ആദായത്തിനും ആരോഗ്യത്തിനും ദുര്യന്‍
ആദായത്തിനും ആരോഗ്യത്തിനും ദുര്യന്‍
Saturday, September 17, 2022 4:06 PM IST
തെക്ക് കിഴക്കന്‍ ഏഷ്യയിലെ പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ദുരിയാന്‍ കൃഷിയിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ കര്‍ഷകനാണു തൊടുപുഴ ചെറുതോട്ടില്‍കരയിലെ കൈറ്റാനി രാജു കെ. ദാമോദരന്‍. വിദേശത്തു നിന്നു നാട്ടില്‍ തിരിച്ചെത്തി കൃഷിയില്‍ സജീവമായ ആളാണ് അദ്ദേഹം.

ആദ്യകാലങ്ങളില്‍ റബര്‍ കൃഷിക്കായിരുന്നു മുന്‍തൂക്കം. ഇടവിളയായി കൊക്കോ, തെങ്ങ്, ജാതി, കുരുമുളക്, മഞ്ഞള്‍ തുടങ്ങിയവയും കൃഷിചെയ്തിരുന്നു. ഒപ്പം ആട്, പശു, കോഴി വളര്‍ത്തലും. സ്വന്തം ആവശ്യത്തിനുള്ള പാല്‍ എന്ന ലക്ഷ്യത്തോടെ യാണ് പശുവിനെ വളര്‍ത്തുന്നത്. മുട്ടയ്ക്കും മാംസത്തിനുമായി വിവിധതരം കോഴികളും.

വീടിനോടു ചേര്‍ന്നുള്ള ഒന്നര ഏക്കറില്‍ ഫോറസ്റ്റ് രീതിയിലുള്ള കൃഷിയാണ്. ഫലവൃക്ഷങ്ങളും പഴവര്‍ഗച്ചെടികളും സഹകരിച്ചു വളരുന്നു. ഇവയോടൊപ്പം നാടന്‍ ഇനത്തില്‍പ്പെട്ട പതിനഞ്ചിലേറെ പ്ലാവുകളും ഉണ്ട്. ചക്ക സ്വന്തം ആവശ്യത്തിനുശേഷം വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും നല്‍കും.

ഇതുമൂലം തീറ്റച്ചെലവ് കുറയ്ക്കാന്‍ രാജുവിന് സാധിക്കുന്നുണ്ട്. പശുക്കളെ പകല്‍ പറമ്പില്‍ കെട്ടി തീറ്റിക്കുന്ന പരമ്പരാഗത രീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്. വിദേശവാസത്തിനിടയില്‍ മലേഷ്യയില്‍ നിന്ന് മുപ്പത്തഞ്ച് വര്‍ഷം മുമ്പ് കൊണ്ടുവന്നതാണ് ദുരിയാന്‍ ചെടി.

ദുരിയാന്‍

മലേഷ്യയിലെ ബാതുവകേവിലെ ശിവക്ഷേത്രത്തിനു ചുറ്റുമായി നിന്നിരുന്ന ഒരുവനവൃക്ഷമാണു ദുര്യന്‍. ആദിവാസികള്‍ ഭക്ഷിച്ചിരുന്ന പഴം. മരണം വരെ ആരോഗ്യവും യുവത്വവും നിലനിറുത്താന്‍ കഴിയുമെന്നു തിരിച്ചറിഞ്ഞ ഗുരുക്കന്മാരും വൈദ്യന്മാരും ചികില്‍സിക്കാനും പ്രാര്‍ഥിക്കാനും എത്തുന്നവര്‍ക്ക് ഇതു കാഴ്ചയായി നല്‍കി. പഴങ്ങള്‍ ഭക്ഷിച്ച, കുട്ടികളില്ലാത്തവര്‍ക്കു കുട്ടികള്‍ ഉണ്ടായതോടെ ദുര്യന്റെ പ്രശസ്തി നാടുമുഴുവനായി എന്നാണു പഴമൊഴി.

വലിയൊരു ആഞ്ഞലിച്ചക്കയെക്കാള്‍ അല്പം കൂടി വലിപ്പമുള്ള ദുരിയാന്‍, ഗുണത്തില്‍ ഏറെ മുന്നി ലാണ്. മലേഷ്യയും ഇന്തോനേഷ്യയുമാണ് ജന്മദേശം. കട്ടിയുള്ള പുറം തൊലിയും മുള്ളുകളും പ്രത്യേകതയാണ്. ഉള്ളില്‍ പ്രത്യേക അറകളിലാണു ചുളകളുള്ളത്. കുരുക്കള്‍ക്ക് രണ്ട് ചക്കക്കുരുവിന്റെ വലിപ്പമുണ്ട്. ഇതാണ് വിത്തിന് ഉപയോഗിക്കുന്നത്. കുരുവിനെ പൊതിഞ്ഞിരിക്കുന്ന മാംസളമായ ഭാഗമാണ് ഭക്ഷിക്കുന്നത്. പഴം അതീവ രുചികരമാണെങ്കിലും വേറിട്ട ഗന്ധം ചിലരെ അകറ്റി നിറുത്തുന്നുണ്ട്.

ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഈ പഴം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വന്ധ്യത നിവാരണത്തിനുമായിട്ടാണു പ്രധാനമായും ഉപയോഗിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും പേശി നിര്‍മാണത്തിനും രക്തശുദ്ധീകരണത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ക്ഷീണമകറ്റാനും ഇത് ഉത്തമമാണ്.

പതിവായി ദുരിയാന്‍ കഴിച്ചാല്‍ വിഷാദം ഉണ്ടാകില്ലത്രേ. എല്ലുകളെയും സന്ധികളെയും ബലപ്പെടുത്തുന്ന ദുരിയാനില്‍ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരളമായി അടങ്ങിയിട്ടുണ്ട്. കാന്‍സറിനെ നിയന്ത്രിക്കാനും ഉറക്കമില്ലായ്മയ്ക്ക് പരിഹാരം കാണാനും ഈ പഴം സഹായിക്കും.

നടീലും പരിചരണവും

ദുരിയാന്‍ ഫലവൃക്ഷങ്ങള്‍ മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തു വരുന്നു. നമ്മുടെ നാട്ടില്‍ ഊട്ടി, മേട്ടുപ്പാളയം, നീലഗിരി തുടങ്ങിയ പ്രദേശങ്ങളില്‍ നല്ല രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിലെ ബര്‍ളിയാര്‍ തോട്ടത്തിലും കരിമ്പം ഫാമിലും വളരെ നേരത്തെ തന്നെ കൃഷി തുടങ്ങി. ദുര്യന്‍ കേരളത്തില്‍ ആദ്യമായി എത്തിച്ചവരില്‍ ഒരാളാണ് രാജു. 35 വര്‍ഷം മുമ്പ് നട്ട ഒരു മരത്തില്‍ നിന്നുണ്ടായ ഫലങ്ങളിലെ കുരുക്കള്‍ ശേഖരിച്ചാണ് അദ്ദേഹം കൂടുതല്‍ ചെടികള്‍ വളര്‍ത്തിയത്. ഇപ്പോള്‍ കായ്ക്കുന്ന അന്‍പതോളം വൃക്ഷങ്ങളുണ്ട്. പഴങ്ങള്‍ക്ക് ലഭിച്ച വിലയാണ് കൂടുതല്‍ തൈകള്‍ നടാന്‍ പ്രേരിപ്പിച്ചത്.


നടീല്‍ രീതി

ഒരു മീറ്റര്‍ ചതുരത്തിലും ആഴത്തിലും എടുത്ത കുഴികളില്‍ പച്ചിലകളും കംമ്പോസ്റ്റും പകുതിഭാഗം നിറച്ചു മണ്ണിട്ട് മൂടുന്നതാണ് ആദ്യപടി. മൂന്നു മാസത്തിനു ശേഷം ചാണകപ്പൊടി, കമ്പോസ്റ്റ് 'അല്പം എല്ലു'പൊടി എന്നിവ ചേര്‍ത്ത് മണ്ണിട്ടു മൂടിയശേഷം ഒരു വര്‍ഷം പ്രായമായ തൈകള്‍ നടും. നഴ്‌സറി കവറില്‍ വളക്കൂറുള്ള ഇളക്കമുള്ള മണ്ണ് നിറച്ച് അതില്‍ കുരുപാകിയാണു തൈകള്‍ ഉത്പാദിപ്പിക്കുന്നത്.


ചക്കക്കുരുപോലെ പെട്ടെന്നു വളരും. നേരിട്ട് കുരുക്കള്‍ പാകിയും വളര്‍ത്തിയെടുക്കാം. ആദ്യത്തെ മൂന്നു വര്‍ഷം നല്ല തണല്‍ വേണം. ചുവട്ടില്‍ വെള്ളക്കെട്ട് പാടില്ല. വര്‍ഷത്തില്‍ ഒരു പ്രാവശ്യം വളം നല്‍കിയാല്‍ മതി. വളര്‍ച്ച നോക്കി ചാണകപ്പൊടി, കബോസ്റ്റ് എല്ലുപൊടി എന്നിവ നല്‍കും.

വേനല്‍ ആരംഭത്തിന് മുമ്പായി പച്ചിലകള്‍ വെട്ടി ചുവട്ടില്‍ ഇട്ട് കൊടുക്കുകയും വേണം. സാധാരണ നിലയില്‍ പത്ത് വര്‍ഷമാകുമ്പോള്‍ പുഷ്പിക്കും. നല്ല സൂര്യപ്രകാശം വേണം. ഇല്ലെങ്കില്‍ പുഷ്പിക്കാന്‍ വൈകും. ആരംഭത്തില്‍ മൂന്നിലേറെ ചക്കകള്‍ ഉണ്ടാകും. പുഷ്പിച്ചു തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മികച്ച വിളവ് ലഭിച്ചുതുടങ്ങും. നല്ലരീതിയില്‍ പരിപാലിച്ചാല്‍ വിളവ് ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കും.

വിളവെടുപ്പ്

ദുരിയാന്‍ ഫലങ്ങള്‍ക്ക് ഒന്നര കിലോ മുതല്‍ ആറ് കിലോ വരെ തൂക്കം വരും. ഒരെണ്ണത്തില്‍ ഇരുപത്തിയഞ്ച് വരെ ചുളകള്‍ കാണും. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണു വിളവെടുപ്പ്. കിലോയ്ക്ക് 750 രൂപയിലേറെ വിലയുണ്ട്. സാമാന്യം നല്ലൊരു പഴത്തിന് രണ്ടായിരം രൂപ വരെ വില കിട്ടും. കൂടുതല്‍ ചക്കകള്‍ ഉണ്ടെന്നറിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ വാങ്ങാനെത്തും. ചക്കകള്‍ എത്ര ഉണ്ടായാലും വിറ്റ് പോകുന്നുണ്ടെന്നു രാജു പറഞ്ഞു.

മൂപ്പെത്തി പഴുത്തു വീഴുന്ന ചക്കയ്ക്കാണു രുചി കൂടുതല്‍. ഇത്തരം ചക്ക പിറ്റേ ദിവസം ഉപയോഗിക്കുന്നതാണ് നല്ലത്. അഞ്ചു ദിവസം വരെ കേടുകൂടാതെ ഇരിക്കും. പൂര്‍ണമായും വിളവെടുത്തു കഴിഞ്ഞ ശേഷം വളം നല്‍കുന്ന രീതിയാണ് ഉചിതം. 30 മീറ്ററോളം ഉയരത്തില്‍ വളരുന്ന വൃക്ഷത്തിന് നൂറ് വര്‍ഷത്തിലേറെ ആയുസുണ്ട്.

പത്ത് ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ കൂടുതല്‍ ദുരിയാന്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കാനുള്ള നീക്കത്തിലാണ് രാജുവും ഭാര്യ മുന്നിയും. ഭക്ഷ്യയോഗ്യമായ ഒമ്പത് ഇനങ്ങളുണ്ടെങ്കിലും കേരളത്തില്‍ മൂന്നിനങ്ങള്‍ മാത്രമാണുള്ളത്. ആവശ്യക്കാര്‍ക്ക് രാജു തൈകള്‍ ഉത്പാദിപ്പിച്ച് നല്‍കുന്നുണ്ട്. ഫോണ്‍: 9947640660, 9526929115

നെല്ലി ചെങ്ങമനാട്