സെയ്ഫിന് കുത്തേറ്റ സംഭവം; അക്രമി എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഉറക്കത്തിൽ
Wednesday, January 22, 2025 3:39 PM IST
മുംബൈ ബാന്ദ്രയിലെ സെയ്ഫ് അലി ഖാൻ താമസിക്കുന്ന കെട്ടിടത്തിൽ ബംഗ്ലാദേശ് സ്വദേശിയ കവർച്ചക്കാരൻ എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഉറത്തിലായിരുന്നുവെന്നു പോലീസ്. ഒരാൾ കാബിനിലും മറ്റൊരാൾ ഗേറ്റിനു സമീപവും ഉറങ്ങുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
സിസിടിവി കാമറ സ്ഥാപിച്ചിട്ടില്ലാത്ത പ്രധാന കവാടത്തിൽനിന്നാണ് പ്രതി കെട്ടിടത്തിനുള്ളിലേക്കു കടന്നത്. ശബ്ദമുണ്ടാക്കാതിരിക്കാൻ പ്രതി ഷൂസ് അഴിച്ച് ബാഗിൽ വച്ചു. മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്തു. ആക്രമണം നടന്നു മൂന്നുദിവസത്തിനുശേഷമാണ് ബംഗ്ലാദേശ് പൗരനായ ഷെരീഫുൾ ഇസ് ലാം ഷെഹ്സാദ് മുഹമ്മദ് രോഹില്ല അമിൻ ഫക്കീർ എന്ന വിജയ് ദാസ് (30) പിടിയിലായത്.
ബംഗ്ലാദേശിലെ ഝലോകതി ജില്ലയിൽനിന്നുള്ള പ്രതി മുംബൈയിലെത്തിയിട്ട് അഞ്ച് മാസത്തിലേറെയായി. ഇയാൾ ഹൗസ് കീപ്പിംഗ് ഏജൻസിയുമായി ബന്ധപ്പെട്ടിരുന്നു. ഏഴു മാസം മുമ്പ് മേഘാലയ അതിർത്തിവഴിയാണ് ഇന്ത്യയിലേക്കു കടന്നത്. മുംബൈയിൽ എത്തുന്നതിനു മുന്പ് ഇയാൾ ബംഗാളിൽ താമസിച്ചിരുന്നതായും പോലീസ് പറഞ്ഞു. നടൻ താമസിക്കുന്ന സത്ഗുരു ശരൺ ബിൽഡിംഗിൽ ഇന്നലെ കുറ്റാരോപിതനുമായി എത്തി പോലീസ് ക്രൈം സീൻ പുനഃസൃഷ്ടിച്ചു.