ഒരുമണി യൊടടുത്താവും ഉറക്കം. രാവിലെ ആറിന് ഉണരും. 'ഉറച്ച തീരുമാനത്തോടെ ഉണരുക, ആത്മസംതൃപ്തി യോടെ ഉറങ്ങുക' എന്നതാണ് ഈ യുവകര്‍ഷകയുടെ വിജയത്തിന്റെ മുദ്രാവാക്യം.

എം.എസ്‌സി സൈക്കോളജിക്ക് പഠിക്കുന്ന ബിന്ദു അടുത്ത വര്‍ഷം പിഎച്ച്ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഭര്‍ത്താവ് ജോജോയ്ക്ക് 2003ല്‍ യുവകര്‍ഷകനുള്ള സംസ്ഥാന പുരസ്‌കാരവും 2009 ല്‍ സംയോജിത കൃഷിക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മക്കള്‍: ഇഷാന്‍, എമിലിയോ (ഇരുവരും വിദ്യാര്‍ഥികള്‍).

എം. ജയതിലകന്‍