കുതിച്ചും ഓടിക്കിതച്ചും ജിയോ
കുതിച്ചും ഓടിക്കിതച്ചും ജിയോ
Saturday, October 22, 2016 4:31 AM IST
ഒന്നരമാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ അഞ്ചിനാണ് വാഗ്ദാനപ്പെരുമഴയുമായി റിലയൻസ് ജിയോ ഇന്ത്യയിൽ വാണിജ്യാടിസ്‌ഥാനത്തിൽ സേവനം ആരംഭിച്ചത്. ഇന്ത്യയിലെ ടെലികോം വമ്പന്മാരായ എയർടെലിനെയും വൊഡാഫോണിനെയും ഐഡിയയെയും ബഹുദൂരം പിന്നിലാക്കി രണ്ടുകോടി ഉപഭോക്‌താക്കൾ ജിയോയ്ക്ക് ഒപ്പം കൂടിയെന്നാണു പുതിയ കണക്കുകൾ. ഇതു റിക്കാർഡാണ്. ടെലികോം സേവന രംഗത്ത് 26 കോടി വരിക്കാരുമായി എയർടെലാണു മുന്നിൽ. വോഡഫോണിന് 20 കോടി വരിക്കാരുണ്ട്. ഐഡിയയ്ക്ക് 18 കോടിയും.

ഒക്ടോബർ അവസാനം മൂന്നരക്കോടി വരിക്കാരുമായി ജിയോ വീണ്ടും ഞെട്ടിക്കുമെന്നാണ് എയർടെൽ റിസർച്ച് വിഭാഗത്തിന്റെ വെളിപ്പെടുത്തൽ.

പത്തുകോടി ഉപഭോക്‌താക്കളാണു ജിയോയുടെ ലക്ഷ്യം. ഒരു മാസം 250 കോടി ജിബി ഉപയോഗിക്കുന്നവരാണു കമ്പനിയുടെ സ്വപ്നമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറയുന്നു. ജിയോയുടെ വെൽക്കം പ്ലാൻ പ്രകാരം ഡിസംബർ 31വരെ ഇന്റർനെറ്റ്, വോയ്സ് കോൾ, വീഡിയോ കോൾ എന്നിവ തികച്ചും സൗജന്യമാണ്. അടുത്തവർഷം മുതൽ വോയ്സ് കോളുകൾ ആജീവനാന്തം ഫ്രീ തരുമെന്നും കമ്പനി പറയുന്നു.

ചെറിയൊരു നിയമപ്രശ്നം ഇതിനു പിന്നിലുണ്ട്. മറ്റു ടെലികോം സേവനദാതാക്കൾ ജിയോയിൽനിന്നുള്ള ഇന്റർനെറ്റ് ടെലികോം കോളുകൾ മനഃപൂർവം ഡിസ്കണക്ട് ചെയ്യുന്നുവെന്ന് അംബാനിക്കു പരാതിയുണ്ട്. ഇതു ചൂണ്ടിക്കാട്ടി സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(സിഒഎഐ)ക്ക് മുകേഷ് അംബാനി പരാതി നല്കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ഇതിനിടെ, ഫ്രീ വോയ്സ് കോൾ ഏർപ്പെടുത്തിയ ജിയോയുടെ നടപടിക്കെതിരേ എയർടെലും ട്രായിയെ സമീപിച്ചുകഴിഞ്ഞു. എന്നാൽ, ജിയോനെറ്റിന്റെ വേഗത നേർപകുതിയായി കുറഞ്ഞതും കോൾ ഡ്രോപ്പും ഉപഭോക്‌താക്കളെ ഒട്ടൊന്നുമല്ല വലയ്ക്കുന്നത്. ഓക്ലയുടെ സ്പീഡ്ടെസ്റ്റിൽ ജിയോ നെറ്റിന്റെ വേഗത സെക്കൻഡിൽ 11.31 മെഗാബൈറ്റ്സിൽനിന്ന് 8.77 മെഗാബൈറ്റ്സായി കുറഞ്ഞതായി കണ്ടെത്തിയിരുന്നു. അതായത് 23 ശതമാനത്തിന്റെ കുറവ്. 85 ലക്ഷം പേർ ഓക്ല ഉപയോഗിച്ച് ജിയോനെറ്റിന്റെ വേഗം അളന്നിട്ടുണ്ടെന്നു സിയാറ്റിൽ കമ്പനി അധികൃതർ പറയുന്നു.


നെറ്റിന്റെ വേഗത വർധിപ്പിക്കാൻ ചെറിയൊരു പൊടിക്കൈയുണ്ട്. ആദ്യമായി ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് സ്പീഡ്ടെസ്റ്റ് എന്ന ആപ് ഡൗൺലോഡ് ചെയ്യുക. ഇനി മൊബൈൽ നെറ്റ്വർക്ക് സെറ്റിംഗ്സിലെ ആക്സസ് പോയിന്റിൽ ജിയോ നെറ്റ് ഓപ്പൺ ചെയ്യുക. എപിഎൻ ഷശീിലേ, ഒഥന്റിക്കേഷൻ ടൈപ് റലളമൗഹേ, ൌുഹ, എപിഎൻ പ്രോട്ടോകോൾ കജ്4ജ് 6,എപിഎൻ റോമിംഗ് പ്രോട്ടോകോൾ കജ്4ജ് 6, ബെയറർ ഘഠഋ എന്നു തിരുത്തിയശേഷം സേവ് ചെയ്യുക.

ഇനി സ്പീഡ്ടെസ്റ്റ് ആപ് ഓപ്പൺ ചെയ്ത് ഡൗൺലോഡിംഗ്, അപ്ലോഡിംഗ്, പിംഗ് ഡേറ്റകൾ പരിശോധിക്കുക. ഇന്റർനെറ്റിന്റെ വേഗത ഇരട്ടിയിലേറെ വർധിച്ചതായി കാണാം. സ്പീഡ്ടെസ്റ്റ് ആപ്പിൽ തൊട്ടടുത്തുള്ള സെർവർ തെരഞ്ഞെടുക്കാനും ഓട്ടോമാറ്റിക്കായി തെരഞ്ഞെടുക്കുന്നതിനും സൗകര്യമുണ്ട്. ജിയോ ആപ്പുകളുടെ പഴയ വേർഷൻ ഡൗൺലോഡ് ചെയ്താലോ സർഫ്ഈസി സെക്യൂർ ആപ് ഡൗൺലോഡ് ചെയ്താലോ ഈ പ്രശ്നം പരിഹരിക്കാനാവില്ല. അത്തരം പ്രചാരണങ്ങളിൽ വഞ്ചിതരാകരുത്.

ഇനി ചെറിയൊരു വിവരംകൂടി. ഓറഞ്ച്, നീല കവറുകളിലാണ് ജിയോ സിമ്മുകൾ ലഭിക്കുക. നമ്പരോടുകൂടിയ ഓറഞ്ച് സിമ്മും നമ്പർ ഓൺലൈനായി നല്കുന്ന നീല സിമ്മും ഉണ്ട്. ഇവ രണ്ടും നമുക്കുതന്നെ. ഫീഡ്ബാക് ഓപ്ഷനോടുകൂടിയ വെളുത്ത സിം എക്സിക്യൂട്ടീവുകൾക്കുള്ളതാണ്. ഒന്നുകൂടി പറയാം. ഇതു മുന്നറിയിപ്പല്ല, നമ്മൾ കാത്തിരിക്കുന്നത് ഡിസംബർ 31 ഒന്നു കഴിഞ്ഞുകിട്ടാനാണ്. അതുകഴിഞ്ഞാൽ..?

ആർ. വിധുലാൽ