പുലിമുരുകന് വേണ്ടി കോട്ടയം ശാഖയിൽ നിന്നാണ് രണ്ടുകോടി ലോണെടുത്തത്, പക്ഷേ: ടോമിച്ചൻ മുളകുപാടം
Tuesday, February 18, 2025 2:46 PM IST
പുലിമുരുകൻ തനിക്ക് സാന്പത്തിക സുരക്ഷിതത്വം നൽകിയ ചിത്രമാണെന്നും ആ ചിത്രം നിർമിച്ചതിലൂടെ ചരിത്രത്തിന്റെ ഭാഗമായി മാറാൻ കഴിഞ്ഞെന്നും നിർമാതാവ് ടോമിച്ചൻ മുളകുപാടം. ചിത്രത്തിക്കുറിച്ച് വരുന്ന അനാവശ്യ വിവാദങ്ങൾ വാസ്തവിരുദ്ധമാണെന്നും ചിത്രം ന്യായമായ ലാഭം നേടിത്തന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
പുലിമുരുകന് നിർമാണത്തിന് ഫൈനാന്‍സ് ചെയ്ത ടോമിന് തച്ചങ്കരിയുടെ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയത്. പുലിമുരുകന് വേണ്ടി നിർമാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച് തീര്‍ന്നിട്ടില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ടോമിച്ചൻ എത്തിയത്.
ഒരു നിർമാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹൻലാൽ നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകൻ.
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിർമിക്കാൻ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറാൻ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യകതിയാണ് ഞാൻ.
എന്നാൽ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലർ രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടു. അതിൽ അവർ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു എങ്കിലും , എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകൻ.
കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ രണ്ടു കോടി രൂപയുടെ ലോൺ എടുത്തത്. ആ ലോൺ പൂർണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു. മൂന്നു കോടി രൂപയിൽ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ ഇൻകം ടാക്സ് അടച്ചത്.
അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ..അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങൾ നിർമിക്കാൻ എനിക്ക് സാധിച്ചതിലും പുലി മുരുകൻ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്.
ഒൻപത് വർഷം മുൻപ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വെറും മൂന്നാഴ്ചയിൽ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളിൽ ആകെ ബിസിനസ് നടന്ന ചിത്രമാണ് പുലിമുരുകൻ.
അത്കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു..മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങൾക്ക് മുന്നിലെത്തും.
ടോമിൻ തച്ചങ്കേരിയുടെ വാക്കുകൾ ഇങ്ങനെ
സിനിമകളുടെ കളക്ഷന്‍ സംബന്ധിച്ച് കണക്ക് നിരത്തുന്നത് ആരാണോ, അവരുടെ ലാഭനഷ്ടങ്ങള്‍ക്ക് അനുസരിച്ച് കണക്ക് മാറ്റിക്കാണിക്കും. പുലിമുരുകന് താന്‍ ഫൈനാന്‍സ് ചെയ്ത പടമാണ്. അത് എത്ര വലിയ ഹിറ്റ് ആണെന്നാണ് എല്ലാവരും പറഞ്ഞത്. അതിന് കെഎഫ്സിയില് നിന്നെടുത്ത ലോണ്‍ ഇതുവരെ അടച്ചിട്ടില്ല.
ഇത് നിര്‍മാതാവിനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം പറയുന്നത്, കാര്യങ്ങള്‍ എല്ലാവരും പറയുന്നത് പോലെ അല്ല എന്ന്. അദ്ദേഹത്തെ തനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ്. പുള്ളിയുടെ കാര്യം വലിയ ബുദ്ധിമുട്ടിലാണ്.
അദ്ദേഹം ആ സമയത്ത് പ്രൊജക്ട് ചെയ്ത ഒരു ചിത്രമുണ്ട്. സിനിമ വലിയ ലാഭമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കൈയില്‍ നിന്ന് കടം വാങ്ങിയിട്ട് കാണിക്കുന്ന കണക്ക് വ്യത്യസ്തമാണ്.