ഉദ്യാനത്തിലെ തൂവെള്ള മെഴുകുതിരികൾ
ഉദ്യാനത്തിലെ തൂവെള്ള മെഴുകുതിരികൾ
Wednesday, November 23, 2016 6:48 AM IST
സ്തൂപിക പോലെ നെടുനീളൻ തൂവെള്ളപ്പൂക്കൾ; കടും പച്ചിലകളുടെ പശ്ചാത്തലത്തിൽ നിറയെ തൂവെള്ളപ്പൂക്കൾ മെഴുകുതിരിപോലെ നിറഞ്ഞുനിൽക്കുന്നത് വേറിട്ട കാഴ്ചയാണ്. പേര് അന്വർഥമായതുപോലെ ഈ ഉദ്യാനസസ്യത്തിന് വൈറ്റ് കാൻഡിൽ അഥവാ വെളുത്ത മെഴുകുതിരി എന്നു തന്നെയാണ് ഓമനപ്പേര്. വെളുത്ത പൂക്കൾക്കോരോന്നിനും രണ്ടു മൂന്നിഞ്ചു നീളം. വീണ്ടും വീണ്ടും പൂ ചൂടുന്ന സ്വഭാവം. വിറ്റ്ഫീൽഡ്യൂ ഇലോജേറ്റ എന്നു സസ്യനാമം. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആഫ്രിക്കൻ സ്വദേശി ടി. വിറ്റ്ഫീൽഡ് എന്ന സസ്യസ്നേഹിയുടെ സ്മരണാർഥമാണ് ഈ ഉദ്യാനസുന്ദരിക്ക് വിറ്റ് ഫീൽഡ്യൂ എന്നു പേരു നൽകിയത്. നിത്യഹരിതസ്വഭാവമുള്ള കുറ്റിച്ചെടിയാണിത്. നിവർന്നു വളരുന്നതാണ് ശീലമെങ്കിലും ശിഖരങ്ങളും മറ്റും ക്രമമല്ലാത്ത വിധം പടർന്നു വളരാനും മതി. നൈജീരിയയിലെ ഉഷ്ണമേഖലാ മഴക്കാടുകളാണ് വൈറ്റ് കാൻഡിലിന്റെ ജന്മദേശം.

വിറ്റ് ഫീൽഡിയ എന്ന ജനുസ് ഉൾപ്പെടുന്ന അക്കാന്തേസി സസ്യകുലത്തിൽ ഏതാണ്ട് പത്തിനം ചെടികളുണ്ട്. ആഫ്രിക്കൻ ഉഷ്ണമേഖലാപ്രദേശങ്ങളിലാണിവ അധികവും വളരുന്നത്.

ഇലകൾക്ക് കടുംപച്ചനിറവും തിളക്കവുമുണ്ട്. ശിഖരാഗ്രങ്ങളിലാണ് തുവെള്ളപ്പൂക്കൾ കൂട്ടമായി വിടരുക. ഓരോ പൂമൊട്ടും അഗ്രം കൂർത്ത ടോർപിഡോ പോലിരിക്കും. വളഞ്ഞു വെളുത്ത ഇതളുകളുമായി ഇതു വിടരും. എത്ര അഗാധമായ തണലത്തും സാമാന്യം നന്നായി പുഷ്പിക്കുന്ന അപൂർവം ചെടികളിലൊന്നാണ് വൈറ്റ് കാൻഡിൽ.

വളക്കൂറും നീർവാർച്ചയും തെല്ല് പുളിരസവുമുള്ള മണ്ണിൽ ഈ ചെടി നന്നായി വളരുന്നതു കണ്ടിട്ടുണ്ട്. തണലിൽ പോലും ടൺകണക്കിന് പൂവ് എന്ന അർഥത്തിൽ tons of white flowers in a shady spot എന്നാണ് പാശ്ചാത്യരായ ഉദ്യാനപാലകർ വൈറ്റ് കാൻഡിൽ ചെടിയെ വിശേഷിപ്പിക്കുന്നത്. വർഷം മുഴുവൻ ചെടി പുഷ്പിണിയായിരിക്കുെങ്കിലും ചെടി നിറയെ പരമാവധി പൂചൂടുന്നത് നവംബർ മുതൽ മേയ് വരെയുള്ള സമയത്താണ്. വളരുന്നതനുസരിച്ച് തലപ്പ് നുള്ളിവിട്ടാൽ ചെടി കൂടുതൽ പടർന്നു വളരുകയും നിറയെ പൂ ചൂടുകയും ചെയ്യും. ചെടി പരമാവധി നാലു മുതൽ ആറടി വരെ ഉയരത്തിലാണു വളരുക.


അധികം പൂ പിടിക്കാത്ത തണ്ടു മുറിച്ചു നട്ട് പുതിയ ചെടി വളർത്താം. പൂക്കൾ ഒരാഴ്ച വരെ ചെടിയിൽ വാടാതെ നിൽക്കും. തടത്തിനു പുറമെ ചട്ടിയിൽ വളർത്താനും ഉത്തമമാണ് വൈറ്റ് കാൻഡിൽ ചെടി. ചട്ടിയാകുമ്പോൾ 2–3 ഇഞ്ച് ഉയരത്തിൽ വളർത്തി ക്രമീകരിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം. ശരിയായ രീതിയിൽ കൊമ്പുകോതിയാൽ ഇത്തരത്തിൽ ഉയരം ക്രമീകരിക്കാൻ കഴിയും. അതിരാവിലെയുള്ള സൂര്യപ്രകാശം ചെടിക്ക് ഇഷ്ടമാണ്. എന്നാൽ ഉച്ചസമയത്തും ഉച്ചതിരിഞ്ഞും ലഭിക്കുന്ന തണലാണ് ഇതിന്റെ ഇലകളുടെ കടും പച്ച നിറത്തിനു നിദാനം എന്നു കണ്ടിരിക്കുന്നു.

ഒരു പരിധിവരെ വരൾച്ചയെ ചെറുക്കാനുള്ള കഴിവും വൈറ്റ് കാൻഡിൽ ചെടിക്കുണ്ട്. വേരുപിടിച്ചുകഴിഞ്ഞാൽ ഇടയ്ക്കും മുറയ്ക്കും അല്പം വളർച്ച ത്വരിതപ്പെടുത്താൻ ഏതെങ്കിലും രാസവള മിശ്രിതം വെള്ളത്തിൽ കലർത്തി നേർപ്പിച്ച് തെളിയൂറ്റി ചെടിത്തടത്തിൽ ഒഴിച്ചുകൊടുത്താൽ മതി. മറ്റ് ഉദ്യാനസസ്യങ്ങളുമായി ഇടകലർത്തി മിക്സ്ഡ് പ്ലാന്റിംഗിനും, പശ്ചാത്തലച്ചെടിയായും തണൽ വീണ ഉദ്യാനങ്ങളിലും വളർത്താൻ ഉത്തമമാണ് വൈറ്റ് കാൻഡിൽ.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടർ, കൃഷിവകുപ്പ്, തിരുവനന്തപുരം