"ഹൃദയപൂർവം' കൈകൊടുത്ത് മോഹൻലാലും സത്യൻ അന്തിക്കാടും, ഹിറ്റ് കോംബോ വീണ്ടും പൂജ; വീഡിയോ
Tuesday, February 11, 2025 10:32 AM IST
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം സിനിമയുടെ പൂജ വീഡിയോ പുറത്തിറങ്ങി. മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ലാവിൽ തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു പൂജയുടെ തുടക്കം.
തുടർന്ന് സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണൻ, ടി.പി. സോനു. അനു മൂത്തേടത്ത്, ആന്റണി പെരുമ്പാവൂർ, ശാന്തി ആന്റണി എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു. സിദ്ദിഖും സബിതാ ആനന്ദുമാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ താരമായ മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷൻ പൂനെ ആണ്.
സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വളരെ പ്ലസന്റ് ആയ ചിത്രമായിരിക്കുമിതെന്ന് സംവിധായകൻ വ്യക്തമാക്കി.
സിനിമയുടെ മറ്റു വിശദാംശങ്ങളിലേക്കു തൽക്കാലം കടക്കുന്നില്ല. നർമവും, ഇമോഷനുമൊക്കെ ഇഴചേർന്ന കഥാഗതിയിൽ ഒരു പൊടി മുറിപ്പാടിന്റെ നൊമ്പരം കൂടി കടന്നു വരുന്നത് ചിത്രത്തെ പ്രേക്ഷകമനസിൽ ചേർത്തു നിർത്താൻ ഏറെ സഹായകരമാകും. കാമ്പുള്ള ഒരു കഥയും, കെട്ടുറപ്പുള്ള തിരക്കഥയും, ഈ ചിത്രത്തിന് ഏറെ പിൻബലമാകുന്നു.
മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
സിനിമയുടെ കഥ അഖിൽ സത്യന്റേതാണ്. അനൂപ് സത്യൻ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്നു. നവാഗതനായ സോനു ടി.പിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. ‘നൈറ്റ്കോൾ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സോനു.
ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച സംഗീത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘പ്രേമലു’ എന്ന ചിത്രത്തിൽ അമൽ ഡേവിസായി എത്തി പ്രേക്ഷകരെ ചിരിപ്പിച്ച സംഗീതും സിനിമയിൽ മുഴുനീള വേഷത്തിലുണ്ട്. നിഷാൻ, ജനാർദനൻ, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
യുവ സംഗീതജ്ഞൻ ജസ്റ്റിൻ പ്രഭാകരനാണ് ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്നത്. ഗാനരചന: മനു മഞ്ജിത്ത്. അതിരൻ, സൂഫിയും സുജാതയും എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അനു മൂത്തേടത്ത് ആണ് കാമറ. കൊച്ചി, പൂനെ എന്നിവിടങ്ങളിലാകും ചിത്രീകരണം. എഡിറ്റിംഗ് - കെ. രാജഗോപാൽ, കലാസംവിധാനം - പ്രശാന്ത് മാധവ്, ശബ്ദലേഖനം - അനിൽ രാധാകൃഷ്ണൻ. പിആർഓ വാഴൂർ ജോസ്. ഫോട്ടോ അമൽ സി. സദർ.