സ്ത്രീകളിലെ പ്രമേഹം
സ്ത്രീകളിലെ പ്രമേഹം
Monday, November 28, 2016 2:20 AM IST
പ്രമേഹരോഗികളായ സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. ജീവിതശൈലീ രോഗമുള്ള പുരുഷനേക്കാൾ സ്ത്രീക്ക് സമ്മർദം ഏറെയാണ്. അത് അവരെ പ്രമേഹത്തിലേക്കു നയിക്കാം. എന്നാൽ പ്രമേഹരോഗിയായ ഒരു പുരുഷനു ലഭിക്കുന്ന അത്ര ചികിത്സ പലപ്പോഴും സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. പുരുഷന്മാരായ രോഗികൾക്ക് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് നടത്തുമ്പോൾ കൂടെയുള്ള ഭാര്യമാർക്കും അമ്മമാർക്കും ഷുഗർ ടെസ്റ്റും ടോട്ടൽ കൊളസ്ട്രോൾ പരിശോധനയുമായി ചുരുങ്ങും. നവംബർ 14 ലോക പ്രമേഹ ദിനമാണ്. സ്ത്രീകളിലെ പ്രമേഹത്തെക്കുറിച്ച് അറിയാം...

വിവാഹത്തിനും വിലങ്ങുതടി

ടൈപ്പ് 1 ഡയബെറ്റിസ് ഉള്ള പെൺകുട്ടികൾക്ക് വിവാഹം നടക്കുക ബുദ്ധിമുട്ടാണ്. എന്നും ഇൻസുലിൻ കുത്തിവയ്ക്കേണ്ടി വരുന്നതിനാൽ മറച്ചുവച്ച് വിവാഹം നടത്തുക പ്രയാസകരമാണ്. കാര്യം തുറന്നുപറഞ്ഞാൽ ഗർഭിണിയാകാൻ ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞ് ആലോചന മുടങ്ങും. ഇതേ പ്രശ്നമുള്ള ആൺകുട്ടിക്കാകട്ടെ കാര്യം തുറന്നുപറഞ്ഞാൽ വിവാഹം പ്രശ്നമാകില്ല. പ്രമേഹം നിയന്ത്രണ വിധേയമാണെങ്കിൽ ഗർഭിണിയാകുക ഒരു വെല്ലുവിളിയാകില്ല എന്നതാണ് വാസ്തവം. എന്നിട്ടും തെറ്റിദ്ധാരണ മാറുന്നില്ല എന്നതാണ് വേദനാജനകമായ കാര്യം. ടൈപ്പ് 2 ഡയബെറ്റിസ് ഉള്ള പെൺകുട്ടികളിൽ പലരും ഗത്യന്തരമില്ലാതെ മറച്ചുവച്ചാണ് വിവാഹിതരാകുന്നത്.

ഗർഭാവസ്‌ഥയിലെ പ്രമേഹം

മുൻപ് പ്രമേഹം ഇല്ലാതിരുന്നവർക്ക് ഗർഭാവസ്‌ഥയിൽ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്ന ജെസ്റ്റേണൽ ഡയബെറ്റിസ് ആണ് മറ്റൊരു പ്രധാന വെല്ലുവിളി. ഇൻസുലിൻ റിസപ്റ്റേഴ്സ് വേണ്ട രീതിയിൽ പ്രവർത്തിക്കാതെ വരുന്നവർക്കാണ് സാധാരണ ഗതിയിൽ ഗർഭധാരണത്തിന്റെ ആറാം മാസം മുതൽ ടൈപ്പ് 2 ഡയബെറ്റിസ് വരുന്നത്. ഇപ്പോൾ 10 ശതമാനം വരെയാണ് ഗർഭകാല പ്രമേഹനിരക്ക്. പ്രസവാനന്തരം ഇത് പൂർണമായി ഭേദപ്പെടുമെങ്കിലും 35 മുതൽ 60 ശതമാനം വരെയുള്ളവർക്ക് പ്രസവശേഷം 10–20 വർഷത്തിനകം പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദ്രോഗ സാധ്യതയും കൂടും. ഇത്തരക്കാരുടെ ഗർഭസ്‌ഥശിശുക്കൾക്ക് തൂക്കം കൂടുതലായിരിക്കും. ഗർഭാവസ്‌ഥയിൽ കുട്ടി മരിക്കാനുള്ള സാധ്യതയും ഉണ്ടെന്നതിനാൽ നന്നായി സൂക്ഷിക്കുക തന്നെ വേണം.

ഇരുപത്തിയഞ്ചുവയസിന് മുകളിൽ പ്രായമുള്ളവർ, പാരമ്പര്യമായി പ്രമേഹമുള്ളവർ, പൊണ്ണത്തടിയുള്ളവർ, ഗർഭാവസ്‌ഥയിൽ കുട്ടി മരണപ്പെട്ട അമ്മമാർ, ഗർഭാശയത്തിൽ ദ്രാവകത്തിന്റെ അളവ് കൂടുതലുള്ളവർ, നേരത്തെ ഗർഭാവസ്‌ഥയിൽ പ്രമേഹം വന്നവർ ഇവർക്കൊക്കെ ഗർഭകാല പ്രമേഹത്തിന് സാധ്യതയുണ്ട്. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി കൂടാതെ നോക്കുകയും ഡയറ്റീഷ്യന്റെ സഹായത്തോടെയുള്ള ഭക്ഷണക്രമീകരണം, വ്യായാമം എന്നിവയാണ് ഗർഭാവസ്‌ഥയിലെ പ്രമേഹരോഗികൾക്ക് മുന്നിലെ പോംവഴികൾ. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് രണ്ടാഴ്ചയ്ക്കുള്ളിൽ നിയന്ത്രിക്കാൻ ആയില്ലെങ്കിൽ ഇൻസുലിൻ ഇൻജക്ഷൻ തുടങ്ങാതെ വഴിയില്ല.

പോഷകക്കുറവും കൂടുതലും

ഇന്ത്യൻ സ്ത്രീസമൂഹം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് പോഷകക്കുറവും പോഷകക്കൂടുതലും തമ്മിലുള്ള അനുപാതവ്യത്യാസം. ഇതു രണ്ടും പ്രമേഹത്തിലേക്കുള്ള വാതിൽ തുറക്കുന്നവയാണ്. പോഷകക്കുറവുള്ള അമ്മമാരുടെ കുട്ടികൾക്ക് ജനനസമയത്തെ ഭാരം കുറവായിരിക്കും. ഇത്തരക്കാർക്ക് പിന്നീട് പാൻക്രിയാസ് വികാസം കുറഞ്ഞ് പ്രമേഹം വന്നേക്കാം. ഇനി പോഷകക്കൂടുതലുള്ള അമ്മമാരുടെ അമിതവണ്ണമുള്ള കുട്ടികൾക്ക് പാരമ്പര്യപ്രകാരവും പ്രമേഹം വരും. ആർത്തവ വിരാമം വരെ സാധാരണ ഗതിയിൽ സ്ത്രീകൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണ്. എന്നാൽ പ്രമേഹമുള്ള ഒരു സ്ത്രീയുടെ കാര്യത്തിൽ ആണെങ്കിൽ മറിച്ചാണ് സംഭവിക്കുക. അവർക്ക് സ്വാഭാവികമായി ലഭിക്കേണ്ട ശാരീരികമായ സംരക്ഷണം ഇല്ലാതെയാകും. 60 പിന്നിട്ട പുരുഷന് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയ്ക്ക് തുല്യമാണ് സ്ത്രീയായ പ്രമേഹരോഗിയുടെ അവസ്‌ഥ.




പ്രമേഹത്തെ നിയന്ത്രിക്കാം

പ്രമേഹ നിയന്ത്രണത്തിൽ അനിവാര്യമായ ഘടകങ്ങളാണ് അത്യാവശ്യം വ്യായാമവും ആഹാരനിയന്ത്രണവും. പക്ഷേ പല സ്ത്രീകൾക്കും വീട്ടുജോലികൾക്കിടയിൽ വ്യായാമം ചെയ്യാനുള്ള സമയം ലഭിക്കാറില്ല. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ കാരണം ഭക്ഷണത്തിലും മാറ്റമുണ്ടായി.

ആഹാരത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തുക. പച്ചക്കറികൾ ആവിയിൽ പുഴുങ്ങുക, വേവിക്കുക ഇവയൊക്കെ ഗുണമേന്മയേറിയ പാചകരീതിയാണ്. വറുക്കുന്നതും പൊരിക്കുന്നതും വല്ലപ്പോഴും മാത്രമേ ആകാവൂ. വറുക്കുമ്പോൾ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ല. എണ്ണയുടെയും നാളികേരത്തിന്റെയും അളവ് കുറയ്ക്കുക. ഉപ്പിലിട്ടത്, പപ്പടം മുതലായവ ദിവസവും ഉപയോഗിക്കരുത്.

ആഹാരക്രമീകരണം

പ്രമേഹരോഗ നിയന്ത്രണത്തിലെ ഒരു പ്രധാന ഘടകമാണ് ആഹാര ക്രമീകരണം. ഒരു പ്രമേഹരോഗിക്ക് മറ്റുള്ളവരെപ്പോലെ മിക്കവാറും എല്ലാത്തരം ഭക്ഷണവും കഴിക്കാവുന്നതാണ്. എന്നാൽ ഭക്ഷണം സമീകൃതമായിരിക്കണം. ഓരോ വ്യക്‌തിയുടെയും തൂക്കത്തിന് അനുസൃതമായി അനുവദിച്ചിട്ടുള്ള കലോറി പരിധിക്കുള്ളിൽ ആയിരിക്കുകയും വേണം. പ്രസ്തുത ഭക്ഷണത്തിന്റെ 60 ശതമാനം അന്നജവും, 15 ശതമാനം മാംസവും, 25 ശതമാനം കൊഴുപ്പും ആയിരിക്കണം. കൃത്യ സമയങ്ങളിൽ ആഹാരം കഴിക്കാൻ രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കഴിവതും സാധാരണ നിലയിൽ എത്തിക്കുവാനും, തൃപ്തികരമായ ശരീരഭാരം നിലനിർത്തുവാനും സഹായകമായിരിക്കണം. ഇത്തരത്തിൽ ക്രമീകരിച്ച ഭക്ഷണക്രമത്തിനാണ് ഡയബെറ്റിക് ഡയറ്റ് എന്നു പറയുന്നത്.

പ്രമേഹരോഗികൾ തേങ്ങയും അനുബന്ധ വസ്തുക്കളും ഒഴിവാക്കുന്നതാണ് ഉത്തമം. പ്രാതലിനു തേങ്ങാ ചട്ണി ഒഴിവാക്കി പകരം തക്കാളി ചട്ണിയാകാം. കൊഴുപ്പിന്റെ അളവ് കൂടുതലും, ഗ്ലെസിമിക് ഇൻഡക്സ് വളരെ കൂടുതലും, ഊർജം അമിത അളവിലുള്ളതുമായ ഭക്ഷണങ്ങൾ അടങ്ങിയ ഗ്രൂപ്പിലാണ് തേങ്ങ വരിക. പച്ചത്തേങ്ങ ഉപയോഗിക്കുന്നതാണ് ഉണക്ക തേങ്ങയേക്കാൾ അഭികാമ്യം. രാവിലെ പ്രാതലിനൊപ്പം ഉള്ളിച്ചമ്മന്തി, തക്കാളിച്ചട്ണി, പച്ചക്കറികൾ, പയറു വർഗ്ഗങ്ങൾ, പരിപ്പുവർഗ്ഗങ്ങൾ എന്നിവ ഉപയോഗിക്കാം. തക്കാളിയിലെ മധുരം ദോഷം ചെയ്യില്ല. തക്കാളിയിൽ അന്നജവും കലോറിയും മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ തോതിലേ ഉള്ളൂ.

ഡോ. ജി. വിജയകുമാർ
ചെയർമാൻ * മാനേജിങ് ഡയറക്ടർ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ *
ഡയബെറ്റിസ് സെന്റർ, കുളനട.