ഔഷധം, സൗന്ദര്യവർധകം ലോങ്ങൻപഴം
ഔഷധം, സൗന്ദര്യവർധകം ലോങ്ങൻപഴം
Saturday, November 26, 2016 6:05 AM IST
സൗന്ദര്യവും അംഗലാവണ്യവും വശ്യതയും നിലനിർത്താൻ ആഗ്രഹിക്കാത്ത ഏതു സ്ത്രീകളാണുള്ളത്. അതു പ്രകൃതിദത്തമായി, പാർശ്വഫലങ്ങളില്ലാതെ ഒരു പഴമുപയോഗിച്ച് സാധിക്കുമെങ്കിൽ എത്ര ഗംഭീരമായിരിക്കും. ഇത്രയും കാലം ഇത് ആരുടേയും ശ്രദ്ധയിൽപ്പെടാതെ പോയത് അതിശയം തന്നെ. ലോങ്ങൻ പഴത്തിനാണ് ഈ ഗുണമുള്ളത്. ധാരാളം വിദേശയിനം പഴങ്ങൾ ഇറക്കുമതി ചെയ്യപ്പെടുകയും വളർത്തുകയും ചെയ്യുന്ന ഇക്കാലത്ത് സാമ്പത്തിക സാധ്യതയുള്ളതും കൂടുതൽ ആരോഗ്യദായകവുമായ പഴങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ലോങ്ങൻ പഴത്തിന്റെ സിദ്ധികളെക്കുറിച്ച് മനസിലാക്കുന്നത്. ചൈനയുടെ പരമ്പരാഗത ചികിത്സാരീതിയിൽ, രോഗവിമുക്‌തിക്കും, ആരോഗ്യപരിപാലനത്തിനും ഉപയോഗിക്കുന്ന മൂന്നു പഴങ്ങളാണ് ജുജൂബ (എലന്ത), ലോങ്ങൻ, ഗോജിബെറി എന്നിവ. ഇവയിൽ സ്ത്രീസൗന്ദര്യ പരിപാലനത്തിനായി 4000 വർഷങ്ങൾക്കുമുമ്പേ ഉപയോഗിച്ചുകൊണ്ടിരുന്ന പഴമാണ് ലോങ്ങൻ. ഉണക്കിയും, സിറപ്പായും, മധുരപാനീയങ്ങളായും, സൂപ്പായും, ചായയുണ്ടാക്കിയും ഇത് ഉപയോഗിക്കുന്നു. അമിതമായി കഴിച്ചാൽ ദഹനക്കേടുണ്ടാക്കുമെന്നല്ലാതെ യാതൊരു പാർശ്വഫലങ്ങളും കണ്ടെത്തിയിട്ടില്ല. നമ്മുടെ നെല്ലിക്ക പോലെ ഒരു അദ്ഭുത പഴം എന്നുതന്നെ പറയാം. മറ്റുപഴങ്ങളുമായി താരതമ്യം ചെയ്താൽ ലോങ്ങന്റെ ആരോഗ്യദായകമികവ് അനുപമ മാണ്.

ധാരാളം പോഷക ഗുണങ്ങളുള്ള ഒരു പഴം എന്നതിലുപരി അദ്ഭുതകരമായ സിദ്ധികളാണ് ലോങ്ങൻ പഴത്തിനുള്ളത്. പുതുരക്‌തം ഉത്പാദിപ്പിക്കുവാനും രക്‌തധമനികളെ ഉത്തേജിപ്പിച്ച് രക്‌തസംക്രമണം സുഗമമാക്കാനും ഈ പഴത്തിന് കഴിവുണ്ട്. ഇതിലുള്ള ഇരുമ്പ് (0.13 മില്ലിഗ്രാം) എളുപ്പം ആഗീരണം ചെയ്യപ്പെടുന്നതിനാലും വൈറ്റാമിൻ പി ഉള്ളതിനാലുമാണിത്. അനീമിയരോഗത്തിന് മരുന്നായി ചൈനയിൽ ഇതുപയോഗിക്കുന്നു. ലോങ്ങൻ പഴത്തിൽ, ഇരുമ്പ്, മുന്തിരിയിലുള്ളതിനേക്കാൾ 20 മടങ്ങും ഇലക്കറികളിലുള്ളതിനേക്കാൾ 15 മടങ്ങും കാണപ്പെടുന്നു. രക്‌തദൂഷ്യം ഇല്ലാതാക്കും. ഹൃദയാരോഗ്യം നിലനിർത്തുവാൻ ഉതകുന്ന ഒന്നാന്തരം ടോണിക്കാണ്. യൗവനവും ഊർജ്‌ജസ്വലതയും നിലനിർത്തുന്നു. ഇതിലുള്ള വിറ്റാമിൻ ‘സി’ യും ആന്റി ഓക്സിഡൻകുകളും രോഗപ്രതിരോധശക്‌തി വർധിപ്പിക്കുന്നു. കാൻസറിനെ ചെറുക്കുന്നു. എല്ലിന്റെ സുസ്‌ഥിതിക്കും ഉത്തമമാണ്.

തൊലി, തലമുടി, കണ്ണ് എന്നീ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ അത്യുത്തമമാണ് ലോങ്ങൻ. തൊലിക്ക് മാർദ്ദവവും, തിളക്കവും നൽകി, സ്ത്രീകളുടെ സൗന്ദര്യം, അംഗലാവണ്യം, വശ്യത, ലൈംഗീകത, യുവത്വം എന്നിവ ദീർഘനാൾ നിലനിർത്താനുള്ള ഒന്നാന്തരം ടോണിക്കാണ് ലോങ്ങൻ പഴം. ഇക്കാരണങ്ങളാൽ ചൈനയിലെ ചക്രവർത്തിനിമാർ യുഗങ്ങൾക്കു മുമ്പുതന്നെ സൗന്ദര്യ വർധനവിന് ഈ പഴം നിത്യേന ഉപയോഗിച്ചിരുന്നു. വേറൊരു പഴത്തിനും ഈ ഖ്യാതി ലഭിച്ചതായി കാണുന്നില്ല. പ്രായാധിക്യത്തെ ചെറുക്കുന്ന ചില ഘടകങ്ങൾ ലോങ്ങനിലുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനാലായിരിക്കാം ലോങ്ങൻ പഴം ഒരുത്തമ ഭക്ഷണമായി ചൈനക്കാർ കരുതുന്നത്. കണ്ണിന്റെ അസുഖങ്ങൾ വരാതെ കാത്തുകൊള്ളും അത്ലറ്റുകൾക്ക് പറ്റിയ നല്ല ഭക്ഷണമാണ്. കൂടാതെ പൊണ്ണത്തടി കുറയ്ക്കവാൻ ശ്രമിക്കുന്നവർക്കും കൊള്ളാം. തലമുടി വളരുവാനും പഴം നല്ലതാണ്.



ഓർമശക്‌തി വർധിപ്പിക്കാനുതകുന്ന ഒന്നാന്തരം ടോണിക്കായി ലോങ്ങൻ പഴത്തെ ചൈനക്കാർ കരുതുന്നു. പഴത്തിൽ ധാരാളം ഗ്ലൂക്കോസുള്ളതിനാൽ തലച്ചോറിനെ പരിപോഷിപ്പിക്കുകയും ഓർമക്കുറവ്, വൈകല്യം, ഉറക്കമില്ലായ്മ, ക്ഷീണം, എന്നിവ മാറ്റുകയും ചെയ്യുന്നു. ചിലപ്പോൾ അൽഷിമേഴ്സ് എന്ന രോഗത്തെ പ്രതിരോധിക്കുവാൻ കഴിയുമെന്നും കരുതപ്പെടുന്നു. ആശങ്ങകളെ ദൂരെയറ്റി ശാന്തത പ്രദാനം ചെയ്യാനും നല്ല ഉറക്കം ലഭിക്കുന്നതിനും പഴം ഉപകരിക്കും. പ്രമേഹരോഗികൾക്കും പഴം കഴിക്കാം. രക്‌തത്തിലുള്ള പഞ്ചസാരയുടെ അളവ് ക്രമീകരിച്ചു നിർത്തുമെന്നാണ് കരുതന്നെങ്കിലും സൂക്ഷിച്ചുകഴിക്കുന്നതാണ് നല്ലത്. അകാരണമായി തൂക്കം കുറയുന്നവർക്ക് ഫലപ്രദമായ ഭക്ഷണമാണ്. പെട്ടെന്ന് ഊർജ്‌ജം ആവശ്യമുള്ളവർക്ക് ഏതാനും പഴങ്ങൾ കഴിക്കാം. എപ്പോഴും നല്ല ശാരീരിക ബലം പ്രദാനം ചെയ്യുന്നതിനും ക്ഷീണിതർക്ക് ഉണർവേകുവാനും പഴം ഉപകരിക്കും.


ലോങ്ങൽ പഴത്തിന്റെ ശാസ് ത്രീയനാമം Dimocarpus longan (Euphorfia Longana) എന്നാണ്. നമ്മുടെ നെല്ലിക്ക ഉൾപ്പെടുന്ന യൂഫോർബിയേസി എന്ന സസ്യകുടുംബത്തിൽപ്പെടുന്നു. സൗത്ത് ഏഷ്യ മുഴുവനിലും കൃഷിചെയ്യുന്നുണ്ടെങ്കിലും ചൈനയാണ് ഉത്ഭവദേശം എന്നനുമാനിക്കപ്പെടുന്നു. ഈ പഴത്തിന് ഡ്രാഗൺ ഐ എന്നു കൂടി പേരുണ്ട്. നെടുകെ മുറിച്ചപഴം കറുത്ത വിത്തുകളോടെ ദർശിച്ചാൽ ഡ്രാഗൺ പ്രതിമകളിൽ കാണുന്ന കണ്ണുകൾ പോലെ കാണപ്പെടുന്നതിനാൽ ഈ പേരിൽ അറിയപ്പെടുന്നു. ചൈനീസ് ഭാഷയിൽ Long yan Rog എന്നു പറയും. ഇതൊരു മരമാണ്. ഡ്രാഗൺ ഫ്രൂട്ട് എന്നറിയപ്പെടുന്നത് കള്ളിച്ചെടി വർഗത്തിവ്പ്പെട്ട വേറൊരു പഴമാണ്. തായ്ലൻഡ് ലിച്ചി എന്ന പേരിൽ ലോങ്ങൻ കോഴിക്കോട്ടു മാർക്കറ്റിൽ വില്ക്കുന്നതായി കണ്ടിട്ടുണ്ട്.

വിത്തിൽ നിന്നും ഉത്പാദിപ്പിച്ച തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. എങ്കിലും നല്ല ഇനങ്ങൾ ഒട്ടിച്ചെടുക്കുകയോ ലെയറിംഗ് രീതിയിൽ വേരുപിടിപ്പിച്ചെടുക്കുകയോ ചെയ്യാം. കേരളത്തിലെ കാലാവസ്‌ഥ അനുയോജ്യമാണ്. ലേഖകനു ലഭിച്ച വിയറ്റ്നാം തൈകൾ നാലാം വർഷം കായ്ച്ചതായി കണ്ടു. പെരുണ്ണാമുഴിയിലെ ഐഐഎസ്ആർ ഫാമിൽ നിന്നാണ് തൈകൾ ലഭിച്ചത്. പക്ഷെ കായ്കൾ ചെറുതായിരുന്നു. ഫെബ്രുവരി–മാർച്ച് മാസങ്ങളിലാണ് പുഷ്പിച്ചത്. ഏപ്രിൽ–മേയ് മാസങ്ങളിൽ കായയ്കൾ ലഭ്യമാകും. പുഴുത്തകായുടെതൊലിക്ക് ഇളം തവിട്ടുനിറമായിരിക്കും. അമിതമായി പഴുത്താൽ തൊലിവിണ്ടുകീറും. കായ്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത്.

പ്രധാനമായും മൂന്നിനങ്ങൾ ലോങ്ങനിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ‘കൊഹാല’ എന്നയിനത്തിനാണ് വലുപ്പമുള്ള കായ്കളുള്ളത്. ഏറ്റവും നല്ല പഴങ്ങൾ തെക്കൻ ചൈനയിലെ ഫുജി പ്രോവീൻസിൽ നിന്നും ലഭിക്കുന്നു. നല്ല മധുരവും രൂചിയുമുള്ള ഈ പഴം ആരും ഇഷ്ടപ്പെടും. പഴം ഉണക്കി സൂക്ഷിക്കുവാനും കഴിയും.



കേരളത്തിലെ മിക്കവാറും എല്ലാ നഴ്സറികളിലും ലോങ്ങൻ തൈകൾ കിട്ടും. കാഞ്ഞിരപ്പള്ളിയിലുള്ള ഹോംഗ്രോൺ നഴ്സറി മാത്രമാണ് ഒട്ടുതൈകൾ നൽകുന്നതായി കണ്ടിട്ടുള്ളത്. പ്രായമായ മരങ്ങൾ പുഷ്പിക്കുന്നതിനായി തടിയുടെ ചുറ്റും വട്ടത്തിൽ തൊലികളയാറുണ്ട്. കായകൾക്ക് വലിപ്പം കിട്ടുന്നതിന് പയറുമണി വലുപ്പമാകുമ്പോൾ കുലയുടെ മൂന്നിലൊന്നോ പകുതിയോ മുറിച്ചുകളയുന്നു. വിളവെടുപ്പിനു ശേഷം കമ്പുകൾ കോതുന്നതും കൊള്ളാം. കാര്യമായ കീടങ്ങളോ രോഗങ്ങളോ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിൽ പലസ്‌ഥലങ്ങളിലും ലോങ്ങൻ വളരുന്നുണ്ട്.

ലോങ്ങൻ പോലെ പോഷകഗുണവും ആരോഗ്യദായകവുമായ വേറെ ഏതുപഴമാണുള്ളത്. നെല്ലിക്കയിൽ മാത്രമേ സമാനത കണ്ടെത്തുവാൻ കഴിയൂ. നമ്മുടെ ആയൂർവേദം പോലെ തലമുറകളിലൂടെ അനുഭവസമ്പത്തുള്ള ചൈനീസ് ചികിത്സാരീതിയെ നാം അവിശ്വസിക്കേണ്ട കാര്യമില്ല. കൂടാതെ ധാരാളം പഠനങ്ങൾ നടക്കുന്നുമുണ്ട്. അവയെല്ലാം ഈ അറിവിനെ ബലപ്പെടുത്തുന്നവയാണ്. സ്ത്രീകൾക്കുമാത്രമല്ല പുരുഷന്മാർക്കും പഴം ഉത്തമമാണ്. മേലുധരിച്ച ഉപയോഗസാധ്യതകൾ കണക്കിലെടുത്ത് ലോങ്ങ ന്റെ കൃഷി വ്യാപിപ്പിക്കുകയും സാമ്പത്തിക ഉന്നതി കൈവരിക്കുകയും ചെയ്യണം. ഫോൺ– മാത്യു–04862–288202.

പി. എ. മാത്യു
പ്രിൻസിപ്പൽ സയന്റിസ്റ്റ്(റിട്ട.)
ഐസിഎആർ