തേരോട്ടം
തേരോട്ടം
Thursday, December 1, 2016 5:57 AM IST
സ്റ്റാഫ് പ്രതിനിധി

ആസ്വാദക ലോകത്തെ അതിശയിപ്പിക്കുന്നിടത്താണ് ആരാധക പാത്രങ്ങൾ പിറന്നു വീഴുന്നത്. അഭ്രപാളിയിൽ ദൃശ്യവിരുന്നൊരുക്കുന്ന കലാരൂപത്തിനെ എന്നും ഇഷ്ടപ്പെട്ടിരുന്ന മലയാളികളുടെ പുതിയ കാലത്തിന്റെ ആരാധനാ പാത്രമാണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടിയുടെ മകൻ എന്ന പേരിൽ നിന്നും ദുൽഖർ സൽമാൻ എന്ന ബ്രാൻഡ് നെയിമായി വളർന്നിരിക്കുന്നു ഈ യുവനായകൻ. തന്റെ നടന വൈഭവം കൊണ്ടും പാത്ര സൃഷ്ടിയിലെ തെരഞ്ഞെടുപ്പുകൊണ്ടും തനിക്കു ചുറ്റുമുള്ള ലോകത്തോടുള്ള സഹവർത്തിത്തം കൊണ്ടും ഏറെ വ്യത്യസ്തനാവുകയാണ് ഈ താരം. അവിടെയും മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസത്തിൽ നിന്നും പുറത്തു കടക്കാനായി എന്നതാണ് ദുൽഖറിന്റെ വിജയം. നാലു വർഷത്തിലെ അഭിനയ ജീവിതത്തിലൂടെ മലയാള സിനിമയിൽ തന്റെ വ്യക്‌തിത്വം പതിപ്പിക്കാൻ ഇതിനോടകം തന്നെ ദുൽഖറിനു കഴിഞ്ഞു. നടന പാതയിൽ തിലകക്കുറിപോൽ പുരസ്കാര നേട്ടങ്ങളും. ഇതു പുത്തൻ തേരോട്ടം...

ദുൽഖറിസം

ഒരു നടന് തന്റെ സർഗവിസ്മയം കൊണ്ടു പ്രേക്ഷകർക്കിടയിൽ തീർക്കാൻ കഴിയുന്ന മാസ്മരികതയുണ്ട്. ദുൽഖറിന്റെ ആരാധകർ ആ മാസ്മരികതയെ വിളിക്കുന്ന പേരാണ് ദുൽഖറിസം. ഡിക്യു എന്ന ചുരുക്കപ്പേരിലാണ് പ്രേക്ഷകർ ദുൽഖറിനെ വിളിക്കുന്നതുതന്നെ. കാരണം താരപ്പകിട്ടിനുമപ്പുറം ദുൽഖറിലെ പച്ചയായ മനുഷ്യനെ പ്രേക്ഷകർ കണ്ടും കേട്ടും അനുഭവിച്ചറിയുന്നതാണ്. ദുൽഖറിന്റെ സിനിമയിലേക്കുള്ള വരവു തന്നെ ആ ലാളിത്യം വിളിച്ചോതുന്നതാണ്. സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ ലിംഗുസ്വാമിയുടേയും മെഗാഹിറ്റ് ചിത്രം രാജമാണിക്യം ഒരുക്കിയ അൻവർ റഷീദിന്റെയും സിനിമകളിലൂടെയെത്തുന്നു എന്ന വാർത്തകൾക്കിടയിലാണ് ഒരു കൂട്ടം പുതിയ പ്രതിഭകൾക്കൊപ്പം സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ തന്റെ ചുവടുവയ്ക്കുന്നത്. സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരുടെ നീണ്ട നിര തന്നെ നോക്കി നിൽക്കുമ്പോഴും ഒരു പരീക്ഷണ ചിത്രത്തിന്റെ ഭാഗമായി, വാർത്താമാധ്യമങ്ങളുടെ അകമ്പടിയില്ലാതെയാണ് ദുൽഖർ എത്തിയത്. തുടർന്ന് തന്നിലെ നടന്റെ വളർച്ചയായിരുന്നു ദുൽഖർ ഓരോ ചിത്രങ്ങളിലൂടെയും കാട്ടിത്തന്നത്. ആദ്യ ചിത്രത്തിന്റെ എല്ലാ പോരായ്മയും സെക്കൻഡ് ഷോയിൽ കാണുന്നുണ്ടെങ്കിൽ അവസാനം തിയറ്ററിലെത്തിയ കമ്മട്ടിപ്പാടത്തിൽ ഈടുറ്റ അഭിനയ പ്രപഞ്ചത്തിന്റെ പരകായമാണ് ദുൽഖർ കാട്ടിത്തരുന്നത്. മറ്റു യുവതാരങ്ങളിൽ നിന്നും ദുൽഖറിനെ വ്യത്യസ്തമാക്കുന്നതും നാട്യഭാവത്തിലെ ഈ വളർച്ചയാണ്.



പിന്നിട്ട പാതകൾ

നാലു വർഷം കൊണ്ട് 17 സിനിമകളാണ് ദുൽഖറിന്റേതായി പ്രേക്ഷകർക്കു മുന്നിലെത്തിയത്. ഒരു മികച്ച നടന്റെ വളർച്ചയാണ് ഈ ചിത്രങ്ങളോരോന്നും സാക്ഷ്യം വെക്കുന്നത്. സെക്കൻഡ് ഷോയിൽ ലാലു എന്ന നാട്ടിൻപുറത്തുകാരനായി എത്തുമ്പോൾ തൊട്ടു പിന്നാലെയെത്തിയ അൻവർ റഷീദ് ചിത്രം ഉസ്താദ് ഹോട്ടലിൽ ഫൈസി എന്ന എൻആർഐ കഥാപാത്രമായി ദുൽഖർ എത്തി. തുടർന്നു വന്ന എബിസിഡി അടക്കമുള്ള ചിത്രങ്ങൾ ദുൽഖറിലെ നടനെ മെച്ചപ്പെടുത്തിയപ്പോഴും സ്‌ഥിരമായൊരു വിദേശിപ്പയ്യൻ, മെട്രോ മാൻ എന്നീ ചട്ടക്കൂട്ടിൽ അടച്ചിട്ടു. അവിടെ നിന്നും ദുൽഖറിന്റെ അഭിനയ മികവ് മലയാളികൾക്കു മുന്നിൽ വെളിവായത് രഞ്ജിത്തിന്റെ ഞാൻ എന്ന ചിത്രത്തിലൂടെയായിരുന്നു. കെ.ടി.എൻ കോട്ടൂർ എന്ന ശക്‌തമായ പാത്രാവിഷ്കരണത്തിലൂടെ മുൻ നിര അഭിനയ പ്രതിഭകളുടെ ഇടയിലേക്കു ദുൽഖറും പടികയറി. പിന്നീട് ബാംഗളൂർ ഡെയ്സ്, വിക്രമാദിത്യൻ, ഓകെ കൺമണി, ചാർലി, കലി, കമ്മട്ടിപ്പാടം എന്നിങ്ങനെ നീളുന്നതായിരുന്നു ആ അഭിനയ വിസ്മയം. അവിടെയും ചാർളി, കമ്മട്ടിപ്പാടം എന്നി ചിത്രങ്ങൾ ദുൽഖറിന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. പാത്ര തെരഞ്ഞെടുപ്പിൽ കാണിക്കുന്ന മികവുതന്നെ ദുൽഖർ ചിത്രങ്ങളുടെ വിജയ ഘടകമായി മാറുകയാണ്. തനിക്കു ചുറ്റുമുള്ള ലോകത്തിൽ പ്രകാശം പരത്തുന്ന ചാർലിയും കലിയിൽ ആത്മ നിയന്ത്രണം ശീലമാക്കാൻ ശ്രമിക്കുന്ന സിദ്ധാർത്ഥും സ്വത്വത്തെ അന്വേഷിക്കുന്ന കമ്മട്ടിപ്പാടത്തെ കൃഷ്ണനുമെല്ലാം നമുക്കും പരിചിതമായ ജീവിതങ്ങളുടെ വകഭേദങ്ങളാണ്. ഈ പ്രത്യേകത ദുൽഖർ ചിത്രങ്ങളിലെല്ലാം നിഴലിടാറുണ്ട്. സ്‌ഥിരമായുള്ള ഭൂമികയിൽ നിന്നും സഞ്ചരിക്കുന്ന, ആത്മത്തെ ആന്വേഷിച്ചലയുന്ന, സമൂഹത്തിനോട് ക്ഷോഭിക്കുന്ന പച്ചയായ മനുഷ്യനെ പ്രേക്ഷകർ ദുൽഖർ ചിത്രങ്ങളിലൂടെ അനുഭവിച്ചറിയുന്നു.

തെരഞ്ഞെടുപ്പിലെ മികവ്

താരപുത്രൻ എന്ന മേൽവിലാസത്തോടയാണ് മലയാളികൾക്കു മുന്നിൽ ദുൽഖർ എത്തിയതെങ്കിലും ഇന്ന് ആ പുറംചട്ടയില്ലാതെ, മറ്റൊരു പിൻബലവുമില്ലാതെയാണ് ദുൽഖർ ഓരോ ചിത്രവുമായും പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. എങ്കിലും തനിക്കു ചുറ്റുമായി സിനിമ ഒതുങ്ങിപ്പോകാതെ മികച്ച സംവിധായകർ, തിരക്കഥാകൃത്തുക്കൾ, സിനിമ പ്രവർത്തകർക്കൊപ്പം ദുൽഖർ പ്രവർത്തിക്കാൻ ദുൽഖറിനു സാധിച്ചു. ഈ ചെറിയ കാലയളവിൽ തന്നെ മുൻനിര സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമാകാനും ദുൽഖറിനു കഴിഞ്ഞിട്ടുണ്ട്. മണിരത്നം, രഞ്ജിത്, ലാൽ ജോസ്, അമൽ നീരദ്, അൻവർ റഷീദ്, സമീർ താഹിർ തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രേക്ഷകർ കണ്ടുകഴിഞ്ഞു. അവിടെയും ഒപ്പമെത്തിയ മറ്റു യുവതാരങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു സിനിമ വൃത്തത്തിൽ മാത്രമായി ഒതുങ്ങിപ്പോകാതെ മികച്ച പ്രതിഭകൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ ദുൽഖറിനു കഴിഞ്ഞു എന്നതു ശ്രദ്ധേയമാണ്. മലയാളത്തിൽ എന്നും നവാഗത സംവിധായകരെ പ്രോത്സാഹിപ്പിച്ചിരുന്ന മമ്മൂട്ടിയുടെ പിന്നാലെ അതേ പാതയിൽ സഞ്ചരിക്കാനും ദുൽഖർ ശ്രമിക്കാറുണ്ട്. ഇക്കാലയളവിൽ ദുൽഖറിനെ നായകനാക്കി നവാഗതരായ ആറു സംവിധായകരാണ് മലയാള സിനിമയിലേക്കെത്തിയത്. ശ്രീനാഥ് രാജേന്ദ്രൻ (സെക്കൻഡ് ഷോ), രൂപേഷ് പീതാംബരൻ (തീവ്രം), അഴകപ്പൻ (പട്ടം പോലെ), ശരത് ഹരിദാസൻ (സലാല മൊബൈൽസ്), ബാലാജി മോഹൻ (സംസാരം ആരോഗ്യത്തിനു ഹാനികരം), ജനൂസ് മുഹമ്മദ് (100 ഡെയ്സ് ഓഫ് ലൗവ്) ഇനിയും ഈ പട്ടിക നീളുമെന്നതിൽ സംശയമില്ല.

ബോക്സോഫിസിന്റെ പ്രിയതാരം

ദുൽഖറിനു പ്രേക്ഷക്കിടയിലുള്ള പിന്തുണ എത്രത്തോളമെന്നതു വിളിച്ചു പറയുന്നതാണ് ഓരോ സിനിമയും നേടുന്ന ഇനിഷ്യൽ കളക്ഷൻ. ഇന്നു മലയാളത്തിൽ തുടർച്ചയായി മികച്ച ഇനിഷ്യൽ കളക്ഷൻ നേടുന്ന താരമാണ് ദുൽഖർ. ഓരോ ചിത്രത്തിനുമൊപ്പം പ്രേക്ഷക പ്രതീക്ഷ വളർത്താനും അതു നിലനിർത്താനും ദുൽഖറിനു കഴിയുന്നു. കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ചാർളി 2.19 കോടി രൂപയാണ് ആദ്യ ദിന കളക്ഷൻ ഇനത്തിൽ നേടിയപ്പോൾ പിന്നാലെയെത്തിയ കലി 2.38 കോടി രൂപ സ്വന്തമാക്കി. ബോക്സോഫീസ് ഗ്രോസ് കളക്ഷനിലും ദുൽഖർ ചിത്രങ്ങൾ എന്നും മുൻ പന്തിയലാണ്. ബാംഗളൂർ ഡെയ്സ്, ചാർളി, തമിഴ് ചിത്രം ഓകെ കൺമണി എന്നിവയും നേടിയ കളക്ഷൻ റിപ്പോർട്ടുകൾ ഇതു തെളിയിക്കുന്നതാണ്.




നേട്ടങ്ങളും വിജയങ്ങളും

സ്വപ്നങ്ങളിൽ നിന്നും ഇറങ്ങി വന്ന മാലാഖയെ പ്പോലെ ലോകത്തിനു പ്രകാശം പരത്തുന്ന, തനിക്കു ചുറ്റും ആനന്ദം വിതറുന്ന ചാർലി എന്ന കഥാപാത്രത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സംസ്‌ഥാന പുരസ്കാരവും ദുൽഖർ സ്വന്തമാക്കിയിരുന്നു. സെക്കൻഡ് ഷോയിൽ നിന്നും കമ്മട്ടിപ്പാടത്തിലേക്കെത്തുമ്പോൾ തന്റെ പോരായ്മകളെ ഓരോന്നും തരണം ചെയ്തു നാട്യഭാവത്തെ പാടവത്തോടെ അനാവരണം ചെയ്യുന്നതിൽ ദുൽഖർ ഏറെ വളർന്നിരുന്നു. അതു തന്നെയാണ് നാലു വർഷത്തിനിടയിൽ ഒരു ഡസനിലധികം പുരസ്കാരം തന്റെ അഭിനയ പാടവം കൊണ്ട് ദുൽഖർ സ്വന്തമാക്കിയതിനു കാരണം. ജിക്യു മാഗസിൻ നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 50 യുവാക്കളുടെ ലിസ്റ്റിൽ നാലാമതായി ദുൽഖർ എത്തിയിരുന്നു. ക്രിക്കറ്റ് താരം വിരാട് കൊഹ്ലി, ബോളിവുഡ് സ്റ്റാർ രൺവീർസിംങ്ങ് തുടങ്ങിയ ശക്‌തന്മാരെ പിന്തള്ളിയാണ് ദുൽഖർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യൻ യുവത്വം ദുൽഖറിനെ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് ഇതിലൂടെ മനസിലാകുന്നത്.

നാട്യമികവിലേക്ക്

സ്‌ഥിരമായൊരു സിനിമാ വൃത്തത്തിലോ, ഒരു കൂട്ടം ആൾക്കാരിലോ മാത്രമായി ഒതുങ്ങിപ്പോകുന്നില്ല എന്നതാണ് ദുൽഖറിന്റെ വിജയം. മുൻ ചിത്രത്തിനേക്കാൾ തന്നിലെ നടൻ മെച്ചപ്പെടുന്നു എന്നത് ഓരോ ചിത്രത്തിലും ദുൽഖർ കാണിച്ചു തരുന്നുണ്ട്. മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചാർലിയിലും കമ്മട്ടിപ്പാടത്തിലെ കൃഷ്ണനിലും കലിയിലെ സിദ്ധാർത്ഥിലും വെറുതെ അഭിനയിക്കുന്ന താരമായിമാത്രം ഒതുങ്ങുകയല്ല ദുൽഖർ ചെയ്യുന്നത്. അവിടെ കഥാപാത്രത്തിലേക്കു ഇറങ്ങിച്ചെന്നു ആന്തരികമായൊരു നാട്യഭാവമാണ് പ്രേക്ഷകർക്കു മുന്നിൽ സമ്മാനിക്കുന്നത്. ഇവിടെ മമ്മൂട്ടി എന്ന അതികായന്റെ മകനായി ദുൽഖറെത്തുന്നത് ശബ്ദത്തിലെ ഗാംഭീര്യവും ആകാര മിഴിവും കൊണ്ടു മാത്രമാണ്. പരമ്പരാഗതമായ അഭിനയവഴിയിൽ നിന്നും ശൈലീകൃതവും അനായാസവുമായ നാട്യഭാവമാണ് ദുൽഖർ തന്റെ അഭിനയ ജീവിതത്തിൽ പുലർത്തുന്നത്. തികഞ്ഞ കൈയൊതുക്കത്തോടെ നാട്യ നൈമിഷിക സാധ്യതകളെയാണ് പ്രേക്ഷകതർക്കു മുന്നിൽ ദുൽഖർ വിതറുന്നത്.

പുത്തൻ പ്രതീക്ഷകൾ

മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസം സിനിമയിൽ പ്രേക്ഷക നിരൂപക ശ്രദ്ധ ദുൽഖറിലേക്കു കേന്ദ്രീകൃതമാകാൻ ഒരു കാരണമായിട്ടുണ്ട്. അതേ സമയം ദുൽഖറിനു മുന്നിലെ വെല്ലുവിളിയും അതു തന്നെയായിരുന്നു. എന്നാൽ ശക്‌തമായ വേഷങ്ങളാൽ അതിനെ മറികടക്കാൻ ദുൽഖറിനു കഴിഞ്ഞു. ഞാനിലെ കെ.ടി.എൻ കോട്ടൂരും വിക്രമാദിത്യനിലെ ആദിയും കമ്മട്ടിപ്പാടത്തിലെ കൃഷ്ണനും ചാർലിയും ആ വെല്ലുവിളിയെ മറികടക്കുന്ന പകർന്നാട്ടത്തിന്റെ കണ്ണികളാണ്. ക്രിസ്മസിനു തിയറ്ററുകളിലെത്തുന്ന ജോമോന്റെ സുവിശേഷങ്ങളിലൂടെ തൃശൂർ ഭാഷ സംസാരിക്കുന്ന ജോമോനായാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. കുടുംബ പ്രേക്ഷകരിലേക്കുള്ള ഇറങ്ങിച്ചെല്ലലിൽ ദുൽഖർ പൂർണ വിജയം നേടുമെന്നാണ് സിനിമാ ലോകം സാക്ഷ്യം വയ്ക്കുന്നത്. പിന്നാലെ വമ്പൻ പ്രോജക്ടുകളാണ് ഈ താരത്തിനായി കാത്തിരിക്കുന്നത് എന്നത് തന്നെ മലയാളത്തിലും പുറത്തും ദുൽഖറിലെ നടനുള്ള വിപണന മൂല്യത്തിനെ കാട്ടിത്തരുന്നു.

അമൽ നീരദ് ഒരുക്കിയ അഞ്ചു സുന്ദരികളിലെ കുള്ളന്റെ ഭാര്യയ്ക്കു ശേഷം ദുൽഖറുമായി ഒന്നിക്കുന്ന പുതിയ ചിത്രം ‘സഖ’ അണിയറയിൽ ഒരുങ്ങുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ കോട്ടയംകാരൻ അജി മാത്യു എന്ന അച്ചായൻ കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. അതിനു ശേഷം നിരവധി സീനിയർ– ജൂനിയർ സംവിധായകരുടെ ചിത്രങ്ങളാണ് കാത്തിരിക്കുന്നത്്. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാർ ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രം, അൻവർ റഷീദിന്റെ അസോസിയേറ്റും നടനുമായ സലാം ബുക്കാരി സംവിധാനം ചെയ്യുന്ന ആദ്യ സംരംഭം, വിക്രമാദിത്യനു ശേഷം ലാൽജോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരു ഭയങ്കര കാമുകൻ, അനൂപ് സത്യൻ അന്തിക്കാട് ചിത്രം, ആഷിഖ് അബു ചിത്രം എന്നിവ അണിയറയിലൊരുങ്ങുകയാണ്. ദുൽഖർ ചിത്രങ്ങളോരോന്നും ശ്രദ്ധിച്ചാൽ അതു കൊമേഴ്സ്യൽ വിജയങ്ങൾ മാത്രം ലക്ഷ്യം വെക്കാതെ ആ കലയുടെ അന്തസത്തയെ കൂടി ഉൾക്കൊള്ളുന്നതാണ് എന്നത് വ്യക്‌തമാണ്. പ്രേക്ഷക– നിരൂപക പ്രതീക്ഷയ്ക്കൊപ്പം മൗലികമായ കലയുടെ വ്യാപാരവും അവിടെ ലക്ഷ്യം വെക്കുന്നു.

തമിഴിലും സാന്നിധ്യം

ഇക്കാലയളവിൽ മലയാളത്തിനു പുറമേ തമിഴിലും തന്റെ സാന്നിധ്യം അറിയിക്കാൻ ദുൽഖറിനു സാധിച്ചു. ബാലാജി മോഹൻ സംവിധാനം ചെയ്ത വായ് മൂടി പേശവും, മണിരത്നം ഒരുക്കിയ ഓകെ കൺമണിയുമാണ് ദുൽഖർ ചിത്രമായി തമിഴിലെത്തിയത്. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടപ്പോൾ തികച്ചും പ്രണയ പശ്ചാത്തലത്തിൽ ഒരുക്കിയ രണ്ടാം ചിത്രം മികച്ച വിജയം നേടി. മണിരത്നം ചിത്രത്തിലൂടെ അമിതാഭ് ബച്ചന്റെയും സംവിധായകരായ രാം ഗോപാൽ വർമയുടേയും ഗൗതം വാസുദേവ് മേനോന്റെയും പ്രശംസയ്ക്കും ദുൽഖർ കാരണമായിരുന്നു. മലയാള ചിത്രം കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ വിഖ്യാത സംവിധായകൻ അനുരാഗ് കശ്യപിന്റെ പ്രശംസയും ദുൽഖറിനെ തേടിയെത്തിയിരുന്നു. പ്രശംസയും പുരസ്കാരവും തന്നെ തേടിയെത്തുമ്പോഴും കാമറക്കണ്ണുകളിൽ നിന്നും മറ്റു വാർത്ത മാധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കാൻ എന്നും ദുൽഖർ ശ്രദ്ധിച്ചിരുന്നു.

സിനിമകളിലെ പരീക്ഷണങ്ങളേയും പുതുമയേയും മറ്റൊരു മുൻവിധിയും കൂടാതെ മലയാളികൾ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. അവിടേക്കാണ് മലയാള സിനിമയുടെ പടവുകളിൽ നാഴികക്കല്ലുകൾ പ്രതിഷ്ഠിച്ചുകൊണ്ട് ദുൽഖർ സൽമാൻ നടന്നു കയറിയത്. മമ്മൂട്ടിയുടെ മകൻ എന്ന വാത്സല്യത്തിൽ നിന്നും പ്രേക്ഷകർക്കു ദുൽഖർ സൽമാൻ എന്ന നടനിലേക്കുള്ള ഇഷ്ടമായി മാറാൻ സമയമേറെ വേണ്ടി വന്നില്ല. അഭിനയ പൈതൃകത്തിന്റെ അനാവരണത്തിനെ തന്റെ പാടവും കൊണ്ടും പാത്രാവിഷ്കാരണ പ്രാഗാത്ഭ്യം കൊണ്ടും ദുൽഖർ മറികടന്നിരിക്കുന്നു. ദുൽഖർ ഇന്ത്യൻ സിനിമ ലോകത്തു തന്റെ കയ്യൊപ്പു ചാർത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി തേരോട്ടമാണ്, പുത്തൻ സിനിമ ലോകത്തിലേക്ക്...