കൂട്ടുകാരുടെ പേരിലെത്തുന്ന ഈ വാട്സ് ആപ് സന്ദേശങ്ങൾ സൂക്ഷിക്കുക
കൂട്ടുകാരുടെ പേരിലെത്തുന്ന ഈ വാട്സ് ആപ് സന്ദേശങ്ങൾ സൂക്ഷിക്കുക
Sunday, November 27, 2016 4:32 AM IST
കോഴിക്കുഞ്ഞിനെ റാഞ്ചാൻ നടക്കുന്ന കഴുകൻമാരെപ്പോലെയാണ് ഹാക്കർമാർ. ഒന്ന് ശ്രദ്ധ തെറ്റിയാൽ മതി നമ്മുടെ അക്കൗണ്ട് അവരുടെ കൈയിലിരിക്കും. ജനപ്രിയ ആപ്ലിക്കേഷനായ വാട്സാപ്പിലും സൈബർ ഭീകരൻമാരുടെ നുഴഞ്ഞു കയറ്റം ഏറി വരുന്നതായാണ് റിപ്പോർട്ടുകൾ. നമ്മുടെ വാട്സ്ആപ്പ് സുഹൃത്തുക്കളെ മറയാക്കിയാണ് സൈബർ ആക്രമണങ്ങൾ നടക്കുക. ഗ്രൂപ്പ് വീഡിയോ കോളിംഗ് സംവിധാനത്തിനെന്ന വ്യാജേന വാട്സാപ്പിൽ വരുന്ന പല ലിങ്കുകളും ഹാക്കർമാരുടെ കെണിയാണെന്നാണ് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നത്.


നേരത്തെ, വാട്സ് ആപ് കോളിംഗ് ക്ഷണം ലഭിച്ചെങ്കിൽ മാത്രമേ വീഡിയോ കോളിംഗ് ഫീച്ചർ ആക്ടിവേറ്റ് ചെയ്യാനാകൂ എന്നു പറഞ്ഞ് ഒരു ലിങ്ക് വാട്സ് ആപ്പിൽ പ്രചരിച്ചിരുന്നു. ഡൗൺലോഡ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്താൽ യൂസറുടെ അക്കൗണ്ടിൽ നുഴഞ്ഞ് കയറി ഹാക്കർ ആധിപത്യമുറപ്പിക്കും. വൈറൽ സ്വഭാവമുള്ള ഏതു ലിങ്കുകൾ വാട്സാപ്പിൽ വന്നാലും ഇനി നന്നായി ആലോചിച്ചേ തീരുമാനമെടുക്കാവൂ. അത് ഏതു ചങ്ക് ഫ്രണ്ടയച്ച ലിങ്കാണെങ്കിലും ശരി.