മൈ ഡിയർ ബറോസ്
Thursday, December 26, 2024 5:23 PM IST
മലയാള ചലച്ചിത്ര ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പടുത്തപ്പെട്ട "മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന സിനിമ റിലീസ് ചെയ്തത് കൃത്യം 40 വർഷത്തിനും നാല് മാസത്തിനും മുമ്പാണ്, 1984 ഓഗസ്റ്റ് 24ന്.
മോഹൻലാലിന്റെ പ്രഥമ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ആദ്യ 70 എംഎം ചലച്ചിത്രം പടയോട്ടം തുടങ്ങി നിരവധി ചലച്ചിത്രങ്ങളുടെ നിർമാതാവും ആധുനിക മലയാള ചലച്ചിത്ര നിർമാണ മേഖലയ്ക്ക് അടിത്തറ പാകിയവരിൽ ഒരാളുമായ നവോദയ അപ്പച്ചനാണ് മൈ ഡിയർ കുട്ടിച്ചാത്തൻ നിർമിച്ചത്. അദ്ദേഹത്തിന്റെ മകനായ ജിജോ പുന്നൂസ് ആണ് അതിന്റെ സംവിധായകൻ.
ജിജോ പുന്നൂസിന്റെ രചനയായ "Barroz: Guardian of D'Gama's Treasure' അടിസ്ഥാനമാക്കി കലവൂർ രവികുമാർ സംഭാഷണം രചിച്ച് മോഹൻലാൽ സംവിധാനം ചെയ്ത ചിത്രമാണ് "ബറോസ്' (Barroz: Guardian of Treasures 3D).
"മൈഡിയർ കുട്ടിച്ചാത്തൻ' ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചലച്ചിത്രമായിരുന്നു. വലിയ സ്വീകാര്യതയാണ് ആ ചലച്ചിത്രത്തിന് ആരംഭത്തിലും പിന്നീട് 1997-ലും 2011-ലും റീ-റിലീസ് ചെയ്തപ്പോഴും മറ്റുഭാഷകളിൽ പുനർനിർമിച്ചപ്പോഴും ലഭിച്ചത്. അത് പൂർണമായും കുട്ടികളെ കാഴ്ചക്കാരായി മുന്നിൽ കണ്ടുകൊണ്ട് നിർമിച്ച ചലച്ചിത്രമായിരുന്നു.
മുത്തശി കഥകളെന്നും ഫെയറി ടെയ്ലുകളെന്നും അറിയപ്പെടുന്ന ഒരു വിഭാഗം കഥകളും നോവലുകളും ചലച്ചിത്രങ്ങളും ആവേശത്തോടെ സ്വീകരിക്കുന്ന കുട്ടിക്കൂട്ടം എപ്രകാരമാണ് മൈ ഡിയർ കുട്ടിച്ചാത്തനെ സ്വീകരിച്ചത്.
ആ ചലച്ചിത്രത്തിന്റെ ഒരു ആധുനിക രൂപമാണ് "ബറോസ്'. മലയാള സിനിമയിലെ അക്കാലത്തെ വലിയ ബജറ്റ് ആയിരുന്ന 45 ലക്ഷം രൂപയാണ് മൈ ഡിയർ കുട്ടിച്ചാത്തനു വേണ്ടി അന്ന് നവോദയ മുടക്കിയതെങ്കിൽ ഇന്ന് 50 കോടിയാണ് ബറോസിനു വേണ്ടി ആശീർവാദ് സിനിമാസ് ചെലവഴിച്ചിരിക്കുന്നത്.
"കുട്ടി പ്രേക്ഷകരെ' മുന്നിൽകണ്ട് ഇത്ര വലിയ ഒരു തുക ഒരു ചലച്ചിത്രത്തിനുവേണ്ടി നീക്കിവയ്ക്കാൻ തയാറായ ആശീർവാദ് സിനിമാസും നിർമാതാവ് ആന്റണി പെരുമ്പാവൂരും ആദ്യ സംവിധാന സംരംഭം കുട്ടികൾക്കുവേണ്ടി മാറ്റിവച്ച മലയാളികളുടെ പ്രിയനടൻ മോഹൻലാലും അഭിനന്ദനം അർഹിക്കുന്നു.
കുട്ടികളോടൊപ്പമുള്ള കാഴ്ച
കൊച്ചിയിൽ ആദ്യമായെത്തിയ ഐമാക്സ് സ്ക്രീനിൽ ഉൾപ്പെടെ നിരവധി തീയറ്ററുകളിൽ ഹോളിവുഡ് അനിമേഷൻ സിനിമയായ "മുഫാസ'യും മറ്റൊരു അനിമേഷൻ മൂവിയായ "മോവാന 2'വും കേരളത്തിലെമ്പാടും പതിനായിരക്കണക്കിന് കുട്ടികൾ മുഖ്യ പ്രേക്ഷകരായി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അതേ കാലയളവിലാണ് "ബറോസ്' പ്രദർശനത്തിനെത്തിയിരിക്കുന്നത്.
കുട്ടികൾക്ക് ഇഷ്ടപ്പെട്ടിട്ടുള്ള പല ചലച്ചിത്രങ്ങളും മലയാളത്തിൽ കഴിഞ്ഞ നാലു പതിറ്റാണ്ടുകൾക്കിടയിൽ വന്നിട്ടുണ്ടെങ്കിലും ഇപ്രകാരം കുട്ടികളെ തന്നെ മുഖ്യ പ്രേക്ഷകരായി കണ്ടുകൊണ്ട് നിർമിച്ചിട്ടുള്ള ചലച്ചിത്രങ്ങൾ വിരളമാണ്.
ആദ്യദിവസം തന്നെ "ബറോസ്' പ്രേക്ഷകരിൽ വലിയൊരു പങ്ക് കുട്ടികൾ തന്നെയായിരുന്നു. കുട്ടികളുമായി കാണാൻ കയറുന്ന മാതാപിതാക്കൾ അല്ലാതെയുള്ള മുതിർന്ന കാഴ്ചക്കാർ വളരെ കുറവ് എന്നുതന്നെ പറയാം.
ഒന്ന്, ആറ്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന മക്കളുമായി സിനിമയ്ക്ക് പോവുകയും അവരുടെ കാഴ്ച എപ്രകാരമെന്ന് വിലയിരുത്തുകയും ചെയ്തതോടൊപ്പം കാഴ്ചക്കാരായ മറ്റു കുട്ടികളുടെ ആസ്വാദനവും വിലയിരുത്തിയാണ് ഈ കുറിപ്പ് തയാറാക്കിയത്.
ഇംഗ്ലീഷ് ആനിമേഷൻ ചലച്ചിത്രങ്ങളായാലും ത്രിഡി സിനിമകൾ കണ്ണടവച്ച് ഇന്റർവെൽ വരെ മാത്രം പരമാവധി കണ്ടിരിക്കാറുള്ള ഒന്നാംക്ലാസിൽ പഠിക്കുന്ന മകൻ "ബറോസ്' ഇന്റർവെല്ലിന് ശേഷം അവസാനിക്കുന്നത് വരെയും ആകാംക്ഷയോടെയും അച്ചടക്കത്തോടെയും കാണുന്നത് കണ്ടു.
നന്നായി ഇഷ്ടപ്പെട്ടു എന്നാണ് അവന്റെ പ്രതികരണം. ആറാം ക്ലാസിൽ പഠിക്കുന്ന മകളും വിടർന്ന മുഖത്തോടെയാണ് തീയറ്റർ വിട്ടിറങ്ങിയത്. ഫെയറി ടെയ്ലുകളോട് താത്പര്യം കുറഞ്ഞു തുടങ്ങിയ ഒമ്പതാം ക്ലാസുകാരനും സിനിമ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു.
സമീപങ്ങളിലിരുന്ന മറ്റു കുടുംബ പ്രേക്ഷകരും ചലച്ചിത്രത്തിൽ സംതൃപ്തരായിരുന്നു എന്ന് വിശ്വസിക്കുന്നു.
സിനിമയിലേയ്ക്ക്
മൈ ഡിയർ കുട്ടിച്ചാത്തന്റെ ഒരു 2024 വേർഷനാണ് "ബറോസ്'. ഏറെക്കുറെ സാമ്യമുള്ള ത്രെഡ്. അക്കാലഘട്ടത്തിൽ ലഭ്യമായ എല്ലാ സാങ്കേതിക തികവോടെയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ പൂർത്തീകരിച്ചെങ്കിൽ ഇക്കാലഘട്ടത്തിൽ ലഭ്യമായ സാങ്കേതികവിദ്യകൾ പൂർണമായും ബറോസിൽ ഉപയോഗിച്ചിട്ടുണ്ട്.
ഉയർന്ന മുതൽമുടക്കും വർഷങ്ങൾ നീണ്ട പരിശ്രമങ്ങളും ഇന്ത്യയിലെയും വിദേശത്തെയും മികവുറ്റ സാങ്കേതിക വിദഗ്ധരുടെ സഹകരണവും ചലച്ചിത്രത്തിന്റെ പിന്നണിയിലുണ്ട്. ഇന്ത്യൻ സിനിമയിലെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായ സന്തോഷ് ശിവനാണ് ബറോസിനുവേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്.
ഗ്രാഫിക്സ്, പശ്ചാത്തല സംഗീതം, എഡിറ്റിംഗ് തുടങ്ങിയ മറ്റു മേഖലകളിലും ഇത്തരത്തിൽ ശ്രദ്ധേയ കലാകാരന്മാരുടെ സഹകരണമുണ്ട്. പോർച്ചുഗീസുകാരുടെ ഇന്ത്യയിലേക്കുള്ള വരവും അവരുടെ കാലഘട്ടങ്ങളിലെ ചില സംഭവ വികാസങ്ങളും പശ്ചാത്തലമാക്കിയുള്ള സാങ്കൽപ്പിക രചനയാണ് ജിജോ പൊന്നൂസിന്റെ "Barroz: Guardian of D'Gama's Treasure' എന്ന നോവൽ.
ഡി ഗാമ എന്ന പോർച്ചുഗീസ് പ്രഭു ഗോവയിലെ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന വലിയ നിധിശേഖരം ശത്രുക്കളുടെ അക്കാലഘട്ടത്തിലെ അക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനായി തന്റെ വിശ്വസ്ത സേവകനെ ആഭിചാര കർമങ്ങളിലൂടെ ഭൂതമാക്കി മാറ്റി ചുമതലയേൽപ്പിക്കുന്നതും ആ ഭൂതം നിധി ഉടമയുടെ അനന്തരാവകാശികൾക്ക് കൈമാറാനായി നൂറ്റാണ്ടുകളോളം കാത്തിരിക്കുന്നതുമാണ് കഥയുടെ ചുരുക്കം.
ഒടുവിൽ ഡി ഗാമയുടെ പതിമൂന്നാം തലമുറയിൽപ്പെട്ട പെൺകുട്ടിയെ ഭൂതം കണ്ടെത്തുന്നു. കുട്ടികൾക്കുവേണ്ടി രചിക്കപ്പെട്ടിട്ടുള്ള ചില നോവലുകൾക്ക് പുറമെ, ഇംഗ്ലീഷ് സിനിമകളിൽ മാത്രം മലയാളികൾ കണ്ടു ശീലിച്ചിട്ടുള്ള ഒരു ഭാവനാ സൃഷ്ടിയാണ് ഈ സിനിമയുടെ അടിത്തറ. ഏറെക്കുറെ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചലച്ചിത്രവും അപ്രകാരം തന്നെയായിരുന്നു.
എന്നാൽ, മൈ ഡിയർ കുട്ടിച്ചാത്തനിലെ കുട്ടിച്ചാത്തൻ എന്ന ആശയം മലയാള ഐതിഹ്യങ്ങളുടെയും കഥാകൃത്തുക്കളുടെയും സംഭാവനയായിരുന്നെങ്കിൽ, ബറോസ് എന്ന ഭൂതം ഒരുപക്ഷെ മലയാളികൾക്ക് അത്ര പരിചിതമല്ല.
അത് ആഫ്രിക്കൻ പശ്ചാത്തലമുള്ള ആഭിചാരകരുടെയും പോർച്ചുഗീസുകാരുടെയും അക്കാലഘട്ടത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമെന്ന നിലയിലാണ് അവതരിപ്പിക്കപ്പെടുന്നത്. പോർച്ചുഗീസുകാർ പിന്തുടരുന്ന ക്രൈസ്തവ വിശ്വാസം മറ്റൊരു പശ്ചാത്തലമായി ചലച്ചിത്രത്തിൽ കാണാം.
കുട്ടികൾക്കുവേണ്ടിയുള്ള ചലച്ചിത്രം
മലയാള ചലച്ചിത്രരംഗം ഒരു പ്രത്യേക ദുരവസ്ഥയിലാണോ എന്ന് സംശയം തോന്നുന്ന നാളുകളാണ് ഇത്. കാഴ്ചക്കാരുടെ മനസികാവസ്ഥയെയും അഭിരുചികളെയും വീക്ഷണങ്ങളെയും ഹൈജാക്ക് ചെയ്യുന്ന വിധത്തിൽ മറ്റു ചിലർ ഈ മേഖലയിൽ ചില കൈകടത്തലുകൾ നടത്തുന്നുണ്ട്.
അതിലൊന്നാണ് കാഴ്ചക്കാരന്റെ ആസ്വാദനത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള റിവ്യൂ ബോംബിംഗ്. ഒരേസമയം അനാവശ്യമായ പ്രതീക്ഷകൾ സൃഷ്ടിച്ച് സിനിമയെ സ്വതന്ത്രമായി കണ്ടു വിലയിരുത്താനും ആസ്വദിക്കാനുമുള്ള അവസരം നഷ്ടപ്പെടുത്തുന്ന പ്രവണതയും അതോടൊപ്പം, നിർദാക്ഷിണ്യം മോശമായ റിവ്യൂകൾ നൽകി കാഴ്ചക്കാരെ തീയറ്ററിൽനിന്ന് അകറ്റി നിർത്തുന്ന പ്രവൃത്തികളും.
എന്തുതന്നെയായാലും മേൽപ്പറഞ്ഞ രണ്ടു പ്രവണതകളും അനാരോഗ്യകരമാണ്. ബറോസ് എന്ന ചലച്ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അധിക്ഷേപകരമായ അഭിപ്രായ പ്രകടനങ്ങളുടെ കുത്തൊഴുക്ക് സമൂഹമാധ്യമങ്ങളിൽ പ്രകടമാണ്.
കുട്ടികൾക്കുവേണ്ടി നിർമിക്കപ്പെട്ട ഒരു ചലച്ചിത്രം കാണേണ്ടതും ആസ്വദിക്കേണ്ടതും അവർക്കൊപ്പമിരുന്നും ഒരുപരിധിവരെ അവരുടെ കണ്ണിലൂടെയുമാണ്. വാൾട്ട് ഡിസ്നി ചിത്രങ്ങളും ഹാരിപോട്ടർ, ലോർഡ് ഓഫ് ദ റിംഗ്സ്, നാർണിയ, ജാപ്പനീസ് - കൊറിയൻ അനിമേഷൻ ചിത്രങ്ങളും തുടങ്ങി എണ്ണമറ്റ വിദേശ ചലച്ചിത്രങ്ങൾ മടികൂടാതെ കണ്ട് ആസ്വദിക്കുന്ന മലയാളികൾ ബറോസ് പോലൊരു ചിത്രത്തെ അകറ്റി നിർത്തേണ്ടതില്ല.
"മറ്റൊരാളെക്കുറിച്ചോർത്ത് തൂകുന്ന കണ്ണീരിലും വലിയ നിധി ഈ ലോകത്തില്ല' എന്ന വാചകം ബറോസ് എന്ന നായക കഥാപാത്രത്തിന്റെയാണ്. തികഞ്ഞ ഒരു സാങ്കൽപ്പിക കഥയിലെ നിധി കാക്കുന്ന ഭൂതമായ നായകൻ ഇത്തരം ചില തത്വശാസ്ത്രങ്ങളും പറഞ്ഞു വയ്ക്കുന്നുണ്ട്.
അമ്മ ആകസ്മികമായി മരിച്ചുപോയ ഒരു കൗമാരക്കാരിയുടെ നൊമ്പരങ്ങളും പ്രതിസന്ധികളും അതിനെ അവൾ അതിജീവിക്കുന്ന രീതിയും സിനിമ ചർച്ചയാക്കുന്നു.
നിധി ശേഖരങ്ങളോ അമാനുഷികരുമായുള്ള ബന്ധങ്ങളോ അല്ല ജീവിതത്തിന്റെ യഥാർഥ സമ്പത്ത് എന്ന് കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞുവയ്ക്കാൻ ശ്രമിച്ച മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം തികച്ചും കുറ്റമറ്റത് എന്ന് വിലയിരുത്താനാവില്ലെങ്കിലും അദ്ദേഹത്തിന്റെ സ്നേഹിതരായ കൊച്ചു കുട്ടികൾ ബറോസ് ഏറ്റെടുക്കുക തന്നെ ചെയ്യും.
വിനോദ് നെല്ലയ്ക്കൽ