ലൂസിഫറിൽ ശബ്ദം കൊടുത്തയാൾ എമ്പുരാനിൽ കഥാപാത്രം; മണിക്കുട്ടന് കൊടുത്ത വാക്ക് പാലിച്ച് പൃഥ്വിരാജ്
Wednesday, February 12, 2025 12:32 PM IST
എന്പുരാനിലെ മുപ്പതാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മണിക്കുട്ടൻ, തന്റെ അതേ പേരിലുള്ള കഥാപാത്രമായി എമ്പുരാനിലെത്തുന്നു. ലൂസിഫർ സിനിമയിൽ മറ്റൊരു നടനു വേണ്ടി ഡബ്ബ് ചെയ്ത താരം എമ്പുരാനിലെത്തുന്നത് ശക്തമായൊരു വേഷം ചെയ്തുകൊണ്ടാണ്.
‘‘എന്തടാ, ലൂസിഫറിൽ ഡബ്ബ് ചെയ്തവരൊക്കെ എമ്പുരാനു വേണ്ടി പ്രമോഷനു വന്നിരിക്കുന്നോ എന്നാണോ വിചാരിക്കുന്നത്. ലൂസിഫറിൽ എന്റെ ശരീരം ശബ്ദം മാത്രമായിരുന്നെങ്കിൽ എമ്പുരാനിൽ എന്റെ സാന്നിധ്യം ഒരു ശക്തമായ കഥാപാത്രമായാണ്.
ലൂസിഫറിൽ ഒരു കഥാപാത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യാൻ രാജു എന്നെ വിളിച്ചിരുന്നു. എന്റെ ഡബ്ബിംഗ് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. തിരുവനന്തപുരം ഭാഷ എനിക്ക് നന്നായി വരുമെന്ന് അദ്ദേഹത്തിന് അറിയാം. അന്ന് അദ്ദേഹം ഒരു വാക്ക് പറഞ്ഞിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗം വരുകയാണെങ്കിൽ അതിൽ മണിക്കുട്ടൻ ഒരു കഥാപാത്രം ചെയ്യുമെന്ന്.
ആ വാക്ക് അദ്ദേഹം പാലിച്ചതുകൊണ്ടാണ് എമ്പുരാനിൽ ഇതുപോലൊരു നല്ല കഥാപാത്രം എനിക്കു ലഭിക്കാൻ കാരണമായത്. എമ്പുരാനിൽ ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേരും മണിക്കുട്ടൻ എന്നാണ്. സിനിമയിൽ വന്നപ്പോൾ പലരും പറഞ്ഞിട്ടുണ്ട്, ഈ പേര് മാറ്റിക്കൂടെ എന്ന്. ഇപ്പോൾ അതേ പേരിൽ ഞാൻ അഭിനയിക്കുന്നു. വളരെ മനോഹരമായാണ് ആ കഥാപാത്രത്തെക്കുറിച്ച് രാജു നരേറ്റ് ചെയ്തു തന്നത്.
പല സീനുകളെപ്പറ്റിയും പറയാൻ പാടില്ലെന്നു പറഞ്ഞിട്ടുണ്ട്, അതുകൊണ്ടാണ് തുറന്നു പറയാത്തത്. ഞാൻ അന്തം വിട്ടതുപോലെ എല്ലാ പ്രേക്ഷകരും അന്തം വിടുമെന്നാണ് എന്റെയും പ്രതീക്ഷ.’’മണിക്കുട്ടൻ വീഡിയോയിൽ പറയുന്നു.
ലൂസിഫറിൽ അനീഷ് ജി. മേനോന് അവതരിപ്പിച്ച സുമേഷ് എന്ന കഥാപാത്രത്തിനാണ് മണിക്കുട്ടന് ശബ്ദം നല്കിയത്.