ഹിമാലയൻ ദീർഘയാത്രയിലെ കൂട്ടുകാരൻ
ഹിമാലയൻ ദീർഘയാത്രയിലെ കൂട്ടുകാരൻ
Thursday, November 24, 2016 6:18 AM IST
ലോംഗ് റൈഡിനു പോയി എന്നു പറയുമ്പോൾ തന്നെ വരും, ബുള്ളറ്റിലാണോ എന്ന ചോദ്യം. അതിനു കാരണമുണ്ട്. ബുള്ളറ്റ് ക്ലബുകളും റോയൽ എൻഫീൽഡും റൈഡുകൾ സംഘടിപ്പിച്ചു തുടങ്ങിയതോടെയാണ് ഇന്ത്യയിൽ ബൈക്ക് ടൂറിംഗ് തരംഗം അലയടിച്ചത്. ഇടയ്ക്കു പരുങ്ങലിലായ ബുള്ളറ്റ് വിൽപ്പന ഉഷാറായത് ഇതേത്തുടർന്നായിരുന്നു. ലോംഗ് ട്രിപ്പിനു പറ്റിയ ടൂവീലർ എന്നൊരു വിശ്വാസം തന്നെ ബുള്ളറ്റ് നേടിയെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ റോയൽ എൻഫീൽഡ് ബ്രാൻഡിൽ ഒന്നാന്തരമൊരു അഡ്വഞ്ചർ ടൂറർ ‘ഹിമാലയൻ’ വിപണിയിലെത്തിയിരിക്കുന്നു. ഹിമാലയം പോലെയുള്ള ദുർഘടമായ സാഹചര്യത്തിലും അനായാസം കൊണ്ടുനടക്കാൻ പറ്റിയ ബൈക്ക് ബ്രിട്ടനിലാണ് രൂപകൽപ്പന ചെയ്തത്. സാഹസിക യാത്രകൾ ഇഷ്‌ടപ്പെടുന്ന യുവതലമുറയ്ക്കായി റോയൽ എൻഫീൽഡ് അവതരിപ്പിച്ച പുതിയ മോഡലിനെ നമുക്കൊന്ന് അടുത്തറിയാം.

രൂപകൽപ്പന

കാഴ്ചയിലും പ്രകടനത്തിലുമെല്ലാം മറ്റു റോയൽ എൻഫീൽഡ് മോഡലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഹിമാലയൻ. ട്രയംഫ് ടൈഗറിനെ ഓർമിപ്പിക്കും ഇതിന്റെ ബോഡി ഘടന. ഉപയോഗക്ഷമതയ്ക്ക് മുഖ്യപ്രാധാന്യം നൽകി നിർമിച്ച ബൈക്കിന്റെ ഡിസൈനിൽ തികഞ്ഞ ലാളിത്യം കാണാം. അനാവശ്യമായി ഒരു പാനൽ പോലുമില്ല. വെളുപ്പ് , കറുപ്പ് ബോഡി നിറങ്ങളിൽ ലഭ്യമായ ഹിമാലയന് കാഴ്ചക്ക് കൂടുതൽ എടുപ്പ് വെളുപ്പ് നിറത്തിലാണ്.

ഇൻസ്ട്രമെന്റ് കൺസോളും വൃത്താകൃതിയിലുള്ള ഹെഡ്ലാംപും, കരിസ്മ, പൾസർ 220 ബൈക്കുകളിലേതുപോലെ ഫ്രെയിമിൽ ഉറപ്പിച്ചിരിക്കുകയാണ്. ഹാൻഡിൽ ബാർ തിരിക്കുമ്പോൾ ഹെഡ്ലാംപ് തിരിയില്ല എന്നൊരു പോരായ്മ ഇതിനുണ്ടെങ്കിലും റൈഡിംഗിൽ ഹാൻഡിൽ ആയാസരഹിതമായി തിരിക്കാൻ ഈ രൂപകൽപ്പന സഹായിക്കും. മാത്രമല്ല ചെറിയ ബാഗുകളും ജെറി ക്യാനുകളും പെട്രോൾ ടാങ്കിനോട് ചേർന്നുള്ള ഫ്രെയിമിൽ കെട്ടിവയ്ക്കാനും കഴിയും.
ആധുനിക അഡ്വഞ്ചർ ബൈക്കുകളെപ്പോലെ മുന്നിൽ രണ്ടു മഡ്ഗാർഡുകൾ നൽകിയിരിക്കുന്നു. ഹെഡ്ലാംപിനു തൊട്ടുതാഴെയുള്ള ഹാഫ് മഡ്ഗാർഡ് ഭംഗിക്കു മാത്രമുള്ളതാണ് . ചെളി തടയുന്നത് ടയറിനോട് ചേർന്നുള്ള കറുത്ത മഡ്ഗാർഡാണ്. ഇടയ്ക്കിടെ പെട്രോൾ പമ്പിൽ കയറുന്നത് ഒഴിവാക്കാൻ 15 ലീറ്റർ (തണ്ടർ ബേഡിന് 20 ലീറ്റർ) ടാങ്കാണ് നൽകിയിരിക്കുന്നത്.

ഇന്ത്യൻ നിർമിത ബൈക്കുകളിൽ വച്ചേറ്റവും ഫീച്ചറുകളുള്ള ഇൻസ്ട്രമെന്റ് കൺസോൾ ആണ് ഹിമാലയനിൽ കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. അനലോഗ് ടൈപ്പ് സ്പീഡോമീറ്റർ ടാക്കോമീറ്റർ, ഫ്യുവൽ ഗേജ്, ഡിജിറ്റൽ കോംപസ് ( വടക്കുനോക്കിയന്ത്രം) എന്നിവ ഇതിലുണ്ട്. സ്പീഡോമീറ്ററിനുള്ളിലെ ഡിജിറ്റൽ ഡിസ്പ്ലേയിൽ ഓഡോമീറ്റർ, രണ്ട് ട്രിപ്മീറ്ററുകൾ, ക്ലോക്ക്, ഗീയർ ഇൻഡിക്കേറ്റർ, ടെംപറേച്ചർ ഗേജ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഹസാർഡ് വാണിങ് ലൈറ്റും ഹിമാലയനുണ്ട്.

ഇന്ധന ടാങ്കിന്റെ രൂപകൽപ്പന റൈഡറുടെ ഇരിപ്പ് ഏറെ സുഖകരമാക്കുന്ന രീതിയിലാണ്. ആറടി ഉയരമുള്ളവരുടെ കാലുകളും ടാങ്കുമായി പറ്റിച്ചേർന്നിരിക്കും.

ടെയ്ൽ ലാംപ് തണ്ടർബേഡിലെ പോലെ എൽഇഡി ടൈപ്പ് ആണ്. ഇതിനു മുകളിലായി ലഗേജുകൾ കെട്ടി വയ്ക്കാനായി റാക്ക് നൽകിയിട്ടുണ്ട്.

റോയൽ എൻഫീൽഡിന്റെ ഉടമസ്‌ഥതയിലുള്ള ‘ഹാരിസ് പെർഫോമൻസ്’ എന്ന ബ്രിട്ടീഷ് കമ്പനി ആണ് ഹിമാലയന്റെ ഹാഫ് ഡ്യൂപ്ലെക്സ് സ്പ്ലിറ്റ് ക്രാഡിൽ ഷാസിയും സസ്പെൻഷനും വികസിപ്പിച്ചത്. കോണ്ടിനെന്റൽ ജിടിയുടെ ഷാസി രൂപകൽപ്പന ചെയ്തതും ഇവർ തന്നെ.
മുന്നിലെ 41 എം എം ടെലിസ്കോപിക് സസ്പെൻഷന്റെ സവിശേഷത അതിന്റെ 200 എംഎം ട്രാവൽ ആണ്. സാധാരണ ബൈക്കുകളിലേതിന് 130–150 എംഎം മാത്രമാണ് ട്രാവൽ എന്നത് ചേർത്ത് വായിക്കുമ്പോൾ ഇതിന്റെ മേന്മ മനസിലാവും. 180 എംഎം ടയർ ട്രാവൽ നൽകുന്ന ഡ്യുവൽ സ്റ്റേജ് മൾട്ടി അഡ്ജസ്റ്റബിൾ പിൻ ഷോക്ക് അബ്സോർബർ യമഹാ ആർ വൺ ഫൈവിന്റേതുപോലെ ഒരു ലിങ്ക് വഴിയാണ് സ്വിംഗ് ആമിൽ ഘടിപ്പിച്ചിരിക്കുന്നത്. വളരെ നീളമേറിയ ഷോക്ക് അബ്സോർബർ ആയിട്ടും 800 എംഎം എന്ന കുറഞ്ഞ സീറ്റ് ഉയരം സാധ്യമായത് ഈ രൂപകൽപ്പന വഴിയാണ്. എന്നാൽ ഈ ലിങ്കിന്റെ ഒരു ഭാഗം സെന്റർ സ്റ്റാൻഡിലും താഴെ ആയി എന്നുള്ളത് പോരായ്മ. കടുത്ത ഓഫ്റോഡിംഗിൽ ഷോക്ക് അബ്സോർബർ അടി തട്ടാനുള്ള സാധ്യതയുണ്ട്. ഒരു മോട്ടോ ക്രോസ് ബൈക്ക് പോലെ ഹിമാലയനെ ഉപയോഗിക്കാനാവില്ലെന്ന് അർഥം.

കോണ്ടിനെന്റൽ ജിടിയിലേതിനു സമാനമായ 300 എംഎം , 240 എംഎം ഡിസ്ക് ബ്രേക്കുകളാണ് യഥാക്രമം മുന്നിലും പിന്നിലും. ഡ്യുവൽ പർപ്പസ് 21 ഇഞ്ച് മുൻ ടയറും 17 ഇഞ്ച് പിൻ ടയറുമാണ് ഓഫ്റോഡിംഗിനായി നൽകിയ മറ്റൊരു ഫീച്ചർ. ഇരുപത്തിയൊന്ന് ഇഞ്ച് മുൻ ടയർ ഇന്ത്യൻ നിർമിത ബൈക്കുകളിൽ ഇതാദ്യം. സിയറ്റ് കമ്പനിയുമായി സഹകരിച്ചു ഹിമാലയനു വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഈ ടയർ. ഉയർന്ന വേഗത്തിലുള്ള യാത്രകൾക്ക് അനുയോജ്യമാണിത്.
അതേസമയം ചെളി, പാറ, മഞ്ഞു പോലെയുള്ള പ്രതലങ്ങൾ തുടങ്ങിയവയിൽ മികച്ച ഗ്രിപ് നൽകാനും ഇതിനു കഴിയും. ഓഫ് റോഡിംഗിന് ഇണങ്ങും വിധം 220 മില്ലി മീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് നൽകിയിട്ടുണ്ട്. പിൻചക്രത്തിന് മോണോ സസ്പെൻഷനാണ്. മോണോ ഷോക്കുള്ള ആദ്യ റോയൽ എൻഫീൽഡ് വാഹനവും ഇതുതന്നെ.

എൻജിൻ റൈഡ്

അമ്പതു വർഷത്തിലേറെയായി പുഷ്റോഡ് ടൈപ്പ് എൻജിൻ ഉപയോഗിക്കുന്ന റോയൽ എൻഫീൽഡ് ആദ്യമായി പുറത്തിറക്കിയ ഓവർഹെഡ് കാം എൻജിനാണ് ഹിമാലയന്റെ എൽഎസ് 410. ചെന്നൈയിലെ ആർ ആൻഡ് ഡി ടീമാണ് ഇത് വികസിപ്പിച്ചത്. 411 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിന് പരമാവധി കരുത്ത് 6,500 ആർപിഎമ്മിൽ 24.50 ബിഎച്ച്പി.അഞ്ച് സ്പീഡ് ഗീയർബോക്സുള്ള ബൈക്കിന് 4000–4500 ആർപിഎമ്മിൽ 32 എൻഎം ആണ് പരമാവധി ടോർക്ക്. വൈബ്രേഷൻ കുറയ്ക്കുന്നതിനായി കൗണ്ടർ ബാലൻസർ നൽകിയിട്ടുണ്ട്. ഓയിൽ കൂളറുമുണ്ട്.
t type="text/javascript" src="//cdn.ergadx.com/js/28/ads.js">


വില കുറയ്ക്കാനാവും ഫ്യുവൽ ഇൻജക്ഷൻ ഉപയോഗിച്ചിട്ടില്ല, പകരം കാർബറേറ്ററാണ് ഹിമാലയന്. സാധാരണ മെക്കാനിക്കിനെക്കൊണ്ടും വണ്ടി പണിയിക്കാമെന്ന മെച്ചം കാർബറേറ്റർ നൽകുന്നു. കിക്സ്റ്റാർട്ട് ഇല്ലാത്ത ആദ്യ എൻഫീൽഡ് എന്ന പ്രത്യേകതയും ഹിമാലയനുണ്ട്.

വലിയ ബൈക്കിൽ ഇരിക്കുന്ന പ്രതീതിയാണ് ഹിമാലയനിൽ. ദൂരയാത്രയ്ക്ക് അനുയോജ്യമായവിധം നിവർന്നിരുന്നു ഓടിക്കാവുന്ന രീതിയിലാണ് റൈഡിംഗ് പൊസിഷൻ .സ്റ്റാർട്ട് ചെയ്യുമ്പോൾ ഇതൊരു റോയൽ എൻഫീൽഡാണെന്നു ശബ്ദം വെളിവാക്കും. ബുള്ളറ്റിന്റെ ഇടിപ്പ് ശബ്ദമില്ലെന്നു മാത്രം. എൻജിന്റെ വൈബ്രേഷൻ താരതമ്യേന കുറവുണ്ടന്നത് നല്ല കാര്യം.

കുറഞ്ഞ ആർപിഎമ്മിൽ മറ്റു എൻഫീൽഡുകളെപ്പോലെ മികച്ച ടോർക്ക് ഹിമാലയനിലും ലഭിക്കുന്നുണ്ട്. മൂവായിരം ആർപിഎമ്മിൽ താഴെ അൽപ്പം നോക്കിംഗ്് അനുഭവപ്പെട്ടു. എന്നാൽ കൈ കൊടുക്കുമ്പോൾ പ്രത്യേകിച്ചും 4000 ആർപിഎം കഴിയുമ്പോൾ നല്ല കുതിപ്പാണ് ബൈക്ക്. കെടിഎം ബൈക്കുകളുടെ അത്ര ഭ്രാന്തമായ ആക്സിലറേഷൻ ഇല്ലെങ്കിലും കേരളത്തിലെ റോഡുകളിൽ പായാൻ ധാരാളമാണിത്. ഡ്യൂക്ക്, പൾസർ ബൈക്കുകൾ കൈകാര്യം ചെയ്യുന്നവരെയും തൃപ്തിപ്പെടുത്താൻ ഹിമാലയനാകും. മണിക്കൂറിൽ 130 കിലോമീറ്റർ പരമാവധി വേഗമുള്ള ഹിമാലയൻ അനായാസമായി 100 കിലോമീറ്റർ വേഗമെടുക്കും. 182 കിലോഗ്രാം ഭാരമുണ്ടെകിലും മറ്റു എൻഫീൽഡുകളെക്കാൾ ആയാസരഹിതമായി ഹിമാലയനെ കൈകാര്യം ചെയ്യാനാവും.
മതിപ്പുളവാക്കുന്നതാണ് ഹിമാലയന്റെ ഹാൻഡ്ലിംഗ് ഇതുവരെ റോയൽ എൻഫീൽഡുകളിൽ കണ്ടതിലേക്കും മികച്ച ഷാസി സസ്പെൻഷൻ ട്യൂണിംഗാണ് ഹിമാലയനിൽ . നേരെയുള്ള റോഡുകളിലും വളവുകളിലും നല്ല സ്റ്റെബിലിറ്റി. കിടത്തി വീശാൻ പറ്റിയ വണ്ടി. സോഫ്ട് കോമ്പൗണ്ട് ടയറുകൾ അല്ലെങ്കിലും വളവുകളിൽ തരക്കേടില്ലാത്ത ഗ്രിപ് സിയറ്റ് ടയറുകൾ നൽകുന്നുണ്ട്.

അഡ്വഞ്ചർ ടൂറിംഗ് ബൈക്കാണെങ്കിലും ഹിമാലയന്റെ ഉപയോഗം അധികവും ഹൈവേകളിലാകും എന്ന് കരുതിയാകണം വളരെ സ്റ്റിഫ് ആയിട്ടുള്ള ഷോക്ക് അബ്സോർബറുകളാണ് കമ്പനി നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പരുക്കൻ റോഡുകളുടെ ആഘാതം ഹാൻഡിലിൽ അറിയാനുണ്ട്.

ആവശ്യം പോലെ നീളവും വീതിയുമുള്ളതാണ് സീറ്റ്. അതുകൊണ്ടുതന്നെ പിന്നിലിരിക്കുന്നവർക്കും ലോംഗ് ട്രിപ്പ് സുഖകരമായി ആസ്വദിക്കാം. മുൻ സീറ്റിനേക്കാൾ പിൻ സീറ്റിലാണ് യാത്രാസുഖം കൂടുതൽ.

ക്ലച്ചിന്റെയും ഗീയർബോക്സിന്റെയും പ്രകടനം തരക്കേടില്ല. കുറഞ്ഞ വേഗത്തിൽ ഫസ്റ്റ് ഗീയറിൽ നിന്നും സെക്കൻഡിലേയ്ക്ക് വീഴാൻ അൽപ്പം മടിയുണ്ട്. എന്നാൽ മറ്റു ഗീയറുകളിൽ ഈ പ്രശ്നം കണ്ടില്ല. മുന്നിലെയും പിന്നിലെയും ഡിസ്ക് ബ്രേക്കുകൾക്ക് മികച്ച കാര്യക്ഷമതയുണ്ട്. സഡൻ ബ്രേക്ക് ഇടുമ്പോഴും ബൈക്ക് പാളുന്നില്ല. എബിഎസ് നൽകിയാൽ കൂടുതൽ നല്ലത്.

350സിസി എൻഫീൽഡ് മോഡലുകളെ അപേക്ഷിച്ച് അഞ്ച് ബിഎച്ച്പി അധിക കരുത്തുള്ള ഹിമാലയന് റോഡിൽ ലിറ്ററിന് 30–38 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കും. ഫുൾ ടാങ്ക് ഇന്ധനം ഉപയോഗിച്ച് 450 കിലോമീറ്ററോളം പമ്പിൽ കയറാതെ ഓടിക്കാൻ സാധിക്കുമെന്നതു ദൂരയാത്രകളിൽ സൗകര്യപ്രദമാണ്.
ഇഗ്നീഷൻ സ്വിച്ചിലേയ്ക്കുള്ള വയറിംഗ്രീതി ശരിയായില്ല. വാഹന മോഷ്‌ടാക്കൾക്ക് കാര്യം എളുപ്പമാക്കുന്ന രീതിയിലാണത്. കയ്യെത്തിച്ച് പിടിക്കാവുന്ന വയറുകൾ കൂട്ടിയോജിപ്പിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ അനായാസം സാധിക്കും. അതിനാൽ എക്സ്ട്രാ ലോക്ക് ഉപയോഗിക്കുന്നത് നന്ന്.
റോയൽ എൻഫീൽഡ് മോഡലുകൾക്ക് മെയ്ന്റനൻസ് ചെലവ് കൂടുതലാണ് എന്നുള്ള ചീത്തപ്പേരു മാറ്റാനാകണം ഹിമാലയന്റെ പരിപാലനച്ചെലവ് പരമാവധി കുറയ്ക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഓരോ 10,000 കിലോ മീറ്റർ ഇടവേളകളിൽ മാത്രം ഓയിൽ മാറിയാൽ മതി. ഇന്ത്യൻ ബൈക്കിന് ഇതാദ്യമാണ്. രണ്ട് ലിറ്റർ ഓയിലാണ് വേണ്ടത്. 15 ഡബ്ല്യു 50 ഗ്രേഡിലുള്ള ഓയിലിന് വില 700 രൂപ മാത്രം. ആദ്യ സർവീസ് 500 കിലോമീറ്ററിലും പിന്നീടുള്ളത് ഓരോ 5000 കിലോമീറ്റർ കൂടുമ്പോഴുമാണ്. ഓപ്പൺ ചെയിൻ ആയതിനാൽ എല്ലാ 500 കിലോമീറ്ററിലും ചെയിൻ വൃത്തിയാക്കണം എന്നതു പോരായ്മ. 400 രൂപയോളം വിലയുള്ള ചെയിൻ ക്ലീനറും ല്യൂബും ഉപയോഗിച്ച് മൂന്ന് തവണ ചെയിൻ വൃത്തിയാക്കാം.

വില

തണ്ടർബേഡ് 350 നെ അപേക്ഷിച്ച് 15,000 രൂപയോളം അധികമാണ് ഹിമാലയന്റെ വില. കൊച്ചിയിലെ എക്സ്ഷോറൂം വില 1.62 ലക്ഷം രൂപ. റോഡ് ടാക്സും ഇൻഷുറൻസും അടക്കം 1.83 ലക്ഷം രൂപ.

അവസാനവാക്ക്

ഹൈവേകളിലും മോശം റോഡുകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടൂറിംഗ് ബൈക്കുകളാണ് അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽപ്പെടുക. പന്ത്രണ്ട് ലക്ഷത്തിലേറെ വിലയുള്ള ട്രയംഫ് ടൈഗറും ഏഴ് ലക്ഷത്തിലധികം വിലയുള്ള കാവസാക്കി വെസീസും കൊമ്പു കോർക്കുന്ന ഈ സെഗ്മെന്റിലേക്കാണ് റോയൽ എൻഫീൽഡ് ഹിമാലയനുമായി എത്തിയിരിക്കുന്നത്. എൻജിൻ പെർഫോമൻസിലും ബിൽഡ് ക്വാളിറ്റിയിലും മേൽപ്പറഞ്ഞ ബൈക്കുകളുമായി താരതമ്യപെടുത്താനാവില്ലെങ്കിലും വിലയുടെ കാര്യത്തിലും കാര്യക്ഷമതയുടെ കാര്യത്തിലും ഹിമാലയനു എതിരാളികളെ അപേക്ഷിച്ചു മികവുണ്ട്.

ചുരുക്കത്തിൽ ന്യായമായ വിലയുള്ള ഓഫ് റോഡ് അഡ്വഞ്ചർ മോട്ടോർസൈക്കിൾ എന്നു വിശേഷിപ്പിക്കാം ഹിമാലയനെ. ടൂവീലറിൽ കൂട്ടിന് ഒരാളെയുമായി ലോംഗ് ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും യോജിച്ച മോഡലാണിത്.

ഡോൺ ഡൊമിനിക് കുര്യൻ